Friday 13 October 2023 03:48 PM IST

‘അമിത ചൂടുള്ള വെള്ളം തലയിലൊഴിച്ചു കുളിക്കുന്നവർക്ക് ഗ്ലോക്കോമയും തിമിരവും?’; ആരോഗ്യ സംബന്ധമായ സംശയങ്ങൾ, ഉത്തരങ്ങൾ

Vijeesh Gopinath

Senior Sub Editor

hot-water-bath678

എന്നും ചൂടുവെള്ളത്തിൽ കുളിക്കാമോ? മുഖത്തെ പാടുകൾക്ക് ഓട്സ് പുരട്ടാമോ? അലോപ്പതി മരുന്നു കഴിക്കുമ്പോൾ ച്യവനപ്രാശം ഉപയോഗിക്കാമോ? കരൾ ശുദ്ധിയാക്കാൻ കീഴാർ നെല്ലിയില കഴിക്കുന്നത് നല്ലതാണോ? നിത്യ ജീവിതത്തിലുണ്ടാവുന്ന ഒരുപാടു സംശയങ്ങളുണ്ട്. ഇതുവരെ ചെയ്തിരുന്ന പലതും അബദ്ധങ്ങളായിരുന്നെന്ന് ഉത്തരങ്ങൾ വായിക്കുമ്പോൾ തിരിച്ചറിയാം.

കുളിക്കുമ്പോൾ തലയിൽ ചൂടുവെള്ളം ഒഴിക്കരുതെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?

ചൂടുവെള്ളത്തിൽ ശരീരം കുളിക്കുന്നത് ബലത്തിന് നല്ലതാണ് എന്ന് അഷ്ടാംഗ ഹൃദയത്തിൽ പറയുന്നുണ്ട്. എ ന്നാൽ ആ ചൂടുവെള്ളം തന്നെ തലയിൽ ഒഴിച്ചാൽ തലമുടിയുടെയും കണ്ണിന്റെയും ആരോഗ്യത്തിന് വിപരീതമായിരിക്കും എന്നും അഷ്ടാംഗ ഹൃദയത്തിൽ പരാമർശിക്കുന്നുണ്ട്.

തണുത്ത വെള്ളത്തിൽ തന്നെ കുളിക്കുകയായിരുന്നു പണ്ടു തൊട്ടേ നമ്മൾ പിന്തുടർന്നു വന്ന രീതി. രോഗാവസ്ഥയിലും തണുപ്പുകാലത്തും ശരീരത്തിൽ ചൂടുവെള്ളവും തലയിൽ ചൂടും തണുപ്പുമില്ലാത്ത അവസ്ഥയിലുള്ള വെള്ളവും ഒഴിക്കാം.

അമിത ചൂടുള്ള വെള്ളം തലയിലൊഴിച്ചു കുളിക്കുന്നവർക്ക് പലപ്പോഴും തലമുടിയുടെ ആരോഗ്യം നഷ്ടപ്പെടാം. കണ്ണിന്റെ അകത്തെ ദ്രാവകത്തിന് സമ്മർദം കൂടുന്ന ഗ്ലോക്കോമ ‌പോലുള്ള അസുഖങ്ങളും തിമിരവും ഒക്കെ വരാനും കണ്‍പീലി കണ്ണിനുള്ളിലേക്ക് വളഞ്ഞു പോകുന്ന അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്.

കസ്തൂരി മഞ്ഞൾ മുഖത്തു പുരട്ടുമ്പോൾ പൊള്ളുന്നതു പോലെ തോന്നുന്നത് എന്തു കൊണ്ടാണ്?

പല സാധ്യതകളും ഉണ്ട്. ഒന്നുകിൽ കസ്തൂരിമഞ്ഞൾ ശരിയായ രീതിയിൽ കൃഷി ചെയ്തതാകില്ല. അല്ലെങ്കിൽ മറ്റേതെങ്കിലും ഇനം മഞ്ഞൾ ആകാം.

ഇനിയതുമല്ലെങ്കിൽ നിങ്ങളുടെ മുഖചർമത്തിന് കസ്തൂരിമഞ്ഞൾ അനുയോജ്യമാവില്ല. ചർമത്തിന്റെ കുഴപ്പം ഒരു ചികിത്സകനെ കാണിച്ച് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം മരുന്നുകൾ പുരട്ടുകയാണ് നല്ലത്.

മുഖത്തെ കറുത്ത പാടുകൾ പോവാനുള്ള ആയുർവേദമാർഗങ്ങള്‍ എന്തൊക്കെയാണ്?

