Tuesday 17 May 2022 12:46 PM IST : By സ്വന്തം ലേഖകൻ

പതിനഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയിച്ചു; സയാമീസ് ഇരട്ടകളായ യൂസഫും യാസിനും വേർപിരിഞ്ഞു, കുരുന്നുകൾക്ക് പുതുജീവൻ

yemen77778888

പതിനഞ്ചു മണിക്കൂർ നീണ്ട അതിസങ്കീർണമായ ശസ്ത്രക്രിയ വിജയിച്ചതോടെ സയാമീസ് ഇരട്ടകളായ യൂസഫും യാസിനും വേർപിരിഞ്ഞു. ഇനി ഇരുവരും ഒരേ മനസ്സോടെ രണ്ടു ശരീരങ്ങളായി ജീവിക്കും. യെമൻ സ്വദേശി മുഹമ്മദ് അബ്ദുൽ റഹ്മാന്റെ മക്കളായ സയാമീസ് ഇരട്ടകൾ യൂസഫിന്റെയും യാസിന്റെയും തലകൾ ഒട്ടിച്ചേർന്ന നിലയിലായിരുന്നു. ഇതാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയത്.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് റിയാദിലെ നാഷനൽ ഗാർഡിന് കീഴിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ശസ്ത്രക്രിയ നടത്തിയത്. റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെന്റർ സൂപർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുട്ടികൾക്ക് അതിസങ്കീർണമായ വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്തിയത്. 

saudi-operation.jpg.image.845.440

പീഡിയാട്രിക് ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, അനസ്തേഷ്യ എന്നിവയിലെ 24 വിദഗ്ധരും ശസ്ത്രക്രിയയ്ക്ക് കൂടെനിന്നു. ഡോ. മുതാസെം അൽ സൗബിയുടെ നേതൃത്വത്തിലുള്ള നഴ്‌സിങ്, ടെക്‌നീഷ്യൻമാരുടെ പങ്കാളിതത്തോടെ തുടർച്ചയായ 15 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയാണ് നടന്നത്. രക്തസ്രാവം വർധിച്ചതു കാരണം യാസിൻ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെങ്കിലും ശസ്ത്രക്രിയ വിജയകരമായെന്ന് ഡോക്ടർമാർ പറഞ്ഞു. 

23 രാജ്യങ്ങളിൽ നിന്നുള്ള 122ലേറെ സയാമീസ് ഇരട്ടകളെ സൗദിയിൽ വേർപെടുത്തിയിട്ടുണ്ട്. ഇരട്ടകളെ വേർതിരിക്കുന്ന പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയ മെഡിക്കൽ സർജിക്കൽ ടീമിന്റെ തലവനായ ഡോ. അബ്ദുല്ല അൽ റബിഅയ്ക്കും ആവശ്യമായ സഹായം നൽകിയ മെഡിക്കൽ ടീമിനും സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനും മാതാപിതാക്കൾ നന്ദി പറഞ്ഞു.

saudi-operation-new.jpg.image.845.440
Tags:
  • Health Tips
  • Glam Up