Monday 21 November 2022 01:17 PM IST : By സ്വന്തം ലേഖകൻ

പല്ലിൽ നേർത്ത കറുപ്പുനിറം, പിന്നീട് ചെറിയ സുഷിരങ്ങള്‍ രൂപപ്പെടും, പല്ലു പുളിപ്പും തീവ്ര വേദനയും; ദന്തക്ഷയം, അറിയേണ്ടതെല്ലാം

ROOT-CANAL

പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് ദന്തക്ഷയം. പല്ലുകളുടെ ശുചിത്വത്തിലും പരിചരണത്തിലും നമ്മൾ കാട്ടുന്ന അശ്രദ്ധയും മാറുന്ന ജീവിതശൈലിയുമാണ് ദന്തക്ഷയത്തിനു പ്രധാനകാരണം. പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പലതരം ബാക്ടീരിയകളുമായി പ്രതിപ്രവർത്തിക്കുമ്പോള്‍ വായ്ക്കുള്ളിലെ അമ്ലത (അസിഡിക് ലെവൽ) വർധിക്കുന്നു. ഇവയാണ് ദന്തക്ഷയം ഉണ്ടാക്കുന്നത്.

പല്ലിൽ ചെറിയൊരു പുളിപ്പ് തോന്നുന്നതാണ് ദന്തക്ഷയത്തിന്റെ ആദ്യ ലക്ഷണം. പല്ലിൽ നേർത്ത കറുപ്പുനിറം കാണുമ്പോഴും പലരും ഇതിനെ ഗൗരവമായി കാണില്ല. പിന്നീട് പല്ലുകളിൽ ചെറിയ സുഷിരങ്ങള്‍ രൂപപ്പെടും. ഈ സുഷിരങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ കുടുങ്ങുകയും ഭക്ഷണം ചവച്ചരയ്ക്കുമ്പോഴും ചൂടുവെള്ളമോ തണുത്ത വെള്ളമോ കുടിക്കുമ്പോഴും ചെറിയ വേദന അനുഭവപ്പെടുകയും ചെയ്യും. വേദന കലശലാകുമ്പോഴാണ് പലരും ചികിൽസ തേടുന്നത്.

റൂട്ട് കനാൽ ട്രീറ്റ്മെന്റ്

പല്ലിനുള്ളിലെ രക്തക്കുഴലുകളെയാണ് റൂട്ട് കനാൽ എന്ന് വിളിക്കുന്നത്. ഈ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന അണുബാധ നീക്കം ചെയ്യുന്ന ചികിൽസാരീതിയാമ് റൂട്ട്കനാൽ ട്രീറ്റ്മെന്റ്. ഇനാമൽ, ഡെന്റേൺ, പൾപ് എന്നിങ്ങനെ പല്ലിന് മൂന്നു ലെയറുകളുണ്ട്. ഇവയിൽ പൾപിലാണ് രക്തധമനികൾ സ്ഥിതി ചെയ്യുന്നത്. ദന്തക്ഷയം തുടക്കത്തിൽ ഇനാമലിലും പിന്നീട് ഡെന്റേണിലും ബാധിച്ച  ശേഷമാണ് ഉൾഭാഗത്തെ പൾപിൽ എത്തുന്നത്. ഈ അവസ്ഥയിലാണ് പല്ലുവേദന കലശലാകുന്നത്. ഇത്തരം അവസ്ഥയിൽ റൂട്ട് കനാൽ ചികിൽസയാണ് പല്ല് സംരക്ഷിക്കാനുള്ള പ്രതിവിധി.

