Monday 17 March 2025 04:53 PM IST : By സ്വന്തം ലേഖകൻ

ഇടയ്ക്കിടെ മധുരം കഴിക്കണമെന്ന് തോന്നുന്നുണ്ടോ? കാരണം ഇതാകാം

sugar

 ദിവസവും ഇടയ്ക്കിടെ മധുരം നുണയണമെന്ന്  തോന്നുന്നുണ്ടോ? പോഷകങ്ങളുടെ അഭാവമാകാം കാരണം.

അമിതമായി മധുരം കഴിക്കുന്നത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകാം. 

പോഷകങ്ങളുടെ അഭാവം മൂലം ഇടയ്ക്കിടെ മധുരം കഴിക്കണമെന്ന തോന്നൽ  ഉണ്ടാകുന്നത് തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

മഗ്നീഷ്യത്തിന്റെ അപര്യാപ്തത മധുരം കഴിക്കാനുള്ള തോന്നൽ ഉണ്ടാക്കും എന്ന് പഠനങ്ങൾ പറയുന്നു. വാഴപ്പഴത്തിൽ മഗ്നീഷ്യം സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. നട്സിലും ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.  ലഘുഭക്ഷണമായി  നട്സ് കഴിക്കുന്നത് നല്ലതാണ്.

ആവശ്യമായ അളവിൽ പ്രോട്ടീൻ ശരീരത്തിലെത്തിയില്ലെങ്കിലും മധുരം കഴിക്കാൻ തോന്നും. പ്രഭാത ഭക്ഷണത്തിൽ  മതിയായ പ്രോട്ടീൻ ഉൾപ്പെടുത്തിയാൽ  മധുരക്കൊതി കുറയ്ക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. 

ഭക്ഷണക്രമത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നത് നല്ലതാണ്. എന്നാൽ പൂർണമായും കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നത് മധുരം കഴിക്കാനുള്ള തോന്നലുണ്ടാക്കും. തവിട് നീക്കാത്ത ധാന്യങ്ങൾ, പഴങ്ങൾ ഇങ്ങനെ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

നിർജലീകരണമുണ്ടാകുന്നത് വിശപ്പും മധുരം കഴിക്കാനുള്ള തോന്നലും ഉണ്ടാകാൻ കാരണമാകും. ധാരാളം വെള്ളം കുടിക്കുക. കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ പൂർണമായും ഒഴിവാക്കണം. നാരങ്ങാ വെള്ളം, സംഭാരം ഇവ പല തവണയായി കുടിക്കുന്നത് നല്ലതാണ്.