Tuesday 31 October 2023 01:52 PM IST

ഓട്ടിസം സ്പെക്ട്രം ഡിസോഡർ (ASD); അൽഫോൺസ് പുത്രൻ കരിയർ അവസാനിപ്പിക്കുന്നതെന്തിന്?

Santhosh Sisupal

Senior Sub Editor

alphonse-putran-autism-what-is-asd-cover

തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡർ (ASD) രോഗം ഉണ്ടെന്നു തിരിച്ചറിഞ്ഞതായും സിനിമാ കരിയർ അവസാനിപ്പിക്കുകയാണു എന്നുമുള്ള സംവിധായകൻ അൽഫോൺസ് പുത്രന്റെ കുറിപ്പു വൈറലാണ്. എന്നാൽ, കേരളത്തിലെ ആയിരക്കണക്കിനു ഓട്ടിസ്റ്റിക് ആയ കുട്ടികളുടെ രക്ഷാകർത്താക്കൾക്കും ആ കുട്ടികൾക്കും തെറപ്പിയും മറ്റും നൽകി ജീവിതത്തിലേക്കു മടക്കികൊണ്ടുവരാൻ ശ്രമിക്കുന്ന തെറപ്പിസ്റ്റുകളും സൈക്കോളജിസ്റ്റുകളും അൽഫോൺസ് പുത്രന്റെ കുറിപ്പിനെ ആശങ്കയോടെയാവും കാണുക. ‘‘എത്രയും വേഗം ഈ മാരക രോഗത്തിൽ നിന്നും രക്ഷപ്പെടട്ടെ’’ എന്നിങ്ങനെയുള്ള ചില കമന്റുകൾ കണ്ടപ്പോഴാണ് ആ കുറിപ്പ് ഓട്ടിസത്തെപ്പറ്റി സമൂഹത്തിൽ തെറ്റിധാരണ സൃഷ്ടിക്കാനുള്ള സാധ്യതയെപ്പറ്റി ചിന്തിച്ചത്.

ഒാട്ടിസം എന്നു വിളിക്കുന്ന അവസ്ഥയുടെ വൈദ്യനാമം മാത്രമാണ് ‘ഓട്ടിസം സ്പെക്ട്രം ഡിസോർഡർ’ അഥവാ എഎസ്ഡി. ഓട്ടിസം ബാധിച്ച രണ്ടുപേരിൽ ഒരിക്കലും ഒരേ തരം ലക്ഷണങ്ങളാവില്ല കാണുക. ഇങ്ങനെ ഒട്ടേറെ വ്യത്യസ്തമായ ലക്ഷണങ്ങളും സൂചനകളും ഉണ്ടായിരിക്കുന്നതിനാൽ ഓരോരുത്തർക്കും വ്യത്യസ്തമായ പിൻതുണയാണ് വേണ്ടിവരുക. അതിനാലാണ് ‘സ്പെക്ട്രം’ എന്ന വാക്കു ഉപയോഗിക്കുന്നത്. അല്ലാതെ ഓട്ടിസത്തിൽ നിന്നു വ്യത്യസ്തമായ ഒരു അവസ്ഥയോ, മാരക രോഗമോ അല്ല എഎസ്ഡി.

രോഗമല്ല ഓട്ടിസം

സത്യത്തിൽ ഇതൊരു രോഗമല്ല. മസ്തിഷകത്തിന്റെ പ്രവർത്തനപ്രശ്നങ്ങളാൽ രൂപപ്പെടുന്ന ഒരു വളർച്ചാ വൈകല്യം എന്നു പറയാം. മുടന്ത്, ഒരു രോഗമല്ലല്ലോ, വൈകല്യമല്ലേ, എന്നതുപോലെ. അതുകൊണ്ടുതന്നെ ഈ പ്രശ്നത്തിനു പൂർണമായ ഒരു പരിഹാരവുമില്ല.

