Tuesday 16 January 2018 04:52 PM IST : By സ്വന്തം ലേഖകൻ

അൾട്രാവയലറ്റ് രശ്മിയുടെ അളവിൽ വലിയ വർധന; സൗന്ദര്യം സംരക്ഷിക്കാൻ

sun_protection

അൾട്രാവയലറ്റ് (യുവി) രശ്മിയുടെ അളവിൽ സംസ്ഥാനത്തു വലിയ വർധന രേഖപ്പെടുത്തി. മിക്കയിടങ്ങളിലും അളവ് 10 യൂണിറ്റിൽ കൂടുതലാണ്. വയനാട്ടിലും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ – 12. 2014ൽ പാലക്കാട്ട് യുവിയുടെ അളവ് 12 കടന്നിരുന്നു. മറ്റൊരിടത്തും ഇത്രയും ഉയർന്നിരുന്നില്ല.ഈർപ്പം കുറഞ്ഞ അന്തരീക്ഷവും തെളിഞ്ഞ ആകാശവുമാണു കാരണമെന്നാണു നിഗമനം.

പകൽ പത്തിനും മൂന്നിനും ഇടയിലുള്ള വെയിൽ 15 മിനിറ്റിലധികം തുടർച്ചയായി ഏൽക്കുന്നത് തളർച്ചയ്ക്കും ശരീരം കരിവാളിക്കുന്നതിനും തിമിരത്തിനും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷത്തിലെ ഒ‍‍ാസേ‍ാൺപാളി ആഗിരണം ചെയ്തശേഷമുളള അളവുകളുടെ യുവി ഇൻഡക്സ് ചുവടെ:

കാസർകോട് 11

കണ്ണൂർ 11

കോഴിക്കോട് 10

വയനാട് 12

മലപ്പുറം 10

പാലക്കാട് 11

തൃശൂർ 11

എറണാകുളം 10

ഇടുക്കി 10

ആലപ്പുഴ 10

കോട്ടയം 10

പത്തനംതിട്ട 10

കൊല്ലം 10

തിരുവനന്തപുരം 36 – 12

ചര്‍മ്മസംരക്ഷണത്തില്‍ ഒട്ടൊന്ന് ശ്രദ്ധിച്ചാല്‍ ഈ വേനലിൽ സൗന്ദര്യപ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാവുന്നതേയുള്ളൂ. വേനലിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന സൗന്ദര്യക്കൂട്ടുകള്‍ ഉണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മം എല്ലായ്‌പ്പോഴും സുന്ദരമായിരിക്കാന്‍ സഹായിക്കും.

വെയിലേറ്റ് വാടി കരുവാളിക്കുന്നതാണ് ആദ്യത്തെ പ്രശ്‌നം. പ്രത്യേകിച്ച് എണ്ണമയമുള്ള ചര്‍മ്മങ്ങളിലാണ് ഈ പ്രശ്‌നങ്ങള്‍ കണ്ടു വരുന്നത്. ചൂടുകാലത്ത് കുട ചൂടുന്നതാണ് ഉത്തമം. കത്തുന്ന ചൂടില്‍ ശരീരത്തിലെ ജലാംശം വലിയ തോതില്‍ നഷ്ടപ്പെടുന്നതും ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. ജലാശം കൂടുതലുള്ളതും പുളിരസമുള്ളതുമായ പഴവര്‍ഗങ്ങള്‍ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ സൂര്യതാപത്തില്‍ നിന്നും രക്ഷ നേടാം. ഓറഞ്ച്, നാരങ്ങ എന്നിവ നിത്യഭക്ഷണമാക്കണം.

ചൂടുകുരുവാണ് മറ്റൊരു വെല്ലുവിളി. ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ അടയുമ്പോഴാണ് ചൂട് കുരു ഉണ്ടാവുന്നത്. പയറുപൊടിയോ തേങ്ങാപ്പാലോ തേച്ച് കുളിക്കുന്നതാണ് ഇത് തടയാന്‍ ഉത്തമ മാര്‍ഗം. എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍ ചൂടകുരു കൂടുതലായി കണ്ടു വരുന്നു.

പ്രതിരോധമായി ഫേസ് വാഷുകൊണ്ട് മുഖം കഴുകിയതിന് ശേഷം റോസ് വാട്ടര്‍ കൊണ്ട് ടോണ്‍ ചെയ്യാവുന്നതാണ്. ദിവസവും കൃത്യമായി അല്‍പനേരം വ്യായാമം ചെയ്യുന്നതും ചര്‍മ്മകാന്തിക്ക് ഉത്തമമാണ്. വേനല്‍ക്കാല ചര്‍മ്മ സംരക്ഷണത്തിന് മേക്കപ്പിലും അല്‍പനേരം ശ്രദ്ധിക്കേണ്ടതുണ്ട്.

