Thursday 25 January 2024 01:00 PM IST

‘പ്രസവം കഴിഞ്ഞിട്ടും ഗർഭിണിയെ പോലെയിരിക്കുന്നു’: ഭർത്താവ് ട്രെയിനറായി, 90ൽ നിന്നും 72ലേക്ക് തിരികെയെത്തി ശ്രീലക്ഷ്മി

Binsha Muhammed

Senior Content Editor, Vanitha Online

sreelakshmi-41

സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും കൂടെ നിൽക്കുന്ന പങ്കാളികളുണ്ട്. പക്ഷേ ഇക്കൂട്ടത്തിൽ ‘കെട്ട്യോളുമാടെ’ ഫിറ്റ്നസിന്റെ കാര്യത്തിൽ കട്ടയ്ക്ക് കൂടെ നിൽക്കുന്ന എത്ര പേരുണ്ടാകും. പ്രസവവവും പ്രസവാന്തര വിഷാദവും മാറിമറിയുന്ന ശരീര പ്രകൃതിയും നിർഭാഗ്യവശാൽ പാവം സ്ത്രീകളുടെ മാത്രം ബാധ്യതയാണ്. പ്രസവകാലം കഴിഞ്ഞു വണ്ണം വച്ചിരിക്കുന്ന ഭാര്യമാരെ മോട്ടിവേറ്റ് ചെയ്യില്ല എന്നു മാത്രമല്ല, പോരാത്തതിന് അവരെ നോക്കി കളിയാക്കുകയും ചെയ്യും. ‘നീയിതെന്തൊരു തടിയാ ഗുണ്ടു മണി ആയല്ലോ’ എന്ന് ചോദിച്ച് പരിഹാസച്ചിരി ചിരിക്കുന്ന പങ്കാളിമാർ ചുറ്റുമുണ്ടെന്ന് സാരം.

അവർക്കിടയിലാണ് ആലപ്പുഴ സ്വദേശി ശ്രീലക്ഷ്മി ബിനു ഭാഗ്യം ചെയ്ത പെണ്ണാകുന്നത്. എങ്ങനെയെന്നല്ലേ... ഗർഭകാലവും പ്രസവവും കഴിഞ്ഞ് കുതിച്ചുയർന്ന ശ്രീലക്ഷ്മിയുടെ ശരീരഭാരത്തെ പിടിച്ചുകെട്ടാൻ കട്ടയ്ക്കു കൂടെ നിന്നത് ഭർത്താവ് ബിനുവാണ്. ആറേ ആറു മാസം കൊണ്ട് കൃത്യമായ ഡയറ്റ് പ്ലാനും ചിട്ടയായ എക്സർസൈസും നൽകി നല്ലപാതിയെ ‘ഫാറ്റിൽ നിന്നും ഫിറ്റിലേക്കെത്തിച്ച  ജിം ട്രെയിനർ  കൂടിയാണ് ശ്രീലക്ഷ്മിയുടെ നല്ലപാതി എന്നതാണ് ഈ കഥയുടെ ഹൈലൈറ്റ്. അറുപതും എഴുപതും കടന്ന് 90ലെത്തിയ ശരീരഭാരത്തെ ആറേ ആറുമാസം കൊണ്ട് കുറച്ച് തിരികെ 71ലെത്തിച്ച കഥ ശ്രീലക്ഷ്മി തന്നെ വനിത ഓൺലൈനോട് പറയുന്നു.

തടിയാണ് പ്രശ്നം

‘ഗുണ്ടുമണി, തടിച്ചി, ചേട്ടനുള്ള ഭക്ഷണവും നീയാണോ കഴിക്കുന്നത്. ഇനിയെങ്കിലും തീറ്റ കുറച്ചൂടേ...’ കുത്തിനോവിക്കുന്ന പരിഹാസങ്ങളും വലിയ ചെലവില്ലാത്ത ഉപദേശങ്ങളും ഞാൻ ഇന്നോ ഇന്നലെയോ കേൾക്കാൻ തുടങ്ങിയതല്ല. ആറിൽ പഠിക്കുമ്പോൾ മുതൽ തരക്കേടില്ലാത്ത വണ്ണമുണ്ട് എനിക്ക്. അതൊന്നും ഭക്ഷണം കഴിച്ചതു കൊണ്ടു മാത്രം ഉണ്ടായതല്ല എന്ന് ഈ ‘കേശവൻ മാമൻമാർ’ മനസിലാക്കാതെ പോയതാണ് ഈ പറഞ്ഞതിന്റെ എല്ലാം ആധാരം– ശ്രീലക്ഷ്മി പറഞ്ഞു തുടങ്ങുകയാണ്.