alphonse-putran-autism-what-is-asd-concepts

വളർച്ചാ വൈകല്യമായതിനാൽ ശൈശവ ദശയിൽ തന്നെ ഈ പ്രശ്നം തിരിച്ചറിയാം. അങ്ങനെ തിരിച്ചറിഞ്ഞാൽ ഓട്ടിസത്തിന്റെ തീവ്രതയനുസരിച്ചുള്ള വിവിധ പരിഹാരപരിശീലനങ്ങളും ചിലപ്പോൾ വൈകാരിക നിയന്ത്രണത്തിനു അത്യാവശ്യം മരുന്നുകളും ഉപയോഗിച്ചെന്നു വരും. അല്ലാതെ ഓട്ടിസം മാറ്റാൻ മരുന്നോ ചികിത്സയോ ഇല്ല. നല്ലൊരു വിഭാഗം കുട്ടികളിലും ഏതാനും വർഷത്തെ പരിശീലനമോ ഇടപെടലുകളോ കൊണ്ടുതന്നെ കാര്യമായ മാറ്റം ഉണ്ടാക്കാനും സാധിക്കും.

ഹൈഫങ്ഷനിങ് ഓട്ടിസം

വളരെ ചെറിയ തോതിലുള്ള ഓട്ടിസ്റ്റിക് അവസ്ഥകൾ അറിയാതെ പോകാറുണ്ട്. പ്രത്യേകിച്ചും ഉയർന്ന ഐക്യു ഉള്ള കുട്ടികളിൽ ഓട്ടിസമുണ്ടെങ്കിൽ ഏതാണ്ടു സാധാരണമായ പെറുമാറ്റവും ശീലങ്ങളും കാണും. ഹൈഫങ്ഷനിങ് ഓട്ടിസം എന്നറിയപ്പെടുന്ന ഈ അവസ്ഥയിലായിരുന്നതിനാലാകാം അൽഫോൺസ് പുത്രനും കുട്ടിക്കാലത്ത് ഓട്ടിസം അറിയാതെ പോയത്. ആ കുട്ടികൾ മുതിരുമ്പോഴും പെരുമാറ്റരീതികളിലോ മറ്റോ ചില പ്രശ്നങ്ങൾ കാണാം. മുതിർന്നു കഴിഞ്ഞ ശേഷം ഓരാൾ ഓട്ടിസമുണ്ട് എന്നു സാധാരണ തിരിച്ചറിമ്പോഴാണ് അഡൽട്ട് ഓട്ടിസമെന്നു പറയുക. പലപ്പോഴും വല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴാണ് ഈ ലക്ഷണങ്ങൾ മുതിർന്നവരിൽ പ്രകടമാവുക.

ഏതെങ്കിലും ഒരു രക്ത പരിശോധനകൊണ്ടോ സ്കാനിങ്ങുകൾ കൊണ്ടോ ഓട്ടിസം നിലവിൽ നിർണയിക്കാനാവില്ല. എന്നാൽ ഓട്ടിസം സ്വയം തിരിച്ചറിയാൻ സഹായിക്കുന്ന ചോദ്യാവലികൾ ക്വിസ് രൂപത്തിൽ ഓൺലൈനിൽ ലഭ്യമാണ്. ആ രീതിയിലാവണം അൽഫോൺസ് പുത്രൻ തനിക്ക് ഓട്ടിസം ഉണ്ടെന്നു കണ്ടെത്തിയത്.

പൊതുവായ ഓട്ടിസം ലക്ഷണങ്ങൾ:

alphonse-putran-autism-what-is-asd

∙ പൊതുവായ ചർച്ചകളിൽ സജീവമായി ഇടപെടാനുള്ള പ്രയാസം

∙ മറ്റുള്ളവരുടെ ചിന്തകളേയോ വൈകാരികാനുഭവങ്ങളേയോ മനസിലാക്കാനുള്ള പ്രയാസം

∙ മറ്റുള്ളവരുടെ ശരീരഭാഷ, ഭാവമാറ്റം എന്നിവ മനസിലാക്കുന്നതിലെ പാകപ്പിഴ.

