ഗർഭാശയവും അവയോടു ബന്ധപ്പെട്ട അവയവങ്ങളും യോനി വഴി സാവധാനം പുറത്തേക്കു വരുന്ന അവസ്ഥയാണു ഗർഭപാത്ര പ്രൊലാപ്സ് (യൂട്ടറൈൻ പ്രൊലാപ്സ്).
ആർത്തവ വിരാമത്തോടെ അണ്ഡാശയങ്ങൾ പ്രവർത്തനം നിർത്തുന്നത് അണ്ഡാശയ ഹോർമോണുകളുടെ ഉൽപാദനം കുറയ്ക്കും. ഇത് ഈ അവയവങ്ങളെ താങ്ങി നിർത്തുന്ന പേശികളും സ്നായുക്കളും ( Musles and Ligament) വസ്തിപ്രദേശ ഭിത്തിയും ( pelvic diaphragm) ദുർബലമാക്കും. ഇതാണ് യുട്ടറൈൻ പ്രൊലാപ്സിനു പ്രധാന കാരണം.
അധിക തവണ പ്രസവം നടക്കുക, ബുദ്ധിമുട്ടുള്ള പ്രസവം, പ്രസവ സമയത്തു കുഞ്ഞിന് അധിക ഭാരം, അമിതഭാരം, വിട്ടുമാറാത്ത മലബന്ധം, വിട്ടുമാറാത്ത ചുമ, സ്ഥിരമായി അമിതഭാരം എടുക്കേണ്ടി വരുന്ന അവസ്ഥ എന്നിവയും കാരണമാണ്.
നടുവേദനയാണു പ്രൊലാപ്സിന്റെ പ്രധാന ലക്ഷണം. യോനിയിൽ ഭാരം, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, ലൈംഗിക ബന്ധത്തിൽ വേദന, മലബന്ധം എന്നിവയും ലക്ഷണങ്ങളാണ്. ഗർഭാശയ പ്രൊലാപ്സ് ഉള്ളവർക്ക് ഗർഭാശയ ഗളം പുറത്തേക്ക് വരുന്നത് അറിയാനാകും.
ലൈംഗിക ബന്ധത്തിനു മുൻപ് പുറത്തേക്കു വന്നിരിക്കുന്ന ഗർഭാശയ ഗളം അകത്തേക്ക് തള്ളി വയ്ക്കേണ്ടതായി വരാം. ഗർഭാശയ പ്രൊലാപ്സിനോട് ചേർന്ന് മൂത്രാശയം, മലാശയം എന്നിവയും പുറത്തേക്കു വരാം.
പരിഹാരം
പ്രൊലാപ്സ് അധികമായാൽ ശസ്ത്രക്രിയയാണ് പരിഹാരം. ശസ്ത്രക്രിയയ്ക്കുള്ള ആരോഗ്യം ഇല്ലെങ്കിൽ വെജൈനൽ പെസറി (Pessary) ട്രീറ്റ്മെന്റ് ആണ് ചെയ്യുക. താഴേയ്ക്ക് ഇറങ്ങി വരുന്ന ഭാഗത്തെ യോനിയ്ക്കകത്ത് ഉറപ്പിച്ചു നിർത്താൻ ഉപയോഗിക്കുന്ന ഇലാസ്തികതയുള്ള റിങ് ആണ് പെസറി. അഴിച്ചു കഴുകി വൃത്തിയാക്കി ധരിക്കാനാകുന്ന ഉപകരണമാണ് പെസറി.
ശസ്ത്രക്രിയ പ്രധാനമായും യോനി വഴിയാണ് ചെയ്യുന്നത്. ഗർഭപാത്രം എടുത്തു മാറ്റുകയോ ( ഹിസ്റെക്ടമി) വസ്തി ഭിത്തിയുടെ ബലം ശസ്ത്രക്രിയവഴി കൂട്ടുകയോ ( Pelvic Floor Repair) ചെയ്യും. പ്രൊലാപ്സിന്റെ അവസ്ഥ അനുസരിച്ച് ചിലപ്പോൾ ലാപ്രോസ്കോപ്പി വഴിയും ശസ്ത്രക്രിയ ചെയ്യാനാകും. വജൈനൽ മെഷ് അഥവാ വല പോലെയുള്ള ഉപകരണം യോനിയിൽ ഘടിപ്പിച്ച് അവയവങ്ങളെ താങ്ങി നിർത്തുന്ന ചികിത്സ നൂതനമാണ്.
