Thursday 24 August 2023 02:29 PM IST

‘വിവാഹം കഴിഞ്ഞ് കുഞ്ഞ് പതിയെ മതിയെന്നാണ് തീരുമാനം, ഗ‍ർഭിണിയാകാൻ ഏതാണു യോജിച്ച പ്രായം?’: ഡോക്ടറുടെ മറുപടി

Chaithra Lakshmi

Sub Editor

wedding-plan

പ്രണയവും സുന്ദരനിമിഷങ്ങളുമെല്ലാം ചേർന്നു നിൽക്കുന്ന ജീവിതമാകും പങ്കാളികളാകാനൊരുങ്ങുന്നവരുടെ മനസ്സ് നിറയെ. പുതിയ ജീവിതത്തിലേക്കു നീങ്ങുമ്പോൾ മനസ്സിലുണ്ടാകാനിടയുള്ള. സംശയങ്ങൾക്കു വിദഗ്ധ മറുപടി ഇതാ..

വിവാഹതീയതിയോടടുത്ത് ആർത്തവമുണ്ടാകാനിടയുണ്ട്. ആർത്തവം മാറ്റി വയ്ക്കുന്നതിനു മരുന്നു കഴിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടോ?

ആർത്തവനാളുകൾ നീട്ടി വയ്ക്കുന്നതിനു വേണ്ടി മരുന്ന് കഴിക്കുന്നതു കൊണ്ടു കുഴപ്പമില്ല. സാധാരണ രീതിയിൽ ആർത്തവം നീട്ടുന്നതിനു വേണ്ടി വളരെ കുറഞ്ഞകാലത്തേക്കുള്ള പ്രൊജസ്ട്രോണാണു നൽകുന്നത്. കൃത്യമായി ആർത്തമുണ്ടാകുമോ, വിവാഹത്തിന് എത്ര ദിവസം മുൻപു മുതലാണ് ആർത്തവം നീട്ടേണ്ടത് എന്നതു കൂടി പരിഗണിക്കും. ചിലർ വിവാഹം കഴിഞ്ഞ് ഒരാഴ്ച കൂടി നീട്ടണം എന്നു പറയും. വ്യക്തികളുടെ ആവശ്യം കൂടി കണക്കാക്കിയാണു ഡോക്ടർ കോഴ്സ് തീരുമാനിക്കുക. ഈ മരുന്നിന്റെ കോഴ്സ് കഴിഞ്ഞശേഷം പിന്നീടു വരുന്ന ആർത്തവം കുറച്ചു വൈകാം. മരുന്നു കഴിച്ച് ആർത്തവം നീട്ടിയശേഷം പിന്നീട് ആർത്തവം ക്രമംതെറ്റിയാണുണ്ടാകുന്നത് എന്നു പലരും പരാതി പറയാറുണ്ട്. വിവാഹശേഷമുള്ള വിരുന്നും വണ്ണം വയ്ക്കലുമാകാം ഇതിനു കാരണം. ഇതു പ്രൊജസ്ട്രോൺ കഴിച്ചതു കൊണ്ടാണെന്നു പലരും കരുതാറുണ്ട്. ഇതു ശരിയല്ല. െചറിയ കോഴ്സ് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറില്ല.

28 വയസ്സുണ്ട്. വിവാഹം കഴിഞ്ഞു കുറച്ചു വർഷം കഴിഞ്ഞു മതി കുഞ്ഞെന്നാണു തീരുമാനം. ഗ‍ർഭിണിയാകാൻ ഏതാണു യോജിച്ച പ്രായം?

ശരീരത്തിനെന്ന പോെല അണ്ഡാശയത്തിനും നിശ്ചിത പ്രായമുണ്ട്. 24 വയസ്സു മുതൽ 30– 31 വയസ്സിനുള്ളിലാണു ഗർഭിണിയാകാൻ യോജിച്ച സമയം. ഈ പ്രായത്തിൽ ആർത്തവം കൃത്യമായിരിക്കും. അണ്ഡത്തിനും ആ രോഗ്യമുണ്ടാകും. ഏറ്റവും ആരോഗ്യകരമായ പ്രായമാകുമിത്. പ്രായം കൂടുന്തോറും അണ്ഡം അത്ര ആരോഗ്യകരമാകണമെന്നില്ല.

