Thursday 25 January 2024 02:28 PM IST : By ലിസ്മി എലിസബത്ത് ആന്റണി

ഷാംപൂവും കെമിക്കൽ ട്രീറ്റ്മെന്റും ‘പണിയാകും’; മുടികൊഴിച്ചിലിന്റെ 10 കാരണങ്ങൾ

hair

കൗമാര മനസ്സ് മുഖത്തു മാത്രമല്ല മുടിയിലും പ്രതിഫലിക്കുന്നുണ്ട്. ആത്മവിശ്വാസവും ആനന്ദവും ഒാരോ മുടിയിഴയിലും കാണാം. വെട്ടുമ്പോഴും നിറം നൽകുമ്പോഴും പുതിയ സ്റ്റൈലുകൾ നൽകുമ്പോഴും ശ്രദ്ധിച്ചാലറിയാം മുടി അവർക്ക് എത്ര പ്രധാനമാണെന്ന്. പക്ഷേ, കൗമാരക്കാരികൾ വേണ്ടത്ര ശ്രദ്ധിക്കാത്തത് മുടിയുടെ ആരോഗ്യത്തിലാണ്. ഇതു പറയാൻ കാരണം മുടി കൊഴിച്ചിലിനു ചികിത്സ തേടുന്നവരുടെ എണ്ണം കൂടി വരുന്നു എന്നതാണ്. കൗമാരത്തിലെ മുടി കൊഴിച്ചിലിന്റെ കാരണങ്ങളും പരിഹാരങ്ങളും അറിയാം.

മുടി കൊഴിച്ചിൽ കൂടുന്നുണ്ടോ?

കൗമാരത്തിന്റെ തുടക്കത്തിൽ മുടി കൊഴിയുമ്പോൾ മാതാപിതാക്കളാകും കൂടുതൽ ഉത്കണ്ഠപ്പെടുന്നതും കുട്ടിയെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതും. കുട്ടി താൽപര്യം കാണിച്ചില്ലെന്നു വരാം. അതു പ്രായത്തിന്റെ പ്രശ്നമാണ്. എന്നാൽ ടീനേജിന്റെ അവസാനഘട്ടമായ 18–19 വയസ്സിലുള്ള കുട്ടികൾ സ്വന്തം താൽപര്യപ്രകാരമാണ് ഡോക്ടറെ തേടിയെത്തുന്നത്. മുടികൊഴിയുന്നുണ്ടെന്നു പരാതിപ്പെടുന്നവർ ആദ്യം ഒരു കാര്യം അറിയണം. ദിവസവും 50 മുതൽ 100 മുടി വരെ കൊഴിയുന്നതു സ്വാഭാവികമാണ്. അതിന്റെ മൂന്നിരട്ടി നഷ്ടമാകുന്നുണ്ടെങ്കിൽ മാത്രം വിഷമിച്ചാൽ മതി. ബാത്റൂം, ബെഡ് ഷീറ്റ്, മുടി തുവർത്തുന്ന ടവൽ എല്ലാം പതിവായി നിരീക്ഷിക്കണം. മുടി അധികമായി നഷ്ടപ്പെടുന്നുവെന്ന് ഉറപ്പാക്കിയാൽ ഡോക്ടറെ കാണണം.

