Friday 12 January 2018 12:17 PM IST : By സ്വന്തം ലേഖകൻ

പങ്കാളി അവഗണിച്ചാൽ?

couple

നല്ല വിദ്യാഭ്യാസമുള്ള യുവതിയാണ് യമുന. പ്രായം 25. പോസ്റ്റ് ഗ്രാജുവേഷൻ റാങ്കോടു കൂടി പാസ്സായി. ഉയർന്ന ഉദ്യോഗമുള്ള മാതാപിതാക്കളുടെ രണ്ടു മക്കളിൽ മൂത്തയാളാണ് അവൾ. പിജി കഴിഞ്ഞയുടൻ തന്നെ യമുനയുടെ വിവാഹവും നടത്തി. വിദേശത്ത് നല്ല ജോലിയുള്ള സുമുഖനും സമ്പന്നനുമായ ശങ്കറായിരുന്നു വരൻ. നല്ല കുടുംബം. ഒരു ജോലി യമുനയുടെ സ്വപ്നമായിരുന്നു. സാമ്പത്തികമായും കുടുംബപരമായും നല്ലൊരു ആലോചന വന്നപ്പോൾ വിവാഹത്തിനു സമ്മതം മൂളിയതായിരുന്നു അവൾ. പെണ്ണു കാണൽ ചടങ്ങിനു ശങ്കർ വന്നപ്പോള്‍ തന്നെ ജോലിക്കു പോകാൻ അനുവദിക്കണമെന്ന ഒറ്റ കാര്യമേ യമുന ആവശ്യപ്പെട്ടുള്ളു. ശങ്കർ സമ്മതിക്കുകയും ‍ചെയ്തു. അങ്ങനെയാണ് വിവാഹം നടന്നത്. വിവാഹശേഷം ശങ്കർ യമുനയെ വിദേശത്തു കൊണ്ടു പോയി. എന്നാൽ അവിടെ എത്തിയതോടെ കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു.

അവഗണന നേരിട്ട്, ഒറ്റപ്പെട്ട്

ജോലിക്കു ശ്രമിക്കാൻ യമുനയെ ശങ്കർ അനുവദിച്ചില്ല. തന്റെ കാര്യങ്ങൾ നോക്കാൻ ജോലിക്കാരിയെ പോലൊരു ഭാര്യയായിരുന്നു ശങ്കറിന് ആവശ്യം. അതുമാത്രമല്ല യമുനയെ തളർത്തിയത്. ശങ്കറിന്റെ സ്വഭാവദൂഷ്യങ്ങളും യമുനയെ അസ്വസ്ഥയാക്കി. മദ്യത്തിലും സ്ത്രീകളിലും അടിമയായിരുന്നു ശങ്കര്‍. ഓഫീസിലും പുറത്തും ധാരാളം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. എന്നും മദ്യപിക്കും. ചിലപ്പോൾ സുഹൃത്തുക്കളെയും കൂട്ടി വീട്ടില്‍ വന്നായിരുന്നു മദ്യപാനസദസ്സ്. സുഹൃത്തുക്കൾക്കു വേണ്ടി പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കുക, മദ്യപിച്ച്, ലക്കുകെട്ട കൂട്ടുകാരുടെ ഛ‍ർദിലിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കുക തുടങ്ങിയവയാണ് ശങ്കർ ഭാര്യയ്ക്കു നൽകിയ ഉത്തരവാദിത്തങ്ങള്‍. കൂട്ടുകാരുമൊത്ത് ദിവസങ്ങൾ നീളുന്ന വിനോദയാത്രകളും ശങ്കറിനു ഹരമായിരുന്നു. യാത്ര പോകുമ്പോഴാകട്ടെ മൊബൈൽ ഫോൺ ഓഫ് ചെയ്തു വയ്ക്കും. എവിടെ പോയെന്നോ എന്നു വരുമെന്നോ അറിയാതെ ദിവസങ്ങളോളം യമുന ഫ്ലാറ്റിൽ ഒറ്റയ്ക്കു കഴിയും. ഭാര്യ എന്ന നിലയിലുള്ള ഒരു പരിഗണനയും ശങ്കർ യമുനയ്ക്കു നൽകിയിരുന്നില്ല. ലൈംഗികബന്ധം പേരിനു മാത്രമായിരുന്നു. പോൺ സൈറ്റുകൾ കാണാനായിരുന്നു ശങ്കറിനു താൽപര്യം. ഇതിനിടെ ഒരു കുഞ്ഞു പിറന്നു.

