Saturday 12 March 2022 12:20 PM IST : By സ്വന്തം ലേഖകൻ

ഉലുവ കഞ്ഞിവെള്ളത്തിൽ അരച്ച് മസാജ്, കറിവേപ്പില കുഴമ്പ്... മുടിവളരാനും താരൻ അകലാനും 5 ടിപ്സ്

renju-hair-tips

മുട്ടോളമുള്ള മുടിയല്ല, ആരോഗ്യമുള്ള മുടിയാണ് ഇപ്പോൾ എല്ലാവരും കൊതിക്കുന്നത്. അൽപസമയം മാറ്റി വച്ചാൽ ആർക്കും സ്വന്തമാക്കവുന്നതേയുള്ളൂ താരൻ ശല്യം ചെയ്യാത്ത, കരുത്തുള്ള ഇടതൂർന്ന മുടിയിഴകൾ.

∙ തലേദിവസം വെള്ളത്തിലിട്ടു വച്ച കാൽകപ്പ് ഉലുവ ഒരു ദിവസം പഴകിയ കഞ്ഞിവെള്ളത്തിൽ അരച്ച് തലയിൽ മസാജ് ചെയ്ത് തേച്ചുപിടിപ്പിക്കുക. അരമ ണിക്കൂർ കഴിഞ്ഞ് ചെറുപയർ പൊടി ഉപയോഗിച്ച് കഴുകിക്കളയാം. മുടിആരോഗ്യത്തോടെ വളരാൻ നല്ലതാണിത്.

∙ കറ്റാർവാഴ കാമ്പ് തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. അതിനുശേഷം തലേദിവസം വെള്ളത്തിലിട്ടു കുതിർത്ത കാൽകപ്പ് ഉലുവ അരച്ചത് പുരട്ടുക. ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവ്വൽ തലയിൽ ചുറ്റി വച്ച് 15 മിനിറ്റിനു ശേഷം മുടി കഴുകാം. താരനും തലയിലെ ചൊറിച്ചിലും മാറും.

∙ കഞ്ഞിവെള്ളത്തിൽ കറിവേപ്പില അരച്ച് കുഴമ്പു രൂപത്തിലാക്കി തലയില്‍ തേച്ചുപിടിപ്പിക്കാം. മുടിക്ക് നല്ല കനംതോന്നിക്കാനും മുടി നന്നായി വളരാനും സഹായിക്കും.

∙ മുടി വളരാനും താരൻ അകലാനും ഒരു എളുപ്പവഴി. നാലു വലിയ സ്പൂൺ ഒലിവ് ഓയിലിൽ ഒരു കർപ്പൂരവും ഒരു നാരങ്ങയുടെ നീരും യോജിപ്പിച്ച് തലയിൽ തേച്ചുപിടിപ്പിക്കുക. ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവ്വൽ തലയിൽ ചുറ്റി വയ്ക്കുക. 30 മിനിറ്റിനു ശേഷം മുട്ടവെള്ള തലയിൽ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് കൂടി കഴിഞ്ഞ് കഴുകാം.

∙ ഒരു പിടി ചുവന്നുള്ളി വൃത്തിയാക്കി മിക്സിയിൽ അരച്ചെടുക്കുക. ഇത് തലയിൽ തേച്ച് അര മണിക്കൂർ കഴിഞ്ഞ് നാല് ചെമ്പരത്തിപ്പൂക്കൾ (അഞ്ച് ഇതളുള്ള നാടൻ ചെമ്പരത്തി) അരച്ചത് തലയിൽ തേച്ചു കുളിക്കാം. മുടി കൊഴിച്ചിൽ മാറുന്നതിനൊപ്പം മുടിക്ക് നല്ല ബലം കിട്ടാനും ഈ പൊടിക്കൈ സഹായിക്കും.

വിവരങ്ങൾക്ക് കടപ്പാട്:

രഞ്ജു രഞ്ജിമാർ
സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്
ഡോറ ബ്യൂട്ടി വേൾഡ്
അങ്കമാലി