കെമിക്കല്‍സ് ചേര്‍ത്താണ് മിക്ക സൗന്ദര്യവര്‍ധക വസ്തുക്കളും നിര്‍മ്മിക്കുന്നത്. ഇത്തരം സൗന്ദര്യവര്‍ധക വസ്തുക്കളില്‍ സൂര്യരശ്മി പതിക്കുന്നത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. കൂടാതെ എണ്ണമയമുള്ള ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍ മുഖത്ത് കുരു ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ജെല്‍ രൂപത്തിലുള്ളതും എണ്ണമയമില്ലാത്തതുമായ സണ്‍ക്രീമുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

വേനല്‍ക്കാല ചര്‍മ്മ സംരക്ഷണത്തിന് ചില മാർഗങ്ങൾ

 • വീടിന് പുറത്തിറങ്ങും മുമ്പ് സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കണം. ഇത് ചര്‍മ്മത്തെ ഒരു പരിധി വരെ സംരക്ഷിക്കും.

 • പുറത്തുപോയി വരുമ്പോള്‍ തൈരില്‍ വെള്ളം ചേര്‍ത്തു കട്ടി കുറച്ച് മുഖം കഴുകാം. ഇത് പൊടിയും കാറ്റും ഏല്‍പ്പിക്കുന്ന പാടുകള്‍ മാറാന്‍ സഹായിക്കും.

 • ഉറങ്ങുന്നതിന് മുമ്പ് വെള്ളരിക്ക ചെറിയ വൃത്തങ്ങളാക്കി കണ്ണിന് മുകളില്‍ വയ്ക്കുക. കണ്ണിനു ചുറ്റും രൂപപ്പെടുന്ന കറുപ്പ് മാറാന്‍ സഹായിക്കും.

 • തക്കാളിനീര്‍ പുരട്ടുന്നതും ഗുണം ചെയ്യും.

 • കിടക്കുന്നതിന് മുമ്പ് തേന്‍ രക്തചന്ദനവുമായി യോജിപ്പിച്ച് പുരട്ടാം.

 • ദിവസവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളം കുടിക്കുക.

 • എള്ള് പൊടിച്ച് വെള്ളത്തില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുക. അല്‍പം കഴിഞ്ഞു കഴുകിക്കളയാം.

 • ഓറഞ്ചു നീര് മുഖത്തും കഴുത്തിലും പുരട്ടുന്നത് വേനല്‍ക്കാല ചര്‍മ്മ സംരക്ഷണത്തിന് അനുയോജ്യമാണ്.

കരിവാളിപ്പ് മാറ്റാം

 • വെയിലേറ്റ് ചര്‍മ്മം കരിവാളിക്കുന്നത് എല്ലാവരെയും അലട്ടുന്ന ഒന്നാണ്. 4 ടേബിള്‍ സ്പൂണ്‍ പാല്‍, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. മൂന്നാഴ്ചയിലൊരിക്കല്‍ ഇത് ചെയ്യുന്നത് ചര്‍മ്മത്തിലെ കരിവാളിപ്പ് മാറ്റി സ്വാഭാവിക നിറം നല്‍കാന്‍ സഹായിക്കും. ഇല്ലെങ്കില്‍ തൈരും തേനും നാരങ്ങാ നീരും മിക്‌സ് ചെയ്ത് ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിന് നിറം നല്‍കും.

 • കടുത്ത വെയിലും ചൂടു കാറ്റുമൊക്കെ കൂടുതല്‍ സഹിക്കേണ്ടി വരുന്നത് മുഖചര്‍മ്മം തന്നെ. ഇത് മുഖചര്‍മ്മത്തിലെ പുറം പാളിയില്‍ അഴുക്ക് അടിഞ്ഞു കൂടി ചര്‍മ്മം വരണ്ടതാക്കാനും പാടുകള്‍ വീഴ്ത്താനും കാരണമാകും. പ്രകൃതി ദത്തമായ എക്‌സ്‌ഫോളിയേഷനാണ് ഇതിനൊരു പ്രതിവിധി. ഒരു ടീസ്പൂണ്‍ ഓട്‌സ്, ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതുപയോഗിച്ച് രണ്ടോ മൂന്നോ മിനിട്ട് മുഖത്ത് ഉരസുക. ശേഷം ഉണങ്ങാന്‍ അനുവദിക്കുക. പത്ത് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. 1 ടീസ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ നാരങ്ങാ നീര്, 3 മല്ലിയില, തൈര് എന്നിവ നന്നായി മിക്‌സ് ചെയ്ത കൂട്ടും നല്ലൊരു എക്‌സ്‌ഫോളിയേറ്ററാണ്.