1. തല വൃത്തിയായി കഴുകണം

കൗമാരത്തിന്റെ ആരംഭത്തിലുള്ള പല കുട്ടികളും മുടി വൃത്തിയായി കഴുകി സൂക്ഷിക്കാറില്ല. കുളിക്കാൻ കയറിയാൽ തല കഴുകാതെ ഇറങ്ങുന്നവരുമുണ്ട്. തലയോടിലെ സീബവും അഴുക്കും യോജിച്ച് തലയോടിൽ അടിഞ്ഞാൽ ഹെയർ ഫോളിക്കിളുകൾ ഉൗരിപ്പോകാം. അതിനാൽ ദിവസം ഒരു തവണ തലയും മുടിയും വൃത്തിയായി കഴുകണം. തണുത്ത വെള്ളം മതി. ഇളംചൂടുവെള്ളത്തിനും കുഴപ്പമില്ല. ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികൾ ക്ലോറിനേറ്റഡ് വെള്ളം കൊണ്ടു തല കഴുകരുത്. ആ വെള്ളം തലേന്നു ബക്കറ്റിൽ പിടിച്ചു വച്ച് ക്ലോറിന്റെ അംശം അടിയുന്ന അവസാന രണ്ടു സെ.മീ ഭാഗത്തെ വെള്ളം കളഞ്ഞശേഷം കുളിക്കുക. ഇതരസംസ്ഥാനങ്ങളിൽ താമസിക്കുന്ന കുട്ടികളോട് ഡിസ്റ്റിൽഡ് മിനറൽ വാട്ടർ ബോട്ടിൽ വാങ്ങി മുടി കഴുകാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. വൈകിട്ട് 4–5 മണിക്ക് കുളിക്കുക.കിടക്കാറാകുമ്പോഴേയ്ക്കും മുടി ഉണങ്ങും.

2. എണ്ണ പുരട്ടണം

ഇന്നത്തെ പെൺകുട്ടികൾക്ക് മുടിയിൽ എണ്ണ വയ്ക്കുന്നതിന് താൽപര്യം കുറവാണ്. എണ്ണ പുരണ്ട മുടി ന്യൂജെൻ പരിവേഷത്തിനു ചേർന്നതല്ല എന്ന ചിന്തയാണു കാരണം. എന്നാൽ മുടിയിൽ എണ്ണ പുരട്ടണം. എണ്ണ പുരട്ടൽ തലയോടിനു നല്ല പരിലാളനവും മസാജും രക്തയോട്ടവും മുടിക്കു പോഷണവും നൽകും. ചെറുപ്പത്തിൽ മുടിക്കു നൽകുന്ന പരിചരണമാണ് പിന്നീട് മുടിയുടെ അഴകും ആരോഗ്യവും നിർണയിക്കുന്നത് എന്നതോർമിക്കണം. ആഴ്ചയിൽ രണ്ടു തവണ ശുദ്ധമായ വെളിച്ചെണ്ണ പുരട്ടാം. സമയമുണ്ടെങ്കിൽ എണ്ണ അൽപം ചൂടാക്കി വിരലുകളിൽ തൊട്ടെടുത്ത് തലയോടിൽ വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്യാം. മാസത്തിലൊരിക്കൽ ഇളം ചൂടുള്ള എണ്ണ പുരട്ടി ഹോട്ട് ഒായിൽ മസാജ് ചെയ്യുന്നതിനും കുഴപ്പമില്ല. കാച്ചെണ്ണയും പുരട്ടാം.

hair-1

3. ഷാംപൂ എന്നും വേണ്ട

ഷാംപൂവിന്റെ പത, സുഗന്ധം, പരസ്യമോഡലുകളുടെ മുടി ഒഴുകിപ്പരക്കുന്ന കാഴ്ച ഇവയൊക്കെ ഷാംപൂ പതിവാക്കാൻ പെൺകുട്ടികളെ പ്രേരിപ്പിക്കും. ഷാംപൂ പതിവായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിനു നല്ലതല്ല. ഷാംപൂവിൽ ധാരാളം കെമിക്കലുണ്ട്, ആഴ്ചയിലൊരിക്കൽ ഷാംപൂ പുരട്ടി മുടി കഴുകാം, ഞായറാഴ്ച ആയാൽ നല്ലത്. അന്ന് എണ്ണ പുരട്ടി ഷാംപൂവിട്ടു കുളിക്കാം. കടുത്ത താരനുള്ളവർ ആഴ്ചയിൽ രണ്ടു തവണ ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കണം. താരനുള്ളവർ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശം കൂടി സ്വീകരിക്കണം. പ്രകൃതിദത്തമായ ചെമ്പരത്തിതാളിയും തേക്കാം.

