Friday 05 April 2024 02:18 PM IST

കടുത്ത വേനൽച്ചൂടിൽ അമിതദാഹവും ക്ഷീണവും; വേനൽക്കാലത്ത് കുടിക്കാമോ സോഫ്റ്റ് ഡ്രിങ്ക്സ്? അറിയാം

Dr. B. Padmakumar

Professor Medicine,medical College, Trivandrum

dr-padmakumar88800

കടുത്ത വേനൽച്ചൂടിൽ വരണ്ടുണങ്ങുകയാണു നാട്. പകൽ മുഴുവൻ പൊള്ളുന്ന വെയിൽ. രാത്രി വീശിയടിക്കുന്ന ഉഷ്ണക്കാറ്റ്. പൊരിവെയിലിൽ വിയർത്തൊഴുകി ക്ഷീണിച്ചു തളരുന്ന ജനം.  

പൊരിയുന്ന വെയിലിൽ നിന്നു വീടിനകത്തേക്കു വരുമ്പോൾ ഫ്രിജ് തുറന്നു കോളയും ബോട്ടിൽഡ് ഡ്രിങ്ക്സുമൊക്കെ അപ്പാടെ വായിലേക്കു കമഴ്ത്തുന്നവരുണ്ട്. പെട്ടെന്നൊരാശ്വാസം തോന്നുമെങ്കിലും ഇരട്ടിവേഗത്തില്‍ ദാഹവും തളർച്ചയുമൊക്കെ തിരിച്ചെത്തിയെന്നു വരാം. കാരണം, സോഫ്റ്റ് ഡ്രിങ്ക്സിൽ അടങ്ങിയിരിക്കുന്ന കഫീനു മൂത്രം അമിതമായി ഉൽപാദിപ്പിക്കാനുള്ള  കഴിവുണ്ട്. (ഡൈ യൂററ്റിക് ഇഫക്ട്). മൂത്രത്തിലൂടെ ജലാംശവും സോഡിയവും മറ്റും നഷ്ടപ്പെടുന്നതാണു പിന്നീട് അമിതദാഹവും ക്ഷീണവും ഉണ്ടാക്കുന്നത്.

കാർബണേറ്റഡ് ഡ്രിങ്ക്സ് കഴിക്കുമ്പോൾ ഗ്യാസ്ട്രബിൾ, വയറിനു പെരുക്കം, വിശപ്പില്ലായ്മ, വയറുവേദന തുടങ്ങി പലതരം ഉദരപ്രശ്നങ്ങള്‍ക്കും സാധ്യത ഏറെയാണ്. പാനീയം ആമാശയത്തിലെത്തുമ്പോൾ സ്വതന്ത്രമാക്കപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡ് വാതകമാണ് വയറ്റിലെ അസ്വസ്ഥതകൾക്കു കാരണം. തന്നെയുമല്ല, സോഫ്റ്റ് ഡ്രിങ്ക്സിന്റെ തുടർച്ചയായ ഉപയോഗം ഫാറ്റിലിവറിനും പൊണ്ണത്തടിക്കും അസ്ഥിശോഷണത്തിനും കാരണമാകാം. ഇതുകൊണ്ടൊക്കെത്തന്നെ, വേനൽക്കാലത്ത് ആശ്രയിക്കാവുന്ന ഉത്തമപാനീയമല്ല, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ്.

കടുത്ത വേനലിൽ വിയർത്തൊഴുകുമ്പോൾ ശരീരത്തിൽ നിന്നു ജലാംശം മാത്രമല്ല, സോഡിയം പോലെയുള്ള ലവണങ്ങളും നഷ്ടപ്പെടുന്നുണ്ട്.  ഇതാണു ക്ഷീണത്തിനും  തളർച്ചയ്ക്കും കാരണം. ദാഹം മാറാന്‍ വെള്ളം മാത്രം കുടിക്കുമ്പോൾ സോഡിയത്തിന്റെ  അഭാവത്തെ തുടർന്നു താപശോഷണവും പേശികൾക്കു കോച്ചി വലിവും ഉണ്ടാകാം (ഹീറ്റ് ക്രാംപ്സ്).  വേനൽച്ചൂടിൽ അധ്വാനത്തെ തുടർന്നോ കായിക പരിശീലനത്തിനിടയിലോ തളർന്നു വരുന്നവർക്കു കുടിക്കാന്‍ വെറും വെള്ളം മാത്രം കൊടുക്കാതെ  ഉപ്പും പഞ്ചസാരയും ചേർത്തു തയാറാക്കിയ പാനീയമോ വിപണിയിൽ ലഭ്യമായ ഒആർഎസ് പായ്ക്കറ്റുകള്‍ കൊണ്ടു തയാറാക്കിയ ലായനിയോ നൽകണം.

∙ വേനൽക്കാലത്തു ദിവസവും  കുറഞ്ഞതു രണ്ടു ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. 

∙ ഉണര്‍ന്നെഴുന്നേറ്റാലുടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നതു ശീലമാക്കുക.

∙ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മോരു നേർപ്പിച്ചു തയാറാക്കുന്ന സംഭാരം തുടങ്ങിയവ ക്ഷീണം മാറ്റാൻ നല്ലതാണ്. 

∙ വേനല്‍ക്കാലത്തു ജലം മലിനപ്പെടാനും അതു കുടിക്കുന്നതു വഴി അപകടത്തില്‍ പെടാനും സാധ്യതയുണ്ട്. അതിനാല്‍ വീടിനു പുറത്തു പോകുമ്പോള്‍ വാട്ടര്‍ ബോട്ടിലില്‍ കുടിവെള്ളം കരുതുക. 

∙ തണ്ണിമത്തന്‍, ഒാറഞ്ച്, മുന്തിരി, കുക്കുമ്പര്‍ തുടങ്ങി ജലാംശം കൂടുതല്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. 

∙ വെജിറ്റബിള്‍ സൂപ്പും നല്ലതാണ്.

∙ ശരീരത്തിൽ നീരുള്ളവരും കരൾ, വൃക്ക രോഗങ്ങളുള്ളവരും  ഡോക്ടറുടെ നിർദേശപ്രകാരം  വേണം കുടി വെള്ളത്തിന്റെ അളവ് ക്രമീകരിക്കേണ്ടത്.

വെള്ളം ആവശ്യത്തിനു കുടിക്കുന്നതുപോലെ തന്നെ വേനൽചൂടിനെ തുടർന്നു  സൂര്യാഘാതം പോലെയുള്ള ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ശരീരം തണുപ്പിക്കുന്നതും പ്രധാനമാണ്. താപശോഷണത്തെ തുടർന്നും സൂര്യാഘാതത്തെ തുടർന്നും തളർന്നവശരായവരുടെ ശരീരം തണുത്തവെള്ളത്തിൽ മുക്കിയ തുണികൊണ്ടു തുടർച്ചയായി തുടയ്ക്കണം. ശരീരത്തിൽ തണുത്ത വെള്ളം സ്പ്രേ ചെയ്തിട്ടു ഫാനിന്റെ കാറ്റ് ഏൽപിക്കുന്നതും ശരീരം തണുക്കാൻ നല്ലതാണ്. 

സൂര്യാഘാതം ഹാർട്ട് അറ്റാക്ക് പോലെയുള്ള ഗുരുതരാവസ്ഥയാണ്. അബോധാവസ്ഥയിലായ രോഗിയെ തീവ്രപരിചരണത്തിനായി എത്രയും പെട്ടെന്നു മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു  മാറ്റണം.

Tags:
  • Health Tips
  • Glam Up