റൂട്ട് കനാൽ ചികിൽസ ചെയ്യുമ്പോൾ ആദ്യം പല്ലുകളുടെ വേരുകളിലൂടെ പല്ലുകൾക്ക് ബാധിച്ച പഴുപ്പ് പൂർണമായും നീക്കം ചെയ്യും. തുടർന്ന് കൃത്രിമ പദാർഥമായ ഗട്ടാ പർച്ചാ ഉപയോഗിച്ച് പല്ലിനുള്ളിലെ കനാലുകൾ നിറച്ച്, അതിനു മുകളിലായി സിൽവർ ഫില്ലിങ്, അല്ലെങ്കിൽ ഗ്ലാസ് അയണോമർ ഫില്ലിങ് ഉപയോഗിച്ച് നിറയ്ക്കുന്നതാണ് റൂട്ട്കനാൽ ചികിൽസ.

ഉൾഭാഗത്തെ അണപ്പല്ലുകളില്‍ രണ്ട്, മൂന്ന് കനാലുകളായാണ് രക്തക്കുഴലുകൾ പല്ലിലേക്കു പോഷണം എത്തിക്കുന്നത്. അങ്ങനെ വരുമ്പോൾ പല്ലിന്റെ വേരിലേക്കുള്ള മൂന്ന്  പൾപ് ചേംബറുകളും കണ്ടെത്തി അവയിലെ പഴുപ്പ് പൂർണമായും നീക്കം ചെയ്യേണ്ടതുണ്ട്.

സാധാരണയായി രണ്ട് ഘട്ടമായാണ് റൂട്ട്കനാൽ ചികിൽസ ചെയ്യുന്നത്. ദന്തക്ഷയത്തിന്റെ വ്യാപ്തിക്കനുസരിച്ച് ഇത് മാറാം. പഴുപ്പ് പൂർണമായും നീക്കം ചെയ്ത് താൽക്കാലിക ഫില്ലിങ് നടത്തുന്നതാണ് ആദ്യഘട്ടം.  രണ്ടാം ഘട്ടത്തിൽ ഗട്ടാ പർച്ച  ഉപയോഗിച്ച് പൂർണമായും  സീൽ ചെയ്ത് ഫിൽ ചെയ്യുന്നു. ഇതോടെ റൂട്ട്കനാൽ ചികിൽസ പൂർത്തിയാകും.

റൂട്ട് കനാലിനു ശേഷം

റൂട്ട് കനാൽ ചികിൽസ ചെയ്യുമ്പോൾ പല്ലിനുള്ളിലെ രക്തക്കുഴലുകൾ നീക്കം ചെയ്യുന്നതിനാൽ പല്ലിലേക്കുള്ള രക്തയോട്ടം പൂർണമായും നിലയ്ക്കും. ഇതു മൂലം പല്ല് എളുപ്പം ഉടയാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ റൂട്ട്കനാൽ ചെയ്ത പല്ലുകൾ ഉപയോഗിച്ചു കട്ടികൂടിയ പദാർഥങ്ങൾ കടിക്കുവാൻ ശ്രമിച്ചാൽ പല്ലു പൊട്ടിപ്പോകാം. റൂട്ട്കനാൽ ചികിൽസ കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ ആ പല്ലിനെ സംരക്ഷിക്കാനുള്ള പുറംകവചം വയ്ക്കേണ്ടതുണ്ട്. ‘ക്രൗൺ’ എന്നാണ് ഇതിനു പേര്.

അണപ്പല്ലുകൾക്കു സാധാരണയായി മെറ്റല്‍ ക്രൗൺ ആ ണ് പിടിപ്പിക്കുന്നത്. ഇതിനു ചികിൽസാചെലവ് കുറവാണ്. എന്നാൽ ലോഹത്തിന്റെ കറുപ്പുനിറം കാണുന്നു. എന്നാൽ ഇപ്പോൾ വിവിധരീതിയിലുള്ള ആധുനിക സെറാമിക് ക്രൗണുകൾ ലഭ്യമാണ്. ഗുണമേൻമയ്ക്കനുസരിച്ച് ഇവയുടെ നിരക്കിലും വ്യത്യാസമുണ്ട്. ലോഹവുമായി താരതമ്യം ചെയ്യുമ്പോൾ പെട്ടെന്ന് തേയ്മാനം സംഭവിക്കില്ല എന്നതാണ് സെറാമിക് ക്രൗണുകളുടെ മറ്റൊരു പ്രത്യേകത.