4 . പേൻ ബാധയകറ്റണം

പേൻശല്യമുണ്ടെങ്കിൽ മുടികൊഴിയും. ഇപ്പോൾ പേൻ ശല്യം കൂടുതലായി കാണുന്നുണ്ട്. കൗമാരത്തിന്റെ ആരംഭഘട്ടത്തിലാണ് പേൻ കൂടുതൽ കാണുന്നത്. തലയോടിന്റെയും തലമുടിയുടെയും വൃത്തിക്കുറവാണ് പേൻ വളരാനിടയാക്കുന്നത്. പേൻ കടി മൂലം തല അമർത്തി ചൊറിയുന്നതും മുടിയുടെ ആരോഗ്യം കുറയ്ക്കും. പേൻബാധയ്ക്കു ഡോക്ടറെ കണ്ട് ചികിത്സിക്കാം. തലയിൽ പുരട്ടാവുന്ന തരം ലോഷൻ മരുന്നുകൾ ഫലപ്രദമാണ്.

5. ബ്രഷ് വേണ്ട, ചീപ്പ് മതി

ഹെയർബ്രഷ് കൊണ്ടു ശക്തിയായി ചീകുമ്പോൾ മുടിക്കു ട്രോമയുണ്ടാകുന്നുണ്ട്. അതിനാൽ ഹെയർബ്രഷ് ഒഴിവാക്കുക. പകരം പല്ലകലമുള്ള വീതി കൂടിയ ചീപ്പ് കൊണ്ടു മെല്ലെ മുടി ചീകാം. കുളിച്ചയുടൻ മുടി ചീകുന്നതു മുടി പൊട്ടിപ്പോകാനിടയാക്കും. കുളിച്ചയുടൻ കൈവിരലുകൾ കൊണ്ടു കോതിയിട്ടാൽ മതി. മുടി ഉണങ്ങാറാകുമ്പോൾ ചീകാം. ദിവസം ഒരു നേരം തലനനച്ചു കുളിച്ചാൽ മതി. കൂടെക്കൂടെ നനയ്ക്കുന്നതും തോർത്തുന്നതും ചീകുന്നതും മുടിക്ക് ആരോഗ്യകരമല്ല.

hair-4

6. ഈരിഴ തോർത്തു മതി

ടർക്കിടവലു കൊണ്ടാണോ തലമുടി തുവർത്തുന്നത്. എങ്കിൽ ആ ശീലം മാറ്റിക്കൊള്ളൂ. കട്ടിയുള്ള ടർക്കി ടവലു

കൊണ്ടു തുവർത്തുമ്പോൾ മുടി പൊട്ടാനും കൊഴിയാനുമിടയുണ്ട്. മുടി തോർത്താൻ ഏറ്റവും ആരോഗ്യകരം നമ്മുടെ നാടൻ ഈരിഴ തോർത്തു തന്നെ. അതു വെള്ളം നന്നായി വലിച്ചെടുക്കും. കട്ടി കുറവായതിനാൽ മുടി അനായാസേന തുവർത്തിയുണക്കാം. തോർത്തിന്റെ വൃത്തിയും ഏറെ പ്രധാനമാണ്. തോർത്ത് ദിവസവും കുളികഴിഞ്ഞ് ഉൗരിപ്പിഴിഞ്ഞ് ഉണക്കിവയ്ക്കണം. ആഴ്ചയിൽ രണ്ടു തവണ തോർത്ത് വൃത്തിയായി അലക്കണം.

7. കെമിക്കൽ ട്രീറ്റ്‌മെന്റ് ഒഴിവാക്കാം

സ്മൂതനിങ്, സ്‌ട്രെയ്റ്റനിങ്, എന്നിങ്ങനെയുള്ള കെമിക്കൽ ട്രീറ്റ്മെന്റുകൾ കൗമാരത്തിനു പ്രിയപ്പെട്ടതാണ്. ഇവ ചെയ്യുമ്പോൾ മൂന്നു മണിക്കൂറോളം മുടിയിൽ കെമിക്കൽ ക്രീം പുരട്ടി വയ്ക്കുന്നുണ്ട്. മുടി വലിച്ചു പിടിച്ചാണതു പുരട്ടി വയ്ക്കുന്നത്. തുടർന്നു മുടിയിൽ ചൂടേൽപ്പിക്കുന്നു. ഇതെല്ലാം മുടികൊഴിച്ചിലിനു കാരണമാകും. ഇത്തരം ട്രീറ്റ്മെന്റുകൾ കഴിവതും ഒഴിവാക്കുന്നതാണു നല്ലത്. ചെയ്യുന്നവർ കൃത്യമായ ഇടവേളകളിൽ

