Wednesday 09 August 2023 12:20 PM IST

‘പ്രായം കൂടുന്നത് അണ്ഡത്തിന്റെ ഗുണം, ഗർഭധാരണശേഷി എന്നിവ കുറയ്ക്കും’: സ്ത്രീ വന്ധ്യത: 10 കാരണങ്ങൾ

Rakhy Raz

Sub Editor

infertile-2

കാലമേറെ മാറിയാലും മാറ്റമില്ലാത്ത ദുഃഖമാണ് വന്ധ്യത. മനുഷ്യരെ ദു ർബലരും നിസ്സഹായരുമാക്കുന്ന അവസ്ഥ. വീണുപോകാത്ത മനസാന്നിധ്യവും പ്രതീക്ഷയും ശരിയായ ചികിത്സയുമാണ് ഈ മഹാദുഃഖത്തിന്റെ മറുകര കയറാനുള്ള തോണി. ലോകം മുഴുവൻ അഭിപ്രായങ്ങളും വിമർശനങ്ങളും കൊണ്ട് ആക്രമിച്ചാലും ലക്ഷ്യബോധത്തോടെ സ്വപ്നത്തിലേക്കു തുഴഞ്ഞു കയറുകയാണു വേണ്ടത്. പ്രതീക്ഷയാണു വിജയത്തിലേക്ക് നമ്മെ എത്തിക്കുക എന്ന തിരിച്ചറിവോടെ മുന്നോട്ടു നീങ്ങാം.

സ്ത്രീവന്ധ്യതയുടെ കാരണങ്ങൾ

തൈറോയ്ഡ്, പ്രോലാറ്റിൻ ഈസ്ട്രജൻ, പ്രോജസ്ട്രോൺ എന്നീ ഹോർമോണുകളുടെ അളവ് സ്ത്രീ വന്ധ്യതയിൽ പ്രധാന പങ്കുവഹിക്കുന്നു. അവയുടെ ഏറ്റക്കുറച്ചിൽ അണ്ഡോത്പാദനം, അണ്ഡ വിസർജനം, ഗർഭധാരണം എന്നിവയെ ബാധിക്കും. ഹോർമോൺ തെറപ്പിയിലൂടെ പ്രശ്നം പരിഹരിക്കാനാകും.

∙ സ്ത്രീകളിൽ 35 വയസ്സിനു ശേഷം അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ എണ്ണം (Overian Reserve) കുറയാൻ തുടങ്ങും. 40നു ശേഷം വളരെയധികം കുറയുന്നു. പ്രായം കൂടുന്നത് അണ്ഡത്തിന്റെ ഗുണം, ഗർഭധാരണശേഷി എന്നിവയും കുറയ്ക്കും. ഗർഭധാരണം നടന്നാൽ ഡൗൺ സിൻഡ്രോം പോലുള്ള ജനിതക വൈകല്യങ്ങളുള്ള കുഞ്ഞ് ജനിക്കാനുള്ള സാധ്യത കൂടും.

∙ ഗർഭാശയ ഭിത്തിയിലോ അണ്ഡാശയങ്ങളിലോ മുഴകൾ അല്ലെങ്കിൽ വളർച്ചകൾ (ഫൈബ്രോയിഡ്, പോളിപ്സ്) എന്നിവ ഉണ്ടാകുന്നതു ഗർഭിണിയാകുന്നതിനു തടസ്സമാകാറുണ്ട്. വന്ധ്യതയുടെ പ്രധാന കാരണങ്ങളിലൊന്നായ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് ഈ കൂട്ടത്തിൽ പെടുന്നു. മരുന്നു കഴിച്ചും ജീവിതശൈലിയിൽ മാറ്റം വരുത്തിയും പിസിഒഡിയെ നിയന്ത്രണവിധേയമാക്കാം.

∙ ഗർഭാശയ ആവരണത്തിലെ കോശങ്ങൾ മറ്റു ഭാഗങ്ങളിലേക്ക് വളർന്നു മുഴയായി രൂപപ്പെടുന്ന അവസ്ഥയായ എൻഡോമെട്രിയോസിസ് വന്ധ്യതയിലേക്കു നയിക്കാം. മരുന്നു കഴിച്ചും ലാപ്രോസ്കോപ്പി ശസ്ത്രക്രിയ വഴിയും ഇതു പരിഹരിക്കാം.

∙ ജനിതകപരമായ രോഗങ്ങൾ മൂലം ഗർഭാശയത്തിന് വരുന്ന അപാകതകൾ വന്ധ്യതയ്ക്ക് കാരണമാകാം.

∙ അണ്ഡവാഹിനി കുഴലിലെ രോഗങ്ങൾ, ഗർഭാശയ രോഗങ്ങൾ, യോനീ രോഗങ്ങൾ, ലൈംഗിക രോഗങ്ങൾ, മറ്റു രോഗങ്ങൾ എന്നിവ ഗർഭധാരണത്തിന് തടസ്സമാകാം.

