Tuesday 04 February 2025 03:04 PM IST : By Dr.Jem Kalathil

കാൻസർ ഭയം വേണ്ട, അതിജീവിക്കാം: ഒരു അതിജീവനകഥ ; ഫെബ്രുവരി 4, വേൾഡ് കാൻസർ ഡേ

wcd-patient-story-doctors-experience-cover

അവൾ കാൻസർ ബാധിതയായിരുന്നു. മൂന്നു വർഷത്തോളം കാൻസറിനോടു പോരാടി, മൂന്നു തവണ ശസ്ത്രക്രിയയ്ക്കു വിധേയയായി, രണ്ടു തവണയായി 16 സൈക്കിൾ കീമോ തെറാപ്പിയെടുത്തു. മുടി കൊഴിഞ്ഞു, കൊഴിഞ്ഞ മുടി തിരിച്ച് വന്നു. വീണ്ടും കൊഴിഞ്ഞു, വീണ്ടും തിരിച്ച് വന്നു, കീമോ എടുത്ത ശേഷം അടുത്ത ദിവസം എം സി എ യുടെ അവസാന വർഷ പരീക്ഷയെഴുതി. കൈകൾ വിറച്ചിട്ട് പേന നേരെ പിടിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നിട്ടും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി, ക്യാംപസ് പ്ലേസ്മെൻ്റിലൂടെ ജോലി നേടി, ഇതിനിടയിൽ കാൻസറിനെ കീഴടക്കി, ഇപ്പോൾ ആഹ്ലാദ പൂർണമായ ജീവിതം നയിക്കുന്നു. ഏതാണ്ട് നാല് വർഷം നീണ്ട ഈ പോരാട്ടത്തിനിടയിൽ കാൻസർ ബാധിതയാണെന്ന വിവരം അച്ഛനും അമ്മയും, അമ്മയുടെ സഹോദരിമാരുമല്ലാതെ മറ്റാരുമറിഞ്ഞില്ല. വളരെ ചെറുപ്പം, പക്ഷെ പ്രായത്തെ തോൽപ്പിക്കുന്ന ഇച്ഛാശക്തിയും ആത്മവിശ്വാസവും, പ്രസന്നതയുമാണ് ആ പെൺകുട്ടിയെ വ്യത്യസ്‌തയാക്കിയത്.

അച്ഛനും അമ്മയും ആ പെൺകുട്ടിയും ഒരുമിച്ചാണ് എന്റെ ഒപിയിലെത്തിയത്. രോഗം ബയോപ്‌സിയിലൂടെ നിർണയിച്ചിരുന്നു. വിതുമ്പുന്ന ചുണ്ടുകൾ കൊണ്ടു വാക്കുകൾ പൂർത്തീകരിക്കാൻ ആ അച്ഛനും അമ്മയ്ക്കും സാധിക്കാതെ വന്നപ്പോൾ അവൾ തന്നെ കാര്യങ്ങൾ പറഞ്ഞ് തുടങ്ങി, ഇടറാതെ, വിതുമ്പാതെ...

'എംസിഎ ഒന്നാം വർഷ വിദ്യാർഥിനി. കുറച്ച് മാസങ്ങൾക്കു മുൻപാണ് അതിശക്തമായ വയറുവേദന വന്നത്. നാട്ടിലെ തന്നെ ആശുപത്രിയിൽ കാണിച്ചു ദഹന സംബന്ധമായ ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു ഡോക്ടറുടെ പ്രാഥമിക വിലയിരുത്തൽ. എനിമ കൊടുത്തു, വേദനനിലയ്ക്കാൻ ഇഞ്ചക്ഷനും നൽകി. പക്ഷെ അടുത്ത ദിവസവും വേദന കുറയാതിരുന്നപ്പോൾ വീണ്ടും അതേ ആശുപത്രിയിൽ ചെന്നു. കാരണം കണ്ടെത്താൻ സ്‌കാൻ ചെയ്തു. ഓവറിയിൽ സിസ്റ്റുണ്ട്. സർജറി ചെയ്യാതെ വഴിയില്ലെന്നു ഡോക്ടർ. കീഹോൾ സർജറിയാണ് നിശ്ചയിച്ചത്. പക്ഷേ, സർജറി ആരംഭിക്കുമ്പോഴേക്കും ആ സിസ്റ്റ് പൊട്ടി കീഹോളിലൂടെ മുഴയും പൊട്ടിയൊലിച്ച ഭാഗങ്ങളും നീക്കം ചെയ്തു. സ്പെസിമെൻ ബയോപ്‌സിക്ക് അയച്ചു. ബയോപ്‌സി റിസൽട്ട് വന്നപ്പോൾ കാൻസറാണ്.

