Wednesday 13 October 2021 02:50 PM IST

‘മിന്നിപ്പിടിക്കുന്നതു’ പോലെ തോന്നാറില്ലേ? ഇതാണ് ഈ അവസ്ഥയുടെ തുടക്കം: നിസ്സാരമായി തള്ളിക്കളയുന്ന ഈ ലക്ഷണങ്ങൾ പല രോഗങ്ങളുടെയും പ്രാരംഭ സൂചനകളാണ്

Roopa Thayabji

Sub Editor

bodddt543ghhpainnn

പലപ്പോഴും നിസ്സാരമായി തള്ളിക്കളയുന്ന ഈ ലക്ഷണങ്ങൾ പല രോഗങ്ങളുടെയും പ്രാരംഭ സൂചനകളാണ്. കരുതിയിരിക്കുക...

ചിട്ടയോടെയുള്ള ജീവിതമായിരിക്കും നമ്മുടേത്. രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചര വരെ ഓഫിസിൽ. വീട്ടിലെത്തി കുളിച്ച് ചായ കുടിച്ച് ടിവിയുടെ മുന്നിൽ. കൂട്ടുകാരോ ദുഃശീലങ്ങളോ ഇല്ല. എങ്കിലും ഒരു ദിവസം ഉറക്കമെണീക്കുമ്പോൾ കാലുകളിൽ ചെറിയ മരവിപ്പു പോലെ. അൽപനേരം ഇരുന്നു വിശ്രമിച്ചശേഷം നടക്കുമ്പോൾ അതു മാറുന്നുണ്ട്. പിറ്റേന്നും അതിന്റെ പിറ്റേന്നും പ്രശ്നം തോന്നിയാലും  നമ്മൾ സ്വയം പരിഹരിക്കും.

വിചാരിക്കാത്ത ഒരു നിമിഷത്തിലായിരിക്കാം പിന്നീട് അത് സംഭവിക്കുക. വീട്ടിലിരുന്നു ബോറടിച്ച മക്കളെ എന്റർടെയ്ൻ ചെയ്യിക്കാനായി ഷട്ടിൽ ബാറ്റും നെറ്റും വാങ്ങിയതാകും. കളിക്കാനിറങ്ങി പത്തു മിനിറ്റിനകം ഒട്ടും അനങ്ങാൻ വയ്യാതെ താഴെ വീഴാൻ പോകും പോലെ തോന്നും. കാലുകൾക്ക് ഒട്ടും കരുത്തില്ലാത്തതുപോലെ.

ഡോക്‌ടർ പറയുമ്പോഴാണ് കാര്യം മനസ്സിലാകുക. വ്യായാമമില്ലാത്തതു കൊണ്ട് കാലുകളിലേക്ക് ര ക്തയോട്ടം കുറവ്. പെട്ടെന്ന് കായികാധ്വാനം ചെയ്തപ്പോൾ കാലിലേക്ക് വേണ്ടത്ര രക്തപ്രവാഹം ഉണ്ടാകാത്തതാണ് വിനയായത്. കാലുകളിൽ തരിപ്പും മരവിപ്പും പ്രകടമായപ്പോൾ തന്നെ ഡോക്ടറെ കാണേണ്ടിയിരുന്നു എന്ന് അപ്പോഴാണ് നമുക്ക് തോന്നുക.

അൽപനേരം ഇരിക്കുമ്പോൾ കാലുകൾ മരവിക്കുന്നതും, ഉറക്കമെഴുന്നേൽക്കുമ്പോൾ കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടുന്നതുമൊക്കെ മിക്കവരും നിസ്സാരമായി തള്ളും. പല രോഗങ്ങളുടെ പ്രാരംഭലക്ഷണത്തിലാണ് ഇവ പെടുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

വില്ലനാകുന്നത് എപ്പോൾ

തരിപ്പും മരവിപ്പും പതിവായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കാലക്രമേണ കൂടുന്നുണ്ടെങ്കിലും അതിനോടനുബന്ധിച്ച് ക്ഷീണം തോന്നുന്നുണ്ടെങ്കിലും വളരെ ശ്രദ്ധിക്കണം. ഏതെങ്കിലും ശരീരഭാഗത്ത് തരിപ്പും മരവിപ്പും സ്ഥിരമായി അനുഭവപ്പെട്ടാൽ നിർബന്ധമായും ഡോക്ടറെ കാണണം. അധികനേരം ഇരുചക്ര വാഹനമോടിക്കുമ്പോൾ കൈകളിൽ മരവിപ്പ് തോന്നുക, കീബോർഡും മൗസും ഉപയോഗിക്കുമ്പോഴും കത്തി മുറുക്കെ പിടിക്കുമ്പോഴും കൈകളിൽ തരിപ്പ് അനുഭവപ്പെടുക തുടങ്ങി ഒരു പ്രത്യേക കാര്യം ചെയ്യുമ്പോൾ വീണ്ടും വീണ്ടും അനുഭവപ്പെടുന്ന രോഗലക്ഷണങ്ങളെ അവഗണിക്കരുത്.

