ചുവടുറപ്പിച്ചു നടക്കാൻ തുടങ്ങിയ പ്രായത്തില്‍ അച്ഛന്റെ കരം പിടിച്ചു നീന്തലിന്റെ ആദ്യ പാഠങ്ങൾ പഠിച്ചതാണ് തൃശൂർ കൊളങ്ങാട്ടുകര പൊറക്കുടിഞ്ഞത്ത് ഗംഗാധരൻ ഭട്ടതിരിപ്പാടിന്റെയും കാളി അന്തർജനത്തിന്റെയും മൂത്ത മകള്‍ സാവിത്രി. ഇല്ലത്തെ രണ്ടു കുളങ്ങളിലും അമ്പലക്കുളത്തിലും സഹോദരങ്ങൾക്കൊപ്പം നീന്തിത്തിമിർത്ത കുട്ടിക്കാലം. അങ്ങനെ ജലത്തോടുള്ള ഭ്രമം അടക്കാനാകാത്ത മോഹം പോലെ മനസ്സിലൊഴുകി നിറഞ്ഞു. എങ്കിലും പിന്നീടുള്ള ജീവിതത്തിൽ താനെത്തിപ്പെടുക സമുദ്രങ്ങളുടെ ഉള്ളാഴങ്ങളെ പഠിച്ചെടുക്കുന്ന കർമമേഖലയിലേക്കാണെന്ന് സാവിത്രി അറിഞ്ഞിരുന്നില്ല.
അമേരിക്കയിലെ ഹാർവഡ് സര്‍വകലാശാലയില്‍ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്രഭൗതികശാസ്ത്രത്തില്‍ മുദ്ര പതിപ്പിച്ച ലോകപ്രസിദ്ധ മലയാളി ഗവേഷക തുടങ്ങി വിവിധ നിലകളിൽ പ്രഗത്ഭയായ, 2013 ൽ കാനഡയുടെ സമുദ്ര ഭൗതികശാസ്ത്രവിഭാഗത്തിന്റെയും സമുദ്രഗതാഗതവിഭാഗത്തിന്റെയും ഡയറക്ടർ ജനറലായി വിരമിച്ച ഡോ.സാവിത്രി നാരായണൻ യാത്രകളും സെമിനാറുകളുമൊക്കെയായി എൺപതാം വയസ്സിലും സജീവം.
യുനെസ്കൊ ഇന്റർ ഗവൺമെന്റൽ ഓഷ്യാനോഗ്രഫിക് കമ്മിഷന്റെ വൈസ് ചെയർപഴ്സൺ, ടെക്നിക്കൽ കമ്മിഷൻ ഫോർ ഓഷ്യാനോഗ്രഫി ആൻഡ് മറൈൻ മീറ്റിയറോളജിയുടെ കോ - പ്രസിഡന്റ്, ജനീവ കേന്ദ്രമായുള്ള ഓഷ്യാനോഗ്രഫി ആൻഡ് മറൈൻ മീറ്റിയറോളജിയുടെ അധ്യക്ഷ, ആർട്ടിക് റീജിയനൽ ഹൈഡ്രോഗ്രാഫിക് കമ്മിഷൻ സ്ഥാപക എന്നിങ്ങനെ ഇനിയും വിശേഷണങ്ങളേറെ.
കാനഡയിൽ സ്ഥിരതാമസമെങ്കിലും ഭർത്താവും എയറോനോട്ടിക്കൽ എൻജിനീയറുമായ കണ്ടഞ്ചാത നാരായണൻ നമ്പൂതിരിക്കൊപ്പം എല്ലാ വർഷവും കൊളങ്ങാട്ടുകരയിലെ വീട്ടിലെത്തും. കുറച്ചു ദിവസം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവഴിച്ചു മടങ്ങും. ഇക്കുറി വന്നപ്പോൾ തന്റെ വിസ്മയകരമായ ജീവിതയാത്ര അവർ ‘വനിത’യോടു പങ്കുവച്ചു.
‘‘നാടുമായുള്ള ബന്ധം ഒരിക്കലും വിട്ടിട്ടില്ല, വിടാനാകില്ല. ഞങ്ങൾക്കുള്ളവരെല്ലാം ഇവിടെയല്ലേ. ജോലിയിൽ നിന്നു പിരിഞ്ഞ ശേഷം വർഷത്തിലൊരിക്കൽ എത്താറുണ്ട്. ഞങ്ങൾക്കിപ്പോൾ കനേഡിയൻ പൗരത്വമാണ്. മക്കൾ ദിനേശും അരുണും അവിടെയാണു ജനിച്ചത്.’’
