ADVERTISEMENT

കോവിഡ് കാലത്ത് കൂടുതൽ സുരക്ഷിതരാകാൻ ദിവസവും വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിക്കുന്നവരുണ്ട്. എന്നാൽ ഡോക്ടറുടെ നിർദേശമില്ലാതെയുള്ള ഇത്തരം രീതികൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്ന് വിദഗ്ദർ പറയുന്നു.

മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റമിന്‍ സി. ജലദോഷം പോലെയുള്ള അസുഖങ്ങൾ വരുന്നത് തടയുന്നു എന്ന വിശ്വാസവുമുണ്ട്. എന്നാൽ അമിതമായി വിറ്റാമിൻ സി സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് കിഡ്നി രോഗമുള്ളവരിലും ഗർഭിണികളായ യുവതികളും ദോഷം ചെയ്യും.

40-60 മില്ലിഗ്രാം ആണ് ശരീരത്തിനു ആവശ്യമായ വിറ്റാമിൻ സിയുടെ അളവ്. അതേസമയം പുകവലിക്കുന്നവര്‍ 80-100 മില്ലിഗ്രാം വരെ ശരീരത്തിന് ലഭ്യമാക്കാൻ ശ്രദ്ധിക്കണം. എന്നാൽ സപ്ലിമെന്റുകൾ കഴിക്കുന്നത് മൂലം വിറ്റാമിൻ സി ആവശ്യമായതിൽ കൂടുതല്‍ ആയാൽ ശരീരത്തിൽ സംഭരിക്കാനാവില്ല. അധികമായി എത്തുന്നത് മൂത്രത്തിൽ കൂടി പുറന്തള്ളപ്പെടും.

2000 മില്ലിഗ്രാമിലധികം വിറ്റാമിന്‍ സി ഒന്നിച്ചു കഴിക്കുന്നത് വയറിളക്കം, ഛര്‍ദി എന്നിവയ്ക്ക് കാരണമായേക്കാം. കിഡ്‌നിയിൽ ഓക്‌സലൈറ്റ് കല്ലുകള്‍ രൂപപ്പെടാനും വിറ്റാമിന്‍ സിയുടെ അമിത അളവ് കാരണമായേക്കാം. ഡയറിയ പോലുള്ള ഉദരരോഗങ്ങൾക്ക് കാരണമാകും.

സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിന് പകരം ഭക്ഷണത്തിലൂടെ ആവശ്യമായ വിറ്റാമിൻ സി ലഭ്യമാക്കണം. ഓറഞ്ച്, നെല്ലിക്ക, നാരങ്ങ, തക്കാളി, കിവി, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, പച്ചമാങ്ങ, ചീര, ബ്രോക്കോളി തുടങ്ങിയവയിൽ ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.

പഴങ്ങളും പച്ചക്കറികളും പാകം ചെയ്യാതെ സാലഡ് രൂപത്തിൽ കഴിക്കുന്നത് വിറ്റാമിന്‍ സി നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. 

ADVERTISEMENT