നഖത്തിനു ചുറ്റുമുള്ള ചർമത്തിലുണ്ടാകുന്ന നീർവീക്കത്തെയാണ് കുഴിനഖം (Paronychia) എന്ന് പറയുന്നത്. അധികസമയം കൈ കാലുകളിൽ നനവ് ഉണ്ടാകുന്ന ജോലികളിൽ ഏർപ്പെടുന്നവർ (വീട്ടമ്മമാര്‍, കൃഷിക്കാർ) പ്രമേഹരോഗികൾ, മറ്റു കാരണങ്ങൾ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവരിലും സാധാരണയായി കുഴിനഖം കാണാറുണ്ട്.
നനവ് അധികമായി ഉണ്ടാകുമ്പോഴും ഡിറ്റർജെന്റ്, വളം തുടങ്ങിയവയുടെ നിരന്തരമായ കൈകാര്യം ചെയ്യൽ കാരണവും നഖത്തിനും ചുറ്റുമുള്ള ചർമത്തിനും ഇടയിലുള്ള ക്യൂട്ടിക്കിൾ എന്ന ഭാഗത്തിനു ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിനും ചുറ്റുമുള്ള ചർമത്തിലേക്കും പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി നഖത്തിനു ചുറ്റും ചുവപ്പും തടിപ്പും വീക്കവും വേദനയും ഉണ്ടാകുന്നു. അവിടെ പഴുപ്പും ഉണ്ടാകാറുണ്ട്. ഈ അവസ്ഥ നീണ്ടുനിന്നാൽ നഖത്തിലും കേടുപാടുകൾ ഉണ്ടാക്കും. നഖത്തിൽ നിറമാറ്റം, പൊടിഞ്ഞുപോകൽ, വളര്‍ച്ച കുറയൽ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം.
ചെരുപ്പ് ഇറുക്കമുള്ളതാണെങ്കിൽ വിരലുകളും ഇറുകിപ്പോകും. നഖങ്ങൾ സമ്മർദത്തോടെ മേൽക്കുമേൽ കയറുകയും അറ്റം ഉൾവലിഞ്ഞ് വ്രണപ്പെട്ട് കുഴിനഖമായിത്തീരുകയും ചെയ്യും. മണ്ണിൽ നിന്ന് പൊടിയും ചെളിയും കയറിയാൽ പഴുപ്പുണ്ടാകും. ചാണകമോ വളമോ ഒക്കെ കൈകാര്യം ചെയ്യുന്നവർക്ക് നഖത്തിൽ പഴുപ്പും പൂപ്പലും അലർജിയും ഉണ്ടാകാൻ സാധ്യതയുണ്ട്. നഖം വിരൽ ഭാഗ അറ്റത്തുനിന്ന് വിട്ടു പൊന്തിക്കിടന്നേക്കാം. അല്ലെങ്കിൽ നഖത്തിനടിയിലേക്ക് അഗ്രഭാഗത്തുനിന്ന് പഴുപ്പ് വ്യാപിക്കാം.
നനവില്ലാതെ നഖവും ചർമവും
നഖവും ചുറ്റുമുള്ള ചർമവും നനവില്ലാതെ സൂക്ഷിക്കുക. നനവുണ്ടാകാൻ സാധ്യതയുള്ള ജോലികളിൽ ഏർപ്പെടുമ്പോൾ ഗ്ലൗസ് ധരിക്കുക. കൈകാലുകൾ ഉപ്പുലായനിയിൽ 10 മിനിറ്റ് വീതം രാവിലെയും രാത്രിയും മുക്കിവയ്ക്കുക. ഡോക്ടറുടെ നിർദേശാനുസരണം ലേപനങ്ങളും ഗുളികകളും ഉപയോഗിക്കണം.
ചികിത്സയ്ക്കായി ആന്റിബയോട്ടിക് ലേപനങ്ങൾ നഖത്തിനടിയിലേയ്ക്ക് വ്യാപരിക്കുകയില്ല. പുറമേ പഴുപ്പു മാറിയാലും നടുവിലുള്ളത് നശിക്കുകയില്ല. അങ്ങനെ വരുമ്പോൾ മരുന്നുകൾ കഴിക്കേണ്ടി വരും. ഉള്ള നഖം മുഴുവനും അറ്റത്തേക്കു വളർന്നു വരുന്ന മൂന്നു മാസം സമയം വരെ എങ്കിലും മരുന്നു കഴിക്കേണ്ടി വരും.
കുഴിനഖം പോലെ ചില നഖരോഗങ്ങളിൽ നഖം മുഴുവനായി ശസ്ത്രക്രിയയിലൂടെ എടുത്തു കളയേണ്ടി വന്നേക്കാം. നഖം വെട്ടുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ നഖം ദശയുമായി വിട്ടുമാറുന്ന സ്ഥാനത്ത് വ്രണപ്പെട്ട് പഴുപ്പ് അകത്തോട്ടു കയറാൻ സാധ്യതയുണ്ട്.