Friday 17 November 2023 04:57 PM IST : By സ്വന്തം ലേഖകൻ

വർക്ക് ഔട്ട് കഴിഞ്ഞുവന്നാല്‍ പ്രോട്ടീൻ സമ്പുഷ്ടമായ എന്തുകഴിക്കും?; റാഗി നട്സ് പ്രോട്ടീൻ എനർജി ബാർ തയാറാക്കാം

ragi-energy-bar

വർക്ക് ഔട്ട് കഴിഞ്ഞുവന്നാല്‍ പ്രോട്ടീൻ സമ്പുഷ്ടമായ എന്തു കഴിക്കും? കുട്ടികൾക്ക് സ്കൂളിലേക്ക് എന്തു എനർജി ബൂസ്റ്റിങ് സ്നാക്സ് കൊടുത്തുവിടും? ഡയബറ്റിക് ആയ അച്ഛനു വ്യത്യസ്തമായി എന്തു നാലുമണി പലഹാരം നൽകാം? ഇതിനെല്ലാമുള്ള ഉത്തരമാണു റാഗി നട്സ് പ്രോട്ടീൻ ബാർ. 

റാഗി നട്സ് പ്രോട്ടീൻ ബാർ

എള്ള് – അരക്കപ്പ്, കശുവണ്ടിപ്പരിപ്പ്, ബദാം, വോൾനട്ട്, ഫ്ലാക്സ് സീഡ്, പിസ്ത – രണ്ടു വലിയ സ്പൂൺ വീതം, റാഗിപ്പൊടി – അരക്കപ്പ്, ഈന്തപ്പഴം – കാൽ കപ്പ്, ചെറുതായി നുറുക്കിയത്, നെയ്യ്/ വെണ്ണ – നാലു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ എള്ള്, കശുവണ്ടിപ്പരിപ്പ്, ബദാം, വോൾനട്ട്, ഫ്ലാക്സ് സീഡ്, പിസ്ത എന്നിവ വെവ്വേറെ വറുത്ത് ഒന്നിച്ചു മിക്സിയിലാക്കി തരുതരുപ്പായി പൊടിക്കുക.

∙ റാഗിപ്പൊടി വറുത്ത് പൊടിച്ചുവച്ച മിശ്രിതത്തിലേക്ക് ചേർത്തു യോജിപ്പിക്കുക.

∙ ഈന്തപ്പഴം അരക്കപ്പ് വെള്ളം ചേർത്തടിച്ചു പേസ്റ്റ് രൂപത്തിലാക്കുക.

∙ ഒരു പാൻ ചൂടാക്കി നെയ്യ് മൂപ്പിക്കുക. ഇതിലേക്ക് ഈന്തപ്പഴം മിശ്രിതം ചേർത്തിളക്കുക. വെന്തുടഞ്ഞു കുറുകിവരുമ്പോൾ പൊടിച്ചു വച്ചിരിക്കുന്ന നട്സ് – റാഗി മിശ്രിതം ചേർത്ത് ഇളക്കി യോജിപ്പിക്കുക.

∙ ഒരു ട്രേയിൽ ബട്ടര്‍ പേപ്പർ നിവർത്തി വയ്ക്കുക. ഇതിലേക്കു മിശ്രിതം നിരത്തി മുകൾവശം നിരപ്പാക്കി റഫ്രിജറേറ്ററിൽ രണ്ടു മണിക്കൂര്‍ വയ്ക്കുക. സെറ്റായ ശേഷം ബാർ ആകൃതിയിൽ മുറിച്ചെടുക്കാം.

കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

Tags:
  • Health Tips
  • Glam Up