നാഡീതകരാറുകൾ സംബന്ധിച്ച മിക്കവാറും ലക്ഷണങ്ങളും ചെറുപ്പക്കാരിൽ കാണണമെന്നില്ല. 40 വയസ്സിനു മുകളിലുള്ളവർക്കാണ് ഇവ രോഗലക്ഷണമായി പ്രകടമാകുന്നത്. എന്നു കരുതി എല്ലാ തരിപ്പും മരവിപ്പും വില്ലന്മാരല്ല. കുറച്ചുനേരം ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ കാലുകൾ മരവിക്കുന്നത് ആശങ്കപ്പെടേണ്ട പ്രശ്നമല്ല. കാലുകളിലേക്കു പോകുന്ന സയറ്റിക് നാഡിക്ക് സമ്മർദം വരുന്നതു കൊണ്ടാണ് കാലുമടക്കി  ഇരിക്കുമ്പോൾ മരവിപ്പും തരിപ്പും അ നുഭവപ്പെടുന്നത്.

ഉറങ്ങുമ്പോൾ മരവിപ്പ്

രാത്രി ഉറങ്ങുമ്പോൾ കൈകൾ മരവിച്ചതു പോലെ ആകാറുണ്ട് പലർക്കും. ഉണർന്ന ശേഷം കൈകൾ ഒന്നു നന്നായി കുടയുകയോ തിരുമ്മുകയോ ചെയ്താൽ ഈ മരവിപ്പു മാറുകയും ചെയ്യും. പകലുറക്കത്തിൽ പലർക്കും ഈ മരവിപ്പ് അനുഭവപ്പെടണമെന്നുമില്ല. ഗാഢമല്ലാത്ത ഉറക്കമായതിനാലാണ് ഇത്. ചില ർക്കെങ്കിലും ജോലികൾക്കിടയിൽ പെട്ടെന്ന് ഇങ്ങനെ കൈകളിൽ മരവിപ്പു പോലെ വരാറുണ്ട്. ഇതിനൊപ്പം പുകച്ചിൽ പോലെയും ചെറുവേദനയുമൊക്കെ അനുഭവപ്പെടാം. കത്തി പിടിക്കുമ്പോൾ, ബസിലെ കമ്പിയിൽ പിടിക്കുമ്പോൾ, സ്കൂട്ടർ ഓടിക്കുമ്പോൾ ഒക്കെ മരവിപ്പും തരിപ്പും വരാം. കൈപ്പത്തിയിലെ വിരലുകളിൽ പ്രത്യേകിച്ചും തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവയിൽ അനുഭവപ്പെടുന്ന ഈ മരവിപ്പ് ‘കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോ’മിന്റെ ലക്ഷണമാകാം.

കൈയില്‍ നിന്നുള്ള നാഡി ചെറിയ ‘ടണല്‍’ പോലുള്ള ഭാഗത്തു കൂടിയാണ് കൈപ്പത്തിയിലേക്ക് പ്രവേശിക്കുക. തുടര്‍ച്ചയായ ജോലികള്‍ കൊണ്ടും മറ്റും നീർവീക്കം ഉണ്ടാകുമ്പോൾ ഈ ടണലിന്റെ ഉള്‍വിസ്താരം കുറയും. അപ്പോൾ നാഡിയിൽ ഞെരുക്കം അനുഭവപ്പെടും. ഇതാണ് മരവിപ്പായി അനുഭവപ്പെടുന്നത്.

