Saturday 03 October 2020 04:22 PM IST : By Muralee Thummarukudy, Neeraja Janaki

വിവാഹം എന്നത് ‘ജീവിതകാല സങ്കൽപം’ ആയിരിക്കില്ല, അതൊരു കോണ്‍ട്രാക്റ്റ് മാത്രമായി മാറും: ഭാവിയിൽ ലൈംഗികതയിൽ വരുന്ന മാറ്റങ്ങൾ പറഞ്ഞ് മുരളി തുമ്മാരുകുടി

നിർമിത ബുദ്ധിയും റോബോട്ടിക്‌സുെമാക്കെ മനുഷ്യജീവിതത്തിലെ പ്രധാന മേഖലകളിലെല്ലാം സ്വാധീനമുണ്ടാക്കി ലോകത്തെ കീഴടക്കുന്ന കാലത്ത് ലൈംഗികത എങ്ങനെയാകും... ?

തികച്ചും യാദൃശ്ചികമായിട്ടാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൈംഗികത’ എന്ന ലേഖന പരമ്പര എഴുതാൻ തീരുമാനിച്ചത്. ലൈംഗികതയെക്കുറിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പുതിയ അറിവുകളും വ്യത്യസ്ത ചിന്തകളും മലയാളികളുമായി പങ്കുവയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. കേരളസമൂഹം ഇെതാക്കെ േകള്‍ക്കാനും ഉള്‍ക്കൊള്ളാനും തയാറാകുമോ, വനിത പോലൊരു മാസിക അതു പ്രസിദ്ധീകരിക്കുമോ എന്നൊക്കെ സംശയമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിൽ വളരെ നല്ല പ്രതികരണമാണ് ഈ പരമ്പരയ്ക്ക് ലഭിച്ചത്. എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും അവ തുലോം കുറവായിരുന്നു. േകരളത്തിലെ പ്രബുദ്ധരായ വായനക്കാർക്ക് നന്ദി!

ഇന്നത്ത ലേഖനം ലൈംഗികതയുടെ ഭാവിയെപ്പറ്റിയാണ്. ലോകമെങ്ങുമുള്ള പ്രവർത്തന മേഖലകളിൽ മുൻപെങ്ങുമില്ലാത്ത വിധം യന്ത്രവൽക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇനിയതു കൂടിവരികയേ ഉള്ളൂ. ഇത്തരത്തിലുള്ള ഈ  നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്ത് – നിർമിത ബുദ്ധിയും റോബോട്ടിക്‌സുമെല്ലാം മനുഷ്യജീവിതത്തിലെ എല്ലാ പ്രധാനമേഖലകളിലും വ്യക്തമായ സ്വാധീനമുണ്ടാക്കി ലോകത്തെ കീഴടക്കുന്ന കാലത്ത് – ലൈംഗികത ഇന്നുള്ളതുപോലെ നിലനിൽക്കുമോ?

നാടനുസരിച്ചു മാറ്റം

ചില ഉദാഹരണങ്ങളിലൂടെ ഇതു വ്യക്തമാക്കാം. ആചന്ദ്രതാരം നിലനിൽക്കണമെന്ന ആഗ്രഹത്തോടെ - അങ്ങനെ നിലനിൽക്കുമെന്ന ധാരണയിലാണ് കേരളത്തിൽ ആളുകൾ വീടുവയ്ക്കുന്നത്. ഒരിക്കൽ വീടുവച്ചാൽ അവിെടത്തന്നെ ജീവിച്ചു മരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ധാരാളമാളുകൾക്ക് അതു സാധിക്കുന്നു. എന്റെ അമ്മ ജനിച്ച വീട്ടിൽത്തന്നെയാണ് കഴിഞ്ഞ 80 വർഷങ്ങളായി ജീവിക്കുന്നത്. ലോകത്തു പലയിടത്തു താമസിച്ചെങ്കിലും പെരുമ്പാവൂരിലെ വീട്ടിൽ മരിക്കണമെന്നാണ് എന്റെയും ആഗ്രഹം.

