Wednesday 21 June 2023 11:58 AM IST

ഗർഭധാരണം എളുപ്പമാക്കും, ഗർഭപാത്രത്തെ ബലപ്പെടുത്തി വഴക്കമുള്ളതാക്കും: ഫെർട്ടിലിറ്റി യോഗ, അറിയേണ്ടതെല്ലാം

Rakhy Raz

Sub Editor

fertility-yoga-4

മാനസികസമ്മർദം കുറച്ചു ഗർഭപാത്രത്തെയും അനുബന്ധ അവയവങ്ങളെയും പേശികളെയും ബലപ്പെടുത്തി വഴക്കമുള്ളതാക്കാൻ ഫെർട്ടിലിറ്റി യോഗ സഹായിക്കും. 

ജാനു ശിരാസന

തലച്ചോറിനെ ശാന്തമാക്കാനും വിഷാദത്തെ ഇല്ലാതാക്കാനും സഹായിക്കുന്നതാണ് ഈ യോഗാസനം. നട്ടെല്ല്, കരൾ, പ്ലീഹ, മസിലുകൾ എന്നിവയ്ക്ക് ആവശ്യമായ സ്ട്രെച്ച് പ്രദാനം ചെയ്യുന്നു. നിലത്ത് ഒരു കാൽ നീട്ടിയും മറുകാൽ നീട്ടിയ കാലിന്റെ തുടയോട് ചേർത്തു മടക്കി വച്ചും ഇരുന്ന ശേഷം കൈകൾ പാദങ്ങളിൽ ചുറ്റി പിടിക്കുകയും തല മുട്ടിൽ മുട്ടിക്കുകയും ചെയ്യുക.

പശ്ചിമോത്തനാസനം

ഇതു നിങ്ങളുടെ ഇടുപ്പിലെയും കാലുകളിലെയും പിൻഭാഗത്തെ പേശികൾക്ക് അയവു പ്രദാനം ചെയ്യുന്നു. അടിവയറിനെയും പെൽവിക് അവയവങ്ങളെയും ടോൺ ചെയ്യുന്നു. കാലുകൾ നീട്ടി ഇരിക്കുക. കൈകൾ കൊണ്ട് പാദങ്ങളിൽ പിടിക്കുക. കുനിഞ്ഞ് മുഖം മുട്ടിൽ ചേർക്കുക. മാനസികസമ്മർദ്ദം കുറയ്ക്കാനും അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകൾ തുടങ്ങിയ പ്രത്യുത്പാദന അവയവങ്ങളുടെ പ്രവർത്തനശേഷി കൂട്ടാനും ഇതു സഹായിക്കും.

ബദ്ധകോണാസനം

ഉൾത്തുടകൾ, ഇടുപ്പ്, കാൽമുട്ടുകൾ, ജനനേന്ദ്രിയങ്ങ ൾ അവയോടു ബന്ധപ്പെട്ട പേശികൾ എന്നിവയ്ക്കു  അയവും ആരോഗ്യവും പ്രദാനം ചെയ്യുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും സുഗമമായ ഗർഭധാരണത്തിനും പ്രസവത്തിനും സഹായിക്കുകയും ചെയ്യുന്ന യോഗാസനമാണിത്. നിലത്തിരുന്ന ശേഷം ഇരു പാദങ്ങളും അഭിമുഖമായി വരത്തക്ക വിധം ചേർത്തു വയ്ക്കുക. കൈകൾകൊണ്ട് പാദങ്ങളിൽ പിടിക്കുക. ഇരു തുടകളും സാവധാനം ചലിപ്പിക്കുക. ചലിപ്പിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തുടക്കത്തിൽ വെറുതേ ഇരുന്നാലും മതിയാകും. സാവധാനം ചലിപ്പിച്ചു ശീലിക്കുക.

