Monday 12 July 2021 10:57 AM IST : By സ്വന്തം ലേഖകൻ

'മിസ്ക്', ഹൃദയത്തിന്റെ പ്രവർത്തനത്തെ വരെ സാരമായി ബാധിക്കാം; കോവിഡ് മൂന്നാം തരംഗം, കുട്ടികളുടെ കാര്യത്തിൽ വേണം അതീവ ജാഗ്രത

fever_parentchild

കോവിഡ് മൂന്നാം തരംഗം കൂടുതൽ ബാധിക്കാനിടയുള്ളത് കുട്ടികളെയാണെന്ന് മുന്നറിയിപ്പുള്ളതിനാൽ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ. കുട്ടികളിൽ കോവിഡ് ബാധിതരാവുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമാകില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ കോവിഡ് ഗുരുതരമായേക്കാം.

വേണം ജാഗ്രത

കോവിഡ് പോസിറ്റീവായ കുട്ടികളിൽ കാണപ്പെടുന്ന മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം (മിസ്ക്) അപൂർവമെങ്കിലും ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഹൃദയത്തിന്റെ പ്രവർത്തനത്തെ വരെ സാരമായി ബാധിക്കാവുന്ന അവസ്ഥയാണിത്. ഇതു ബാധിച്ച കുട്ടികളിൽ രക്തത്തിന്റെ ഒഴുക്കിന് തടസ്സം നേരിട്ടേക്കാം.

കരുതലേകണം ഇവർക്ക്

2–19 വയസ് വരെയുള്ളവരിലാണ് കൂടുതലായും മിസ്ക് കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ കുട്ടികൾക്ക് കൂടുതൽ കരുതൽ ആവശ്യമാണ്. ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് കോവിഡ് പകരുന്നതായി എങ്ങും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നവജാതശിശുക്കൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. പൂർണ ആരോഗ്യത്തോടെ ജനിക്കുന്ന കുഞ്ഞിനെ കോവിഡ് സാരമായി ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. മൂന്നാം തരംഗം മുന്നിൽക്കണ്ട് ജില്ലയിൽ കൂടുതൽ ന്യൂ ബോൺ ഐസിയുകളും ഓക്സിജൻ സംവിധാനമുള്ള കിടക്കകളും തയാറാക്കിക്കഴിഞ്ഞു.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

∙ കുട്ടികൾക്ക് കഴിവതും റിവേഴ്സ് ക്വാറന്റീൻ വേണം. തിരക്കുള്ള സ്ഥലങ്ങളിൽ കുട്ടികളെ കൂട്ടരുത്.

∙ കോവിഡ് പോസിറ്റീവായവർ, സമ്പർക്കപ്പട്ടികയിലുള്ളവർ തുടങ്ങിയവർ കുട്ടികളുടെ അടുത്തേക്ക് പോകരുത്

∙ വീട്ടിൽ നിന്ന് പുറത്തുപോകുന്നവർ അണുവിമുക്തരാവാതെ കുട്ടികളുടെ അടുത്ത് ചെല്ലരുത്.

∙ പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ക്ഷീണം എന്നിവയാണ് കുട്ടികളിൽ കാണുന്ന കോവിഡ് ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്ന പാടുകൾ, വയറുവേദന, കണ്ണ് ചുവക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം.

Tags:
  • Health Tips
  • Glam Up