Tuesday 30 July 2024 11:01 AM IST : By സ്വന്തം ലേഖകൻ

‘മുടിക്ക് കേടുപാടുകൾ സംഭവിക്കാം, ആഴ്ചയിൽ രണ്ടു തവണ ഓയിൽ മസാജ് മസ്റ്റ്’; മഴക്കാലവും മുടിയുടെ ആരോഗ്യവും

rain-girl886

മഴക്കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. നനഞ്ഞ മുടി ഏറെനേരം കെട്ടിവയ്ക്കുന്നതും തലയില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്നതുമെല്ലാം മുടി പൊട്ടിപ്പോകാന്‍ ഇടയാക്കും. താരന്‍, പേന്‍ശല്യം എന്നിവയും മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു പ്രശ്നങ്ങളാണ്. മണ്‍സൂണ്‍ കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.. 

വൃത്തിയായി സൂക്ഷിക്കാം

മഴ പലപ്പോഴും മലിനീകരണവും വിഷാംശവും ഉണ്ടാക്കുന്നു. അതുകൊണ്ട് മഴവെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ മുടിയ്ക്ക് കേടുപാടുകൾ സംഭവിക്കാം. മുടി നനഞ്ഞാൽ വീട്ടിലെത്തി ഉടൻ വൃത്തിയാക്കുക. മഴവെള്ളം, വിയർപ്പ്, മാലിന്യങ്ങൾ എന്നിവ മുടിയുമായി എത്രത്തോളം സമ്പർക്കം പുലർത്തുന്നുവോ അത്രയും കൂടുതൽ കേടുപാടുണ്ടാക്കും. വീര്യം കുറഞ്ഞ നാച്ചുറല്‍ ഷാംപൂ ഉപയോഗിച്ച് മുടിയും തലയോട്ടിയും വൃത്തിയായി കഴുകണം. പ്രോട്ടീനും കെരാറ്റിനും സമ്പന്നമായ ഷാംപൂ തന്നെ ഇതിനായി തിരഞ്ഞെടുക്കാം. 

ഓയിൽ മസാജ് മസ്റ്റാണ്

മുടിയ്ക്ക് പതിവായി പോഷണം ആവശ്യമാണ്. പ്രത്യേകിച്ച് മഴക്കാലത്ത്, ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഓയിൽ മസാജ് നല്‍കണം. ആയുര്‍വേദിക് ഹെയർ ഓയിൽ, അർഗൻ ഓയിൽ, അംല- ഷിക്കാക്കായ് ഹെയർ ടോണിക്ക്, ഒനിയന്‍ ഹെയർ ഓയിൽ മുതലായവ തിരഞ്ഞെടുക്കാം. ഓയിൽ മസാജ് ചെയ്ത ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞു ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

ഭംഗി കൂട്ടാന്‍ കണ്ടീഷനിങ് 

ഷാംപൂ ചെയ്ത ശേഷം മുടി കണ്ടീഷനിങ് ചെയ്യുന്നത് വളരെ നല്ലതാണ്. മുടിയുടെ സ്വാഭാവിക ഈർപ്പം നിലനിർത്താനും, ചുളിവുകൾ നിയന്ത്രിക്കാനും, മുടി പൊട്ടാതെ ഇരിക്കാനും ഇത് സഹായിക്കുന്നു. എല്ലാത്തരം മുടിയ്ക്കും കണ്ടീഷനിങ് നല്ലതാണ്. മുടിയെ കൂടുതൽ കേടുപാടുകളിൽ നിന്ന് രക്ഷിക്കാൻ നല്ല ഹെയർ സെറം ഉപയോഗിക്കാം. മികച്ച ഹെയർ സെറം മുടിയിൽ ഒരു സംരക്ഷിത പാളി സൃഷ്ടിക്കും. ഇത് മുടിയെ വരണ്ടതാക്കില്ല. മുടിക്ക് കൂടുതല്‍ ഭംഗി നൽകാൻ ഹെയർ സെറത്തിനു കഴിയും.