കഠിനമായ തലവേദനകളില്‍ ഒന്നാണ് സൈനസൈറ്റിസ്. കണ്ണിനു ചുറ്റും മൂക്കിന് ഇരുവശത്തും തലയോട്ടിലുമായുള്ള ചെറിയ വായു അറകളായ സൈനസിൽ അണുബാധയോ വീക്കമോ വരുമ്പോഴാണ് കഠിനമായ അസ്വസ്ഥതകളും തലവേദനയുമൊക്കെ അനുഭവപ്പെടുന്നത്. സൈനസൈറ്റിസിനൊപ്പം തുമ്മലും ജലദോഷവുമൊക്കെ ഉണ്ടാകാറുണ്ട്. സൈനസൈറ്റിസിന് ചെറിയ ആശ്വാസം നൽകാൻ ചില ഭക്ഷണങ്ങൾക്ക് കഴിയും.
വെളുത്തുള്ളി സൈനസൈറ്റിസിനെ പ്രതിരോധിക്കാൻ മികച്ച മാർഗമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും സൾഫറും അതിനു സഹായിക്കുന്നെന്നാണ് കരുതപ്പെടുന്നത്. വെളുത്തുള്ളിയെപ്പോലെതന്നെ ഇഞ്ചിയും ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. സൈനസൈറ്റിസിൽനിന്നു രക്ഷ നേടാൻ ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലും മതിയാകും. ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ അധികമായി അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് തേൻ. തേനിനും സൈനസൈറ്റിസിനെ പ്രതിരോധിക്കാൻ കഴിയും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സൈനസൈറ്റിസ് ഉള്ളപ്പോൾ തണുപ്പധികമുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രധാനമായും ഐസ്ക്രീം പോലുള്ളവ. ചൂടുള്ള പാനീയങ്ങളും ആഹാരസാധനങ്ങളും കഴിക്കാൻ ശ്രദ്ധിക്കണം.
2. ചൂട് സൂപ്പ്, ചായ എന്നിവ കുടിക്കുന്നത് സൈനസൈറ്റിസിന് ആശ്വാസം നൽകും. ശ്വാസകോശ സംബന്ധമായ അണുബാധയകറ്റാനും ഇതു സഹായിക്കും. ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുന്നതും ഗുണകരമാണ്.
3. സൈനസൈറ്റിസിനെ നിയന്ത്രിക്കാനും സിട്രസ് പഴങ്ങൾ കഴിച്ചാൽ മതിയാകും. ഓറഞ്ച്, നാരങ്ങ, കിവി, ഗ്രേപ്പ് ഫ്രൂട്ട് എന്നിവ കഴിച്ചാൽ തലവേദനയിൽ നിന്നുമാത്രമല്ല, ജലദോഷത്തിൽനിന്നും ആശ്വാസം ലഭിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി യും സിട്രിക് ആസിഡുമാണ് സൈനസൈറ്റിസിൽനിന്നു മുക്തി നേടാൻ സഹായിക്കുന്ന ഘടകങ്ങൾ.
ഇഞ്ചി ചേർത്ത ലെമൺ ജൂസ്
ഒരു ചെറിയ കഷ്ണം ഇഞ്ചി, അരക്കപ്പ് വെള്ളം എന്നിവ മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കാം. ഇത് ഒരു ഗ്ലാസിലേക്കു പകർന്നതിനു ശേഷം രണ്ടു ടീസ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും കൂടെയിടാം. ഒരു സ്പൂൺ നാരങ്ങാ നീര് കൂടി ചേർത്തതിന് ശേഷം ഗ്ലാസ്സിലേക്കു കൂടുതൽ വെള്ളമൊഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്യാം. ജൂസ് തയാറായി കഴിഞ്ഞു. ഐസ് ക്യൂബ്‌സോ തണുത്ത വെള്ളമോ ചേർക്കരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.