കുട്ടിക്കാലത്തിന്റെ നിറങ്ങൾ
അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്നു മക്കളാണ്. ഒരു വലിയ കൂട്ടമുണ്ടായിരുന്നു ഇല്ലത്ത്. സന്തോഷം നിറഞ്ഞ ഓർമകളാണ് എല്ലാം. സ്കൂള്‍ വളരെ അകലെയായിരുന്നതിനാൽ കുട്ടികളെ വിടില്ല. ഇല്ലത്ത് ചേട്ടൻമാരെ പഠിപ്പിക്കാൻ വരുന്ന മാഷിനെ ചുറ്റിപ്പറ്റി ഞാന്‍ നിൽക്കും. അദ്ദേഹം എന്തെങ്കിലുമൊക്കെ പറഞ്ഞു തരും. അഞ്ചു വയസ്സിലേ ഇംഗ്ലിഷ് എഴുതാനും വായിക്കാനും പഠിച്ചു. കുഞ്ചുവേട്ടന്റെ (ഭർത്താവ് നാരായണൻ നമ്പൂതിരി) ഇല്ലം ഞങ്ങളുടെ അയൽപക്കത്താണ്. അവിടെ ‘ദി ഹിന്ദു’ പത്രം വരുത്തുന്നുണ്ട്. എന്നും പോയി തലേന്നത്തെ പത്രം എടുത്തുകൊണ്ടുവരും. ഞാൻ വായിക്കുമ്പോൾ അച്ഛൻ കേട്ടിരിക്കും. രണ്ടാൾക്കും പകുതിയും മനസ്സിലാകില്ല. എങ്കിലും അതൊരു പതിവായിരുന്നു. കിട്ടാവുന്നത്ര പുസ്തകങ്ങളും അക്കാലത്ത് വായിച്ചിട്ടുണ്ട്.
തൃശൂർ സെന്റ് മേരീസ് കോളജിലായിരുന്നു പ്രീഡിഗ്രിയും ഡിഗ്രിയും. ഇല്ലത്തെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നതിനാൽ പലതരം പരിമിതികളിലൂടെയാണ് കടന്നു പോയത്. ഏറ്റവും ഫീസ് കുറഞ്ഞ വിഷയം എന്ന നിലയിലാണു കണക്ക് എടുക്കാൻ തീരുമാനിച്ചതു പോലും. പാഠപുസ്തകങ്ങൾ വാങ്ങിയിരുന്നില്ല. സുഹൃത്ത് മേരി വർഗീസിന്റെ പുസ്തകം നോക്കി നോട്ട് പകർത്തിയെടുക്കും.
ഒന്നാം റാങ്കോടെ ബിഎസ്‌സി പാസ്സായി. എറണാകുളം മഹാരാജ് കോളജിലായിരുന്നു എംഎസ്‌സി. അവിടെയും ഒന്നാം റാങ്ക്. കുറച്ചു കാലം ആലുവ യു. സി കോളജിൽ അധ്യാപികയായി. പിന്നീട് ബെംഗളൂരുവിലെ ഇന്ത്യൻ ഇ ൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം. അതും യാദൃച്ഛികമായി സംഭവിച്ചതാണ്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രഫസർ ടിക്കേക്കർ ആണ് എം എസ്‌സി വൈവയ്ക്ക് വന്നത്. വൈവ കഴിഞ്ഞപ്പോൾ പ്യൂൺ വന്ന് എന്നെ ഡിപ്പാർട്മെന്റ് ഹെഡ് ജോൺ സാർ തിരക്കുന്നു എന്നു പറഞ്ഞു. എന്തെങ്കിലും അബദ്ധം പറ്റിയോ എന്നു പേടിച്ചാണു ചെന്നത്. എന്റെ ഭാവം കണ്ട്, പൊട്ടിച്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, ‘‘പേടിക്കണ്ട. സാവിത്രി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണത്തിനു ചേരുന്നോ എന്ന് പ്രഫസര്‍ ടിക്കേക്കർ ചോദിക്കുന്നു. സ്കോളർഷിപ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും അദ്ദേഹം ശരിയാക്കി തരും.’’