റൂട്ട്കനാൽ ചികിൽസയ്ക്കു മുൻപായി പലപ്പോഴും പല്ലിന്റെ പൊതു ആരോഗ്യസ്ഥിതി അറിയാനായി ഡോക്ടർമാർ ഡെന്റൽ എക്സ്–റേ നിർദേശിക്കാറുണ്ട്. പല്ലുകളുടെ ക്രൗൺ ഭാഗത്തിന്റെ വ്യാപ്തി, വേരുകളുടെ നീളം, റൂട്ട് കനാലുകൾ എന്നിവ എല്ലാം മനസ്സിലാക്കാൻ ഇതുവഴി സാധിക്കും. മുകൾഭാഗം (ക്രൗൺ) പൂർണമായും നഷ്ടപ്പെട്ട പല്ലുകൾക്കു റൂട്ട്കനാൽ ചെയ്യാറില്ല.  കാരണം, ഇത്തരം പല്ലുകളിൽ റൂട്ട്കനാൽ ചികിൽസ നടത്തിയാലും പല്ലിനു മുകളിൽ കൃത്രിമ ക്രൗൺ വച്ചുപിടിപ്പിക്കാൻ പറ്റില്ല.

റൂട്ട്കനാൽ ചെയ്ത പല്ലുകൾക്കു പിന്നീടൊരിക്കലും വേദന വരാനുള്ള സാധ്യത പൊതുവേ ഇല്ല. എന്നാൽ, മോണയുടെ പൊതുവെയുള്ള ആരോഗ്യവും വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ പ്രായാധിക്യമുള്ളവരിലും മോണയ്ക്കു ബലക്ഷയം ബാധിച്ചവരിലും റൂട്ട്കനാൽ ചികിൽസ ചെയ്യാറില്ല.

ദന്തക്ഷയത്തിന്റെ ലക്ഷണങ്ങൾ

ദന്തക്ഷയത്തിന്റെ ആദ്യ ലക്ഷണങ്ങളായി കാണപ്പെടുന്നത് പല്ലിലെ പുളിപ്പാണ്. പല്ലുകൾ സെൻസിറ്റീവ് ആകുന്നതാണ് ഇതിനു കാരണം. ചില ആളുകൾക്ക് തണുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ പല്ലുകൾ സെൻസിറ്റീവാകും, ചിലർക്ക് ചൂടുള്ള ഭക്ഷണം കഴിക്കുമ്പോഴും. പക്ഷേ, പലരും ഇത് കാര്യമാക്കാതിരിക്കുകയും ചികിൽസ തേടുന്നത് നീട്ടിവയ്ക്കുകയും  ചെയ്യും.

പല്ലുവേദനയാണ് ദന്തക്ഷയത്തിന്റെ മറ്റൊരു ലക്ഷണം. രാത്രികാലങ്ങളിലാണ് വേദന കൂടുതൽ തീവ്രമാകുന്നത്. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ മുഖത്ത് കൂടുതൽ സമ്മർദം അനുഭവപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

തുടക്കത്തിലെ ലക്ഷണങ്ങൾ ഗൗരവമായി കണ്ട് പ്രതിവിധി തേടാന്‍ ശ്രമിക്കണം. അല്ലാത്തപക്ഷം മോണയിൽ നീരും പഴുപ്പും ഉണ്ടാകും. അസഹ്യമായ വായ്നാറ്റവും ഇതുമൂലമുണ്ടാകാം. യഥാസമയം ചികിൽസ തേടിയില്ലെങ്കിൽ ഗുരുതരമായ മറ്റ് പല അസുഖങ്ങളിലേക്കും കാരണമായി എന്നും വരാം.