പല കാരണങ്ങൾ കൊണ്ടും പാടുകൾ വരാം. മുഖക്കുരു ഉണങ്ങിയ പാടുകൾ മുതൽ നാട്ടുഭാഷയിൽ പറയുന്ന കരിമംഗല്യം വരെ. ഒാരോന്നിന്റെയും കാരണം മനസ്സിലാക്കിയേ ചികിത്സ തീരുമാനിക്കാനാകൂ. എങ്കിലും ഇത്തരം പ്രശ്നങ്ങൾക്ക് പൊതുവേ ഫലപ്രദമായ ഒൗഷധ യോഗമാണ് ഏലാദി ചൂർണം.

അത് ചൂടുവെള്ളത്തിൽ ചാലിച്ച് ആറിയശേഷം മുഖത്ത് പുരട്ടുക. ഉണങ്ങി വിണ്ടുകീറും മുൻപ് കഴുകി കളയുക. യഥാർഥ കാരണം തിരിച്ചറിഞ്ഞ് ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തുടങ്ങുക.

അകാലനര മാറ്റാൻ പല ആയുർവേദമരുന്നുകളുമുണ്ടെന്നു കേൾക്കുന്നു. ശരിയാണോ?

അകാല നര മാറ്റാൻ മരുന്നുകൾ ഉണ്ട്. പക്ഷേ, അതൊരു ഡോക്ടറുടെ നിർദേശപ്രകാരമാണ് കഴിക്കേണ്ടത്. നരവരാനുള്ള പശ്ചാത്തലം മനസ്സിലാക്കി അതു പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ആഹാര രീതിയിലും ജീവിതശൈലിയിലും വ്യത്യാസം വരുത്തേണ്ടി വരും.

മാനസിക സമ്മർദം അകാല നരയ്ക്ക് കാരണമാകുന്നുണ്ട്. എരിവും ഉപ്പും അധികം കഴിക്കുന്നവരിലും സ്ഥിരമായി ഉറക്കമിളയ്ക്കുന്നവരിലും അകാലനര കാണാം. നീലിഭൃംഗാദി എണ്ണയും കയ്യുണ്ണ്യാദി എണ്ണയും അകാലനരയ്ക്ക് പലർക്കും ഫലപ്രദമായി കണ്ടിട്ടുണ്ട്.

ഒാൺലൈനിൽ കണ്ട ചില വിഡിയോകളിൽ മുഖക്കുരു മാറാൻ കടലമാവും ഒാട്സും മഞ്ഞൾ പ്പൊടിയും കലർ‌ത്തി പുരട്ടാൻ പറയുന്നു. കറ്റാർവാഴ ജെൽ െഎസ്ക്യൂബ് ആക്കി ഉപയോഗിക്കാനും പറയുന്നു. ഇതെല്ലാം പാർശ്വഫലങ്ങളുണ്ടാക്കുമോ?

ആയുർവേദത്തെപ്പറ്റിയോ ഔഷധസസ്യങ്ങളെ കുറിച്ചോ ഒരു ധാരണയുമില്ലാതെ ഒരുപാടു പേർ ഇത്തരം വിഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. മുഖക്കുരു എന്നു പറയുന്നത് രോഗാവസ്ഥയാണ്. അത് മരുന്നു പുരട്ടിയതു കൊണ്ടു മാത്രം മാറണമെന്നില്ല. മരുന്നു കഴിക്കേണ്ടിയും വരും.

ഇത്തരം പ്രയോഗങ്ങൾ തികച്ചും യുക്തിരഹിതമാണ് ഇവയൊക്കെ മുഖത്തു പുരട്ടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം.

അലോവെര ജെൽ (കറ്റാർവാഴ) ത്വക്കിനു നല്ലതാണെങ്കിലും എല്ലാവർക്കും ഒരേപോലെ പ്രയോജനപ്പെടണമെന്നില്ല. മുഖക്കുരു പഴുത്തു കൂടുതൽ വേദന ഉണ്ടാവുന്ന അവസരത്തിൽ വേദന താൽക്കാലികമായി ശമിക്കാൻ അ ലോവെര ജെൽ െഎസ് പോലെയാക്കി ഉപയോഗിക്കാം. അല്ലാത്ത അവസരത്തിൽ ദോഷമുണ്ടാക്കിയേക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. വിജയകുമാർ, റിട്ട. പ്രഫസർ, ഗവ. ആയുർവേദ ആശുപത്രി (കുട്ടികളുടെയും സ്ത്രീകളുടെയും), തിരുവനന്തപുരം. ഡോ. ജെറോം വി. കുര്യൻ, സീനിയർ മെഡിക്കൽ ഒാഫിസർ, ഗവ. ആയുർവേദ ആശുപത്രി, തീക്കോയി

Tags:
  • Health Tips
  • Glam Up