വീട്ടിലും പൂർണസമ്മതമായിരുന്നു. അങ്ങനെ ഇരുപതാം വയസ്സിൽ ബെംഗളൂരുവിൽ എത്തി. അമേരിക്കയിൽ നിന്നുവന്ന പ്രഫസർ അലൻ റോബിൻസനെ പരിചയപ്പെടുന്നത് അവിടെവച്ചാണ്. അദ്ദേഹത്തിന്റെ ഗവേഷണ വിഷയങ്ങളായിരുന്നു സമുദ്രശാസ്ത്രവും വായുശാസ്ത്രവും. അവയിലും ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.
അമേരിക്കയിലേക്കു മടങ്ങും മുന്‍പ്, ‘ഹാർവഡിലേക്ക് ചെല്ലുന്നോ’ എന്നദ്ദേഹം ചോദിച്ചു. അങ്ങനെ ബെംഗളൂരുവിലെ പഠനം പാതിയിൽ നിർത്തി, ഹാർവഡ് യൂണിവേഴ്സിറ്റിയിലേക്ക്. അവിടെ പ്രഫസറുടെ വിദ്യാർഥികളായിരുന്നു മാധവ് ഗാഡ്ഗിലും അദ്ദേഹത്തിന്റെ ഭാര്യ സുലോചനയും. അവരാണ് എയർപോർട്ടിൽ എത്തി എന്നെ സ്വീകരിച്ചത്. പിറ്റേന്ന് സുലുവിനൊപ്പം പോയി സ്കോളർഷിപ് ചെക്ക് മാറി പണം എടുത്ത ശേഷമാണ് അമേരിക്കയിലെത്തിയ വിവരം വീട്ടിലേക്ക് എഴുതി അറിയിച്ചത്. ആ കത്ത് നാട്ടിൽ കിട്ടിയപ്പോൾ ഒരുമാസം കഴിഞ്ഞു.
1973ൽ ഹാർവഡിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടി. അവിടെ ചെലവഴിച്ച ആറു വർഷം സമുദ്രശാസ്ത്രത്തിൽ ആഴത്തിലുള്ള അറിവും ധാരണയും ഞാൻ സ്വന്തമാക്കി.

അമേരിക്കൻ വിവാഹം
‘‘അമേരിക്കയിൽ വച്ചായിരുന്നു വിവാഹം. കുട്ടിക്കാലത്തേ മനസ്സിൽ ഒരിഷ്ടമുണ്ടായിരുന്നു. അതു വളര്‍ന്നാണു വിവാഹത്തിലേക്ക് എത്തിയത്.’’
സാവിത്രി പ്രണയകഥയിലേക്കു കടക്കുന്നുവെന്നു തോ ന്നിയതും നാരായണൻ നമ്പൂതിരി ഇടപെട്ടു.
‘‘സാവീ... അതു ഞാൻ പറഞ്ഞാലോ...’’
‘‘ആയിക്കോട്ടേ... കുഞ്ചുവേട്ടനാകുമ്പോൾ അതൽപ്പം ആലങ്കാരികമായി പറയാനറിയാം.’’
‘‘ഞാനും സാവിയും അയൽക്കാരായിരുന്നു എന്നു പറഞ്ഞല്ലോ. പത്തു പതിനൊന്നു വയസ്സുവരെ എന്നെ ശ്രദ്ധിച്ചിട്ടേയില്ലെന്നാണ് സാവി പറയുക. പക്ഷേ, പഠനത്തിൽ മിടുക്കിയായ, എന്റെ അനിയത്തിയുടെ കൂട്ടുകാരിയായ സാവിയോട് എനിക്ക് ഒരിഷ്ടം തോന്നിയിരുന്നു. ഞാന്‍ പത്താം ക്ലാസ് പാസ്സായ ഉടൻ പതിനഞ്ചാം വയസ്സിൽ നേവിയിൽ ചേർന്നു. വിശാഖപട്ടണത്ത് ട്രെയിനിങ് കഴിഞ്ഞ കാലത്താണ്, ഐഎൻഎസ് വിക്രാന്ത് ഇന്ത്യ സ്വന്തമാക്കുന്നത്. ആ യുദ്ധക്കപ്പല്‍ യൂറോപ്പിൽ നിന്ന് ഇവിടേക്കു കൊണ്ടു വരുന്ന ടീമിൽ അംഗമായി.
