ന്യൂ ജനറേഷൻ അമ്മ എന്ന് പലരെയും വിശേഷിപ്പിക്കാറുണ്ട്. അങ്ങനെയെങ്കിൽ ന്യൂജെൻ ഗർഭിണികളും ഉണ്ടാകില്ലേ?
അപ്പോൾ ന്യൂജനറേഷൻ ഗർഭകാല പ്രശ്നങ്ങളും ഉണ്ടാകണമല്ലോ! ഗർഭം േരാഗമല്ല, ശരീരത്തിന്റെ സ്വാഭാവികമായി മാറ്റമാണെന്ന് പറയുമ്പോഴും പുതിയ തലമുറയ്ക്കുണ്ടാകുന്ന ആേരാഗ്യപ്രശ്നങ്ങളും അവർ അതിനെ നേരിടുന്ന രീതികളും വ്യത്യസ്തമായിരിക്കും.
ജീവിതശൈലീരോഗങ്ങൾ എന്ന് ഒാമനപ്പേരിട്ട പലതരം രോഗങ്ങൾ നമ്മുെടയെല്ലാം ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ഫാസ്റ്റ്ഫുഡും ജങ്ക് ഫുഡും സോഫ്റ്റ് ഡ്രിങ്ക്സും ഇന്ന് ന്യൂജനറേഷന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ഒാഫീസിലും വീട്ടിലും തിരക്കിൽ സ്വയം െഞരുങ്ങുന്നതിനിടെ ശാരീരികവും മാനസികവുമായ വ്യായാമം മതിയായ അളവിൽ കിട്ടുന്നില്ല. മാനസികോല്ലാസത്തിനായി വല്ലപ്പോഴും പബിൽ പോകുന്നതും ഒന്നുരണ്ടു െപഗ്ഗ് കഴിക്കുന്നതും വിരളമല്ല. െെവകി വിവാഹം, െെവകിയുള്ള ഗർഭധാരണം എന്നിവ കൂടിയാകുമ്പോൾ പലതരം രോഗങ്ങൾ ഗർഭകാലത്തു വർധിക്കുന്നതിന് കാരണമാകുന്നു.
ന്യൂജനറേഷനു മൊത്തത്തിൽ ഉണ്ടായിട്ടുള്ള പല മാറ്റങ്ങളും ‘ന്യൂജെൻ’ ഗർഭിണികളിലും പ്രതിഫലിക്കുന്നതായി കാണാം. പണ്ട് മുത്തശ്ശിമാർ പറഞ്ഞുകേട്ടിട്ടുള്ളതുപോലെ നിറവയറുമായി മുറ്റം അടിച്ചുവാരാനൊന്നും ഇന്നത്തെ തലമുറയെ കിട്ടില്ല. മാസക്കുളി തെറ്റുമ്പോൾ മുതൽ േദഹമനങ്ങാതെയിരിക്കുന്നത് ഫാഷനായി കാണുന്നവരും കൊണ്ടുനടക്കുന്നവരും ഉണ്ട്.
അമിതവണ്ണം അപകടം
ഏറ്റവും ഭീകരമായി വളർന്നുകൊണ്ടിരിക്കുന്ന ഒരു ജീവിതശൈലീരോഗമാണ് അമിതവണ്ണം. വികസിതരാജ്യങ്ങളിൽ മൂന്നിലൊന്ന് ആൾക്കാരും അമിതവണ്ണക്കാരാണ്. അമിതവണ്ണം ഗർഭിണികളിൽ പലതരം സങ്കീർണതകൾ സൃഷ്ടിക്കാം. ഗർഭം അലസൽ, ഗർഭകാലത്തുണ്ടാകുന്ന പ്രമേഹവും ബിപിയും (ജെസ്റ്റേഷനൽ ഡയബറ്റിസ്, ഹൈപ്പർടെൻഷൻ), കുഞ്ഞിനു വളർച്ചക്കൂടുതൽ, പ്രസവത്തിനു ബുദ്ധിമുട്ട്, സിസേറിയനു സാധ്യത എന്നിവ ഉണ്ടാകാം.
ഇവർക്ക് മുറിവുണങ്ങുന്നതിനു ബുദ്ധിമുട്ട്, രക്തധമനികളിൽ രക്തം കട്ടപിടിക്കാൻ സാധ്യത എന്നിവ കൂടുതലാണ്. വ്യായാമത്തിലൂടെയും സമീകൃതാഹാരത്തിലൂടെയും ശരീരഭാരം കൃത്യമാക്കിയശേഷം ഗർഭിണിയാകുന്നതാണ് ഉചിതം. ഗർഭാവസ്ഥയിലും അമിതമായി ഭാരം കൂടാതിരിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ അളവ് കഴിക്കുന്നതിനു പകരം ആവശ്യത്തിനു പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയാണു നല്ലത്.