അമേരിക്കയിൽ പക്ഷേ, കാര്യങ്ങൾ വ്യത്യസ്തമാണ്. അവിടെ ചെറുപ്പത്തിൽ കുട്ടികൾ അച്ഛനമ്മമാരുടെ വീട്ടിൽ വളരുന്നു. പതിനെട്ട് വയസാകുന്നതോടെ അവിടെനിന്നു മാറി കൂട്ടുകാരുടെയൊപ്പം പോകുന്നു. പതുക്കെപ്പതുക്കെ അവർക്ക് സ്ഥിരമായ പങ്കാളിയുണ്ടാകുന്നു, വീടെടുത്ത് (മിക്കവാറും വാടകയ്ക്ക്) താമസിക്കുന്നു. ഏതെങ്കിലും കാലത്ത് കുട്ടികളുണ്ടാകാനോ കല്യാണം കഴിക്കാനോ (കേരളത്തിലെ പോലെ ക്രമം ആവശ്യമില്ല) തീരുമാനിക്കുമ്പോൾ വീട് വാങ്ങുന്നു. അമേരിക്കയിൽ വീട് വാങ്ങുക എന്നാൽ വിലയുടെ ചെറിയ ശതമാനം അടച്ച് വീട് കരസ്ഥമാക്കിയ ശേഷം പതിറ്റാണ്ടുകളോളം മോർട്ട്‌ഗേജ് അടച്ചു തീർക്കുക എന്നതാണ്. തുക അടച്ചു തീരുന്നതു വരെ വീട് നമുക്ക് സ്വന്തമല്ല. ബഹുഭൂരിപക്ഷം ആളുകളും മുഴുവൻ തുക അടച്ചു തീരുന്നതിനു മുൻപേ വേറെ വീട്ടിലേക്ക് താമസം മാറിയിരിക്കും.

പങ്കാളികൾ മാത്രമായിരിക്കുന്ന സമയത്ത് രാത്രിജീവിതമുള്ള നഗരമധ്യത്തിലെ അപ്പാർട്ട്മെന്റുകളാണ് ആളുകൾക്കു താൽപര്യം. പിന്നീട് കുട്ടികളുണ്ടാകുന്നതോടെ സുരക്ഷയും വിദ്യാഭ്യാസ സൗകര്യങ്ങളുമുള്ള നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ആളുകൾ വീട് വാങ്ങാൻ ആഗ്രഹിക്കുന്നത്. കുട്ടികൾ വളർന്ന് പതിനെട്ട് വയസാകുന്നതോടെ അവരും വീടുവിട്ട് പോകുന്നു. മാതാപിതാക്കൾ കുറച്ചുകാലം കൂടി അവിടെ തങ്ങിയിട്ട് വീണ്ടും സുരക്ഷയും ആരോഗ്യ സൗകര്യങ്ങളുമുള്ള മറ്റൊരു സ്ഥലത്തേക്ക് വരുന്നു. ശേഷം ഓൾഡ് ഏജ് ഹോം, ഹോസ്െെപസ് എന്നിങ്ങനെ കാലം കഴിക്കുന്നു.

പറഞ്ഞുവന്നത് അമേരിക്കക്കാര്‍ അവരുടെ പ്രായവും കുടുംബ സാഹചര്യവും മാറുന്നതിനനുസരിച്ച് പല വീടുകളിലൂടെ കടന്നുപോകുന്നു. ഓരോ സമയത്തും അവർ താമസിക്കുന്ന വീട് ആ സാഹചര്യത്തിന് ഏറ്റവും അനുയോജ്യമായതായിരിക്കും. എന്നാൽ അവർക്ക് അതിനോട് എന്റെ വീട്, മാതാപിതാക്കളെ അടക്കിയ മണ്ണ് എന്നൊന്നുമുള്ള സെന്റിമെന്റ്സില്ല.

വരുന്നത് മാറ്റത്തിന്‍റെ കാലം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യജീവിതം വലിയ രീതിയിൽ മാറാൻ പോകുകയാണ്. 2020 ൽ ജനിക്കുന്ന മലയാളി കുട്ടികൾക്ക് ശരാശരി ആയുസ് നൂറിന് മുകളിലായിരിക്കും. ശരീരത്തിലെ മിക്ക അവയവങ്ങളും സ്പെയർ പാർട്ടായി മാറ്റിവയ്ക്കാനും അവരുടെ ജീവിതകാലത്ത് സാധിക്കും. ശരീരത്തിനകത്ത് ഇലക്ട്രോണിക് - കംപ്യുട്ടർ സംവിധാനങ്ങളും എത്തിപ്പറ്റും.