ഇടയ്ക്ക് അവധിക്കു നാട്ടിൽ വന്നപ്പോൾ സാവിയെ ക ല്യാണം കഴിക്കാനുള്ള മോഹം ചെറിയമ്മയോടു പറഞ്ഞു. പത്താം ക്ലാസ്സുകാരനായ ഒരാൾക്ക് ഉയർന്ന വിദ്യാഭ്യാസമുള്ള പെൺകുട്ടിയെ മോഹിക്കാനുള്ള യോഗ്യതയുണ്ടോ എന്നു തിട്ടമുണ്ടായിരുന്നില്ല. അന്വേഷിക്കട്ടേ എന്നു ചെറിയമ്മ പറഞ്ഞു. ചോദിച്ചപ്പോൾ പട്ടാളക്കാരെ എന്തായാലും വിവാഹം കഴിക്കില്ല എന്നായിരുന്നു സാവിയുടെ മറുപടി.
അതോടെ നേവി വിടാൻ തീരുമാനിച്ചു. നേവിക്കാരനായിരുന്നു എന്ന പരിഗണനയില്‍ ബറോഡയിൽ ഇന്ത്യൻ ഓയില്‍ റിഫൈനറിയിൽ ഇൻസ്ട്രമെന്റേഷൻ എൻജിനീയറായി ജോലി കിട്ടി. മൂന്നു വർഷം അവിടെ.
ഇതിനിടെ സാവിക്ക് കത്തുകളയയ്ക്കുമായിരുന്നു. ഒന്നു രണ്ടു തവണ ബെംഗളൂരുവിൽ എത്തി സാവിയെ കണ്ടു. പക്ഷേ, അപ്പോഴൊന്നും അനുകൂലമായ ഒരു പ്രതികരണം ലഭിച്ചില്ല. ‘എന്റെ ഭാര്യയാകാൻ സമ്മതമാണോ’ എന്നു ചോദിക്കണമെന്നുണ്ട്. ‘അല്ല’ എന്നാണു മറുപടിയെങ്കിൽ ഇപ്പോഴുള്ള സൗഹൃദവും എഴുത്തുകളുമൊക്കെ നിൽക്കും. അങ്ങനെ സങ്കടം അടക്കിപ്പിടിച്ച്, വിഷണ്ണനായി കഴിയവേയാണ് ആ ദിവസം വന്നെത്തിയത്. ’’

അതൊരു വല്യ കഥയാണ്
‘‘സാവിത്രി അമേരിക്കൻ യാത്ര പുറപ്പെടുന്ന ദിവസം മുംബൈ എയർപോർട്ടിൽ വരാമോ? കാണാനാകുമോ? എന്നന്വേഷിച്ച് സാവി ടെലഗ്രാം അയച്ചു.
ബറോഡയിൽ ഇന്ത്യൻ ഓയില്‍ റിഫൈനറി ഒരു കുഗ്രാമത്തിലാണ്. സാവി പോകുന്നതിനു തലേ ദിവസമാണ് ടെലഗ്രാം എന്റെ കയ്യിൽ കിട്ടുന്നത്. പിറ്റേന്നു വെളുപ്പിനെയാണ് ഫ്ലൈറ്റ്. വൈകുന്നേരം എങ്ങനെ മുംബൈയിലെത്തും. വിഷമിച്ചു നിൽക്കവേ ഇന്ത്യന്‍ എയർലൈൻസിലെ പരിചയക്കാരൻ മാർഗം നിർദേശിച്ചു. ബറോഡയിൽ നിന്നു മുംബൈയ്ക്ക് മൂന്ന് ഫ്ലൈറ്റ് ഉണ്ട്. ആദ്യത്തെ രണ്ടെണ്ണം ഫുൾ ബുക്ക്ഡ്. മൂന്നാമത്തേതിൽ രണ്ടോ മൂന്നോ വിഐപി സീറ്റുണ്ട്. ആവശ്യക്കാരൊന്നും വന്നില്ലെങ്കിലേ അതു കിട്ടൂ. എന്തായാലും എന്റെ പ്രാർഥന ഫലിച്ചു. സീറ്റ് കിട്ടി.
സാവി നേരത്തേ എയർപോർട്ടിൽ എത്തിയിരുന്നു. ഞാ ൻ അവിടെ ഉണ്ടാകുമെന്നായിരുന്നു വിശ്വാസം. എന്നെ കാണാതായപ്പോൾ ആകെ പരിഭ്രമമായി. ബറോഡയിൽ നിന്നുള്ള അവസാന ഫ്ലൈറ്റില്‍ വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു. ഞങ്ങള്‍ കണ്ടു, അന്നാണ് സാവിയുടെ മനസ്സില്‍ എന്നോടുള്ള ഇഷ്ടം തുറന്നു പറഞ്ഞതും ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചതും.