∙ സംസാരത്തിൽ വൈകാരികത പ്രതിഫലിപ്പിക്കാനുള്ള കഴിവില്ലായ്മ.

∙ ഭാഷാ പ്രയോഗങ്ങളിലോ ശൈലികളിലോ മറഞ്ഞിരിക്കുന്ന അർഥം മനസിലാക്കാനുള്ള പ്രയാസം.

∙ മറ്റുള്ളവരുടെ കണ്ണുകളിൽ നോക്കി സംസാരിക്കാനുള്ള പ്രയാസം

∙ കൂട്ടുകാരോടായാലും വീട്ടുകാരോടായാലും മറ്റു ആരോടായാലും ഓരേ ടോണിൽ സംസാരിക്കാനുള്ള പ്രവണത.

∙ വളരെ ശാന്തമായിരിക്കുന്ന ഒരു സ്ഥലത്ത് പോലും അപ്രതീക്ഷിതമായി ഒരു ശബ്ദമുണ്ടാക്കാനുള്ള താല്പര്യം.

∙ സ്വന്തം വികാരങ്ങൾക്കനുസൃതമായുള്ള പെരുമാറ്റങ്ങളെ നിയന്ത്രിക്കാനുള്ള കഴിവു കുറവ്.

∙ നിത്യ ശീലങ്ങൾക്കു മുടക്കം വന്നാൽ അസാധാരണമാം വിധമുള്ള ഭാവമാറ്റം

∙ സ്വന്തം സാധനങ്ങൾ മറ്റാരെങ്കിലും മാറ്റുകയോ സ്ഥാനം മാറിയിരിക്കുകയോ ചെയ്താൽ മാനസിക വിക്ഷോഭം

∙ ആവർത്തിതമായ ചില ശീലങ്ങളും പെരുമാറ്റങ്ങളും

∙ ഇഷ്ടമുള്ള ചില പ്രത്യേക മേഖലകളിൽ അസാധാരണമായ താൽപര്യം

∙ വേദന, സപർശനം, ശബ്ദം, ഗന്ധം തുടങ്ങിയവയോട് അസാധാരണമായ പ്രതികരണമോ പ്രതികരണമില്ലായ്മയോ

∙ മറ്റുള്ളവരോട് ഇടപഴകുന്നതിനേക്കാൾ തനിച്ചിരിക്കനോ തന്നോടുതന്നെ കളിക്കനോ ഉള്ള പ്രവണത.

കുട്ടിക്കാലത്ത് ഈ ലക്ഷണങ്ങൾ കാര്യമായി പ്രകടമാകാതെ പോകുമ്പോഴാണ് ഓട്ടിസം അറിയാതെ പോകുക. മുതിർന്നവരിൽ ഓട്ടിസം ലക്ഷണങ്ങൾ തിരിച്ചറിയാൻ കൂടുതൽ പ്രയാസമാണ്. പലപ്പോഴും സ്വഭാവമായോ വ്യക്തിത്വത്തിന്റെ പ്രത്യേകതയായോ ഒക്കെയാവും അതു മറഞ്ഞിരിക്കുക. മുതിർന്നു കഴിയുമ്പോൾ, മറ്റുള്ളവരുടെ കാഴ്ചപ്പാടിലുള്ള താൽപര്യക്കുറവ്, ആത്മാർഥമായ സൗഹൃദം നിലനിർത്തിപ്പോരാനുള്ള കഴിവില്ലായ്മ തുടങ്ങിയവ ഓട്ടിസം ലക്ഷണമായി കാണാറുണ്ട്. അതുപോലെ മേൽപറഞ്ഞലക്ഷണങ്ങളിൽ ചിലതെങ്കിലും കണ്ടേക്കും. അതിനാൽ അഡൽറ്റ് ഓട്ടിസം നിർണയത്തിനും വിദഗ്ധ സഹായം ആവശ്യമാണ്.