അപകടം ഉണ്ടാക്കും പിസിഒഎസ്
ജീവിതശൈലിയിലെ വ്യതിയാനം െകാണ്ട് കണ്ടുവരുന്ന േരാഗാവസ്ഥകളിൽ ഒന്നാണ് പോളിസിസ്റ്റിക് ഒാവേറിയൻ സിൻഡ്രോം അഥവാ പിസിഒഎസ്. സ്ത്രീശരീരത്തിലെ അണ്ഡാശയം പുരുഷഹോർമോണായ ആൻഡ്രോജൻ കൂടുതൽ അളവിൽ ഉൽപാദിപ്പിക്കുന്ന അവസ്ഥയാണിത്. ആർത്തവത്തിലെ ക്രമക്കേട്, അനിയന്ത്രിത േരാമവളർച്ച, മുഖക്കുരു, ഒാവറിയിൽ സിസ്റ്റ് എന്നിവയാണ് ഈ അവസ്ഥയുെട ലക്ഷണങ്ങൾ. ഇത് വന്ധ്യതയ്ക്കു വരെ കാരണമാകാം. ഗർഭകാലത്തും സങ്കീർണതകൾ ഉണ്ടാകാം. ഗർഭഛിദ്രം, അമിത രക്തസമ്മർദം, ജെസ്റ്റേഷനൽ ഡയബറ്റിസ്, മാസം തികയാെതയുള്ള പ്രസവം എന്നിവ സംഭവിക്കാം.
പ്രമേഹത്തെ സൂക്ഷിക്കുക
ഗർഭിണികളിൽ പ്രമേഹം രണ്ടു തരത്തിലാകാം. ഒവേർട്ട് ഡയബറ്റിസ് (Overt diabetes) എന്നാൽ ഗർഭിണിയാകുന്നതിനുമുൻപ് പ്രമേഹമുള്ള അവസ്ഥ അല്ലെങ്കിൽ ഗർഭത്തിന്റെ തുടക്കത്തിൽ തന്നെ പ്രമേഹം കണ്ടുപിടിക്കുന്ന അവസ്ഥ. ഗർഭം ധരിക്കുന്ന അവസ്ഥയിൽ രക്തത്തിൽ ഷുഗർ കൂടുതലാണെങ്കിൽ അത് ഗർഭം അലസുന്നതിനു കാരണമാകാം. മാത്രമല്ല, അത് ചെറിയൊരു ശതമാനം ഗർഭിണികൾക്കു െെവകല്യമുള്ള കുഞ്ഞുണ്ടാകാൻ കാരണമാകാം. അതിനാൽ തന്നെ പ്രമേഹമുള്ളവർ അളവ് സാധാരണ ആയതിനുശേഷം മാത്രം ഗർഭം പ്ലാൻ ചെയ്യുക. ഗർഭത്തിന്റെ ആദ്യമാസങ്ങളിൽ തന്നെ ഷുഗർ ടെസ്റ്റ് ചെയ്യണം. ഗർഭസ്ഥ ശിശുവിന് അംഗവൈകല്യം ഉണ്ടോ എന്നറിയാൻ ഇടയ്ക്കിടെ സ്കാൻ ചെയ്യണം. വൃക്കയുെട പ്രവർത്തനം, നേത്ര പരിശോധന എന്നിവ േഡാക്ടറുെട നിർദേശപ്രകാരം െചയ്യുക. ഏഴാം മാസം മുതൽ മാസത്തിലൊന്നു സ്കാനും.
∙െജസ്റ്റേഷൻ ഡയബറ്റിസ് (ഗർഭാവസ്ഥയിലെ പ്രമേഹം) : ഗർഭാവസ്ഥയിൽ മറുപിള്ള ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ ഫലമായി രക്തത്തിലെ പഞ്ചസാരയുെട അളവു കൂടാം. അതിനാൽ ഗർഭിണികൾക്ക് ആറാം മാസം പ്രമേഹ പരിശോധന നിർദേശിക്കാറുണ്ട്. പ്രമേഹനില കൂടുതലുള്ളവർക്കു കുഞ്ഞിനു വളർച്ചക്കൂടുതൽ, പ്രസവത്തിനു ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. പ്രമേഹം പരിധിക്കുള്ളിൽ അല്ലെങ്കിൽ ഗർഭാവസ്ഥയിൽ പ്രമേഹമുള്ളവരുെട കുഞ്ഞുങ്ങൾക്കു ഭാവിയിൽ പ്രമേഹം, ബിപി, അമിതവണ്ണം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. കുഞ്ഞ് ഗർഭാശയത്തിൽ വച്ചു മരണപ്പെടാൻ വരെ സാധ്യതയുണ്ട്.
