കടുത്ത തലവേദനയും അസഹ്യമായ ദുര്‍ഗന്ധവും; യുവതിയുടെ മൂക്കില്‍ പല്ല് വളര്‍ന്നു, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു!

Mail This Article
പത്തനംതിട്ട അടൂരില്‍ യുവതിയുടെ മൂക്കില്‍ വളര്‍ന്ന പല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. അടൂര്‍ സ്വദേശിനിയായ 37 വയസുകാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അടൂർ ജനറൽ ആശുപത്രിയില്‍ വച്ചായിരുന്നു അപൂര്‍വ ശസ്ത്രക്രിയ.
നാലു വര്‍ഷമായി തലവേദനയ്ക്ക് ചികില്‍സ തേടിക്കൊണ്ടിരിക്കുകയായിരുന്നു യുവതി. തലവേദനക്കൊപ്പം മൂക്കില്‍ അസഹ്യമായ ദുര്‍ഗന്ധവും അനുഭവപ്പെട്ടിരുന്നു. തുടക്കത്തില്‍ സൈനസൈറ്റിസ് ആണെന്ന നിഗമനത്തിലായിരുന്നു ഡോക്ടര്‍മാര്‍. തുടര്‍ന്ന് സൈനസൈറ്റിസിനുളള ചികില്‍സയും നല്‍കിപ്പോന്നു. എന്നാല്‍ വേദനയ്ക്ക് ശമനമില്ലാതായതോടെ സിടി സ്കാനും എന്‍ഡോ സ്കോപ്പിയും ചെയ്തു. ഇതോടെയാണ് മൂക്കില്‍ പല്ല് വളരുന്നത് കണ്ടെത്തിയത്.
‘മൂക്കില്‍ പല്ല് വളര്‍ന്നിട്ടോ’ എന്ന് നാടന്‍ ശൈലിയില്‍ പറയാറുണ്ടെങ്കിലും ഇവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. വായില്‍ താഴേക്കോ വശങ്ങളിലേക്കോ വളരുന്ന പല്ല് മുകളിലേക്ക് വളര്‍ന്നത് മൂലമാണ് തലവേദനയും മൂക്കില്‍ ദുര്‍ഗന്ധവും അനുഭവപ്പെട്ടത്. പല്ലിന്റെ മുകൾഭാഗം അണുബാധ വന്ന് പഴുത്തതാണ് ദുർഗന്ധം വരാൻ കാരണമെന്ന് ഡോക്ടർ പറയുന്നു.
യുവതിയുടെ മൂക്കില്‍ കണ്ടെത്തിയ പല്ല് എന്‍ഡോ സ്കോപ്പി സര്‍ജറിയിലൂടെ ഇഎന്‍ടി സ്പെഷലിസ്റ്റ് ഡോ. എംആര്‍ ഹരീഷാണ് പുറത്തെടുത്തത്. പല്ലിന് ഒരു സെമീ നീളമുണ്ടായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പല്ല് പുറത്തെടുത്തത്.