അൽഫോൺസ് പുത്രാ.. മുന്നോട്ട്

alphonse

ലക്ഷണങ്ങളിൽ ചിലതെങ്കിലും സംവിധായകൻ അൽഫോൺസ് പുത്രനു സ്വയം തിരിച്ചറിയാൻ കഴിഞ്ഞതുകൊണ്ടാവാം തനിക്കു എഎസ്ഡി ഉണ്ടെന്നു വെളിപ്പെടുത്തിയത്. എന്നാൽ, സങ്കീർണമായ തൊഴിൽ മേഖലയായ തിയറ്റർ കരിയറിൽ അദ്ദേഹം നിലവിൽ എത്തിപ്പിടിച്ച നേട്ടങ്ങൾ ആസൂയാർഹമാണ്. അവയൊക്കെ നേടയതും അദ്ദേഹത്തിനു എഎസ്ഡി ഉണ്ടായിരുന്ന കാലത്തു തന്നെയാണ് എന്ന് ഓർക്കുക. അല്ലാതെ എഎസ്ഡി പെട്ടന്നു വന്നു ചേർന്ന രോഗമല്ല. എന്നാൽ, ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നതുകൊണ്ടുമാത്രം തിയറ്റർ കരിയർ ഉപേക്ഷിക്കുന്നു എന്നു ചിന്തിക്കുന്നത് അറിവില്ലായ്മകൊണ്ടോ ശരിയായ മാർഗ നിർദേശം ലഭിക്കത്തതുകൊണ്ടോ ആയിരിക്കും.

ഓട്ടിസം ബാധിച്ച ആയിരക്കണക്കിനു കുട്ടികൾക്കു അവരുടെ മാതാപിതാക്കൾ വലിയൊരു പ്രതീക്ഷയാണ്, ഓട്ടിസം ഉണ്ടായിരുന്ന ഓരാൾക്ക് ഇത്രയും നല്ലൊരു സംവിധായകനായി വളരാൻ കഴിഞ്ഞു എന്നത്. അൽഫോൺസ് പുത്രന് ഓട്ടിസം ഉണ്ട് എന്ന തിരിച്ചറിവ്, അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കു തിളക്കം കൂട്ടുന്നതേയുള്ളൂ. ഇനി അൽഫോൺസ് പുത്രൻ ചെയ്യേണ്ടത്, തന്റെ പെരുമാറ്റത്തിലോ സ്വഭാവത്തിലോ പ്രകടമാകുന്ന ചില പ്രശ്നങ്ങളെങ്കിൽ ഓട്ടിസത്തിന്റേതാണ് എന്ന തിരിച്ചറിവോടെ, അവയെ നിയന്ത്രിക്കാനാവശ്യമായ മനശ്ശാസ്ത്ര സഹായമോ പരിശീലങ്ങളോ സ്വീകരിച്ച്, മികച്ച സിനിമകൾ നിർമിക്കുകയെന്നതാണ്...

വാൽക്കഷണം:

സിനിമാ ലോകത്തു പലപ്പോഴും കാണുന്ന പോലെ, അൽഫോൺസ് പുത്രന്റെ വരാനിരിക്കുന്ന ‘ഗിഫ്റ്റ്’ സിനിമയുടെ പ്രമോഷനുകളുെട ഭാഗമായി അദ്ദേഹം പറഞ്ഞതായിരിക്കില്ല ഈ ‘‘എഎസ്ഡി’’ പോസ്റ്റ് എന്നും ആഗ്രഹിക്കാം.

(മനോരമ ആരോഗ്യം പത്രാധിപസമിതി അംഗവും പൊസിറ്റീവ് സൈക്കോളജിസ്റ്റുമാണ് ലേഖകൻ)