പ്രോട്ടീൻ തെറപ്പി ഉൾപ്പടെയുള്ള ചികിത്സകളും നിർദേശങ്ങളും പാലിക്കണം. ഇല്ലെങ്കിൽ കനം കുറഞ്ഞ മുടി പെട്ടെന്ന് പൊ ട്ടിപ്പോകാം. സിറം, ജെല്ലുകൾ ഇവ ഉപയോഗിക്കുന്നവരും ഡോക്ടറുടെ നിർദേശപ്രകാരം ഗുണനിലവാരമുള്ളവ മാത്രം ഉപയോഗിക്കണം. ഹെയർ കളറിങും ഒഴിവാക്കാം. ആരോഗ്യമുള്ള മുടിയുള്ളവർ കളറിങ് പോലുള്ളവ ചെയ്താൽ വലിയ പ്രശ്നം വരില്ല.

hair-2

8. പാലും പച്ചക്കറികളും

കൗമാരക്കാരികളിൽ മിക്കവരും ഡയറ്റിങ്ങിൽ ശ്രദ്ധിക്കുന്നവരാണ്. വണ്ണം വയ്ക്കുമെന്നു ഭയന്നു പാൽ പോലും കുടിക്കാത്തവരുണ്ട്. തലമുടി ആരോഗ്യത്തോടു കൂടി വളരാൻ പ്രോട്ടീനും കാർബോഹൈഡ്രേറ്റും കൂടിയേ തീരൂ. പാലിലെ പ്രോട്ടീനുകൾ മുടി ആരോഗ്യത്തോടെ വളരാൻ അത്യാവശ്യമാണ്. അങ്ങനെ പാൽ കുടിക്കാത്തതു മുടി കൊഴിയാനുള്ള പ്രധാന കാരണമാകുന്നു.

കൗമാരക്കാരികൾ ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കണം. കൊഴുപ്പു നീക്കാതെ പാൽ കുടിച്ചാൽ വണ്ണം വയ്ക്കുന്നതായി കണ്ടു വരുന്നുണ്ട്. പാൽ ഗ്ലാസിലെടുത്തു വച്ച് ഒരു മണിക്കൂർ കഴിഞ്ഞ് പാട മുകളിൽ വരും. ആ പാട നീക്കിയ ശേഷം കുടിക്കുക. കാൽസ്യവും ലഭിക്കും. ഭക്ഷണത്തിൽ എത്ര വേണമെങ്കിലും നോൺവെജ് ഉൾപ്പെടുത്താം. പക്ഷേ, നിർബന്ധമായും പച്ചക്കറികളും ഉൾപ്പെടുത്തണം.

മാതാപിതാക്കൾ ജോലിക്കാരാണെങ്കിൽ നോൺവെജ് വിഭവങ്ങളിൽ മാത്രമൊതുങ്ങും പാചകം. ഇത് പെൺമക്കളുടെ മുടിയഴകിനെ ദോഷകരമായി ബാധിക്കും. ജങ്ക്ഫൂഡ് ഒഴിവാക്കണം. മാംസം, മീൻ, മുട്ട എന്നിവ മുടിക്കാവശ്യമായ പ്രോട്ടീൻ നൽകും. കൊഴുവ, ചാള, തുടങ്ങിയ മത്സ്യങ്ങളുടെ എല്ലുകളിൽ ധാരാളം കാത്സ്യം ഉണ്ട്. ഈ എല്ല് ചവച്ചരച്ചു കഴിക്കാം. ചീര, അണ്ടിപ്പരിപ്പ് ഇവയും കഴിക്കണം.