28–29 വയസ്സിനു ശേഷമാണു പുതിയ തലമുറ കല്യാണത്തെക്കുറിച്ചു പോലും ഇപ്പോൾ ആലോചിക്കുന്നത്. പഠനം, കരിയർ തുടങ്ങിവയാകും ഈ പ്രായത്തിൽ പ്രധാനം. 30 വയസ്സിനു മുകളിലേക്കാണു പുതിയ കാലത്തെ ദമ്പതികൾ ആദ്യ ഗർഭധാരണത്തിനു തയാറാകുന്നത്. ഇത്തരം കാര്യങ്ങൾ പരിഗണിച്ചാൽ 34 വയസ്സിനുള്ളിൽ ആദ്യഗർഭധാരണത്തിനു തയാറെടുക്കുന്നതാണു നല്ലത്.

ഗർഭിണിയാകാമെന്നു തീരുമാനിച്ച ശേഷം ഗർഭധാരണമുണ്ടാകാെത വരുമ്പോൾ െഎവിഎഫ് േപാലുള്ള ചികിത്സാരീതികളിലേക്കു പോകാൻ സാധ്യത കൂടുതലാണ്. പ്രായം കൂടുന്തോറും സ്ത്രീകളിൽ രക്താതിമർദം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങളും കാണുന്നുണ്ട്. അമ്മയുടെ ശാരീരികമായ പ്രത്യേകതകൾ, കുട്ടിക്ക് ജനിതകപരമായ പ്രശ്നങ്ങളുണ്ടോ എന്നറിയാനുള്ള സ്ക്രീനിങ് തുടങ്ങിയവ ഈ പ്രായത്തിൽ ഗർഭിണിയാകുമ്പോൾ നടത്തേണ്ടതുണ്ട്.

18–19 വയസ്സിലും ഗർഭിണിയാകുന്നവരുണ്ട്. ഈ പ്രായത്തിൽ ഗർഭിണിയാകുമ്പോൾ ഗർഭപാത്രത്തിന്റെ ശേഷിക്കുറവ് സങ്കീർണതകളിലേക്കു നയിക്കാനിടയുണ്ട്.

ഒരു ഗർഭം പോലെയാകില്ല മറ്റൊന്ന്. ഒരാളുടെ തന്നെ രണ്ടു കാലത്തെ ഗർഭം രണ്ടു രീതിയിലാകാം. പലപ്പോഴും അപ്രതീക്ഷിതമായാകും പല കാര്യങ്ങളും സംഭവിക്കുക. ഈ അറിവ് ഇന്നത്തെ ഗർഭിണികളിൽ വളരെ കുറവാണ്. തെറ്റായ ധാരണകൾ കൊണ്ട് ഉത്കണ്ഠ കൂടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രീ പ്രഗ്‌നൻസി കൗൺസലിങ് സ്വീകരിച്ച ശേഷം ഗർഭിണിയാകുകയാണെങ്കിൽ ഇത്തരം ഉത്കണ്ഠ കുറയ്ക്കാനാകും.

ദമ്പതികളാകാനൊരുങ്ങുന്നവർ ഏതെങ്കിലും തരത്തിലുള്ള പരിശോധനകൾ നടത്തേണ്ടതുണ്ടോ?

ദാമ്പത്യം തുടങ്ങുന്നതിനു മുൻപ് പരിശോധനകളേക്കാൾ പ്രധാനമായും വേണ്ടത് പ്രീ മാരിറ്റൽ കൗൺസലിങ് ആണ്. ഇത്രയും കാലം വ്യത്യസ്ത ജീവിതം നയിച്ചിരുന്ന രണ്ടു വ്യക്തികൾ ഇനി ഒരുമിച്ചാണു മുന്നോട്ടു നീങ്ങേണ്ടത്. പ്രണയവിവാഹമെന്നോ അറേഞ്ച്ഡ് മാര്യേെജന്നോ വ്യത്യാസമില്ലാതെ ഭാവിജീവിതം സുന്ദരമാകുന്നതിന് ഇരുവരും മുന്നൊരുക്കം നടത്തേണ്ടതുണ്ട്. ശാരീരികമായും മാനസികമായും അടുപ്പം സൃഷ്ടിക്കുക വളരെ പ്രധാനമാണ്. മാനസികമായ അടുപ്പമുണ്ടെങ്കിൽ ലൈംഗികജീവിതവും സുന്ദരമാകും.