സാവി അമേരിക്കയിലും ഞാൻ ഇന്ത്യയിലുമായി എത്രകാലം ഈ ബന്ധം മുന്നോട്ടു പോകുമെന്ന സംശയത്താൽ, ‘എന്നെക്കാൾ യോഗ്യനായ മറ്റൊരാളെ കണ്ടാൽ ആ ജീവിതം തിരഞ്ഞെടുത്തോളൂ’ എന്നു ഞാൻ പറഞ്ഞിരുന്നു. പക്ഷേ, സാവി കാത്തിരുന്നു. ഒരു വർഷം കഴിഞ്ഞു ഞാനും അമേരിക്കയിലെത്തി. അവിടെ പഠിച്ച് ഏവിയേഷൻ ഇലക്ട്രോണിക്സില്‍ ബിരുദം നേടി.’’
‘‘അമേരിക്കയിൽ വച്ചു വിവാഹം കഴിക്കാം എന്ന പദ്ധതിയുണ്ടായിരുന്നില്ല. പക്ഷേ, അന്നത്തെ സാഹചര്യത്തിൽ നാട്ടിലേക്കു വരാനുള്ള സാമ്പത്തികശേഷിയുണ്ടായിരുന്നില്ല. ഒപ്പം പഠനത്തിന്റെ തിരക്കിലും.’’ സാവിത്രി വിവാഹ ഓർമകളിലേക്കു കടന്നു. ‘‘വീട്ടിൽ അച്ഛനു പൂർണ സമ്മതമായിരുന്നു. ‘ഇവിടെ വന്നിട്ടു പോരേ’ എന്നൊക്കെ ചിലര്‍ ചോദിച്ചു. അതു പ്രായോഗികമല്ല. അങ്ങനെ പ്രഫസർ റോബിൻസന്റെ വീട്ടിൽ വച്ച്, അദ്ദേഹത്തിന്റെയും ഭാര്യ പ്രഫസർ മാർഗരറ്റ് റോബിൻസന്റെയും നേതൃത്വത്തിൽ, 1969 സെപ്റ്റംബർ 13 ന് വിവാഹിതരായി. മാലയിട്ട്, അഗ്നി പ്രദക്ഷിണമൊക്കെയായി കേരളീയ ശൈലിയിലായിരുന്നു ചടങ്ങുകൾ. അഞ്ചു വർഷത്തിനു ശേഷം ഡോക്ടറേറ്റ് പൂർത്തിയാക്കി നാട്ടിൽ വന്നപ്പോൾ വീണ്ടും വേളി നടത്തി.
കാനഡയിലേക്ക്നാ
ട്ടിൽ വന്നു കല്യാണം കഴിഞ്ഞ് കാനഡയിലേക്കാണു പോയത്, 1974 ൽ. ജോലി കിട്ടാൻ ബുദ്ധിമുട്ടില്ലായിരുന്നു.എങ്കിലും കുടുംബത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തുഞാന്‍ അധ്യാപികയായും മറ്റും ചില സ്വകാര്യ സ്ഥാപനങ്ങളിലാണ് ആദ്യം ജോലി ചെയ്തത്. രണ്ടു മക്കളും ജനിച്ച ശേഷമാണ് സമുദ്രശാസ്ത്രത്തിൽ മുഴുവൻ സമയ ഗവേഷണത്തിലേക്കു കടക്കുന്നത്. വിക്ടോറിയയിലെ ഡൊബ്രോക്കി സീടെക്ക് എന്ന കമ്പനിയിൽ സമുദ്രശാസ്ത്രജ്ഞയായി ജോലി കിട്ടി. പിന്നീടു സർക്കാർ സർവീസിൽ. കുഞ്ചുവേട്ടന് ആദ്യം കനേഡിയൻ പെസിഫിക്ക് എന്ന കമ്പനിയിൽ എയർക്രാഫ്റ്റ് എൻജിനീയറായി ജോലി കിട്ടി. അതിനുശേഷം കനേഡിയൻ സർക്കാരിന്റെ ട്രാൻസ്പോർട്ടേഷൻ വിഭാഗത്തിലേക്കു മാറി.
സമുദ്രങ്ങളെ തൊട്ട്ജോ
ലിയുടെ ഭാഗമായി പല രാജ്യങ്ങളിലും സമുദ്രങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. അറ്റ്ലാന്റിക്കിലും പസഫിക്കിലുമാണ് കൂടുതൽ. അറ്റ്ലാന്റിക് സമുദ്രത്തിലാണു ഞാനാദ്യമായി ഐസ്‌ബർഗ് കണ്ടത്. വലിയ മഞ്ഞുമലയുടെ ഭാഗങ്ങൾ അടർന്നു സമുദ്രത്തിൽ വീണു രൂപപ്പെടുന്നതാണ്. ഒരു വലിയ പർവതത്തിന്റെ വലുപ്പമുണ്ട്. അതിങ്ങനെ ഒഴുക്കിൽ പെട്ടു നീങ്ങി നീങ്ങി വരും.
