സ്ത്രീകളെ സംബന്ധിച്ച് നിരവധി സംശയങ്ങളുടെ കാലമാണ് ഗർഭാവസ്ഥ. ശാരീരികവും മാനസികവുമായ പല വിധ മാറ്റങ്ങളിലൂടെയാണ് ഈ ഘട്ടത്തിൽ അവർ കടന്നു പോകുക. താൻ മാത്രമല്ല തനിക്കുള്ളിൽ മറ്റൊരു ജീവനും കൂടി സ്പന്ദിക്കുന്നുണ്ടെന്ന ബോധ്യം ഗർഭിണികളെ കൂടുതൽ ശ്രദ്ധാലുക്കളാക്കും. ഇതിൽ തന്നെ ഭക്ഷണം ഒരു മുഖ്യ വിഷയമാണ്. എന്തൊക്കെ കഴിക്കാം എന്തൊക്കെ കഴിക്കരുതെന്നതിൽ മിക്കവരും ആശങ്കാകുലരായിരിക്കും. അത് പ്രസക്തവുമാണ്. ഗർഭിണികൾ കഴിക്കേണ്ടുന്ന ഭക്ഷണത്തിനൊപ്പം തന്നെ കഴിക്കരുതാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അത്തരം ചില ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടാം.
1. മെർക്കുറി അടങ്ങിയ മത്സ്യങ്ങൾ കഴിക്കാൻ പാടില്ല. സാധാരണക്കാർക്കു പോലും ഇതു ദോഷകരമാണ്. സ്രാവും ടൂണയും അയക്കൂറയും കൊമ്പൻ സ്രാവുമൊക്കെ മെർക്കുറി അടങ്ങിയ മത്സ്യവിഭവങ്ങളാണ്. എന്നാൽ മറ്റു മത്സ്യങ്ങളിലടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് കുഞ്ഞുങ്ങൾക്ക് ആവശ്യമാണു താനും.
2. കഫീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക. കോഫി, എനർജി ഡ്രിങ്ക്സ്,സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കഫീൻ വേഗത്തിൽ പ്ലാസന്റയിലേക്ക് ആഗിരണം ചെയ്യപ്പെട്ട് ഭ്രൂണത്തിലെത്തി ഭ്രൂണവളർച്ചയെ തടയും. അതിന്റെ ഫലമായി കുഞ്ഞിന് തൂക്കക്കുറവുണ്ടാകും.
3. ജങ്ക് ഫുഡുകൾ ഒഴിവാക്കാം. ഇവയിലുൾപ്പെടുത്തിയിട്ടുള്ള മൈദ ഗർഭിണികൾക്കു ദോഷകരമാണ്. ഒപ്പം പ്രിസർവേറ്റീവ്സ്, കൂടുതൽ കൃത്രിമ വൈറ്റമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ, പൊരിച്ച ഭക്ഷണങ്ങൾ എന്നിവയും ഒഴിവാക്കണം.
4. പാക്കറ്റിൽ അടക്കം ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.
5. ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന സാൽ െമാണല്ല ബാക്ടീരിയ അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾ പച്ച മുട്ട കഴിക്കരുത്. അപൂർവമാണെങ്കിലും ഇതു ചിപപ്പോൾ നേരത്തെയുള്ള പ്രസവത്തിനും ചാപിള്ളയെ പ്രസവിക്കുന്നതിനും കാരണമാകും. െഎസ്ക്രീം, മയൊണൈസ്, കേക്ക് എന്നിവയിൽ പച്ച മുട്ട അടങ്ങിയതിനാൽ ഇവയും ഒഴിവാക്കാം. പൂർണമായും വേവാത്തതിനാൽ ഒാംലറ്റ് പോലുള്ള വിഭവങ്ങളും ദോഷകരമാണ്.
6. മുളപ്പിച്ചതും വേവിക്കാത്തതുമായ പയർ വർഗങ്ങൾ ഉപയോഗിക്കരുത്. വേവിക്കാത്ത ഭക്ഷണത്തിൽ സാൽമൊണല്ലെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിത്തിനുള്ളിൽ കഴിയുന്നതിനാൽ കഴുകിയാലും ഇവ ഇല്ലാതാകില്ല.
7. ഗർഭിണികൾ ആൽക്കഹോൾ ഉപയോഗിക്കരുത്. ആൽക്കഹോൾ ഗർഭഛിദ്രത്തിനിടയാക്കും. കുറഞ്ഞ അളവിലുള്ള ആൽക്കഹോൾ ഉപഭോഗം പോലും കുഞ്ഞിന്റെ തലച്ചോർ വികാസത്തെ ബാധിക്കുമെന്നാണ് പഠനങ്ങൾ.