wcd-patient-story-doctors-experience

നേരത്തെ മുഴ പൊട്ടിയതിനാൽ മറ്റിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയിലാണ് മികച്ച കാൻസർ ചികിത്സ ലഭ്യമാകുന്ന മറ്റൊരിടത്തേക്ക് വന്നത്. യാതൊരു ഇടർച്ചയുമില്ലാതെയാണ് അവൾ ഇത്രയും കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ചത്. അവരുടെ പിതാവിന്റെ സുഹൃത്ത് ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സതേടി കാൻസറിനെ അതിജീവിച്ചതിന്റെ അനുഭവമാണ് ഇവിടേക്കെത്താൻ പ്രചോദനമായത് എന്നും സാന്ദർഭികമായി അവർ സൂചിപ്പിച്ചിരുന്നു. ഞാൻ അവളെ വിശദമായി പരിശോധിച്ചു. ഒരു സർജറി കൂടി അനിവാര്യമാണ്. രോഗത്തിന്റെ വ്യാപനം എത്രത്തോളമുണ്ടെന്നറിയണം. അതിനനുസരിച്ചു വേണം ചികിത്സ പ്ലാൻ ചെയ്യാൻ. കാര്യം അവരോട് പറഞ്ഞു.

'ഇഞ്ചക്ഷൻ ചെയ്യാൻ തന്നെ പേടിയാണ് ഡോക്ടറെ എന്നാലും സാരമില്ല. മയക്കിക്കിടത്തുമല്ലോ' ചിരിച്ചുകൊണ്ട് തന്നെയാണ് അവളുടെ സംസാരം. സർജറി ചെയ്‌തു. അസുഖം മറ്റിടങ്ങളിലേക്കു വ്യാപിച്ചിട്ടില്ല. അടുത്തത് കീമോതെറാപ്പിയുടെ ഊഴമാണ്. കാൽമുട്ടോളം നല്ല കട്ടിയുള്ള മുടിയാണ് ആ പെൺകുട്ടിക്കുണ്ടായിരുന്നത്. കീമോതെറാപ്പിയുടെ കാര്യം പറഞ്ഞപ്പോൾ മുടി മുറിക്കേണ്ടി വരുമല്ലേ എന്നതായിരുന്നു അവളുടെ ആശങ്ക കീമോയുടെ രണ്ട് ദിവസം മുൻപ് തോളറ്റം മുടി മുറിച്ചു. ആ ഹെയർ സ്റ്റൈലിന് അനുസരിച്ചുള്ള വിഗ്ഗും അവർ സംഘടിപ്പിച്ചു. നാല് സൈക്കിൾ കീമോ ചെയ്‌തു. തുടർ പരിശോധനയിൽ രോഗം ഏറെക്കുറെ കീഴടങ്ങിക്കഴിഞ്ഞു എന്നു മനസ്സിലായി.

