Wednesday 14 December 2022 11:21 AM IST : By സ്വന്തം ലേഖകൻ

രണ്ടുപേരുടെ അറ്റുപോയ കൈപ്പത്തികൾ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു; മുറിഞ്ഞുപോയ അവയവം കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കാം

handdsurrrg

ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേരുടെ അറ്റുപോയ കൈപ്പത്തികൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. അസം സ്വദേശി അയിനൂർ (22), തൃശൂർ ചെറുതുരുത്തി നിബിൻ (32) എന്നിവർക്കാണ് ശസ്ത്രക്രിയ നടത്തിയത്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയയെന്നു പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപി പറഞ്ഞു. പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ അനസ്തീസിയ, ഓർത്തോ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

സ്വകാര്യ ആശുപത്രിയിൽ 4 മുതൽ 5 ലക്ഷം വരെ ചെലവു വരുന്ന ശസ്ത്രക്രിയ സൗജന്യമായാണ് ചെയ്തതെന്നു പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. എ.പി. പ്രേംലാൽ പറഞ്ഞു. ഈർച്ചമില്ലിൽ ജോലിക്കാരനായ അയിനൂറിന്റെ ഇടത് കൈപ്പത്തി യന്ത്രത്തിൽ കുടുങ്ങിയായിരുന്നു അറ്റുപോയത്.

കത്തി കൊണ്ട് വെട്ടേറ്റായിരുന്നു നബിന്റെ വലതു കൈപ്പത്തി നഷ്ടമായത്. കഴിഞ്ഞ 14ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അയിനൂർ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ടു. നിബിനെ കഴിഞ്ഞ ഏഴിനായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തധമനികളെ തമ്മിൽ ചേർക്കുന്നതിന് സഹായിക്കുന്ന ഓപറേറ്റിങ് മൈക്രോസ്‌കോപ് അടുത്തിടെയായി ആശുപത്രിയിലെത്തിയിട്ടുണ്ട്. ഇതുൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. മുറിഞ്ഞ അവയവം പ്ലാസ്റ്റിക് കവറിൽ പൊതിയണം.

മുറിഞ്ഞു പോയ അവയവം കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കണം

മുറിഞ്ഞു പോയ അവയവം ആശുപത്രിയിലെത്തിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അവയവം ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ശേഷം ഐസ് കട്ടകൾ നിരത്തിയ മറ്റൊരു കവറിലിടണം. ഐസ് കഷ്ണങ്ങൾ അവയവത്തിൽ നേരിട്ട് സ്പർശിക്കരുത്. എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ കഴിയുമോ അത്ര കണ്ട് തുന്നിച്ചേർക്കൽ വിജയകരമായി നടത്താം. 

സമയം വൈകുമ്പോൾ കോശങ്ങൾ നശിക്കും. തുന്നിച്ചേർത്ത അവയവം 80 ശതമാനത്തോളം പ്രവർത്തനക്ഷമമാകാറുണ്ട്. സ്പർശന ശേഷി തിരിച്ചുകിട്ടാൻ ഏകദേശം ഒരു വർഷമെടുക്കും. ഇത്രയും കാലം അവയവത്തിൽ ചൂടുവെള്ളമേൽക്കരുത്.

Tags:
  • Health Tips
  • Glam Up