ഗർഭം ധരിക്കാനൊരുങ്ങുന്നതിനു മുൻപ് ഗൈനക്കോളജിസ്റ്റിനെ കാണാം. ഡോക്ടർ നിർദേശിക്കുന്ന പരിശോധനകൾ നടത്താം. ഗർഭധാരണത്തെക്കുറിച്ചുള്ള ക്ലാസ്സിൽ ഇരുവരും പങ്കെടുക്കാൻ ശ്രമിക്കണം. ഗർഭധാരണം മുതൽ പ്രസവം വരെ എന്തൊക്കെ പ്രതീക്ഷിക്കണം, സങ്കീർണതകളുണ്ടായാൽ എങ്ങനെ നേരിടണം എ ന്നെല്ലാം കൃത്യമായി തിരിച്ചറിയണം. പേരന്റിങ് ഇരുവരുടെയും ഉത്തരവാദിത്തമാണെന്ന് ഉൾക്കൊള്ളാനും തയാറാകുക.

ശാരീരികമായി എന്തെങ്കിലും അസുഖങ്ങളുണ്ടെങ്കിൽ അതു നിയന്ത്രണത്തിലാക്കിയ ശേഷം ഗർഭിണിയാകുന്നതാണ് ഉത്തമം. പലരും പ്രമേഹമുണ്ടെന്ന് അറിയാതെയോ പ്രമേഹം നിയന്ത്രണത്തിലാക്കാതെയോ ഗർഭധാരണത്തിലേക്കു നീങ്ങുന്നതു കണ്ടിട്ടുണ്ട്. ഈ അവസ്ഥ കുട്ടിക്ക് അംഗവൈകല്യത്തിനും മാസം തികയാതെ പ്രസവിക്കുക തുടങ്ങി ഒരുപാട് സങ്കീർണതകൾക്കും കാരണമാകും.

അപസ്മാരം നിയന്ത്രണത്തിലാക്കണം. ചികിത്സിക്കുന്ന േഡാക്ടറുടെ നിർദേശപ്രകാരം മരുന്നു കൃത്യമായി കഴിക്കണം. ചില മരുന്നുകൾ സുരക്ഷിതമല്ല. അവ ഡോക്ടറുടെ നിർദേശപ്രകാരം മാറ്റുകയോ ഡോസേജിൽ വ്യത്യാസം വരുത്തുകയോ ചെയ്തു നിയന്ത്രണവിധേയമായ ശേഷം ഗർഭധാരണത്തിനു ശ്രമിക്കുന്നതാണു നല്ലത്. ഹൃദയം, ശ്വാസകോശം തുടങ്ങിയവയെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെങ്കിൽ നില ഭദ്രമെന്ന് ഉറപ്പുവരുത്തിയശേഷം ഗർഭധാരണത്തിനു തയാറെടുക്കുക.

അമിതവണ്ണമുള്ളവരിൽ രക്താതിമർദം, പ്രമേഹം, സിസേറിയനാകാനുള്ള സാധ്യത ഇവ കാണുന്നതുകൊണ്ട് ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ ശ്രദ്ധിക്കുക. മാനസികാരോഗ്യ പ്രശ്നമുണ്ടെങ്കിൽ പരിഹാരം കണ്ടെത്തിയ ശേഷം ഗർഭധാരണത്തിനൊരുങ്ങുക. ഫൈബ്രോയ്ഡ് ഉള്ളവരിൽ ഗർഭവും അബോർഷനും സങ്കീർണാവസ്ഥയുണ്ടാക്കാം. ഫൈബ്രോയ്ഡ് നീക്കം ചെയ്ത് ആരോഗ്യം ഉറപ്പുവരുത്തിയ ശേഷം ഗർഭധാരണത്തിനു തയാറെടുക്കാം.

പുരുഷന്മാരിലെ അമിതവണ്ണം പരിഹരിക്കണം. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ നിർത്തുകയും ശാരീരികമായ ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രണവിധേയമാക്കുകയും വേണം. ജീവിതശൈലി ആരോഗ്യകരമാക്കാൻ ശ്രദ്ധിക്കണം. ഇതിനു ശേഷം കുഞ്ഞിനു വേണ്ടി തയാറെടുക്കുന്നതാണ് ഉത്തമം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ദീപ്തി. എം
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്, സൺ മെഡിക്കൽ സെന്റർ
തൃശൂർ