വരണ്ടുണങ്ങിയ ചുണ്ടുകൾ അഭംഗി ഉണ്ടാക്കുന്ന അവസരങ്ങളിലാണ് ലിപ് ബാമുകൾ ഏറെ പ്രിയപ്പെട്ടതായി മാറുന്നത്. എന്നാല്‍ അത്ര സിമ്പിളായി കാണേണ്ട ഒന്നല്ല ലിപ്ബാമുകൾ. ലിപ്ബാമുകൾ പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
∙ ലിപ്ബാം ആദ്യം താഴത്തെ ചുണ്ടിൽ പുരട്ടിയശേഷം വേണം മുകളിലത്തെ ചുണ്ടുകളിൽ ഇടാൻ. ബ്രഷോ വിരലുകൾ ഉപയോഗിച്ചോ ഇത് അണിയാം. താഴത്തെ ചുണ്ടുകളിൽ നൽകുന്ന അത്രയും കട്ടി മുകളിലത്തെ ചുണ്ടുകളിൽ നൽകരുത്.
∙ സ്റ്റിക് രൂപത്തിലുള്ള ലിപ്ബാമുകൾ പുരട്ടുമ്പോൾ അവയുടെ അരികു വശങ്ങളുപയോഗിച്ച് ചുണ്ടിന് ചെറിയ ഔട്ട് ലൈൻ നൽകിയ ശേഷം വശങ്ങളിൽ കൂടുതൽ ബാം ഫിൽ ചെയ്യാം. ഇത് ചുണ്ടുകളെ കൂടുതൽ ആകർഷണീയമാക്കും.
∙ ലിപ്സ്റ്റിക് പുരട്ടുന്നതിന് മുന്നോടിയായി അൽപം ലിപ് ബാം ചുണ്ടുകളിൽ പുരട്ടാം, ഒന്നോ രണ്ടോ മിനിറ്റു ശേഷം ലിപ്സ്റ്റിക് അണിഞ്ഞാൽ ചുണ്ടുകൾ ദീർഘനേരം വരളാതെ നിലനിൽക്കും.
∙ ജൽ രൂപത്തിലുള്ള ലിപ് ബാമുകൾ എപ്പോഴും വിരലുകളുടെ സഹായത്തോടെ മാത്രമേ പുരട്ടാൻ കഴിയൂ. ഇത്തരം ലിപ് ബാമുകൾ ഉപയോഗിക്കും മുമ്പ് കൈവിരലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. ഉണങ്ങിയ ശേഷം മാത്രമേ ബാമിൽ തൊടാവൂ.
∙ മുഖത്തെ ഡ്രൈ ഏരിയകളായ മൂക്കിന്റെ സൈഡു വശങ്ങൾ, കവിൾതടങ്ങൾ എന്നിവിടങ്ങളിലും ലിപ് ബാമുകൾ ഉപയോഗിക്കാം. വിരലുകളിൽ എടുത്ത് ചെറിയ ഡോട്ടുകളായി പിടിപ്പിച്ച ശേഷം നന്നായി മസാജ് ചെയ്യുക.
∙ നിറങ്ങളുള്ള ലിപ് ബാമുകൾ തിരഞ്ഞെടുക്കുമ്പോൾ അത് പ്രകൃതിദത്ത നിറങ്ങളാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. കെമിക്കൽ നിറങ്ങൾ ചേർത്തിട്ടുള്ള ലിപ് ബാമുകൾ ചുണ്ടുകളിൽ അലർജിയുണ്ടാക്കും.
∙ എസ്പിഎഫ് (സൺ പ്രൊട്ടക്ഷൻ ഫാക്ടർ) 15 ന് മുകളിലുള്ള ലിപ് ബാമുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യപ്രകാശത്തിൽ നിന്നും ചുണ്ടുകളെ സംരക്ഷിക്കാൻ ഇത്തരം ലിപ്ബാമുകൾക്ക് കഴിയും.
∙ മോയ്ചറൈസിങിന് പ്രാധാന്യമുള്ള ലിപ് ബാമുകൾ വേണം നോക്കി വാങ്ങാൻ. ഓരോ ലിപ്ബാമുകളിലും അവയിലടങ്ങിയ ഘടകങ്ങൾകൂടി ഉൾപ്പെടുത്തിയിട്ടുണ്ടാകും. തേനീച്ചയുടെ മെഴുക് (ബീസ് വാക്സ്) , സെറാമൈഡ്സ് ഇവയെല്ലാം ചുണ്ടുകളിലെ ജലാംശം നിലനിർത്തും.
∙ ഓരോ ലിപ്ബാമും വാങ്ങുമ്പോൾ കാലാവധി നോക്കി വേണം വാങ്ങാൻ. ഒരു വർഷത്തിന് മുകളിൽ കാലാവധിയുള്ളവയാണ് വാങ്ങുമ്പോൾ ദീർഘനാൾ ഉപയോഗപ്രദമായിരിക്കുക. പഴകിയ ലിപ് ബാമുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. ചുണ്ടുകളിൽ കടുത്ത അണുബാധയ്ക്ക് ഇതു കാരണമാകും.
∙ ആവശ്യമെങ്കിൽ മാത്രം ലിപ് ബാമുകൾ ഉപയോഗിക്കുക. ഇവ ഉപയോഗിച്ചു തുടങ്ങിയാൽ പലരിലും ഇതൊരു ശീലമായി മാറാം. ഇവയുടെ അധിക ഉപയോഗവും ചുണ്ടുകളെ പ്രതികൂലമായി ബാധിക്കും. മഞ്ഞുകാലത്തും വേനൽക്കാലത്തുമാണ് കൂടുതലായും ലിപ്ബാമുകളുടെ ആവശ്യം.