ഗർഭിണികൾ കൃത്യമായ ചെക്ക്അപ്പുകളും പ്രമേഹപരിശോധനയും നടത്തണം. പ്രമേഹം കൂടുതലാണെങ്കിൽ ഡോക്ടറുടെ നിർദേശമനുസരിച്ചു ചികിത്സ വേണ്ടതാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ട് ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാം. നാരുകളടങ്ങിയ ഭക്ഷണം കൂടുതലായി ഉൾപ്പെടുത്തണം. വറുത്തതും േബക്കറി പലഹാരങ്ങളും പൂർണമായി ഒഴിവാക്കുകയും വേണം. ഗർഭാവസ്ഥയിൽ പ്രമേഹം ഉള്ളവരിൽ അൻപതു ശതമാനം പേർക്കും അഞ്ചു വർഷത്തിനുള്ളിൽ പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. അതിനാൽ വർഷത്തിലൊരിക്കൽ പ്രമേഹനില പരിശോധിക്കണം.
മൂത്രാശയ അണുബാധ സൂക്ഷിക്കുക
ഗർഭാവസ്ഥയിലെ ഹോർമോണുകളുടെ വ്യത്യാസം കൊണ്ടു മൂത്രാശയത്തിൽ പല മാറ്റങ്ങളുണ്ടാകുന്നു. അതിനാൽ ഗർഭാവസ്ഥയിൽ അണുബാധയ്ക്കു സാധ്യത കൂടുതലാണ്. വ്യക്തിശുചിത്വത്തിന്റെ കുറവും ചിലപ്പോൾ അണുബാധയ്ക്കു കാരണമാകാം. തുടർച്ചയായുള്ള ജോലിക്കിടെ മൂത്രശങ്ക വന്നാലും മൂത്രം പിടിച്ചുവയ്ക്കുന്നവർ ഉണ്ട്. കൂടെക്കൂടെ മൂത്രമൊഴിക്കേണ്ട ബുദ്ധിമുട്ടോർത്തു വെള്ളം കുടി കുറയ്ക്കുന്നവരുണ്ട്. ഈ ശീലങ്ങളെല്ലാം മൂത്രാശയത്തിൽ അണുബാധയ്ക്കു കാരണമാകാം. ഗർഭിണികൾക്കു രോഗപ്രതിരോധശക്തി കുറവായതിനാൽ അണുബാധ വൃക്കകളെ ബാധിക്കാനും പിന്നീട് രക്തത്തിൽ കലർന്ന് എല്ലാ അവയവങ്ങളെയും ബാധിക്കാനും സാധ്യതയുണ്ട്.
ഇടയ്ക്കിടെ മൂത്രത്തിൽ അണുബാധ വരുന്നതു രക്തക്കുറവിനു കാരണമാകാം. മാത്രമല്ല, ഗർഭം അലസൽ, കുഞ്ഞിനു തുക്കക്കുറവ്, മാസം തികയുന്നതിനു മുൻപു പ്രസവം നടക്കാനുള്ള സാധ്യത എന്നിവയും ഇവർക്ക് കൂടുതലാണ്. അതിനാൽ മൂത്രത്തിൽ പഴുപ്പിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ–ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുക, അടിവയറ്റിൽ വേദന, പനി ഇങ്ങനെ ഉണ്ടായാൽ ഡോക്ടറെ കാണുക. ചിലപ്പോൾ യാെതാരുവിധ ലക്ഷണങ്ങളുമില്ലാതെ മൂത്രത്തിൽ പഴുപ്പുണ്ടാകാം. അതുകൊണ്ടാണ് മൂന്നു മാസത്തിലൊരിക്കൽ ഗർഭിണികൾ മൂത്രപരിശോധന നടത്താൻ ഡോക്ടർ പറയുന്നത്.
മാനസികസമ്മർദം
കുടുംബത്തിനും ജോലിക്കുമിടയിലുള്ള നെട്ടോട്ടവും രണ്ടിടത്തെയും പിരിമുറുക്കങ്ങളും ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ഒരു വലിയ മാറ്റത്തെ ഉൾക്കൊള്ളാനുള്ള ബുദ്ധിമുട്ടും– പുതിയ കാലത്തെ ഗർഭിണിയെ ബാധിക്കുന്ന മാനസിക പ്രശ്നങ്ങൾ ഇവയൊക്കെയാണ്. എല്ലാം പലപ്പോഴും ഗർഭിണിയുടെ മാനസികാരോഗ്യത്തെ ബാധിക്കാം. നല്ല ചിന്തകൾ, മനസ്സിന് ഉത്സാഹം നൽകുന്ന ചെറിയ യാത്രകൾ, വായന, സംഗീതം, പ്രാർഥന, യോഗ ഇവയെല്ലാം മനസ്സിന്റെ പിരിമുറുക്കത്തിൽ നിന്നു മോചനം നേടാൻ കുറച്ചൊക്കെ സഹായിക്കും.