പതിയെ അവൾ പഴയ അവസ്ഥയിലേക്ക് തിരിച്ചു വന്നു. നഷ്ടപ്പെട്ട ശരീരഭാരം തിരിച്ചെടുത്തു. കൊഴിഞ്ഞ മുടിയും പുരികവും തിരികെ വന്നു. ആഹ്ലാദത്തോടെയുള്ള ജീവിതത്തിലേക്കു തിരിച്ചു വന്നുകൊണ്ടിരിക്കെ വീണ്ടും വേദന. ഇത്തവണ പക്ഷേ കഴിഞ്ഞ തവണത്തേതിനേക്കാൾ ശക്തമായാണു രോഗം തിരിച്ചു വന്നത്. സ്‌കാനിങ് സമയത്ത് അവൾ കരയുകയായിരുന്നു എന്ന് ടെക്നീഷ്യൻ പറഞ്ഞതോർക്കുന്നു. പക്ഷേ, പുറത്ത് വന്നതു പുഞ്ചിരിച്ചുകൊണ്ടായിരുന്നു. വീണ്ടും കീമോതെറാപ്പി ആവശ്യമായി വന്നു. വിശദമായ പരിശോധനയിൽ ഇടത്തെ ഓവറിയും ഗർഭപാത്രവും നീക്കം ചെയ്യണമെന്ന തീരുമാനത്തിലെത്തി. ഇത്തരം കാര്യങ്ങൾ രോഗിയേയും ബന്ധുക്കളേയും പറഞ്ഞ് ബോധ്യപ്പെടുത്തൽ എളുപ്പമുള്ള കാര്യമല്ല, പക്ഷെ അവർ എതിർപ്പില്ലാതെ സമ്മതിച്ചു. ഹൈ റിസ്‌ക് സർജറിയായിരുന്നു ആവശ്യമായി വന്നത്. ആ കുട്ടിയുടെ ഭാഗ്യമായിരിക്കാം ഓവറിയും യൂട്രസ്സും നീക്കം ചെയ്യാതെ തന്നെ സർജറി പൂർത്തീകരിക്കാൻ സാധിച്ചു.

സർജറിക്ക് ശേഷം അസുഖത്തെ ഒരു പരിധിവരെ കീഴടക്കി എന്ന തോന്നലുണ്ടായിടത്ത് നിന്നും അസുഖം വീണ്ടും തിരിച്ചു വന്നു. ഇത്തവണ ആറ് സൈക്കിളുകളിലായി രണ്ടു തവണ കീമോതെറാപ്പി നൽകേണ്ടി വന്നു. ഒന്ന് ശക്തി കുറഞ്ഞതും, മറ്റൊന്ന് ശക്തികൂടിയതും. ശരീരമാകെ തളർന്ന് ക്ഷീണിച്ച അവസ്ഥ. ഒറ്റയ്ക്ക് എഴുന്നേറ്റ് നടക്കാൻ പോലും രോഗികൾ മടിക്കുന്ന സമയമാണത്.

wcd-patient-story-doctors-experience-dr-jem ഡോ. ജെം കളത്തിൽ, സീനിയർ കൺസൾട്ടൻ്റ്, സർജിക്കൽ ഓങ്കോളജി

എന്നാൽ, ഈ സമയത്തായിരുന്നു അവളുടെ ഫൈനൽ ഇയർ എക്‌സാം ആരംഭിച്ചത്. പേന പിടിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലും അവൾ പരീക്ഷയെഴുതി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും ഉന്നത വിജയവും കരസ്ഥമാക്കി. ക്യാംപസ്സ് പ്ലേ‌സ്മെൻ്റിലൂടെ പ്രമുഖ മൾട്ടിനാഷനൽ കമ്പനിയിൽ ജോലിയും നേടി. ഇതിനിടയിൽ അസുഖത്തെ ഞങ്ങളൊരുമിച്ച് തുരത്തിക്കഴിഞ്ഞിരുന്നു. ഇനി തിരിച്ചു വരാനിടയില്ല എന്നതാണ് പ്രതീക്ഷ.

തയാറാക്കിയത്:

ഡോ. ജെം കളത്തിൽ,

സീനിയർ കൺസൾട്ടൻ്റ്,

സർജിക്കൽ ഓങ്കോളജി,

ആസ്റ്റർ മെഡ്സിറ്റി കൊച്ചി