കുഞ്ഞിന്റെ ജനനശേഷമെങ്കിലും ശങ്കറിനു മാറ്റമുണ്ടാകുമെന്ന് യമുന കരുതി. പക്ഷേ ഒന്നും മാറിയില്ല. ശങ്കറിന്റെ അവഗണനയും കുഞ്ഞിന്റെ ഉത്തരവാദിത്തവും കൂടിയപ്പോൾ യമുന വല്ലാതെ തളർന്നു. ഉറക്കകുറവ്, വിഷാദം, മറവി, ആത്മഹത്യാവിചാരം തുടങ്ങിയ പ്രശ്നങ്ങൾ യമുനയെ അലട്ടാൻ തുടങ്ങി. ഇതിനിടെ ഉറക്കത്തിനിടെ ഒരു പുരുഷനുമായി സ്നേഹത്തിലാവുന്നതും ശാരീരികബന്ധത്തിലേർപ്പെടുന്നതും യമുന സ്വപ്നം കാണാൻ തുടങ്ങി. രാവിലെ എണീക്കുമ്പോൾ ഇത്തരത്തിൽ ഒരു സ്വപ്നം കണ്ടതോർത്തു യമുന പ്രയാസപ്പെട്ടു. ഭർത്താവ് ജീവിച്ചിരിക്കെ സ്വപ്നത്തിൽ ആണെങ്കിലും മറ്റൊരു പുരുഷനെ കാമിച്ചതോർത്തുള്ള പശ്ചാത്താപം അവളെ അലട്ടാൻ തുടങ്ങി. അതിനു പ്രായശ്ചിത്തമെന്നോളം അടുത്തുള്ള ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥിക്കാൻ യമുന പോയി. പ്രാർത്ഥനയ്ക്കു ശേഷം ആശ്വാസം ലഭിച്ചെങ്കിലും ഹിന്ദുവായ താന്‍ ക്രിസ്ത്യൻ പള്ളിയിൽ പോയതു ശരിയായില്ലെന്നും ആരെങ്കിലും പറഞ്ഞ് വീട്ടുകാർ ഇതറിഞ്ഞാൽ അവർക്കു നാണക്കേടുണ്ടാകുമെന്നും ഓർത്ത് മനസ്സ് നീറാൻ തുടങ്ങി. ഇതെല്ലാം കൂടി ആയപ്പോൾ യമുനയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയാതെയായി. അങ്ങനെ യമുന കുഞ്ഞിനെയും കൊണ്ട് നാട്ടിലെത്തി. ശങ്കറുമൊത്തുള്ള ജീവിതത്തിന്റെ യാഥാർഥ്യം വീട്ടുകാരിൽ നിന്നു മറച്ചുപിടിച്ചിരിക്കുകയായിരുന്നു യമുന. നാട്ടിലെത്തിയ ശേഷം അവൾ എല്ലാം വീട്ടുകാരെ അറിയിച്ചു. വീട്ടുകാരാണ് യമുനയെ എന്റെ പക്കൽ കൊണ്ടുവന്നത്.

