ആർത്തവമെത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ പൂർവ–അണ്ഡാവസ്ഥയിലുള്ള കോശങ്ങളുടെ (ഊസൈറ്റ്) എണ്ണം മൂന്ന് ലക്ഷമാണ്. പ്രായം കൂടുന്നതനുസരിച്ച് എണ്ണം കുറയും. 35 വയസ്സാകുമ്പോൾ ഇത് 25000 വരെയായി കുറയാം. ആർത്തവ വിരാമഘട്ടത്തിൽ ഇത് 1000 വരെയാകും. പ്രായം കൂടുന്നതനുസരിച്ചു ഗർഭധാരണ ശേഷി കുറയും.
20–32 വരെയാണ് ആരോഗ്യകരമായ ഗർഭധാരണത്തിന് അനുയോജ്യമായ സമയം. 40നു ശേഷമുള്ള ഗർഭധാരണത്തിൽ റിസ്ക് കൂടുതലാണ്. ഗർഭമലസാനുള്ള സാധ്യതയും താരതമ്യേനെ അധികമാകും. 40 വയസ്സിനു ശേഷം ഗർഭമലസാനുള്ള സാധ്യത 50 ശതമാനമെന്നു പഠനങ്ങൾ പറയുന്നു. പ്രായം കൂടും തോറും പ്രമേഹം, ഹൈപ്പർ ടെൻഷൻ പോലുള്ളവ വരാം. മാസം തികയും മുൻപ് കുട്ടി ജനിക്കാം. കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
പ്രായമേറിയാലും ഗർഭധാരണം നടത്താനുള്ള ഫെ ർട്ടിലിറ്റി പ്രിസർവേഷൻ മാർഗങ്ങൾ ഉണ്ട്. ജോലി, ഉപരിപഠനം, രോഗം തുടങ്ങി പല സാഹചര്യങ്ങൾ നേരിടാൻ ഇത് ഉപയോഗിക്കാം. അതിൽ തന്നെ പല വഴികളുണ്ട്
1. എംബ്രിയോ ക്രൈയോ പ്രിസർവേഷൻ
2. മെച്വർ ഊസൈറ്റ് ക്രൈയോ പ്രിസർവേഷൻ ക്രൈയോ എന്നാൽ ഫ്രീസ് ചെയ്ത് വയ്ക്കുക എ ന്നതാണ്. കുട്ടികൾ പിന്നെ മതി എന്ന് തീരുമാനിക്കുന്ന പങ്കാളികളാണു കൂടുതലും എംബ്രിയോ ക്രൈയോ പ്രിസർവേഷൻ തിരഞ്ഞെടുക്കുന്നത്. രണ്ടാമത്തേത് വിവാഹം കഴിക്കാത്തവർക്ക് പോലും സ്വീകരിക്കാവുന്ന മാർഗമാണ്. ആരോഗ്യകരമായ ഘട്ടത്തിൽ അണ്ഡം ഫ്രീസ് ചെയ്തു സൂക്ഷിക്കുന്ന രീതിയാണിത്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. നിത്യ ചെറുകാവിൽ,
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് & ഒബ്സ്റ്റട്രീഷൻ,
ഇന്ദിരാ ഗാന്ധി കോ–ഓപറേറ്റീവ് ആശുപത്രി,
കടവന്ത്ര, കൊച്ചി.