Friday 14 August 2020 02:21 PM IST : By സ്വന്തം ലേഖകൻ

‘ജീവിതം കൂടുതൽ ആസ്വദിക്കുക; ഒരിക്കലും ജീവിതത്തിന്റെ നിറം കെടുത്തുന്നതാകരുത് ലക്ഷ്യങ്ങൾ!’

shutterstock_624376400

എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാൻ ആഗ്രഹിക്കുമ്പോൾ ആ ലക്ഷ്യത്തിനു വേണ്ടി കഠിനമായി പരിശ്രമിക്കും നമ്മൾ. പക്ഷേ, അതിനുമുമ്പ് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കിയില്ലെങ്കിൽ ജീവിതത്തിലെ സന്തോഷം തന്നെ ഇല്ലാതാകാൻ ഇത് കാരണമാകും.  ലക്ഷ്യങ്ങൾ നിഷ്പ്രയാസം നേടിയെടുക്കാനും ഒപ്പം സന്തോഷങ്ങൾ നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്..

∙ ആദ്യം നമ്മുടെ ലക്ഷ്യത്തെക്കുറിച്ചു വ്യക്തമായി അറിയുകയാണ് വേണ്ടത്. ഒരു യാത്ര പോകുന്നതിനെ കുറിച്ചാണെങ്കിലും നമ്മുടെ കരിയറിനെക്കുറിച്ചാണെങ്കിലും തുടങ്ങാൻ പോകുന്ന ബിസിനസിനെപ്പറ്റിയാണെങ്കിലും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി പൂർണമായി ബോധ്യപ്പെട്ടാൽ വഴികൾ താനെ തെളിഞ്ഞു വരും.

∙ ഇതേ ലക്ഷ്യം നേടിയെടുത്തിട്ടുള്ള മുൻഗാമികളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ മടി കാണിക്കരുത്. ഇക്കാര്യങ്ങളിൽ ഈഗോ വച്ചുപുലർത്തുന്നത് ഗുണം ചെയ്യില്ല.

∙ ലക്ഷ്യത്തിനു വേണ്ടി ദിവസവും കുറച്ചു സമയം മാറ്റിവയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും കഴിയുമ്പോഴെല്ലാം സമയം മാറ്റി വയ്ക്കുക. ഒരു നിമിഷത്തെ തോന്നൽ കൊണ്ടോ ശരിയായ പഠനമില്ലാതെയോ കാര്യങ്ങൾ ചെയ്യുമ്പോൾ പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്. സാമ്പത്തിക വശങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

∙ നമുക്കു ചുറ്റുമുള്ള സുരക്ഷിതവലയത്തിൽ നിന്നു പുറത്തു കടക്കുക എന്നുള്ളതാണ് മറ്റൊരു വഴി. യാത്ര പോകൽ അ തിനു പറ്റിയ നല്ലൊരു മാർഗമാണ്. വീടിന്റെയോ സുഹൃദ് വ ലയങ്ങളുടെയോ കെട്ടുപാടുകളില്ലാതെ ലക്ഷ്യത്തെക്കുറിച്ചൊന്നു സ്വതന്ത്രമായി ചിന്തിക്കാൻ അവസരമുണ്ടാക്കാം.

∙ ജീവിതം കൂടുതൽ ആസ്വദിക്കുക. ഒരിക്കലും ജീവിതത്തെ നിറം കെടുത്തുന്നതാകരുത് ലക്ഷ്യങ്ങൾ. കുടുംബബന്ധങ്ങളിലും സുഹൃത്തുക്കളുമായുള്ള ഒത്തുച്ചേരലുകളിലും വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേക്കാം.  എങ്കിലും ആസ്വദിക്കാൻ പറ്റുന്ന നിമിഷങ്ങളിൽ പൂർണമായി മുഴുകുക. ലക്ഷ്യങ്ങൾ, നിങ്ങൾക്കും നിങ്ങളുടെ ചുറ്റുമുള്ളവർക്കും സന്തോഷം പകരുന്നതാണെങ്കിൽതന്നെ പ്രവർത്തിക്കാനാവശ്യമായ ഊർജം തേടി വേറെയെവിടെയും പോകേണ്ടി വരില്ല.

∙ നമുക്കു മാത്രമല്ല, മറ്റുള്ളവർക്കും കൂടി വേണ്ടിയാകട്ടെ ആ ലക്ഷ്യങ്ങൾ. കിട്ടാൻ പോകുന്ന സമ്പത്ത്, പ്രശസ്തി, നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം എന്തെങ്കിലുംനേടിയെടുക്കാൻ ശ്രമിക്കരുത്. മറിച്ച് സമൂഹത്തിനു കൂടി ഉപകാരപ്രദമാകുന്ന രീതിയിൽ അവയെക്കുറിച്ച് സ്വപ്നം കാണുക. ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാൽ ആവശ്യമുള്ളവർക്ക് മാർഗനിർദേശങ്ങൾ പങ്കു വയ്ക്കുക.

∙ ഇപ്പോൾ ചെയ്യുന്ന ജോലി  ലക്ഷ്യത്തിലെത്താൻ തടസ്സമാണെങ്കിൽ, അതുപേക്ഷിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കേണ്ടി വരാം. അതിനു മാനസികമായി കരുത്തു നേടിയ ശേഷം മാത്രം ചെയ്യുക. ഇല്ലെങ്കിൽ ഉചിതമായ സമയം വരുന്നതു വരെ കാത്തിരിക്കുക. ലക്ഷ്യത്തിലെത്താതെ പരാജയപ്പെട്ടു പോയവരാണെങ്കിൽ വീണ്ടും പരിശ്രമിക്കുക എന്നത് ഏറ്റവും പ്രധാനമാണ്.