∙ പ്രായമായ സ്ത്രീകളിലാണ് ഇതു കൂടുതലായി കാണുന്നത്. കംപ്യൂട്ടർ കീബോര്‍ഡ് ഉപയോഗിക്കുന്നവരിലും ത യ്യല്‍ പോലുള്ള ജോലികള്‍ ചെയ്യുന്നവരിലും രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജന്മനാ തന്നെ ടണലിന്റെ വിസ്താരം കുറഞ്ഞവരിലും, ഡയബറ്റിസ്, തൈറോയ്ഡ്, അമിതവണ്ണം, സന്ധിവാതം ഉള്ളവരിലും, ഗർഭിണികളിലും ഈ രോഗം വരാം.

∙ ആദ്യഘട്ടത്തിൽ മണിബന്ധത്തിലെ വേദന കുറയ്ക്കുന്നതിനുളള മരുന്നുകളാണ് ഡേക്ടർമാർ നൽകുക. നാഡീഞെരുക്കത്തിനു കാരണമാകുന്ന നീർവീക്കം കുറയ്ക്കാനും മരുന്നു വേണ്ടിവരും.

∙ രോഗനിർണയം  വൈകിയാൽ കൈകൾക്ക് ബലക്കുറവ്, സാധനങ്ങൾ മുറുക്കെ പിടിക്കാൻ കഴിയാതെ വരിക തുട ങ്ങിയവ വരാം. ഈ ഘട്ടത്തിലും ചികിത്സ തേടിയില്ലെങ്കി ൽ രോഗം ഗുരുതരമാകും.

∙ കൈത്തണ്ടയെ കൃത്യസ്ഥാനത്തു നിർത്തുന്ന റിസ്റ്റ് സ്പ്ലിന്റ് വേദനയ്ക്കു ആശ്വാസം നൽകിയേക്കാം. മരുന്നുകളും നീർക്കെട്ടു കുറയ്ക്കാനുള്ള ഇൻജക്ഷനുമുണ്ട്. ഇവ കൊണ്ടൊന്നും പരിഹരിക്കാനാകാത്ത പ്രശ്നമാണെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും.

shutterstock_1832072527

അധികനേരം നിൽക്കണോ

കൂടുതൽ നേരം നിൽക്കുന്നതും ഇരിക്കുന്നതും രോഗകാരണമാകുമോ എന്നു പലർക്കും സംശയമാണ്. എന്നാൽ പതിവായി നിൽക്കുന്നവർക്ക് നട്ടെല്ലിലെ ഡിസ്കിനു തകരാറുണ്ടാകുകയും അത് അവഗണിച്ച് മുന്നോട്ടു പോകുന്നത് രോഗം വഷളാക്കുകയും ചെയ്യും.

∙ നട്ടെല്ലിലെ ഡിസ്കിനു സമ്മർദമോ മറ്റോ ഏൽക്കുമ്പോഴുണ്ടാകുന്ന തകരാരിന്റെ പ്രധാന ലക്ഷണം നടുവേദന ആണ്. ഇങ്ങനെ ക്ഷതമേൽക്കുമ്പോൾ സുഷുമ്ന നാഡി കടന്നുപോകുന്ന ലംബാർ കനാൽ ചുരുങ്ങും. ഈ അവസ്ഥയിൽ കാലിലേക്കുള്ള രക്തയോട്ടം കുറയുകയും തരിപ്പും മരവിപ്പും അനുഭവപ്പെടുകയും ചെയ്യും. ജന്മനാ തന്നെ ലംബാർ കനാൽ ചുരുങ്ങിയിരിക്കുന്ന അവസ്ഥയുമുണ്ട്. കാലുകൾക്ക് തരിപ്പും മരവിപ്പും വരുന്നത് അവഗണിച്ചാൽ ബലക്ഷയം പോലെ രോഗം വഷളാകാം.

∙ ഏതു ഭാഗത്താണോ ഞെരുക്കം അനുഭവപ്പെടുന്നത്, അതുമായി ബന്ധപ്പെട്ട ശരീരാവയവങ്ങളുടെ പ്രവർത്തനമാണ് തടസ്സപ്പെടുന്നത്. നടുവിന്റെ താഴ്ഭാഗത്തുള്ള ഞരമ്പിലാണു പ്രശ്നമെങ്കിൽ കാലിലേക്കാകും തരിപ്പും മരവിപ്പും അനുഭവപ്പെടുക. കാലിന്റെ പിന്‍ഭാഗങ്ങളിലൂടെയുമുള്ള പെരുപ്പ്, വേദന, തരിപ്പ്, പുകച്ചില്‍, മരവിപ്പ് എന്നിവയും അനുഭവപ്പെടാം. മലമൂത്ര വിസർജനത്തിനും ബുദ്ധിമുട്ടു വരാം. രോഗം സങ്കീര്‍ണമായാൽ പാദത്തിലേയും കണങ്കാലുകളിലേയും പേശികള്‍ക്ക് ബലക്കുറവ് വരാം. ചിലർക്ക് കയ്യിൽ മാത്രമാകും തരിപ്പും മരവിപ്പും അനുഭവപ്പെടുന്നത്. കഴുത്തിലെ ഡിസ്കിന്റെ തകരാറു കൊണ്ടുണ്ടാകുന്ന വേദനയാണ് പുറംവേദനയയായും കൈകൾക്ക് തരിപ്പും ബലക്ഷയവുമായി അനുഭവപ്പെടുക.

