Thursday 12 May 2022 11:48 AM IST : By സ്വന്തം ലേഖകൻ

‘എമർജൻസി കെയർ എന്നത് ജോലി മാത്രമല്ല, ജീവിതത്തിന്റെ ചിട്ട കൂടിയാണ്’: നഴ്‌സസ് ദിനത്തിൽ കാവൽ മാലാഖമാരുടെ കഥ

kollam-world-nurses-day.jpg.image.845.440 കൊല്ലം ഗവ. വിക്ടോറിയ മാതൃ–ശിശു ആശുപത്രിയിൽ നിന്നൊരു ദൃശ്യം. ചിത്രം: അരവിന്ദ് വേണുഗോപാൽ∙ മനോരമ

പിറന്നു വീഴുമ്പോഴുള്ള കുഞ്ഞിക്കരച്ചിലിനു കൂട്ടു പോകുന്നതു മുതൽ കണ്ണടയുന്ന നേരത്തെ തലോടൽ വരെയായി ഒപ്പമുള്ള ഭൂമിയിലെ മാലാഖമാരുടെ ദിനം ഇന്ന്. മഹാമാരികൾ വിടാതെ പിന്തുടരുമ്പോൾ ഇടവേളകളില്ലാത്ത ഓട്ടത്തിലായിരുന്നു അവർ. കുടുംബത്തെ കാണാതെ, രോഗം പകരാതിരിക്കാൻ അകന്നിരുന്ന്, പിപിഇ കിറ്റുകളിൽ അവർ നടന്നു തീർത്ത ദൂരത്തിനു കൂടി കടപ്പെട്ടതാണ് നമ്മുടെ ആരോഗ്യം. കോവിഡ് കളമൊഴിയുമ്പോൾ അവധികളില്ലാതിരുന്ന ജോലിഭാരത്തിൽ നിന്ന് അൽപം വിശ്രമം കിട്ടുന്ന ആശ്വാസത്തിലാണ് നഴ്സുമാർ. പക്ഷേ, ആശ്വാസത്തിന് അതുമാത്രം പോരാ. മാലാഖമാർ എന്നാണ് വിളിപ്പേരെങ്കിലും നോവു കൊണ്ട് മഞ്ഞച്ച നിറമാണ് അവരുടെ വെള്ളക്കുപ്പായങ്ങൾക്ക്. ജോലി സ്ഥിരപ്പെടാത്തതും തുച്ഛമായ വേതനവും വരെ നീളും പ്രശ്നങ്ങൾ

കാവൽ മാലാഖമാർ

‘എമർജൻസി കെയർ’ എന്നത് ജോലി മാത്രമല്ല, ജീവിതത്തിന്റെ ചിട്ട തന്നെയാണ് നമ്മുടെ നഴ്സുമാർക്ക്. അവരുടെ ഒരൊറ്റ നിമിഷത്തെ ചടുലമായ തീരുമാനവും പ്രവർത്തനവും മൂലം ജീവിതത്തിലേക്കു തിരികെ നടന്ന എത്രയോ പേർ.

സിപിആർ രക്ഷിച്ചു

കെഎസ്ആർടിസി യാത്രയ്ക്കിടെ ഹൃദയസ്തംഭനമുണ്ടായ യുവാവിനെ സമയോചിതമായ ഇടപെടൽ കൊണ്ട് നഴ്സി ലിജി ജീവിതത്തിലേക്ക് തിരികെ നടത്തിയത് കുറച്ചു മാസം മുൻപാണ്.  തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ യാത്രക്കാരൻ ബസിന്റെ പിൻസീറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു. സമയം രാത്രി 8.30 കഴിഞ്ഞു. കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലെ നഴ്സായിരുന്ന ലിജി എം.അലക്സ് ആ സമയം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. വീഴുന്നതു കണ്ട് ഓടിയെത്തി സിപിആർ നൽകിത്തുടങ്ങിയ ലിജിയുടെ നിർദേശപ്രകാരമാണ് എത്രയും വേഗം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.  തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച ഇയാൾ പിന്നീട് സുഖം പ്രാപിച്ചു. സമയത്ത് സിപിആർ നൽകാനായില്ലായിരുന്നുവെങ്കിൽ കഥ മറ്റൊന്നായേനേ.

നന്മയ്ക്ക് മുഖമുണ്ടോ!

വഴിയിൽ ആരും ശ്രദ്ധിക്കാതെ പൊലിയുമായിരുന്ന ഒരു ജീവനാണ് ഫിലോമിന തിരികെപ്പിടിച്ചത്. പക്ഷേ, അതാരെങ്കിലും അറിയണം എന്നു പോലും ഫിലോമിനയ്ക്കുണ്ടായിരുന്നില്ല. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ഫിലോമിന ജോലിക്കു നടന്നു വരുമ്പോഴാണ് വഴിയരികിൽ ഒരാൾ ചെളിയിലേക്കു വീണുകിടക്കുന്നതു കണ്ടത്. മദ്യപിച്ച് കിടക്കുകയാണെന്നു കരുതി ആരും സഹായിച്ചിരുന്നില്ല. ബോധരഹിതനായി കിടന്ന ഇയാളെ മറ്റൊരാളുടെ സഹായത്തോടെ ഫിലോമിന ആശുപത്രിയിലെത്തിച്ചു. സമയത്തെത്തിയതു കൊണ്ടു മാത്രം അപകടനില തരണം ചെയ്യാനായി. രോഗി സുഖം പ്രാപിച്ചെന്ന് അന്വേഷിച്ച് ഉറപ്പു വരുത്തിയെങ്കിലും താനാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഫിലോമിന പറഞ്ഞിരുന്നില്ല. സഹായം ലഭിച്ച വിമുക്ത ഭടന്റെ ഒരു മാസത്തിനു ശേഷമാണ് ജീവിതം തിരികെത്തന്ന മാലാഖയെ കണ്ടെത്തിയത്.

പൂർണ്ണമായും വായിക്കാം.. 

Tags:
  • Health Tips
  • Glam Up