ഞങ്ങളുടെ കപ്പൽ ഏഴുനിലയാണ്. അതിന്റെ ഏറ്റവും മുകളിൽ നിന്നു നോക്കിയാൽ അതിനും ഉയരത്തിലായിരുന്നു ആ മഞ്ഞുമല. മുകളിലേക്കെത്ര കാണാമോ, അതിന്റെ ഇരട്ടിയാകും താഴേക്ക്. ക്യാപ്റ്റൻ കപ്പൽ നിർത്തി, പാത മാറ്റും മുൻപ്, ഞങ്ങൾക്ക് െഎസ്ബര്‍ഗ് കാണാനുള്ള സൗകര്യം ഒരുക്കിത്തന്നു. മഞ്ഞുമലയുെട മുകളിലെ മഞ്ഞുരുകുമ്പോൾ ചെറിയ കുളം പോലെ രൂപപ്പെടും. വെയിൽ തട്ടുമ്പോൾ ആ വെള്ളം മഴവില്ലു പോലെ തിളങ്ങും. അതിൽ പക്ഷികൾ വന്നിരിക്കും. അതൊന്നും വാക്കുകളാൽ വിശദീകരിക്കാനാകില്ല. പഞ്ചസാരയുടെ മധുരം എങ്ങനെയാണെന്നു മറ്റൊരാൾക്കു പറഞ്ഞു കൊടുക്കാനാകുമോ? ഒാരോ സമുദ്രയാത്രയും ആയിരക്കണക്കിന് അനുഭവങ്ങളാണു സമ്മാനിക്കുന്നത്.
ഞാനും കുഞ്ചുവേട്ടനും ഇപ്പോള്‍ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലാണു താമസം. മൂത്ത മകൻ ദിനേ ശിന് ടെക്നോളജി മേഖലയിൽ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങാണു ജോലി. ഭാര്യ വൃന്ദയ്ക്കും മക്കളായ ഗംഗയ്ക്കും ആദിത്യയ്ക്കുമൊപ്പം ടൊറൊന്റോയ്ക്കടുത്താണു താമസം. ഇളയ മകൻ അരുൺ പ്രൈസ് വാട്ടർഹൗസ് കൂപ്പറിൽ മാനേജരാണ്. ഭാര്യ സ്മിതയ്ക്കും മക്കളായ വാസുദേവനും ശ്രീദേവിക്കും ശ്രീധരനും മാധവനുമൊപ്പം മിനിയാപ്പൊലിസ് എന്ന സ്ഥലത്താണു താമസം.
ഇപ്പോൾ വായനയും യാത്രകളുമായി റിട്ടേർമെൻറ് കാ ലം ആസ്വദിക്കുകയാണ്. കവിതകളാണ് ഏറെ ഇഷ്ടം. യാത്രകളാണെങ്കിൽ ഇനിയും ഒരുപാടു സ്ഥലങ്ങൾ കാണാനുണ്ട്. അടുത്ത ക്രിസ്മസ് അന്റാർട്ടിക്കയിൽ പെൻഗ്വിനുകളോടൊപ്പമാണ്. ഇപ്പോഴേ ബുക്ക് ചെയ്തു.’’
‘അന്നു ബോംബെ എയര്‍പോര്‍ട്ടില്‍ കുഞ്ചുവേട്ടന്‍ വ ന്നില്ലായിരുന്നുവെങ്കിൽ, തമ്മിൽ കാണാൻ പറ്റിയില്ലായിരുന്നുവെങ്കിൽ സാവിത്രി എന്തു ചെയ്യുമായിരുന്നു?’
ഈ ചോദ്യം കുഞ്ചുവേട്ടന്‍ ഉള്‍പ്പെടെ ഒരുപാടു പേര്‍ ചോദിച്ചിട്ടുണ്ട്. അന്നും ഇന്നും സാവിത്രിയുെട മറുപടി ഒ ന്നു തന്നെ. ‘‘എന്തു ചെയ്യാൻ. ഞാന്‍ അവിടെ തന്നെയിരുന്നേെന...’’
വി.ജി. നകുൽ
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