Friday 19 February 2021 01:42 PM IST : By സ്വന്തം ലേഖകൻ

യാതൊരു കാരണവശാലും കുട്ടിയുടെ തൊണ്ടയിൽ കയ്യിട്ടു ഭക്ഷണം പുറത്തെടുക്കാൻ ശ്രമിക്കരുത്; മരണം വരെ സംഭവിക്കാം! ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ മാതാപിതാക്കൾ ചെയ്യേണ്ടത്

kids-death

പാൽ അല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണപദാർത്ഥം തൊണ്ടയിൽ കുടുങ്ങി കുഞ്ഞുങ്ങൾ മരിക്കുന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ടല്ലോ. അത്യന്തം ദാരുണമായ ഈ മരണങ്ങൾ എങ്ങിനെ സംഭവിക്കുന്നു? കുഞ്ഞുങ്ങൾ പാൽ കുടിക്കുമ്പോൾ അല്ലെങ്കിൽ ഭക്ഷണം വിഴുങ്ങുമ്പോൾ അത് വായിൽ നിന്ന് കണ്‌ഠനാളത്തിൽ (Pharynx) എത്തുന്നു. മൂക്കിലും വായിലും കൂടി ശ്വസിക്കുന്ന വായുവും കണ്‌ഠനാളത്തിലാണ് ആദ്യം എത്തുന്നത്. കണ്‌ഠനാളത്തിൽ പക്ഷെ കുറുനാക്ക്(Glottis) എന്ന് പേരായ ഒരു ട്രാഫിക് പോലീസുകാരൻ നിൽപ്പുണ്ട്. ഈ കുറുനാക്കാണ് ഭക്ഷണത്തെയും ദ്രാവകങ്ങളെയും അന്നനാളം വഴി വയറ്റിലേക്കും വായുവിനെ ശ്വാസക്കുഴലുകൾ വഴി ശ്വാസകോശത്തിലേക്കും രണ്ടായി തിരിച്ചുവിടുന്നത്. പക്ഷെ പല കാരണങ്ങൾ കൊണ്ടും ഈ കുറുനാക്ക് ചിലപ്പോൾ പണിമുടക്കാറുണ്ട്. അങ്ങിനെ വരുമ്പോൾ ചിലപ്പോൾ ഭക്ഷണപദാർഥങ്ങൾ അന്നനാളം വഴി വയറ്റിലേക്ക് പോകാതെ ശ്വസക്കുഴലുകൾ വഴി ശ്വാസകോശത്തിലേക്കു വഴിതെറ്റിപോകുന്നു. കുഞ്ഞുങ്ങളുടെ ശ്വാസക്കുഴലുകൾ തീരെ ചെറുതായതുകൊണ്ടു അവ ഭക്ഷണമോ പാലോ കൊണ്ട് പെട്ടന്ന് മുഴുവനായും അടഞ്ഞുപോകുകയും ശ്വാസംകിട്ടാതെ കുഞ്ഞു മരിക്കുകയും ചെയ്യുന്നു.

മാസം തികയാതെ ജനിച്ച കുട്ടികൾ, തലച്ചോറിന് അസുഖമുള്ള കുട്ടികൾ, വായിലും തൊണ്ടയിലും ശരീരഘടനാപരമായ തകാറുള്ളവർ, ഉദാ: മുച്ചിറി, അണ്ണാക്കിലുണ്ടാകാവുന്ന വിള്ളൽ, തികട്ടലിന്റെ അസുഖമുള്ള കുട്ടികൾ എന്നിവരിലാണ് ഇപ്രകാരമുള്ള മരണം സാധാരണ സംഭവിക്കുന്നത്.

ശക്തമായി ചുമക്കുക, ശ്വാസം എടുക്കാതിരിക്കുക, കണ്ണ് ചുവക്കുക, നാക്കുതള്ളുക തുടങ്ങിയവ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിന്റെ ലക്ഷണങ്ങളാണെങ്കിലും യാതൊരു ലക്ഷണം ഇല്ലാതെയും മരണം സംഭവിക്കാം.

ഭക്ഷണം കുട്ടിയുടെ തൊണ്ടയിൽ തടഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യണം?

യാതൊരു കാരണവശാലും കുട്ടിയുടെ തൊണ്ടയിൽ കയ്യിട്ടു ഭക്ഷണം പുറത്തെടുക്കാൻ ശ്രമിക്കരുത്. പലപ്പോഴും മരണം സംഭവിക്കുന്നത് ഇങ്ങനെ ചെയ്യുമ്പോഴായിരിക്കും. ചെറിയകുട്ടികളെ അവരുടെ തലകീഴായി വയറിലും നെഞ്ചിലും താങ്ങിപിടിക്കുക. കുട്ടിയുടെ പുറത്തു നാലു പ്രാവിശ്യം അല്പം ശക്തിയായി അടിക്കുക. ഭക്ഷണം പുറത്തു വന്നില്ലെങ്കിൽ കുട്ടിയെ ഉടൻതന്നെ മടിയിൽ ഇരുത്തുക. എന്നിട്ടു വയറിന്റെ രണ്ടുവശങ്ങളിലൂടെയും കൈകൾ ഇട്ടു വയറിൽ ശക്തിയായി മേൽപ്പോട്ടു അമർത്തുക. ഇങ്ങനെ ചെയ്തിട്ടും കുഞ്ഞു ശ്വാസം എടുക്കുന്നില്ലെങ്കിൽ ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കണം.

ഇപ്രകാരമുള്ള ക്ഷിപ്രമരണങ്ങൾ തടയാനുള്ള മാർഗ്ഗം കുട്ടികൾക്കുള്ള അസുഖങ്ങൾ നേരത്തെ കണ്ടെത്തി ചികിൽസിക്കുക എന്നുള്ളതാണ്. കുഞ്ഞുങ്ങൾക്ക് പാലോ ഭക്ഷണമോ കൊടുക്കുമ്പോൾ തല ഒരു മുപ്പതു ഡിഗ്രി എങ്കിലും പൊക്കിവച്ചു വേണം കൊടുക്കുവാൻ. പാൽ െകാടുത്തിട്ടു കുട്ടികളെ ഉടനെ കിടത്തരുത്. ആഹാരം കൊടുക്കുമ്പോഴും അതിനുശേഷവും കുഞ്ഞുങ്ങളെ വളരെ ശ്രദ്ധിക്കണമെന്നാണ് ഇത്തരം സംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.

-ോഡ. സജികുമാർ ജെ. പീഡിയാട്രീഷൻ, പരബ്രഹ്മ േഹാസ്പിറ്റൽ, ഒാച്ചിറ

Tags:
  • Health Tips
  • Glam Up