തിരിച്ചുപിടിച്ച ദാമ്പത്യം

യമുനയ്ക്ക് വിഷാദമകറ്റാനുള്ള കോഗ്‌നിറ്റീവ് തെറപ്പി നൽകി. പിന്തുണ നൽകുന്ന സപ്പോർട്ടീവ് കൗൺസലിങ്ങും. ശങ്കറിന്റെ വീട്ടുകാരെ വിവരങ്ങൾ അറിയിച്ചിരുന്നു. അവരു മുഖേന നാട്ടിലെത്താൻ ശങ്കറിനോട് ആവശ്യപ്പെട്ടു. ശങ്കറിന്റെ പ്രശ്നങ്ങൾക്കും കൗൺസലിങ് ആവശ്യമായിരുന്നു. ഏകദേശം ഒരു മാസത്തെ കൗൺസലിങ്ങിനു ശേഷം താൻ ചെയ്ത തെറ്റുകളുടെ ആഴം ശങ്കറിനു ബോധ്യമായി. ഭാര്യ, വ്യക്തി എന്നീ നിലകളിലുള്ള പരിഗണന യമുനയ്ക്കു നൽകാൻ തുടങ്ങി. യമുനയെ ജോലിക്കു വിടാനും സമ്മതിച്ചു. ആറു മാസത്തോളം യമുന എന്റെ പക്കൽ ചികിത്സയ്ക്കു വന്നു. തുടർന്ന് വിദേശത്തേക്ക് തിരിച്ചുപോയി. പാർട്ട് ടൈമായി ജോലിയും ലഭിച്ചു. സംഗീതത്തിൽ താൽപര്യമുണ്ടായിരുന്ന യമുന അവിടുത്തെ സംഗീത ക്ലബുമായി സഹകരിക്കുകയും നല്ല സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തു. ശങ്കറും തന്റെ പഴയ ജീവിതശൈലിയിൽ നിന്നു മാറി. സുഹൃത്തുക്കളുമായി കമ്പനി കൂടാറുണ്ടെങ്കിലും അവരെ വീട്ടിലേക്ക് ക്ഷണിക്കാറില്ല. യാത്രയ്ക്കു പോയാലും യമുനയെ കൃത്യമായി ഇപ്പോൾ ഫോണിൽ ബന്ധപ്പെടും.

പങ്കാളികൾ ഓർത്തുവയ്ക്കാൻ

∙ ഭർത്താവിന് എത്ര തിരക്കുണ്ടായാലും ഭാര്യയ്ക്കായി സമയം നീക്കിവയ്ക്കാൻ ശ്രമിക്കണം. ഭാര്യയാണ് ഉദ്യോഗസ്ഥയെങ്കിലും ഇതു ബാധകമാണ്. പങ്കാളിക്ക് അവർ അർഹിക്കുന്ന ഇടം മനസ്സിലും വീട്ടിലും നൽകണം.

∙ ഭാര്യയ്ക്കു ഭർത്താവിൽ നിന്നു കിട്ടുന്ന സ്നേഹവും കരുതലും വിലപ്പെട്ടതാണ്. അതു നൽകാൻ മറക്കുന്നത് സ്ത്രീകളുടെ മനസ്സിനെ അപകടാവസ്ഥയിലേക്ക് നയിക്കും.

∙ പങ്കാളികൾ തമ്മിൽ തുല്യതാബോധവും സഹവർത്തിത്വവും ഉണ്ടകണം.

∙ പങ്കാളികൾ തമ്മിൽ പ്രശ്നം ഉടലെടുത്താൽ അതു വഷളാകാൻ നിൽക്കാതെ ആദ്യഘട്ടത്തിൽ തന്നെ വീട്ടുകാരെ അറിയിക്കുക. പ്രത്യേകിച്ച് വിദേശത്താണ് വാസമെങ്കിൽ.

ഡോ. കെ. ഗിരീഷ്
അസിസ്റ്റന്റ് പ്രഫസർ
ക്ലിനിക്കൽ സൈക്കോളജി
മെഡിക്കൽകോളജ്, തിരുവനന്തപുരം