ഭ്രമരി പ്രാണായാമം

 സ്വസ്ഥമായി ചമ്രം പടിഞ്ഞു നിവർന്നിരിക്കുക. ( സാധിക്കാത്തവർക്ക് കസേരയിലോ മറ്റോ നിവർന്നിരിക്കാം) പെരുവിരലുകൾ കൊണ്ട് കാതുകളുടെ ദ്വാരങ്ങളിലേക്ക് തള്ളി നിൽക്കുന്ന ഭാഗം (തരുണാസ്ഥി) പതിയെ അടച്ചു പിടിക്കുക. മറ്റു നാലു വിരലുകൾ കണ്ണുകളടച്ച് കണ്ണ്, മൂക്ക്, ചുണ്ടുകൾക്ക് മുകളിൽ ചുണ്ടുകൾക്ക് ഇരുവശവും വരത്തക്ക വിധം പിടിക്കുക. ശ്വാസം സാവധാനം ഉള്ളിലേക്കെടുത്തു വണ്ടിന്റേതിനു സമാനമായ മൂളക്കത്തോടെ പുറത്തേക്കു വിടുക. ഇതു ശ്വസനം മെച്ചപ്പെടുത്തുകയും മാനസിക പിരിമുറുക്കം, ഉത്ക്കണ്ഠ, കോപം എന്നിവ കുറയ്ക്കുകയും ചെയ്യും.

ബാലാസനം

കൊച്ചു കുട്ടികൾ ചെയ്യുന്ന പതിവുള്ള പൊസിഷൻ ആയതിനാലാണ് ഇതിനു ബാലാസനം എന്നു പേരു നൽകിയിരിക്കുന്നത്. മുതുക്, ഇടുപ്പ്, കാൽമുട്ടുകൾ എ ന്നിവിടങ്ങളിലെ പേശികൾ അയയാനും ആരോഗ്യകരമാക്കാനും സഹായകമാണ് ഈ ആസനങ്ങൾ. ശാരീരിക മാനസിക സമ്മർദം കുറയ്ക്കുകയും ചെയ്യും. പാദങ്ങൾ പിന്നോട്ട് ഇരിക്കുന്ന അവസ്ഥയിൽ കാൽ മുട്ടിന് താഴേക്കുള്ള ഭാഗം ചേർത്തു വച്ച് അതിലിരിക്കുക. സാവധാനം മുന്നിലേക്ക് കുനിഞ്ഞു തുടകളിൽ വയർ അമർന്നു വരുന്ന രീതിയിൽ കൈകൾ മുന്നോട്ടു നീട്ടി കുമ്പിട്ടു കിടക്കുക.

ശവാസനം

ഉത്ക്കണ്ഠ, പിരിമുറുക്കം തുടങ്ങിയവ കുറയ്ക്കാനും ശാന്തമായ മനോനില വീണ്ടെടുക്കാനും ഏറ്റവും ഫലപ്രദമായ ഒന്നാണു ശവാസനം. നീണ്ടു നിവർന്നു കൈകാലുകൾ അൽപം അകറ്റി വച്ചു വിശ്രമാവസ്ഥയിൽ കിടക്കുക. കണ്ണുകൾ അടച്ച് ഓരോ ശരീരഭാഗങ്ങളായി ശ്രദ്ധിച്ചുകൊണ്ട് ഓരോ ഭാഗത്തെയും വിശ്രമാവസ്ഥയിലേക്കു കൊണ്ടുവരിക. ശരീരം മുഴുവൻ അയഞ്ഞ അവസ്ഥയിൽ ശ്വാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്  അഞ്ചു മിനിറ്റു മുതൽ പത്തു മിനിറ്റു വരെ കിടക്കുക.

വിവരങ്ങൾക്ക് കടപ്പാട്: പ്രീതി ഷേണായ്, യോഗ എക്സ്പർട്ട് , റേ ഓഫ് ലൈറ്റ് ബൈ പ്രീതി, കൊച്ചി