ശരീരത്തിനകത്ത് മാത്രമല്ല, പുറത്തും മാറ്റങ്ങളുണ്ടാകും. തൊഴിലുകൾ പലതും അപ്രത്യക്ഷമാകും. ജീവിക്കാനായി എട്ടും പത്തും മണിക്കൂർ - അതും ആഴ്ചയിൽ അഞ്ചോ ആറോ ദിവസം, ജോലി ചെയ്യേണ്ട സാഹചര്യം ഇല്ലാതാകും. ജനറ്റിക് എൻജിനീയറിങ്ങിലെ മാറ്റങ്ങളാൽ സ്വാഭാവികമായി ബീജവും അണ്ഡവും ചേർന്ന് സ്വാഭാവിക ഗുണങ്ങളോടെ കുട്ടികളുണ്ടാകുന്ന പ്രക്രിയ മാറി, കൃത്യമായ പ്ലാനിങ്ങോടെ ജനിതക പ്രശ്നങ്ങളൊഴിവാക്കി ടെസ്റ്റ്ട്യൂബ് ശിശുക്കളായാകും കുട്ടികളുടെ ജനനം. തൊട്ടടുത്തിരിക്കുന്ന ആളെ കെട്ടിപ്പിടിക്കുന്നത് പോലെ ലോകത്തെവിടെയും ഇരിക്കുന്നവരെ ഹാപ്റ്റിക് ടെക്‌നോളജി ഉപയോഗിച്ച് കെട്ടിപ്പിടിക്കാനോ അതിലപ്പുറമോ ചെയ്യാൻ സാധിക്കും. റോബോട്ടുകളുടെ ചുറുചുറുക്കും നിർമിത ബുദ്ധിയുടെ ബുദ്ധിയും കൂടുന്നതോടെ മനുഷ്യതുല്യവും എന്നാൽ നമുക്ക് ആവശ്യമില്ലാത്തപ്പോൾ സ്വിച്ച് ഓഫ് ചെയ്യാവുന്നതുമായ റോബോട്ടിക് ബോയ്‌ഫ്രണ്ട്‌ ഉണ്ടാകുന്ന കാലം വരും.

എന്ത്, എങ്ങനെ?

ഇത്തരം അതിവിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലത്ത് മലയാളിയുടെ ലൈംഗിക ജീവിതം എന്തായിരിക്കും? എന്തായിരിക്കാം?

∙ ഒന്നാമതായി വിവാഹവും ലൈംഗികജീവിതവും തമ്മിലുള്ള ബന്ധം മുറിയും. വിവാഹത്തിന് മുൻപും വിവാഹത്തിനു ശേഷവും കൂടുതല്‍ സ്വതന്ത്രമായ ലൈംഗികബന്ധങ്ങളും അവസരങ്ങളുമുണ്ടാകും. ഇത് റാഡിക്കലായുള്ള മാറ്റമല്ല, ലോകത്തെ മറ്റു സമൂഹങ്ങളുടെ അടുത്തെത്തൽ മാത്രമാണ്.

∙ രണ്ടാമത് വിവാഹത്തിനകത്തുള്ള ലൈംഗിക ബന്ധങ്ങൾക്ക് പ്രത്യുൽപാദനവുമായി ഇപ്പോഴുള്ള ബന്ധം പോലും ഇല്ലാതാകും. ലൈംഗികത എന്നത് ആസ്വാദനത്തിനു മാത്രമാകും. പവിത്രവും പാപവും പറഞ്ഞുനടക്കുന്ന സദാചാരക്കമ്പനികളൊക്കെ ഇനിയങ്ങോട്ട് കുറച്ചു ബുദ്ധിമുട്ടും.

∙ മൂന്നാമത് ബെഡ്‌റൂമിനുള്ളിലേക്ക് റോബോട്ടിക് പങ്കാളികളും സൈബിയൻ യന്ത്രങ്ങളും അനവധിയായ സെക്സ് കളിപ്പാട്ടങ്ങളും കടന്നുവരും. ഇത് എല്ലാവരുടെയും ലൈംഗിക ജീവിതത്തെ കൂടുതൽ പൊലിപ്പിക്കും. പ്രത്യേകിച്ച് പങ്കാളികളില്ലാത്തവർ, ഭിന്നശേഷിയുള്ളവർ എന്നിവരുടെ.