∙ വ്യായാമം കുറവുള്ളവർക്കാണ് ഈ പ്രശ്നം വരുന്നത്. പെട്ടെന്നു കുനിയുക, വെട്ടിത്തിരിയുക, വലിയ ഭാരം തലച്ചുമടായി എടുക്കുക, ഇരുചക്ര വാഹനമോടിക്കുമ്പോൾ പെട്ടെന്നു ബ്രേക്ക് ചെയ്യേണ്ടി വരുക തുടങ്ങിയവയൊക്കെ ചെയ്യുമ്പോൾ പെട്ടെന്ന് ‘മിന്നിപ്പിടിക്കുന്നതു’ പോലെ തോന്നാറില്ലേ. ഇതാണ് ഈ അവസ്ഥയുടെ തുടക്കം.  

∙ ഡിസ്ക് തെറ്റുമ്പോൾ ആ നിരയിലെ ഞരമ്പുകളെ പ്രകോപിപ്പിച്ചു കഠിന ഷോക്ക് പോലെ വേദന ഉണ്ടാകാം. ഇതു ഞരമ്പുകളിലെ രക്തയോട്ടം കുറയ്ക്കും. ചുമയ്ക്കുമ്പോഴും കുനിയുമ്പോഴും ഈ വേദനയും ഷോക്കും കൂടുന്നുണ്ടെങ്കിൽ സൂക്ഷ്മ പരിശോധന വേണ്ടിവരും. മിക്കവാറും വിശ്രമവും വ്യായാമവും കൊണ്ടുതന്നെ വേദന മാറും. ചിലപ്പോൾ എപ്പിഡ്യൂറൽ ഇൻജക്ഷൻ വേണ്ടിവരും.

shutterstock_1254389062

തലച്ചോറും കൈ മരവിപ്പും

തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്നത് രക്തക്കുഴലുകളാണ്. ഏതെങ്കിലും തരത്തിൽ ഈ രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിച്ചാൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹവും തടസ്സപ്പെടുകയും ആ ഭാഗത്തെ കോശങ്ങൾ ഓക്സിജൻ ലഭിക്കാതെ നശിക്കാൻ തുടങ്ങുകയും ചെയ്യും. അപ്പോൾ ആ ഭാഗവുമായി ബന്ധപ്പെട്ടു കിടക്കുന്ന ശരീരഭാഗങ്ങളുടെ പ്രവർത്തനവും അവതാളത്തിലാകും. ഇതിനെയാണ് സ്ട്രോക് എന്നു വിളിക്കുന്നത്.

∙ സ്ട്രോക് മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ പ്രകടമാകുന്നത് ശരീരത്തിന്റ ഏതെങ്കിലും ഒരു വശത്താകും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മുഖത്തിന്റെ ഒരു ഭാഗവും ആ ഭാഗത്തെ കൈക്കും കാലിനും ബലക്ഷയം സംഭവിക്കുക, സംസാരശേഷി നഷ്ടപ്പെടുക എന്നിങ്ങനെയൊക്കെ പ്രയാസങ്ങൾ അനുഭവപ്പെടാം. തളർച്ച, നടക്കാൻ ബുദ്ധിമുട്ട്, സ്പര്‍ശനശേഷി കുറവ്, മരവിപ്പ്, തരിപ്പ്, കൈകൾ പൊള്ളുന്നതു പോലെ തോന്നുക, നീറ്റല്‍ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം അതിന്റെ ലക്ഷണങ്ങളാണ്.

∙ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമക്കുറവും പ്രമേഹവും ഉയർന്ന രക്തസമ്മർദവും  ലഹരി ഉപയോഗവും പാരമ്പര്യ ഘടകങ്ങളും മറ്റു മരുന്നുകളുടെ ഉപയോഗവുമെല്ലാം സ്ട്രോക്കുണ്ടാക്കാം.

