Wednesday 17 January 2018 10:24 AM IST : By സ്വന്തം ലേഖകൻ

ഉറങ്ങാന്‍ കഴിയുന്നില്ലേ? ഈ 6 വഴികള്‍ പരീക്ഷിക്കാന്‍ ശാസ്ത്രം പറയുന്നു

sleep

ആരോഗ്യത്തിന് ഉറക്കവും പ്രധാനമാണ്. ആരോഗ്യത്തിന് മാത്രമല്ല, ദിവസം മുളുവന്‍ നല്ലപോലെ ജോലി ചെയ്യാനും മനസ്സമാധാനത്തിനും സന്തോഷത്തിനും നല്ല ഉറക്കം പ്രധാനമാണ്. രാത്രി ഉറക്കം ശരിയായില്ലെങ്കില്‍ ദിവസം മുഴുവന്‍ ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു അവസ്ഥയുണ്ടാകും. ഉറക്കം വരാത്തതിന് കാരണങ്ങള്‍ പലതുണ്ട്. ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങളായിരിക്കാം, പിരിമുറുക്കങ്ങളായിരിക്കാം, ഉറക്കത്തിന് ഭംഗം വരുത്തുന്ന പരിസ്ഥിതികളായിരിക്കാം. സുഖകരമായ ഉറക്കത്തിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതാ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന 6 കാര്യങ്ങള്‍.

1. കിടക്കയിൽ തന്നെ കിടക്കരുത്

ഉറങ്ങാൻ സ്വസ്ഥമായ വൃത്തിയുള്ള ഇടമുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. എങ്കിലും നല്ല ഉറക്കത്തിന് കിടക്കയിൽ തന്നെ കിടക്കണമെന്നില്ല. കിടക്കയിൽ കിടന്നിട്ടും ഉറക്കം വരുന്നില്ലെങ്കിൽ ഒരു പുസ്തകവുമായി സെറ്റിയിലോ കസേരയിലോ ഇരിക്കാം. പെട്ടെന്ന് ഉറക്കം ലഭിക്കാൻ മാനസികോല്ലാസം നൽകുന്ന പുസ്സ്തകങ്ങൾ രാത്രി നേരത്ത്  അലസമായി വായിക്കുന്നത് ഉറങ്ങാൻ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.

2. മൊബൈൽ വേണ്ട

മൊബൈൽ നോക്കി നോക്കി ഉറങ്ങി പോകുന്നവരാണ് ഇന്ന് മിക്കവരും. എന്നാൽ ഇതിൽ നിന്നും പുറത്തേക്കു വരുന്ന നീല വെളിച്ചം തലച്ചോറിനെ പകലാണ് എന്ന സന്ദേശമെത്തിക്കാൻ ഇടയാകും. അതോടെ നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമാകും. മാത്രമല്ല ഉണർന്നിരിക്കാനുള്ള ഈ സന്ദേശം സിരകളെ പ്രവർത്തിപ്പിച്ച് ഉറക്കം വൈകിപ്പിക്കും.

youth_sleep

3. റിലാക്സേഷൻ നൽകുക

മെഡിറ്റേഷനിലൂടെയോ പ്രാർത്ഥനയോ ധ്യാനമോ പോലുള്ള പ്രവർത്തനങ്ങളിലൂടെ ശരീരത്തിനും മനസ്സിനും ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപെങ്കിലും സമയം നൽകണം. ദീർഘ ജോലികളിൽ നിന്ന് നേരെ ഉറങ്ങാൻ കിടക്കരുത്.

4. ഓരോ ഭാഗങ്ങളായി വിശ്രമം

ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി വിശ്രമം നൽകി ഉറക്കത്തിലേക്ക് സ്വയം എത്താം. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. കട്ടിലിൽ നിവർന്ന് കിടന്ന് കാൽപാദങ്ങൾ, നടുഭാഗം, നെഞ്ച് കൈകൾ അങ്ങനെ ശ്വാസോച്ഛ്വാസത്തിലൂടെ റിലാക്സ് ചെയ്യുക. തലയിലേക്ക് എത്തുന്ന സമയം നിങ്ങൾ ഉറങ്ങിയിട്ടുണ്ടാകും. മനസ്സു കൊണ്ട് ഇതുമായി പൊരുത്തപ്പെടാൻ ശരീരത്തിന് അനുവാദം നൽകണം. അത് പരിശീലനത്തിലൂടെ നേടാം.

5. കൃത്യമായ സമയം

എല്ലാ ദിവസവും ഉറക്കത്തിന്  കൃത്യമായ സമയം  നിശ്ചയിക്കുന്നത് എല്ലാ ദിവസവും കൃത്യമായി ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഉറങ്ങാൻ എന്തെങ്കിലും കാരണം കൊണ്ടു വൈകിയാൽ അതോർത്ത് ടെൻഷൻ ആകരുത്. ഇത് ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളെ വർധിപ്പിച്ച് ഉറക്കം നഷ്ടപ്പെടുത്തുമത്രെ.

6. 100 മുതൽ...

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും ഏറ്റവും എളുപ്പമുള്ളതുമായ മാർഗമാണിത്. കിടക്കയിൽ ശാന്തമായി കിടന്ന് 100 മുതൽ പിന്നിലോട്ട് മൂന്നിന്റെ ഗുണിതങ്ങൾ കണക്കു കൂട്ടാം. അല്ലെങ്കിൽ ഇരട്ട സംഖ്യകൾ കണ്ടെത്താം. മനസ്സിന് വ്യായാമവുമാമ് ഉറക്കത്തിന്റെ വഴിയുമാണ്. ഇനി സ്വസ്ഥമായി ഉറങ്ങൂ. ഗുഡ് നൈറ്റ്....