റോബോട്ടിക് പങ്കാളിയും ഹാപ്റ്റിക് തലോടലും സാധ്യമാകുന്നതോടെ വിവാഹജീവിതത്തിൽ വിശ്വസ്തത, വിവാഹേതര ബന്ധങ്ങൾ ഇവയുടെ ഇപ്പോഴത്തെ നിർവചനം പോരാതെ വരും. ഞാനുമെന്റാളും പിന്നൊരു റോബോട്ടുമായി ചേർന്ന് ലൈംഗികകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അത് ത്രീസം ആണോ അതോ 2 + ആണോ എന്ന് നമുക്ക് ചിന്തിക്കേണ്ടി വരും.

∙ സ്വവർഗാനുരാഗം എന്നതിന്റെ നിർവചനം മാറും. ലൈംഗികതയും പ്രത്യു ൽപാദനവും തമ്മിലുള്ള ബന്ധം മുഴുവനായി അറ്റുപോകുകയും നിർമിത ബുദ്ധിയുള്ള ആണായും പെണ്ണായും രൂപമാറ്റം ചെയ്യാവുന്ന യുണിസെക്സ് റോബോട്ടുകൾ മാർക്കറ്റിൽ എത്തുകയും ചെയ്യുമ്പോൾ മനുഷ്യന്റെ ലൈംഗിക ജീവിതത്തെ അളക്കാൻ കിൻസിയുടെ സ്കെയിൽ മതിയാകാതെ വരും.

∙ വിവാഹം, സെക്സ്, കുട്ടികൾ ഇവയെല്ലാം തമ്മിലുള്ള പരസ്പരബന്ധം കുറയുകയും മനുഷ്യായുസ് നൂറിന് മുകളിലാകുകയും ചെയ്യുമ്പോൾ ഇരുപത് വയസ്സിൽ കല്യാണം കഴിച്ച്, ‘മരണം വരെയും നമ്മള്‍ പിരിയാതെ...’ എന്ന പ്രതിജ്ഞയെടുക്കാൻ നിർമിതബുദ്ധിയുള്ള റോബോട്ടിനെ പോലും കിട്ടാതാകും.

ഇവിടെയാണ് അമേരിക്കയുടെ ഭവന സങ്കൽപ്പത്തിന്റെ പ്രസക്തി. ആളുകളുടെ പങ്കാളി സങ്കൽപം പ്രായത്തിനനുസരിച്ച് മാറിവരും. പതിനഞ്ചു മുതൽ ഇരുപത്തിയഞ്ചോ മുപ്പതോ വയസ്സു വരെയുള്ള - ലൈംഗികത മുന്നിട്ടു നിൽക്കുന്ന – പ്രായത്തിൽ നമ്മൾ ആഗ്രഹിക്കുന്ന പങ്കാളികളായിരിക്കണമെന്നില്ല, സന്തതികളെ ഉൽപാദിപ്പിക്കാനും അവരെ വളർത്താനും വേണ്ടിവരിക. മക്കളുടെ അച്ഛനോ അമ്മയോ ആകില്ല, അൻപത് വയസ്സു കഴിഞ്ഞും കുട്ടികൾ വീടു വിട്ടുപോയതിനു ശേഷവും നമുക്ക് ഏറ്റവും അഭികാമ്യമായ പങ്കാളിയായി മാറുക.

∙ പ്രായം, സാമൂഹികം, ലൈംഗികം എന്നീ ആവശ്യങ്ങളനുസരിച്ച് പങ്കാളികൾ മാറിവരുന്ന ഒരു സമൂഹം ഉണ്ടാകും. വിവാഹം എന്നത് ഒരു ജീവിതകാല സങ്കൽപം ആയിരിക്കില്ല. ഒരു നിശ്ചിത കാലയളവിലേക്കുള്ള കോൺട്രാക്ട് ആയിരിക്കും.

ഇങ്ങനെയൊരു കാലത്തെക്കുറിച്ച് ചിന്തിക്കാൻ േപാലും ഇപ്പോള്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് അറിയാം. നാം പരിചയപ്പെട്ടിരിക്കുന്ന ഒരു സമൂഹ സങ്കൽപത്തിന്റെ മാറ്റിമറിക്കലാകും ഇത്. എന്നാൽ ഇതൊക്കെയാണ് ഭാവിയിൽ സംഭവിക്കാൻ പോകുന്നത്. ഒറ്റയടിക്കല്ല, ഘട്ടം ഘട്ടമായി!

(അഭിപ്രായങ്ങള്‍ വ്യക്തിപരം)

Tags:
  • Health Tips
  • Glam Up