പ്രതിരോധം
ചെറുപ്രായത്തിലേ വസ്തിപ്രദേശത്തിനു (പെൽവിക് ഏരിയ) ബലം ലഭിക്കുന്ന തരം വ്യായാമങ്ങൾ ചെയ്യുന്നത് ഒരു പരിധി വരെ പ്രൊലാപ്സ് തടയാൻ സഹായകമാകും. മലബന്ധം വരുന്നതു തടയുക, അമിത ഭാരം ഉയർത്തുന്നത് ഒഴിവാക്കുക, ഭാരം ഉയർത്തേണ്ടി വന്നാൽ അതു സുരക്ഷിതമായി ഉയർത്തേണ്ടതെങ്ങനെയെന്നു മനസ്സിലാക്കി മാത്രം ചെയ്യുക, ചുമ പിടിപെട്ടാൽ എത്രയും വേഗം ചികിത്സിക്കുക, ശരീരഭാരം കൂടാതെ ശ്രദ്ധിക്കുക, അമിതവണ്ണം നിയന്ത്രിക്കാനാകാത്ത വിധം അലട്ടുന്നുവെങ്കിൽ ഡോക്ടറുടെ സഹായത്തോടെ അത് ആരോഗ്യകരമായ നിലയിലേക്കു കുറയ്ക്കുക എന്നിവയാണു പ്രതിരോധ മാർഗങ്ങൾ.
പോസ്റ്റ് കോയിറ്റൽ ബ്ലീഡിങ്
ലൈംഗിക ബന്ധത്തിനു ശേഷം യോനിയിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയാണ് പോസ്റ്റ് കോയിറ്റൽ ബ്ലീഡിങ്. ആർത്തവ വിരാമ ശേഷം അതുണ്ടാകുന്നത് യോനിയിലെ വരൾച്ച കൊണ്ടാകാം. ആർത്തവ വിരാമം ആയിട്ടില്ലാത്ത സ്ത്രീകളിലും ചിലപ്പോൾ ഈ അവസ്ഥ കണ്ടേക്കാം.
ആർത്തവ വിരാമത്തോടെ ഈസ്ട്രജൻ ഹോർമോൺ ഉത്പാദനത്തിലുണ്ടാകുന്ന കുറവ് യോനിയിലെ ലൂബ്രിക്കേഷനും ഇലാസ്തികതയും കുറയുന്നതിനു കാരണമാകുന്നു. ഇതു ലൈംഗിക ബന്ധത്തി ൽ മുറിവുകൾ ഉണ്ടാക്കുകയും രക്തസ്രാവത്തിലേക്കു നയിക്കുകയും ചെയ്യുന്നു. അണ്ഡാശയം നീക്കം ചെയ്തവരിലും ഇതുണ്ടാകാം.
വരൾച്ച മൂലമുള്ള പോസ്റ്റ് കോയിറ്റൽ ബ്ലീഡിങ് ശരിയായ ഫോർപ്ലേയിലൂടെയും ലൂബ്രിക്കന്റുകൾ ഉപയോഗിച്ചും ഈസ്ട്രജൻ തെറാപ്പിയിലൂടെയും പരിഹാരിക്കാനാകും.
ആർത്തവ വിരാമ സംബന്ധമായ വരൾച്ചയല്ലാതെ അണുബാധകൾ, ഗർഭാശയമുഖത്തുണ്ടാകുന്ന വളർച്ചകളായ പോളിപ്സ്, സെർവിക്കൽ കാൻസറിന്റെ തുടക്കം എന്നിവ മൂലവും രക്തസ്രാവമുണ്ടാകാം. ഇവ കൃത്യമായ കാരണം കണ്ടെത്തിയ ശേഷം മരുന്നുകളിലൂടെ പരിഹരിക്കേണ്ടതാണ്.