കശുവണ്ടിയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട്. വൈറ്റമിൻ എ, സി, ഡി ഇ , ബയോട്ടിൻ, ഇരുമ്പ്, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ മുടിയുടെ ആരോ ഗ്യത്തിന് അത്യാവശ്യമാണ്. ക്രാഷ് ഡയറ്റിങ് ചെയ്യരുത്. അത് കീമോതെറപ്പി സമയത്തു മുടി കൊഴിയുന്നതിനു സമാനമായ മുടികൊഴിച്ചിലുണ്ടാക്കും. ഇത്തരം മുടികൊഴിച്ചിൽ ഭേദമാക്കാനും ബുദ്ധിമുട്ടാണ്. ഡയറ്റിങ് ചെയ്യുന്നവർ പ്രോട്ടീൻ നിർബന്ധമായും ആഹാരത്തിലുൾപ്പെടുത്തണം.

9. മുടിക്കു പരിശോധനകൾ

മുടി ഏറെ കൊഴിയുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം വിദഗ്ധ പരിശോധനകൾ ചെയ്യാം.

തൈറോയ്ഡ് പരിശോധന (ടി3, ടി4, ടി എസ് എച്ച് ) ഹോർമോൺ പരിശോധനകൾ, ആർത്തവം കൃത്യമായി മാസത്തിലൊരു തവണ വരുന്നില്ലെങ്കിൽ പിസിഒഡി ഉണ്ടോ എന്നറിയുന്നതിനുള്ള അൾട്രാസൗണ്ട് സ്കാനിങ് എന്നിവ ചെയ്യണം.

10. കെട്ടിവച്ച് ഉറങ്ങാം

രാത്രി കിടക്കും മുൻപ് മുടി പിന്നിക്കെട്ടി വയ്ക്കണം. നീളമില്ലാത്തവർ ഒതുക്കി കെട്ടിവയ്ക്കണം. മുടി അഴിച്ചിട്ട് ഉറങ്ങുന്നതു ജട പിടിക്കാനും പൊട്ടാനും ഇടയാക്കും. മുടി വലിച്ചുമുറുക്കി കെട്ടിവയ്ക്കരുത്.നനഞ്ഞ മുടി കെട്ടിവച്ചാൽ മുടിക്കായ എന്ന ഫംഗൽ രോഗാവസ്ഥ വരാം. തുടർന്ന് മുടി പൊട്ടിപ്പോകാം. ട്രാക്‌ഷൻ അലോപേഷ്യ എന്ന മുടി പൊട്ടിപ്പോകുന്ന അവസ്ഥയിലേക്കിതു നയിക്കാം. സ്ലൈഡുകൾ അധികം മുറുക്കി കുത്തരുത്. മാസത്തിൽ മുടിയുടെ അറ്റം (രണ്ടു തവണ) 1–2 ഇഞ്ചു നീളത്തിൽ മുറിക്കുന്നത് വളർച്ചയ്ക്കു സഹായിക്കും. ഇത് മുടിയുടെ അറ്റം പിളരുന്നതു തടയും. അലോപേഷ്യ ഏരിയേറ്റ പോലെ വൃത്താകൃതിയിൽ മുടി കൊഴിയാം. അത് ഉദ്ദേശ്യം ആറു മാസം കൊണ്ടു ശരിയാകാറുണ്ട്. മനസ്സ് പിരിമുറുക്കത്തിലാകുമ്പോൾ അലോപേഷ്യ ഏരിയേറ്റ വരുന്നതായി കാണാറുണ്ട്. മുടി നന്നാകാൻ നന്നായി ഉറങ്ങണം, മാനസിക സമ്മർദം കുറയ്ക്കണം. വ്യായാമം ചെയ്യണം. മനസ്സ് ശാന്തമാക്കി വയ്ക്കണം.

കൗമാരസുന്ദരികളേ... മുടി നന്നായി വളരാനും മിന്നിത്തിളങ്ങാനുമുള്ള സ്മാർട്ട് ശീലങ്ങൾ ഇന്നു തന്നെ

തുടങ്ങിയാലോ?... റെഡിയല്ലേ?...

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. കുക്കു മത്തായി

കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ്

നെടുംചാലിൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ

മൂവാറ്റുപുഴ