∙ മാനസികസമ്മർദം വന്ധ്യതയ്ക്ക് കാരണമാണ്. മാനസിക ചികിത്സയിലൂടെ മാറ്റിയെടുക്കാനാകും.

ശരിയായ ലൈംഗികബന്ധം ഉണ്ടാകണം

ശരിയായ ലൈംഗികബന്ധം ഉണ്ടാകാത്തതു കൊണ്ടുഗർഭിണിയാകാതിരിക്കുകയും അതിനെ വന്ധ്യതയായി തെറ്റിധരിക്കുകയും ചെയ്യുന്നവരുണ്ട്. പ്രായപൂർത്തിയായ ഒരാൾ മറ്റെന്ത് അറിവു നേടുന്നതു പോലെയും നേടിയെടുക്കേണ്ട ഒന്നാണ് ലൈംഗികതയെക്കുറിച്ചുള്ള അറിവും.

∙ ആരോഗ്യകരമായ ശരീരവും മനസ്സും ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് അത്യാവശ്യമാണ്. രോഗമില്ലാത്ത അവസ്ഥയിൽ ശരീരത്തെ സൂക്ഷിക്കുക. രോഗമുള്ളവർ അവ പരമാവധി നിയന്ത്രണത്തിലാക്കി നിർത്തുക.

∙ പങ്കാളിയുമായി ഊഷ്മളമായ ബന്ധം രൂപപ്പെടുത്തിയെടുക്കുക. തുറന്നു സംസാരിക്കാനും പ്രശ്നങ്ങൾ പ ങ്കിടാനും ഇതു സഹായിക്കും.

infertile-2

∙ശാരീരിക ബന്ധം എങ്ങനെയാണു വേണ്ടത് എന്ന് കൃത്യമായി അറിഞ്ഞിരിക്കുക. സംശയങ്ങൾ ഉണ്ടെങ്കി ൽ ഗൈനക്കോളജിസ്റ്റിനെയോ സെക്സോളജിസ്റ്റിനെ കണ്ടു മനസ്സിലാക്കുക. അശാസ്ത്രീയമായ വഴിയിലൂടെ അറിവു നേടുന്നത് ഗുണകരമാകില്ല.

∙ ലൈംഗിക അറിവില്ലായ്മ ആത്മവിശ്വാസം നഷ്ടപ്പെടുത്തേണ്ട ആവശ്യമില്ല. കണ്ടും കേട്ടും അറിഞ്ഞും പറഞ്ഞും പ്രവർത്തിച്ചും സമയമെടുത്തു തന്നെയാണ് ഓരോരുത്തരും ശരിയായ ലൈംഗികതയിലേക്ക് എ ത്തുന്നത്.

ഫെർട്ടിലിറ്റി യോഗ

മാനസികസമ്മർദം കുറച്ചു ഗർഭപാത്രത്തെയും അനുബന്ധ അവയവങ്ങളെയും പേശികളെയും ബലപ്പെടുത്തി വഴക്കമുള്ളതാക്കാൻ ഫെർട്ടിലിറ്റി യോഗ സഹായിക്കും.

ജാനു ശിരാസന

തലച്ചോറിനെ ശാന്തമാക്കാനും വിഷാദത്തെ ഇല്ലാതാക്കാനും സഹായിക്കുന്നതാണ് ഈ യോഗാസനം. നട്ടെല്ല്, കരൾ, പ്ലീഹ, മസിലുകൾ എന്നിവയ്ക്ക് ആവശ്യമായ സ്ട്രെച്ച് പ്രദാനം ചെയ്യുന്നു. നിലത്ത് ഒരു കാൽ നീട്ടിയും മറുകാൽ നീട്ടിയ കാലിന്റെ തുടയോട് ചേർത്തു മടക്കി വച്ചും ഇരുന്ന ശേഷം കൈകൾ പാദങ്ങളിൽ ചുറ്റി പിടിക്കുകയും തല മുട്ടിൽ മുട്ടിക്കുകയും ചെയ്യുക.

പശ്ചിമോത്തനാസനം

ഇതു നിങ്ങളുടെ ഇടുപ്പിലെയും കാലുകളിലെയും പിൻഭാഗത്തെ പേശികൾക്ക് അയവു പ്രദാനം ചെയ്യുന്നു. അടിവയറിനെയും പെൽവിക് അവയവങ്ങളെയും ടോൺ ചെയ്യുന്നു. കാലുകൾ നീട്ടി ഇരിക്കുക. കൈകൾ കൊണ്ട് പാദങ്ങളിൽ പിടിക്കുക. കുനിഞ്ഞ് മുഖം മുട്ടിൽ ചേർക്കുക. മാനസികസമ്മർദ്ദം കുറയ്ക്കാനും അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകൾ തുടങ്ങിയ പ്രത്യുത്പാദന അവയവങ്ങളുടെ പ്രവർത്തനശേഷി കൂട്ടാനും ഇതു സഹായിക്കും.