ദന്തക്ഷയത്തെ പ്രതിരോധിക്കാൻ

പല്ലുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനമായും  ചെയ്യേണ്ട കാര്യം. ഓരോ തവണ ഭക്ഷണം  കഴിച്ചതിനു ശേഷവും സാധ്യമെങ്കിൽ പല്ലു തേക്കുക. കുറഞ്ഞ പക്ഷം ദിവസം രണ്ടുനേരമെങ്കിലും നിർബന്ധമായും പല്ലു തേക്കണം. പ ല്ലു തേക്കുന്നതിനൊപ്പം പല്ലുകൾക്കിടയിൽ കയറിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്യേണ്ടത് ആവശ്യമാണ്.

അധികം പുളിയുള്ള ഭക്ഷണപദാർഥങ്ങളുടെയും പാനീയങ്ങളുടെയും ഉപയോഗം കുറയ്ക്കുക. അസിഡിക് ആയ ഭക്ഷണം കഴിച്ചയുടനെ ബ്രഷ് ചെയ്യുന്നതും ദന്തക്ഷയത്തിന് കാരണമാകും.ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പല്ലിനിടയിൽ കയറിയിരിക്കുന്നത് ദന്തക്ഷയത്തിന് പ്രധാന കാരണമാണ്. ഭക്ഷണാവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്തെന്ന് ഉറപ്പു വരുത്തുക. ആറു മാസത്തിലൊരിക്കൽ ഡെന്റിസ്റ്റിനെ കാണാനും പല്ല് ക്ലീൻ ചെയ്യാനും മറക്കരുത്. ദന്തക്ഷയത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡെന്റിസ്റ്റിനെ കണ്ട് ചികിൽസ തേടുക.

ദന്തക്ഷയത്തിന് കാരണങ്ങൾ

ചൂടോ തണുപ്പോ മധുരമോ പുളിയോ ഇത് അമിതമായാലും പല്ലുകൾക്ക് നല്ലതല്ല. ഇത്തരം ഭക്ഷണപദാർഥങ്ങളും പാനീയങ്ങളും പതിവായി കഴിക്കുന്നത് പല്ലുകളെ കൂടുതൽ സെൻസിറ്റീവ് ആക്കിമാറ്റും. പല്ലിന്റെ ആരോഗ്യം ഇല്ലാതാക്കുന്നതിൽ കാലാവസ്ഥയ്ക്കും വലിയ പങ്കുണ്ട്. തണുപ്പും മഞ്ഞും  കൂടുതലുള്ള കാലാവസ്ഥ പല്ലുകളെ സെൻസിറ്റീവാക്കി മാറ്റും.

പല്ലുകളുടെ സംരക്ഷണത്തിന് ബ്രഷിങ് അത്യാവശ്യമാണെങ്കിലും അമിതമായ ബ്രഷിങ് ദോഷകരമാകാം.  വളരെ ശക്തിയോടെ ബ്രഷ് ചെയ്യരുത്. ടൂത്ത് പേസ്റ്റ് അമിതമായി ഉപയോഗിച്ചുകൊണ്ട് ധാരാളം സമയമെടുത്തുള്ളള്ള ബ്രഷിങ്ങും വേണ്ട. മൗത്‌വാഷുകൾ തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും പാരയാകാതെ നോക്കണം. ആൽക്കഹോള്‍ അടങ്ങിയ മൗത്‌വാഷിന്റെ ഉപയോഗം പല്ലുകളെ കൂടുതൽ ദുർബലമാക്കി മാറ്റാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ശോഭ.കെ, പ്രഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് കൺസർവേറ്റിവ് ഡെന്റിസ്റ്റ്, ഗവൺമെന്റ് ഡെന്റൽ കോളജ്, കോട്ടയം

Tags:
  • Health Tips
  • Glam Up