വണ്ണമുള്ള ശരീരം എന്റെ ശീലത്തിന്റെയല്ല, എന്റെ പാരമ്പര്യത്തിൽ നിന്നും കൂടിയുള്ളതാണ്. കുടുംബത്തിൽ തന്നെ പലർക്കും വണ്ണമുണ്ട്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ 50 കിലോ ഭാരമുണ്ട്. മാത്രമല്ല ഹോർമോണൽ സംബന്ധമായ ശാരീരിക വ്യതിയാനങ്ങളും നമുക്കുണ്ടാകും. അതിനെയൊക്കെ കുറിച്ച് ഞാനെങ്ങനെ ക്ലാസെടുക്കാനാണ്. ചുരുക്കം പറഞ്ഞാൽ ആ പഴയ ‘ഛബ്ബി ലുക്കിന്റെ പേരിൽ’ പരിഹാസവും കളിയാക്കലും ആവോളം കേട്ടിട്ടുണ്ട്. അതൊക്കെ പോട്ടെ എന്നു വയ്ക്കാം, ഇഷ്ടമുള്ള ഭക്ഷണം മനസറിഞ്ഞ് കഴിക്കാൻ പറ്റില്ല, ആഗ്രഹിച്ച വസ്ത്രം ധരിക്കാൻ കഴിയില്ല. ഇനി കഴിഞ്ഞാല്‍ തന്നെ സ്വാതന്ത്ര്യവുമില്ല. സ്കൂളിലും കുടുംബത്തിലെ ഫങ്ഷനുകളിലുമൊക്കെ കളിയാക്കലുകളുടെ ഘോഷയാത്രയായിരുന്നു.

കോളജിന്റെ തുടക്ക കാലത്തും വലിയ മാറ്റമൊന്നും സംഭവിച്ചില്ല ചുരിദാർ അല്ലാതെ മറ്റൊരു വസ്ത്രം ധരിക്കാനുള്ള ആത്മവിശ്വാസം എനിക്കില്ലായിരുന്നു. ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല, ജീൻസും ടീ ഷർട്ടും ധരിച്ച് കണ്ണാടിക്കു മുന്നില്‍ ചെല്ലുമ്പോള്‍ തന്നെ ‘വേണ്ടാ... വേണ്ടാ...’ എന്നു മനസു പറയും. പക്ഷേ മുന്നോട്ടു പോകെ പോകെ എന്റെ ശരീരം ഞാൻ ആഗ്രഹിച്ച മാതിരി വരാൻ എന്നോടൽപം കരുണ കാണിച്ചു തുടങ്ങി. അതും വേണമെന്നു വച്ചിട്ടല്ല. ഹോസ്റ്റലിലെ മടുപ്പിക്കുന്ന ഭക്ഷണവും എംഎസ്ഡബ്ല്യൂ പഠനത്തിനിടെയുള്ള വിശ്രമമില്ലാത്ത ഫീൽഡ് വർക്കുകളും ശരീരത്തെ അടിമുടി മാറ്റി. അന്ന് 80 കിലോയിൽ നിന്ന് 65ലേക്ക് എത്തിയതാണ് ആദ്യത്തെ ടേണിങ് പോയിന്റ്. പക്ഷേ പോയ ഭാരം വണ്ടി പിടിച്ചു തിരികെ വരാൻ വലിയ കാലതാമസം ഉണ്ടായില്ല. പഠനം കഴിഞ്ഞതിനു പിന്നാലൊയിരുന്നു ആലപ്പുഴ സ്വദേശിയും ജിം ട്രെയിനറുമായ ബിനുവുമൊത്തുള്ള വിവാഹം. അധികം വൈകാതെ തന്നെ ഞങ്ങളുടെ കുഞ്ഞാവ കൂടി വരവറിയിച്ചപ്പോൾ ഞാൻ പഴയ ഞാനായി. അതിന്റെ പേരിൽ എനിക്കു പരിഭവവും ഇല്ലായിരുന്നു കേട്ടോ. ഉള്ളിലുള്ള കുഞ്ഞാവ, മാതൃത്വം നൽകുന്ന ശാരീരിക മാറ്റങ്ങൾ ഏതൊരു പെണ്ണിനേയും പോലെ ഞാനും അത് ഉൾക്കൊണ്ടു.