 • വെയിലേറ്റ് മങ്ങിയ ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും ഉണ്ട് വഴികള്‍. പൈനാപ്പിള്‍ പള്‍പ്പ്, പപ്പായ പള്‍പ്പ്, മഞ്ഞള്‍ എന്നിവ നന്നായി മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങാന്‍ അനുവദിക്കുക. 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. മുഖക്കുരു ഉള്ളവരാണെങ്കില്‍ 3 ടേബിള്‍സ്പൂണ്‍ വെള്ളരി നീര്, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, മഞ്ഞള്‍, തുളസി എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

 • തൈരില്‍ ശുദ്ധമായ മഞ്ഞള്‍ കലര്‍ത്തി പുരട്ടുക. ഇത് സണ്‍ടാന്‍ അകറ്റാനും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

 • തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് ചര്‍മ്മനിറം വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

 • ബദാം രാത്രി മുഴുവന്‍ പച്ചപ്പാലിലിട്ടു കുതിര്‍ത്തുക. ഇത് അരച്ചു മുഖത്തു പുരട്ടാം. വെയില്‍ കൊണ്ടുള്ള കരിവാളിപ്പു മാറാന്‍ ഏറെ നല്ലതാണ്.

ചുണ്ടുകളുടെ സംരക്ഷണം

വേനല്‍ക്കാലം വന്നാല്‍ ചുണ്ടുകീറലും കൂടെ എത്തും. കിടന്നുറങ്ങുന്നതിന് മുമ്പ് ഒരല്‍പം നെയ്യ് ചുണ്ടില്‍ പുരട്ടുന്നത്, ചുണ്ടുകള്‍ വിണ്ടുകീറുന്നത് തടയാന്‍ സഹായിക്കും. ചര്‍മ്മകാന്തിക്കും സംരക്ഷണത്തിനും വേനല്‍ക്കാലത്ത് വെള്ളരിക്ക വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്ന 90ശതമാനം ജലാംശവും, വിറ്റാമിന്‍ സിയുടെ സാന്നിധ്യവും ചര്‍മ്മസംരക്ഷണത്തിന് വളരെ സഹായകമാണ്.

കാറ്റും വെയിലും കൂടുതലായി ഏല്‍ക്കേണ്ടിവരുമ്പോള്‍ ചുണ്ടുകളിലെ ഈര്‍പ്പം നഷ്ടപ്പെട്ട് വരണ്ട് പൊട്ടുകയും മൃദുവായ ചര്‍മ്മം ഇളകി പോകുകയും ചെയ്യും. ശ്രദ്ധിച്ചില്ലങ്കില്‍ ഇത് കഠിനമായ വേദനയ്ക്ക് കാരണമാകും.

 • പുറത്ത് പോകുമ്പോള്‍ ചുണ്ടുകളില്‍ വെണ്ണ പുരട്ടണം. ഇത് നനവും ഈര്‍പ്പവും നിലനിര്‍ത്താന്‍ സഹായിക്കും.

 • വെണ്ണപുരട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ എപ്പോഴും ലിപ്‌കെയര്‍ ഉപയോഗിക്കുക.

 • രാവിലെ പല്ലുതേക്കുമ്പോള്‍ ബ്രെഷ് ഉപയോഗിച്ച് ചുണ്ടുകളില്‍ മൃദുവായി ഉരസുക. ഇത് മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും.

 • തക്കാളി തേനില്‍ യോജിപ്പിച്ച് ചുണ്ടുകളില്‍ പുരട്ടുന്നതും നല്ലതാണ്.

 • ചുണ്ടുകളുടെ നിറം സംരക്ഷിക്കാന്‍ ബീറ്റ്‌റൂട്ട് ചുണ്ടുകളില്‍ ഉരസുക.

 • ലിപ്സ്റ്റിക്കുകള്‍ ഒഴിവാക്കുക. ഇത് ചുണ്ട് വിണ്ടുകീറാനെ ഉപകരിക്കൂ. സൺ ഗാർഡുള്ള ലിപ് ബാമുകളാണ് നല്ലത്.