∙ ഏറ്റവും കുറഞ്ഞ സമയം കൊണ്ടു തന്നെ രോഗനിർണയം നടത്തി ചികിത്സ ആരംഭിക്കുക എന്നത് സ്ട്രോക്കിന്റെ കാര്യത്തിൽ അത്യാവശ്യമാണ്. നില ഗുരുതരമാകാതിരിക്കാൻ ത്രോംബോലിറ്റ്ക് തെറപിക്ക് (Thrombolytic Therapy) സൗകര്യമുള്ള ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ച് ചികിത്സ തേടുക. ഈ സൗകര്യം മിക്കവാറും ആശുപത്രികളിലും ഇപ്പോൾ ലഭ്യമാണ്.

സ്‌പൈനൽ സ്ട്രോക്കും വേദനയും

കാലുകള്‍ക്കു തരിപ്പ്, മരവിപ്പ്, നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുക, ഇടയ്ക്കിടയ്ക്ക് തട്ടിത്തടഞ്ഞ് വീഴാനുളള പ്രവണത, മൂത്രതടസ്സം തുടങ്ങിയവയൊക്കെ സ്പൈനൽ സ്ട്രോക്കിന്റെ ലക്ഷണങ്ങളാകാം. സുഷുമ്നാ നാഡിയിലേക്ക് രക്തമെത്തിക്കുന്ന ഞരമ്പുകൾക്കുണ്ടാകുന്ന ബ്ലോക് ആണ് ഇതിനു കാരണം. ഡയബറ്റിസ്, ഹൈപർ ടെൻഷൻ തുടങ്ങിയവയൊക്കെ സ്പൈനൽ സ്ട്രോക്കിലേക്കു നയിക്കാം.  

∙ കയ്യുമായി ബന്ധപ്പെട്ട ഞരമ്പുകള്‍ കഴുത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. കഴുത്തിലെ അസ്ഥികൾക്കുണ്ടാകുന്ന തേയ്മാനം (സെര്‍വിക്കല്‍ സ്‌പോണ്‍ഡിലോസിസ്) ഞരമ്പിനെ ബാധിക്കുമ്പോൾ കഴുത്തുവേദന, തോള്‍വേദന, കൈ മരവിപ്പ് തുടങ്ങിയവ അനുഭവപ്പെടാം. മരവിപ്പിനോടൊപ്പം കൈകൾക്ക് ശക്തിക്കുറവും വരാം.

∙ എക്‌സ്റേ, എംആര്‍ഐ സ്കാൻ എന്നിവയിലൂടെ രോഗനിർണയം നടത്താനാകും. പ്രാരംഭദശയിൽ മരുന്നുകൾ തന്നെ മതിയാകും. രോഗം സങ്കീര്‍ണമായാൽ നട്ടെല്ലിലേക്കുള്ള കുത്തിവയ്പും ശസ്ത്രക്രിയയുമൊക്കെ വേണ്ടിവന്നേക്കാം.

shutterstock_125650262

സന്ധിവേദനയും തരിപ്പും

സന്ധികളിൽ വീക്കം ഉണ്ടാകുന്ന അവസ്ഥയാണ് റുമാറ്റോയ്ഡ് ആർത്രൈറ്റിസ്. കഠിന വേദനയും നീരുമുണ്ടാകുന്ന ഈ അവസ്ഥ ദീർഘകാലം തുടർന്നാൽ സന്ധികൾ ചലിപ്പിക്കാനാകാതെ വരാം.

∙ തരിപ്പായും മരവിപ്പായുമാണ് ആർത്രൈറ്റിസിന്റെ ലക്ഷണങ്ങളും ആരംഭിക്കുന്നത്. രക്തപരിശോധന, എക്‌സ്‌റേ എന്നിവയിലൂടെ ആർത്രൈറ്റിസ് കണ്ടെത്താം. മരുന്നുകളും ഫിസിയോതെറപ്പിയും കൊണ്ട് രോഗം മാറും. രോഗാവസ്ഥ നാഡികളെ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ നെർവ് കണ്ടക്ഷൻ സ്റ്റഡി നടത്താം.