sreelakshmi

മാറ്റങ്ങളുടെ ഗർഭകാലം

ഗർഭകാലത്തിന്റെ തുടക്കം, അതായത് ആദ്യത്തെ മൂന്നു മാസങ്ങളിൽ 65 കിലോയ്ക്കു മുകളിലായിരുന്നു ശരീരഭാരം. ഉള്ളിലുള്ള കുഞ്ഞാവയെ പരിഗണിച്ചു കൊണ്ടുള്ള ഭക്ഷണവും മരുന്നുകളും മാത്രമേ ആ കാലങ്ങളിൽ ഞാൻ എടുത്തിരുന്നുള്ളൂ. അതല്ലാതെ ഗർഭകാലത്തിന്റെ ആനുകൂല്യം മുതലെടുത്ത് ഫാസ്റ്റ് ഫു‍ഡും മറ്റും ഞാൻ തേടിപ്പോയിട്ടില്ല. എന്റെ ഡോക്ടറും പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു, എനർജി ബൂസ്റ്ററുകളോ ആയൂർവേദ മരുന്നുകളോ ആ കാലയളവിൽ ഉപയോഗിക്കരുതെന്ന്. പ്രസവത്തിന്റെ സമയം ആയപ്പോഴേക്കും എനിക്ക് ബിപി വല്ലാതെ ഷൂട്ട് ചെയ്ത് നിൽക്കുന്നുണ്ടായിരുന്നു. ഗർഭകാലത്തെ എന്റെ അച്ചാർ കൊതിയായിരിക്കും അതിന് ഒരു കാരണമെന്ന് തോന്നുന്നു.

ബിപി പ്രശ്നം ഉണ്ടായിരുന്നതു കൊണ്ടു തന്നെ സിസേറിയൻ അല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. പെയിൻ കില്ലറുകളും ഈ സമയം ഉപയോഗിക്കേണ്ടതായി വന്നു. ഈ പറഞ്ഞ നൂലാമാലകളും പ്രസവത്തിന്റേതായ എല്ലാ സങ്കീർണതകളും കഴിഞ്ഞുള്ള ആറു മാസം കടന്നു പോയി. അപ്പോഴേക്കും ശരീരഭാരം സെഞ്ചുറിക്ക് 10 കിലോ അകലെ, കൃത്യം 90 കിലോയിലെത്തി നിന്നു. ‘പ്രസവം കഴിഞ്ഞിട്ടും ഗർഭിണിയെ പോലെയിരിക്കുന്നു’ എന്ന് പലരെക്കൊണ്ടും പറയിപ്പിച്ച അത്രയും ഭാരം. ഇതിനിടയിലും മകൾ ധനിനി ആയിരുന്നു എന്റെ സന്തോഷങ്ങളുടെ ആകെത്തുക.  എന്റെ ശരീര പ്രകൃതി കൂടി കണക്കിലെടുക്കുമ്പോൾ വീണ്ടുമൊരു തിരിച്ചു പോക്ക് ബാലികേറാമലയാകുമോ എന്നു സംശയിച്ചു. അവിടെയായിരുന്നു എന്റെ ഭർത്താവിന്റെ രംഗപ്രവേശവും എന്റെ കഠിനാധ്വാനവും.  

