Wednesday 07 August 2024 03:42 PM IST : By സ്വന്തം ലേഖകൻ

‘വൈറ്റമിൻ ഡി ലഭിച്ചില്ലെങ്കില്‍ ഫലം എല്ലുകൾക്ക് ബലക്ഷയം’; ഇനി വെയിൽ കൊള്ളാൻ മടിക്കേണ്ട, അറിയേണ്ടതെല്ലാം...

vitamin-d-tablets

വെയിലടിച്ചാൽ കറുത്തുപോകുമെന്നാണോ പരാതി. എങ്കിൽ ധാരണ മാറ്റിക്കോളൂ... ചർമത്തിൽ വെയിൽ ഏൽക്കുമ്പോളാണ് ശരീരത്തിൽ വൈറ്റമിൻ ‍ഡി ഉൽപാദിപ്പിക്കപ്പെടുന്നത്. വെയില്‍ കൊള്ളാതിരിക്കുകയും സ്ഥിരമായി സൺസ്ക്രീൻ ഇട്ട് വെയിലത്തു പോവുകയും ചെയ്താൽ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി ലഭിക്കുകയില്ല. തന്മൂലം, എല്ലുകൾക്ക് ബലക്ഷയം ഉണ്ടാവും. 

ശരീരത്തിന് ആവശ്യമായ കാൽസ്യം വലിച്ചെടുക്കാനും അത് ഉപയോഗപ്രദമാക്കാനും വൈറ്റമിൻ ഡി വളരെ അത്യാവശ്യമാണ്. ഇതിന്റെ അഭാവം എല്ലുകൾ പൊട്ടാനും എല്ലുകൾക്ക് വളവുണ്ടാകാനും ഇടയാക്കും. ജലദോഷവും ഡിപ്രഷനും ചെറുക്കാനും വൈറ്റമിൻ ഡി ഏറെ നല്ലതാണ്. 

ആഴ്ചയിൽ രണ്ടു തവണയെങ്കിലും 25- 30 മിനിറ്റ് വെയിൽ കൊള്ളുമ്പോൾ ശരീരത്തിൽ കൂടുതൽ വൈറ്റമിൻ ഡി ഉൽപാദിപ്പിക്കപ്പെടും. പ്രായമായവരും ഇരുണ്ട നിറമുള്ളവരും ചെറുപ്പക്കാരെക്കാളും വെളുപ്പുനിറമുള്ളവരെക്കാളും കൂടുതൽ വെയിൽ‌ കൊള്ളാൻ ശ്രദ്ധിക്കണം. 

വളരെക്കുറച്ചു ഭക്ഷണസാധനങ്ങളിൽ‌ നിന്നു മാത്രമേ വൈറ്റമിൻ ഡി പ്രകൃതിദത്തമായി ലഭിക്കുകയുള്ളൂ. കൊഴുപ്പുള്ള മീനുകളായ അയല, ട്യൂണ, മത്തി, മീനെണ്ണ എന്നിവയിൽ ധാരാളം വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. കരൾ, മുട്ട മഞ്ഞ, ചീസ് എന്നിവയിലും അല്പം വൈറ്റമിൻ ഡി ഉണ്ട്. ചില ജ്യൂസുകളും carton കളിൽ ലഭിക്കുന്ന പാലിലും മറ്റും വൈറ്റമിൻ ഡി ചേർക്കാറുമുണ്ട്. 

വൈറ്റമിൻ ഡിയുടെ അഭാവം മൂലം പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ലെങ്കിലും രക്തത്തിൽ ഇതിന്റെ അളവു കുറയും. വളരെയധികം കുറവാണെങ്കിൽ എല്ലുകൾക്കു വേദനയും ബലക്ഷയവും ഉണ്ടാകാം. കുറച്ചുകാലത്തേക്കു കൂടുതൽ അളവിൽ വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നത് ആവശ്യത്തിനു വൈറ്റമിൻ ശരീരത്തിനു ലഭ്യമാക്കാൻ സഹായിക്കും. ഡോക്ടറുടെ നിർദേശപ്രകാരം വേണം മരുന്നു കഴിക്കാൻ. വൈറ്റമിൻ ഡി നിറഞ്ഞ ഭക്ഷണസാധനങ്ങള്‍ ആഹാരക്രമത്തിൽ‌ ഉൾപ്പെടുത്തുക. ഇടയ്ക്ക് വെയിലത്തു നടക്കുക. .

Tags:
  • Health Tips
  • Glam Up