∙ പ്രായവ്യത്യാസമില്ലാതെ ആർക്കും അനുഭവപ്പെടാവു ന്ന കൈകാൽ വേദന, തരിപ്പ്, മരവിപ്പ് തുടങ്ങിയവ ആർത്രൈറ്റിസിന്റെ ലക്ഷണങ്ങളാകാം. എന്നാൽ സ്ത്രീകളിലും ചെറുപ്പക്കാരിലുമാണ് ഇതു കൂടുതൽ കാണുന്നത്.

കാരണമറിഞ്ഞ് ചികിത്സ തേടാം

തരിപ്പും മരവിപ്പും തരുന്ന സൂചനകൾ മൂന്നു തരത്തിലാണ്. കൈകളിൽ നിന്ന് കൈപ്പത്തിയിലേക്കു പോകുന്ന നാഡിയുടെ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന കാർപൽ ടണൽ സിൽഡ്രോമാണ് മിക്കവരിലും കൈകളി ൽ തരിപ്പും മരവിപ്പുമുണ്ടാക്കുന്നത്. തലച്ചോറിലേക്ക് ശാരീരിക പ്രവർത്തനങ്ങളുടെ സന്ദേശമെത്തിക്കുന്ന നാഡികളെ ബാധിക്കുന്ന സ്ട്രോക്, സുഷുമ്നാ നാഡിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങൾ (Myclopathy) എന്നിവയാണ് രണ്ടാമത്തേത്. കയ്യിലും കാലുകളിലും കഠിനമായ പുകച്ചിൽ, പെരുപ്പ്, ഷോക്ക് എന്നിവ അനുഭവപ്പെടുന്നതിനൊപ്പം വേദനയും ഉണ്ടാക്കുന്ന നാഡീതകരാറുകളാണ് പെരിഫറൽ ന്യൂറോപതിയിൽ പെടുന്നത്. പ്രമേഹവും ചില മരുന്നുകളുടെ ഉപയോഗവും മദ്യപാനവുമടക്കം നിരവധി കാരണങ്ങള്‍ കൊണ്ടാണ് ഇതുണ്ടാകുന്നത്. കാർപൽ ടണൽ സിൻഡ്രോമുള്ളവരിൽ തൈറോയ്ഡ് ഹോർമോൺ കുറയുന്നതും കൈകളിൽ തരിപ്പും മരവിപ്പുമുണ്ടാക്കാം.

കൈകാലുകളെ വേദനിപ്പിക്കും രോഗങ്ങൾ

∙ പ്രമേഹം നന്നായി നിയന്ത്രിച്ചില്ലെങ്കിൽ കൈകാലുകളെ ബാധിക്കുന്ന തരത്തിൽ അതു മാറാം. മരവിപ്പോ തരിപ്പോ ആയി ആരംഭിച്ച് ബലക്ഷയമായി മാറാനുള്ള സാധ്യത കൂടുതലാണ്. പെട്ടെന്നു ഭാരം കൂടുകയോ കുറ യുകയോ ചെയ്യുന്നതും ഒഴിവാക്കണം.

∙ കയ്യിലും കാലുകളിലും കഠിനമായ പുകച്ചിൽ, പെരുപ്പ്, ഷോക്ക്, കാലിൽ മരവിപ്പ് എന്നിവ ഉണ്ടാക്കുന്ന അവസ്ഥയാണ് ‘പെരിഫറൽ ന്യൂറോപതി.’ പല കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഈ അവസ്ഥയിൽ കഴുത്തുവേദനയോ നടുവേദനയോ ഉണ്ടാകാറുമില്ല.

∙ കീമോതെറപ്പിയും കൈകാലുകൾക്ക് തരിപ്പും മരവിപ്പും ബലക്ഷയവും ഉണ്ടാക്കാം. തെറപി ചെയ്ത ദിവസമോ പിറ്റേന്നോ ഒക്കെയായി ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങും. ഇവ അസഹനീയമാണെങ്കിൽ കുറയ്ക്കാനുള്ള മരുന്നുകളുണ്ട്. റേഡിയേഷന്റെ അനന്തര ഫലമായി ഞരമ്പുകൾ രക്തയോട്ടം നിലച്ചു പ്രവർത്തനശൂന്യമാകാം. റേഡിയേഷൻ കഴിഞ്ഞു വർഷങ്ങൾക്കു ശേഷമാകും ഈ അവസ്ഥ വരിക.  