sreelakshmi-6

ഹസ്ബൻഡ് കം പേഴ്സണല്‍ ട്രെയിനർ

തടി കുറയ്ക്കാനും ഫിറ്റ്നസിനും സ്വന്തമായി ട്രെയിനർമാരെ വയ്ക്കുന്ന സെലിബ്രിറ്റികളുണ്ട്. പക്ഷേ എന്റെ കാര്യത്തിൽ ഞാൻ ലക്കിയാണ്. ജീവിതത്തിന്റെ കാര്യത്തിലായാലും ഫിറ്റ്നസിന്റെ കാര്യത്തിലായാലും പൊന്നുപോലെ നോക്കുന്നൊരു പാർട്ണർ ആണ് എന്റെ ഭാഗ്യം. എന്റെ മനസ് മനസിലാക്കി ബിനു കട്ടയ്ക്ക് കൂടെ നിന്നു. ഓരോ രക്തഗ്രൂപ്പിലുള്ളവർക്കും ഭക്ഷണം ഓരോ രീതിയിലായിരിക്കും ശരീരത്തിൽ ഇഫക്റ്റ് ചെയ്യുന്നത്. എന്റെ രക്തഗ്രൂപ്പ് ബി പോസിറ്റിവാണ്. ഞങ്ങൾ ചിക്കൻ കഴിച്ചാൽ വണ്ണം വയ്ക്കില്ലത്രേ, പക്ഷേ മീൻ വിപരീത ഫലം ചെയ്യും. അതനുസരിച്ച് എനിക്ക് വേണ്ടി കൃത്യമായൊരു ഡയറ്റ് പ്ലാൻ ബിനു സെറ്റാക്കി തന്നു.

sreelakshmi-1

രാവിലെ ചായ, രണ്ടോ മൂന്നോ ഇഡലി. എഗ് വൈറ്റ്, സാലഡ് അങ്ങനെ പോകുന്നു രാവിലത്തെ മെനു. ഉച്ചയ്ക്ക് ചോറ് ചിക്കന്‍ കറി, തോരൻ, തീയൽ എന്നിങ്ങനെ പോകുന്നു. വാഴപ്പിണ്ടി, വാഴച്ചുണ്ട് തുടങ്ങിയ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഡയറ്റിൽ ഉൾപ്പെടുത്തിയതു കൊണ്ടു തന്നെ ഡയറ്റ് ബോറായില്ല. ചപ്പാത്തി, ചിക്കൻ കറി, ജ്യൂസ് എന്നിവ കൊണ്ട് രാത്രി ഭക്ഷണം സമ്പന്നമാക്കി.

എക്സർസൈസായിരുന്നു അടുത്ത ടാസ്ക്. ശരീരത്തിന് എന്താണോ വേണ്ടത് അതനുസരിച്ച് ഫിറ്റ്നസ് പ്ലാൻ ക്രമീകരിച്ചു. ഫാറ്റ് നിറഞ്ഞ വയറായിരുന്നു എന്റെ പ്രശ്നം അതുകൊണ്ടു തന്നെ വയറിനു വേണ്ടിയുള്ള എക്സർസൈസ് കുറച്ചധികം ചെയ്തു. ഈ പറഞ്ഞ കൃത്യനിഷ്ഠകളിൽ നിന്നും അണുവിട പോലും വ്യതിചലിക്കാൻ വിനു എന്നെ അനുവദിച്ചില്ല. ഒപ്പം എന്റെ നിശ്ചയദാർഢ്യം കൂടിയായപ്പോൾ ശരീരം എന്റെ വരുതിക്കു വന്നു തുടങ്ങി. അദ്ഭുതമെന്നു തോന്നാം, കൃത്യം 6മാസം കൊണ്ട് 90കിലോയിൽ നിന്നും 72 കിലോ വരെയെത്തിയ കഥയുടെ ക്ലൈമാക്സാണ് എന്റെ ഈ പുതിയ രൂപത്തിൽ നിങ്ങൾക്കു മുന്നിലുള്ളത്.

‘പ്രസവമൊക്കെ കഴിഞ്ഞില്ലേ... ഇനി ശരീരം ഇങ്ങനെയൊക്കെ തന്നെയേ ഇരിക്കുകയുള്ളൂ, പ്രസവിച്ച പെണ്ണിന് തടിയാകാം’ എന്നതു പോലുള്ള മുൻവിധികൾക്കു മേലെ ജയിച്ചു കയറാൻ നിങ്ങൾക്ക് ആകുമെങ്കിൽ ഈ മാറ്റം നിങ്ങളുടേതു കൂടിയാകും. കാരണം നമ്മുടെ ശരീരം എങ്ങനെയാകണം എന്നു തീരുമാനിക്കുന്നത് നമ്മളാണ്.