രക്തക്കുറവ് പരിഹരിക്കണം
പല കാരണങ്ങൾ കൊണ്ടു രക്തക്കുറവുണ്ടാകാമെങ്കിലും ഗർഭിണികളിൽ ഏറ്റവും കൂടുതൽ കാണുന്നത് അയണിന്റെ കുറവുകൊണ്ടാണ്. ഗർഭാവസ്ഥയിൽ ശരീരത്തിൽ കൂടുതൽ ഇരുമ്പിന്റെ ആവശ്യമുണ്ട്. നമ്മുടെ സാധാരണ ഭക്ഷണരീതികൊണ്ട് ഈ ആവശ്യത്തിനുള്ള അയൺ ലഭിക്കില്ല. അതിനാൽ അയൺഗുളിക മൂന്നാം മാസം തൊട്ടു ദിവസവും കഴിക്കണം. ഭക്ഷണത്തിൽ ഇലക്കറികൾ, മാതളനാരങ്ങ, ചക്കര, പഴങ്ങൾ എന്നിവ ധാരാളം ഉൾപ്പെടുത്തുക. എല്ലാ മൂന്നു മാസം കൂടുമ്പോഴും ഹീമോഗ്ലോബിൻ പരിശോധിക്കുക. മദ്യപാനം പൂർണമായും ഒഴിവാക്കുക. രക്തക്കുറവ് സമയത്തു കണ്ടുപിടിച്ചു ചികിത്സിച്ചു േഭദമാക്കാവുന്നതേ ഉള്ളൂയെന്നതിനാൽ സമയാസമയം രക്തപരിശോധന നടത്തണം.
രക്താതിസമ്മർദം
രക്താതിസമ്മർദം ഗർഭത്തിനു മുൻപുള്ളതാകാം, ഗർഭാവസ്ഥയിൽ ഉണ്ടായതുമാകാം. െപാണ്ണത്തടിയുള്ളവർക്കു ബിപി സാധ്യത കൂടുതലാണ്. ഇന്നത്തെ ഗർഭിണികൾക്ക് ആവശ്യത്തിനു ഉറക്കവും വിശ്രമവും ലഭിക്കുന്നത് കുറവാണ്. രാത്രി വൈകി േജാലി െചയ്യുന്നത് ഉറക്കത്തെയും ബാധിക്കാം. ഇതെല്ലാം ബിപി കൂടാൻ ഇടയാക്കും. ഗർഭാവസ്ഥയ്ക്കു മുൻപുള്ളതാണെങ്കിൽ ബിപി സാധാരണ നിലയിലായശേഷം മാത്രം ഗർഭിണിയാകുക. കഴിക്കുന്ന മരുന്നുകളെല്ലാം ഗർഭിണികൾക്ക് കുഴപ്പമില്ലാത്തതാണെന്ന് ഉറപ്പുവരുത്തുക. രക്താതിസമ്മർദം എല്ലാ അവയവങ്ങളുടെയും പ്രവൃത്തിയെ ബാധിക്കാം. ഉറക്കവും വിശ്രമവും ഇവർക്കു മരുന്നുപോലെതന്നെ ആവശ്യമാണ്. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.
ഗർഭം പ്ലാൻ െചയ്യാം
ആരോഗ്യകരമായ ഗർഭത്തിനുവേണ്ടി പുതുതലമുറയ്ക്കു ചെയ്യാവുന്നത് ഗർഭം പ്ലാൻ ചെയ്യുക എന്നുള്ളതാണ്. ഗർഭം പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്: ∙ ശരീരഭാരം പാകപ്പെടുത്തുക. വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും ഇതു സാധിക്കാം. ∙ മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക. ∙പോഷകസമൃദ്ധമായ ആഹാരം. ∙ഫോളിക് ആസിഡ് ഗുളിക കഴിക്കുക. ∙പ്രമേഹം, െെതറോയ്ഡ്, ഹീമോഗ്ലോബിൻ എന്നിവ ടെസ്റ്റ് ചെയ്യുക. ഒാരോ നിറവയറിനുള്ളിലും ഒരു പിഞ്ചോമന ഉണ്ടെന്നറിയുക. ആ പുഞ്ചിരിക്കുവേണ്ടി മനസ്സുവച്ചാൽ ഒട്ടു മിക്ക ഗർഭകാലരോഗങ്ങളും നമുക്ക് നേരത്തെ തന്നെ ഒഴിവാക്കാനാകും.
വിവരങ്ങൾക്ക് കടപ്പാട്; ഡോ. ദിവ്യ വിഷ്ണു, കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്, ഭാരത് േഹാസ്പിറ്റൽ, കോട്ടയം