∙ തുടയുടെ പുറംഭാഗത്തു മരവിപ്പും പുകച്ചിലും അ നുഭവപ്പെടുന്ന രോഗാവസ്ഥയാണ് മെറാൾജിയ പാരാസ്തെറ്റിക. ആ ഭാഗത്തെ ഞരമ്പിനു കേടു സംഭവിക്കുമ്പോഴാണ് വേദന അനുഭവപ്പെടുക.  അമിതവണ്ണം, വ്യായാമക്കുറവ് തുടങ്ങിയവയാണ് ഇതിനു കാരണം. ശരീരഭാരത്തിന് പെട്ടെന്നു വ്യതിയാനം ഉണ്ടാകുന്ന വരിലാണ് ഇതു പ്രകടമാകുക.

∙ മദ്യപാനികളിൽ ഞരമ്പുകൾക്കു നാശം സംഭവിക്കുമ്പോൾ കൈകാലുകളിൽ മരവിപ്പും വേദനയും അനുഭവപ്പെടാം. ആൽക്കഹോൾ ഇൻഡ്യൂസ്ഡ് ന്യൂറോപ്പതി എന്ന ഈ അവസ്ഥയിൽ രോഗി ശരിയായി ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതു രോഗം വഷളാക്കാം.

shutterstock_559215100

വ്യായാമം പതിവാക്കാം

∙ കംപ്യൂട്ടർ ഉപയോഗിക്കുന്നവർക്കും ദീർഘനേരം എഴുതുന്നവർക്കും വിരലിലും മണിബന്ധത്തിലുമൊക്കെ വേദന അനുഭവപ്പെടാം. കൈകൾ കൊണ്ടു തുടര്‍ച്ചയായി ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ കൈകൾ സ്ട്രെച്ച് ചെയ്യുക. കൈപ്പത്തി നിവര്‍ത്തിയും മടക്കിയും വ്യായാമം ചെയ്യണം.

∙ രണ്ടു കൈയും മുന്നിലേക്ക് നീട്ടി കൈപ്പത്തി മു കളിലേക്കും താഴേക്കും ചലിപ്പിക്കുക. ഈ സമയത്ത് കൈപ്പത്തി തറയ്ക്ക് അഭിമുഖമായിരിക്കണം. കൈപ്പത്തികൾ ചേർത്തുവച്ച ശേഷം മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. അടുത്തതായി ‘ടാറ്റാ’ പറയും പോലെ ഇരുകൈപ്പത്തികളും ചലിപ്പിക്കുക. ഇ തു നീർവീക്കം വരുന്നതു തടയും.

∙ കൈപ്പത്തിക്കോ വിരലുകൾക്കോ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ അനക്കാതെ വയ്ക്കരുത്. മെല്ലെ ഇളക്കുന്നതും കൈകൾ കുടയുന്നതും നല്ലതാണ്.

∙ അധികനേരം നിന്നോ ഇരുന്നോ ജോലി ചെയ്യേണ്ടി വരുന്നവർ നടുവിന്റെയും വയറിന്റെയും മസിലുകൾക്ക് ബലം കിട്ടുന്ന എക്സർസൈസുകൾ ചെ യ്യണം. സിറ്റ് അപ്, പുഷ് അപ്, യോഗ എന്നിവ നല്ലതാണ്. അധികനേരം ഇരുന്നോ നിന്നോ ജോലി ചെയ്യുന്നവർ മണിക്കൂറിൽ ഒരിക്കൽ എന്ന ക്രമത്തിൽ അൽപം നടക്കുന്നതും നല്ലതാണ്.

∙ പെട്ടെന്ന് ചടുല ചലനങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് കോച്ചിപ്പിടുത്തവും തരിപ്പും പരിഹരിക്കാനുള്ള വഴി. കട്ടിലിൽ നിന്ന് എഴുന്നേറ്റാലുടൻ നടക്കാൻ ശ്രമിക്കാതെ അൽപനേരം ഇരുന്ന് കാലുകൾ റിലാക്സ് ചെയ്ത ശേഷം നടന്നു തുടങ്ങാം. രാത്രി തണുപ്പു കൂടുതലുണ്ടെങ്കിൽ കാലുകളിലും കാലുകളിലും സോക്സ് ധരിക്കാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ബീന വിജയൻ, അസോഷ്യേറ്റ് പ്രഫസർ ഇൻ ന്യൂറോളജി, ഗവ. മെഡിക്കൽ കോളജ്, കോട്ടയം.

Tags:
  • Health Tips
  • Glam Up