പേശികൾ, ഹൃദയം, തലച്ചോറ്, രക്തകോശങ്ങൾ, ആന്റി ബോഡീസ്, ഹോർമോൺ തുടങ്ങിയവയുടെ നിർമാണത്തിന് പ്രോട്ടീൻ ആവശ്യമാണ്. അമിനോ അമ്ലങ്ങൾ കൊണ്ടാണ് പ്രോട്ടീൻ നിർമിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ഇവ ലഭ്യമാക്കണം. മൃഗജന്യ ഭക്ഷണത്തിൽ പ്രോട്ടീൻ ധാരാളമുണ്ടെന്നു മാത്രമല്ല എല്ലാ അമിനോ ആസിഡുകളും ഇതിലുണ്ട്. പ്രോട്ടീൻ കഴിച്ചു വണ്ണം കുറയ്ക്കാന്‍ സിമ്പിള്‍ ടിപ്സ് ഇതാ..
∙ ഒരു വ്യക്തിക്കു ഒരു ദിവസം വേണ്ട പ്രോട്ടീനിന്റെ അളവ്, 0.8 ഗ്രാം/കിലോഗ്രാമിലുള്ള ശരീരഭാരം ആണ്. അതായത് 80 കിലോ ശരീരഭാരമുള്ള വ്യക്തിക്ക് 64 ഗ്രാം പ്രോട്ടീന്‍ വേണം. പ്രോട്ടീനിന്റെ അളവു കൂട്ടി അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ 1 ഗ്രാം / കിലോഗ്രാമിലുള്ള ശരീരഭാരം എന്ന അളവിൽ പ്രോട്ടീൻ ഡയറ്റി ൽ ഉൾപ്പെടുത്തുക.
∙ ആഹാരം കഴിക്കുമ്പോൾ ആദ്യം പ്രോട്ടീൻ കഴിക്കുക. അതിനുശേഷം ഫൈബറും വൈറ്റമിനും കാർബ്രോഹൈഡ്രേറ്റും. പ്രോട്ടീൻ ആദ്യമേ കഴിച്ചാൽ പെട്ടെന്നു വയറു നിറഞ്ഞതായി തോന്നും. പിന്നീട് അധികം ഭക്ഷണം കഴിക്കാനാകില്ല. ഇത്തരത്തിൽ ഭക്ഷണം നിയന്ത്രിച്ച് കാലറിയുടെ അളവു കുറയ്ക്കാനാകും.
∙ ഓരോ ഭക്ഷണത്തിലുമുള്ള പ്രോട്ടീനിന്റെ അളവ് അറിയാം. ഒരു കപ്പ് ചിക്കനിൽ 38 ഗ്രാം, ഒരു മുട്ടയിൽ ആറു ഗ്രാം, ഒരു ഗ്ലാസ് പാലിൽ 10 ഗ്രാം, ഒരു പിടി നട്സിൽ 10 ഗ്രാം എന്ന അളവിൽ പ്രോട്ടീനുണ്ട്.
100 ഗ്രാം ചെറുപയറിൽ 24 ഗ്രാം, 100 ഗ്രാം പനീറിൽ 19 ഗ്രാം, 100 മില്ലി തൈരിൽ 11 ഗ്രാം, 100 ഗ്രാം മത്തൻകുരുവിൽ 19 ഗ്രാം, 100 ഗ്രാം നിലക്കടലയിൽ 20 ഗ്രാം, 100 ഗ്രാം സോയാ ബീനിൽ 40 ഗ്രാം എന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
∙ ലിവർ, കിഡ്നി പ്രശ്നങ്ങൾ, ഉയർന്ന യൂറിക് ആസിഡ് നില എന്നിവ അലട്ടുന്നവർ ഹൈ പ്രോട്ടീൻ ഡയറ്റ് എടുക്കും മുൻപ് ഡോക്ടറുടെ നിർദേശം സ്വീകരിക്കണം.
∙ പ്രൊസസ്ഡ് മീറ്റും പ്രൊസസ്ഡ് പാലുൽപന്നങ്ങളും ഒഴിവാക്കുന്നതാണു നല്ലത്.