ബദ്ധകോണാസനം

ഉൾത്തുടകൾ, ഇടുപ്പ്, കാൽമുട്ടുകൾ, ജനനേന്ദ്രിയങ്ങ ൾ അവയോടു ബന്ധപ്പെട്ട പേശികൾ എന്നിവയ്ക്കു അയവും ആരോഗ്യവും പ്രദാനം ചെയ്യുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും സുഗമമായ ഗർഭധാരണത്തിനും പ്രസവത്തിനും സഹായിക്കുകയും ചെയ്യുന്ന യോഗാസനമാണിത്. നിലത്തിരുന്ന ശേഷം ഇരു പാദങ്ങളും അഭിമുഖമായി വരത്തക്ക വിധം ചേർത്തു വയ്ക്കുക. കൈകൾകൊണ്ട് പാദങ്ങളിൽ പിടിക്കുക. ഇരു തുടകളും സാവധാനം ചലിപ്പിക്കുക. ചലിപ്പിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തുടക്കത്തിൽ വെറുതേ ഇരുന്നാലും മതിയാകും. സാവധാനം ചലിപ്പിച്ചു ശീലിക്കുക.

infertile-yoga-8

ഭ്രമരി പ്രാണായാമം

സ്വസ്ഥമായി ചമ്രം പടിഞ്ഞു നിവർന്നിരിക്കുക. ( സാധിക്കാത്തവർക്ക് കസേരയിലോ മറ്റോ നിവർന്നിരിക്കാം) പെരുവിരലുകൾ കൊണ്ട് കാതുകളുടെ ദ്വാരങ്ങളിലേക്ക് തള്ളി നിൽക്കുന്ന ഭാഗം (തരുണാസ്ഥി) പതിയെ അടച്ചു പിടിക്കുക. മറ്റു നാലു വിരലുകൾ കണ്ണുകളടച്ച് കണ്ണ്, മൂക്ക്, ചുണ്ടുകൾക്ക് മുകളിൽ ചുണ്ടുകൾക്ക് ഇരുവശവും വരത്തക്ക വിധം പിടിക്കുക. ശ്വാസം സാവധാനം ഉള്ളിലേക്കെടുത്തു വണ്ടിന്റേതിനു സമാനമായ മൂളക്കത്തോടെ പുറത്തേക്കു വിടുക. ഇതു ശ്വസനം മെച്ചപ്പെടുത്തുകയും മാനസിക പിരിമുറുക്കം, ഉത്ക്കണ്ഠ, കോപം എന്നിവ കുറയ്ക്കുകയും ചെയ്യും.

ബാലാസനം

കൊച്ചു കുട്ടികൾ ചെയ്യുന്ന പതിവുള്ള പൊസിഷൻ ആയതിനാലാണ് ഇതിനു ബാലാസനം എന്നു പേരു നൽകിയിരിക്കുന്നത്. മുതുക്, ഇടുപ്പ്, കാൽമുട്ടുകൾ എ ന്നിവിടങ്ങളിലെ പേശികൾ അയയാനും ആരോഗ്യകരമാക്കാനും സഹായകമാണ് ഈ ആസനങ്ങൾ. ശാരീരിക മാനസിക സമ്മർദം കുറയ്ക്കുകയും ചെയ്യും. പാദങ്ങൾ പിന്നോട്ട് ഇരിക്കുന്ന അവസ്ഥയിൽ കാൽ മുട്ടിന് താഴേക്കുള്ള ഭാഗം ചേർത്തു വച്ച് അതിലിരിക്കുക. സാവധാനം മുന്നിലേക്ക് കുനിഞ്ഞു തുടകളിൽ വയർ അമർന്നു വരുന്ന രീതിയിൽ കൈകൾ മുന്നോട്ടു നീട്ടി കുമ്പിട്ടു കിടക്കുക.

ശവാസനം

ഉത്ക്കണ്ഠ, പിരിമുറുക്കം തുടങ്ങിയവ കുറയ്ക്കാനും ശാന്തമായ മനോനില വീണ്ടെടുക്കാനും ഏറ്റവും ഫലപ്രദമായ ഒന്നാണു ശവാസനം. നീണ്ടു നിവർന്നു കൈകാലുകൾ അൽപം അകറ്റി വച്ചു വിശ്രമാവസ്ഥയിൽ കിടക്കുക. കണ്ണുകൾ അടച്ച് ഓരോ ശരീരഭാഗങ്ങളായി ശ്രദ്ധിച്ചുകൊണ്ട് ഓരോ ഭാഗത്തെയും വിശ്രമാവസ്ഥയിലേക്കു കൊണ്ടുവരിക. ശരീരം മുഴുവൻ അയഞ്ഞ അവസ്ഥയിൽ ശ്വാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അഞ്ചു മിനിറ്റു മുതൽ പത്തു മിനിറ്റു വരെ കിടക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

പ്രീതി ഷേണായ്

യോഗ എക്സ്പർട്ട്

റേ ഓഫ് ലൈറ്റ് ബൈ പ്രീതി

കൊച്ചി