പാലക് ചീര ആരോഗ്യത്തിനു നല്ലതാണെന്ന് അറിയാമെങ്കിലും രുചി അത്ര പോരാ എന്നതാണ് പലരുടെയും പരാതി. പക്ഷേ, പാലക് കൊണ്ടു റൈസ് ഉണ്ടാക്കിയാൽ രുചിയൂറും വിഭവമാകും. ഒപ്പം കുക്കുമ്പറും തക്കാളിയും കാരറ്റും തൈരിൽ ചേർത്തു തയാറാക്കിയ റൈത്ത കൂടിയുണ്ടെങ്കിൽ സ്വാദും പോഷകവും കൂടും.
പാലക് പുലാവ്
സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്, പാലക് – ഒരു കെട്ട്, ഗ്രീൻപീസ് – കാല്‍ കപ്പ്, വേവിച്ചത് ബസ്മതി അരി – ഒന്നരക്കപ്പ്, വെളുത്തുള്ളി – നാല് അല്ലി, ഇഞ്ചി – ഒരു ചെറിയ കഷണം, ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ, കറുവാപ്പട്ട – നാല്, ഗ്രാമ്പൂ – നാല്, വലിയ ജീരകം – ഒരു വലിയ സ്പൂൺ, പച്ചമുളക് – മൂന്ന്, നടുവേ മുറിച്ചത്, കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ, മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ, ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ അരി പാകത്തിന് വേവിച്ചു വെള്ളം ഊറ്റിക്കളഞ്ഞ് ചൂടാറാനായി മാറ്റി വയ്ക്കുക.
∙ പാലക്, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിക്സിയുടെ ജാറിലാക്കി മൂന്നു വലിയ സ്പൂൺ വെള്ളം ഒഴിച്ചു നന്നായി അരയ്ക്കുക.
∙ ഒരു പാനിൽ എണ്ണ ചൂടാക്കി കറുവാപ്പട്ട, ഗ്രാമ്പൂ, വലിയ ജീരകം, പച്ചമുളക് മൂപ്പിക്കുക.
∙ ഇതിലേക്കു തയാറാക്കി വച്ചിരിക്കുന്ന പാലക് മിശ്രിതം, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്തു മൂപ്പിക്കുക.
∙ ഗ്രീൻപീസും ഉപ്പും ചേ ർത്തു യോജിപ്പിച്ചശേഷം തയാറാക്കി വച്ചിരിക്കുന്ന ചോറു ചേർത്തു ചെറുചൂടിൽ ഇളക്കി യോജിപ്പിക്കുക. റൈത്തയ്ക്കൊപ്പം വിളമ്പാം.
കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്