Monday 06 January 2025 02:36 PM IST : By സ്വന്തം ലേഖകൻ

മാസം നാലു കിലോയിൽ കൂടുതൽ ഭാരം കുറച്ചാൽ പണികിട്ടും; ഈ മുന്നറിയിപ്പ് നിസാരമാക്കരുത്

unhealthy

വണ്ണം കുറയ്ക്കാനായി നാട്ടു മരുന്നു കഴിച്ചയാൾ മരിച്ചതുപോലുള്ള സഭവങ്ങൾ ഇന്നു വിരളമല്ല. അശാസ്ത്രീയമായ വണ്ണം കുറയ്ക്കലുകൾ വലിയ അപകടം വിളിച്ചു വരുത്താറുണ്ട്. വണ്ണം കുറയ്ക്കുന്നതിനുവേണ്ടി പലരും ചെയ്തുകൂട്ടുന്ന അബദ്ധങ്ങൾ കാണുമ്പോൾ ചിലരെ ഉപദേശിക്കേണ്ടി വന്നിട്ടുണ്ട്, ‘‘ഇങ്ങനെ വണ്ണം കുറച്ച് ആരോഗ്യം കളയുന്നതിനേക്കാൾ വണ്ണം കുറയ്ക്കാതെ ഉള്ള ആരോഗ്യത്തോടെ ജീവിക്കുന്നതാണെന്ന്’’. ഇപ്പോൾ വിദഗ്ധ ഡോക്ടർമാർ പോലും പറയുന്നു. സത്യത്തിൽ വണ്ണമല്ല, അരവണ്ണം (വെയ്സ്റ്റ്) ആണ് കുറയ്ക്കേണ്ടത്. സ്ത്രീകളിൽ 80 സെ.മീ ഉം പുരുഷൻമാരിൽ 90 സെ.മീറ്ററുമാണ് ശരിയായ അളവ്. അരവണ്ണം ആ ആളവിലേക്ക് എത്തിക്കുകയാണ് ശരിയായ വണ്ണം കുറയ്ക്കൽ. വണ്ണം കുറയ്ക്കുന്നവർ പൊതുവെ ചെയ്തുകൂട്ടുന്ന അബദ്ധങ്ങളിലൊന്നാണ് തിടുക്കപ്പെട്ട് ഒരുപാട് വണ്ണം കുറയ്ക്കുന്നത്. പക്ഷേ ഈ പ്രവണത നന്നല്ലെന്ന് പറയുകയാണ് വിദഗ്ധർ

മാസം 10 കിലോ ഭാരം വേണമെങ്കിലും കുറയ്ക്കാം?

മാസം എട്ടും പത്തും കിലോ ഭാരം കുറയ്ക്കാമെന്നു പറയുന്ന ഭാരം കുറയ്ക്കൽ കേന്ദ്രങ്ങളുണ്ട്. പ്രത്യേക ഡയറ്റിലൂെടയും മറ്റ് അസാധാരണമാർഗങ്ങളിലൂെടയും അത്രയുമൊക്കെ ഭാരം കുറച്ചവരുമുണ്ട്. എന്നാൽ ഒരു ആഴ്ചയിൽ ഒരു കിലോ, മാസത്തിൽ നാലുകിലോ.. അതിലപ്പുറം ഭാരം കുറയ്ക്കുന്നത്, ഏതു മാർഗത്തിലൂെടയായാലും ഒട്ടും നന്നല്ല, അപകടകരവുമാണ്.

അധികമായി ഭാരം കുറച്ചാൽ ഹൃദയമിടിപ്പിൽ താളപ്പിഴവരുത്തുന്ന ‘അരിത്മിയ’ ഉൾപ്പടെയുള്ള ഹൃദയപ്രശ്നങ്ങൾക്കും കാരണമാകാം. പോഷകക്കുറവുമൂലമുണ്ടാകുന്ന വിവിധ രോഗങ്ങൾ, പേശീദുർബലത, പ്രതിരോധശേഷിക്കുറവ്, മുടികൊഴിച്ചിൽ, ചർമത്തിലുണ്ടാവുന്ന ചുളിവുകൾ തുടങ്ങി വിവിധ പ്രശ്നങ്ങൾക്കു കാരണമാകും. അതിനാൽ ആഴ്ചയിൽ ഒരു കിലോയിലധികം ഭാരം കുറയ്ക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്;

1.ഡോ. റോയ് ആർ. ചന്ദ്രൻ

അസോ.പ്രഫസർ

ഫിസിക്കൽ മെഡിസിൻ&

റീഹാബിലിറ്റേഷൻ.

ഇൻ–ചാർജ്, ഒബിസിറ്റി ക്ലിനിക്

ഗവ.മെ‍ഡി.കോളജ്, കോഴിക്കോട്

2. ഗീതു സനൽ

ചീഫ് ഡയറ്റീഷൻ

ജ്യോതി ദേവ്സ് ‌

ഡയബെറ്റിസ് സെന്റർ

തിരുവനന്തപുരം