Wednesday 23 November 2022 12:09 PM IST : By സ്വന്തം ലേഖകൻ

മുഖക്കുരു ഇടയ്ക്കിടെ അലട്ടുന്നുണ്ടോ, താരനും മുടികൊഴിച്ചിലുണ്ടോ? പേരയുടെ തളിരില കൊണ്ട് ഉണ്ടൊരു മാജിക്

guava

മുടി കൊഴിയുന്നല്ലോ എന്നു പറഞ്ഞാൽ തൊടിയിൽ നിന്നു കറിവേപ്പില പറിച്ചെടുത്ത് എണ്ണ കാച്ചി തരും മുത്തശ്ശിമാർ. മുഖത്ത് പാടുകൾ ക ണ്ടാൽ തുളസിനീര് പുരട്ടിയാൽ മതിയെന്ന് ചോദിക്കാതെ തന്നെ പറയും.

മുറ്റത്ത് ഇല വിരിച്ച, ഈ മരുന്നുകൂട്ടുകൾ മതി ഇപ്പോഴും സൗന്ദര്യം പരിപാലിക്കാൻ. മുഖകാന്തിയും മുടിയുടെ ആരോഗ്യവും വർധിപ്പിക്കാൻ സഹായിക്കുന്ന പൊടിക്കൈകൾ പരിചയപ്പെടാം.

ഏതു സൗന്ദര്യക്കൂട്ട് പരീക്ഷിക്കും മുൻപും പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണെന്നു മറക്കേണ്ട.

പേരയില

മുഖകാന്തിക്ക്

∙ പൊട്ടാസ്യവും ആന്റി ഓക്സിഡന്റ്സും നിറഞ്ഞ പേരയില ചർമത്തിനും മുടിക്കും ഒരുപോലെ നല്ലതാണ്. പേരയുടെ തളിരിലകൾ അരച്ചെടുത്ത് മുഖത്തണിഞ്ഞ് പൂർണമായി ഉണങ്ങും മുൻപ് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീതം ഒരു മാസം ചെയ്താൽ ചർമത്തിന്റെ നിറം മാറ്റം പോലുള്ള പ്രശ്നങ്ങൾ മാറും.

∙ മുഖക്കുരു ഇടയ്ക്കിടെ അലട്ടുന്നുണ്ടോ? പേരയുടെ തളിരിലയും ആര്യവേപ്പിലയും സമമെടുത്ത് ഒരു ചെറിയ കഷണം പച്ചമഞ്ഞൾ ചേർത്ത് അരയ്ക്കുക. മുഖക്കുരുവും മുഖത്തെ പാടുകളും മാറാൻ വളരെ നല്ലതാണ് ഈ പാക്ക്.

മുടിയഴകിന്

∙ ഒരു പിടി പേരയില വെള്ളത്തിലിട്ട് തിളപ്പിക്കുക. തി ള വന്നശേഷം മൂടി വച്ച് 10 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. ചൂടാറിയശേഷം ഇല അരിച്ചു മാറ്റി, വെള്ളം തലയിൽ പുരട്ടാം. ഒരു സ്പ്രേ ബോട്ടിലിലാക്കി മുടിയിലേക്ക് സ്പ്രേ ചെയ്താലും മതി.

∙ പേരയുടെ 15 തളിരിലയും അഞ്ചു ചുവന്നുള്ളിയും അരച്ച് അരിച്ചെടുത്ത് വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടാം. താരനകലും, മുടി വളരും.

പുതിനയില

മുഖകാന്തിക്ക്

∙ ചർമം കൂൾ ആക്കും ഈ ഫെയ്സ് പാക്. ഒരു പിടി പുതിനയിലയും രണ്ടു കഷണം കുക്കുമ്പറും കാൽ ചെറിയ സ്പൂൺ തേനും ചേർത്ത് അരച്ച് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

∙ പുതിനയില പിഴിഞ്ഞ് നീരെടുക്കുക. ഇതിൽ ഒരു വൈറ്റമിൻ ഇ ഗുളിക പൊട്ടിച്ചൊഴിച്ച് മുഖത്ത് അണിയാം. മുഖത്തിന് തുടിപ്പു കിട്ടാൻ ഈ നുറുങ്ങുവിദ്യ സഹായിക്കും.

∙ 10–12 പുതിനയില അരച്ചെടുക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ നാരങ്ങാനീര് ചേർത്തു യോജിപ്പിച്ച് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുഖക്കുരുവും പാടുകളും മായും.

അമ്മു ജൊവാസ്

വിവരങ്ങൾക്കു കടപ്പാട് :

ഡോ. വർഷ മോഹൻ,

ദുർഗ ആയുർവേദിക്സ്, തിരുവല്ല