Monday 16 November 2020 02:38 PM IST : By സ്വന്തം ലേഖകൻ

വെളുക്കാന്‍ മരുന്നുണ്ട്, പക്ഷേ ലഭിക്കുന്നത് പല തരത്തിലുള്ള ഫലങ്ങളാകും; പാർലറിലേക്ക് പോകുംമുമ്പ്

treatments

കണ്ണാടിയിൽ നോക്കി സൗന്ദര്യം ആസ്വദിക്കുകയോ സൗന്ദര്യത്തെക്കുറിച്ചു വ്യാകുലപ്പെടുകയോ ചെയ്യാത്ത ആരുണ്ടാകും? മൂക്ക് അൽപം കൂടി നേരെയായിരുന്നെങ്കിൽ, നിറം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നിങ്ങനെ പലതരം ചിന്തകളാണ്. കാലം മാറിയതോടെ സൗന്ദര്യസങ്കൽപങ്ങളും അതിനായുള്ള മാർഗങ്ങളും മാറി. െെവദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ സൗന്ദര്യസംരക്ഷണത്തിനും സൗന്ദര്യവർധനയ്ക്കുമുള്ള നൂതന ചികിത്സാരീതികൾ ഏറെയുണ്ട്.

സൗന്ദര്യചികിത്സ തേടുമ്പോൾ

സൗന്ദര്യ ചികിത്സയിൽ വേണ്ടത്ര യോഗ്യതകൾ ഉള്ള കോസ്മറ്റിക് ഡെർമറ്റോളജിസ്റ്റിനെയാണ് ആദ്യം സമീപിക്കേണ്ടത്. പക്ഷേ, ഇന്നു ഡോക്ടർമാർ അല്ലാത്തവർപോലും ഇത്തരം ചികിത്സകൾ ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി അലർജി മുതലുള്ള പാർശ്വഫലങ്ങളോ മറ്റ് സങ്കീർണതകളോ വരാനുള്ള സാധ്യത കൂടുതലാണെന്നുമാത്രമല്ല അതു പിന്നീട് കൈകാര്യചെയ്യാൻ കഴിയാതെയും വരും. അതിന്റെ ഫലം ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരുമിച്ചുള്ള നഷ്ടമാണ്. കൂണുപോലെ പൊങ്ങുന്ന പല പാർലറുകളും ക്ലിനിക്കുകളും തെറ്റായരീതിൽ വിവിധ ചികിത്സകൾ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിരിക്കുക.

വെളുക്കാൻ നല്ല വഴിയുണ്ട്

നാം എങ്ങനെ കാണപ്പെടണം എന്നത് ഒാരോ വ്യക്തിയുടെയും തികച്ചും വ്യക്തിപരമായ ആഗ്രഹമോ വാസനയോ ആണ്. അത് ഒരിക്കലും മറ്റുള്ളവർക്ക് നമ്മളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അനുസരിച്ചാവരുത്. കറുപ്പുനിറം വ്യാകുലപ്പെടുത്തുന്നവർക്ക് നിറം വർധിപ്പിക്കാൻ കെമിക്കൽ പീലിങ്ങും ലേസർ ട്രീറ്റ്മെന്റും തുടങ്ങി ഗ്ലൂട്ടാത്തയോൺ അടങ്ങിയ വിവിധതരം മരുന്നുകളും കുത്തിവയ്പുകളുമെല്ലാം ലഭ്യമാണ്. പക്ഷേ, വെളുക്കുന്നതുകൊണ്ടു മാത്രം പലപ്പോഴും നമ്മുടെ പ്രശ്നങ്ങൾ അവസാനിക്കാറില്ലല്ലോ? െവറുതെ വെളുക്കുന്നതിനെക്കാൾ കലകളും പാടുകളും ഇല്ലാത്ത തെളിമയുള്ള ചർമം ഉണ്ടാവുക എന്നതാണ് പ്രധാനം.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത്തരം ചികിത്സകൾ ചെയ്യാം. ഒാരോരുത്തരുടെയും ആവശ്യമനുസരിച്ച് വിവിധതരം കെമിക്കൽ പീലിങ്ങുകളോ, ലേസർ ടോണിങ് ചികിത്സകളോ, ക്രീമുകളോ, ഗുളികകളോ, ഇൻജക്‌ഷനുകളോ തിരഞ്ഞെടുക്കാം. ഇവ എത്രകാലം എങ്ങനെ ഉപയോഗിക്കണമെന്നത് ഒാേരാരുത്തരുടെയും ചർമപ്രകൃതത്തിനനുസരിച്ചു വ്യത്യാസപ്പെടും.

ചർമത്തിനു നിറം നൽകാൻ ഉപയോഗിക്കുന്ന ഗ്ലൂട്ടാത്തയോൺ അടങ്ങിയ മരുന്ന് പലരിലും പലതരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാക്കുക എന്നു മനസ്സിലാക്കിയിരിക്കണം. ചിലർ വെളുക്കാം. ചിലരിൽ വലിയ വ്യത്യാസമൊന്നും കാണില്ല. അത് അവരുടെ ശരീരത്തിലെ മെറ്റബോളിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഏത് അളവിൽ എത്ര നാൾ ചികിത്സ ചെയ്യേണ്ടിവരും എന്നത് ഒാേരാ വ്യക്തിക്കും അനുസരിച്ചു വ്യതിയാനപ്പെടാം. അതിനാൽ ഇത്തരം മരുന്നുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഒരുകാരണവശാലും ഉപയോഗിക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. മീര ജെയിംസ്

കൺസൽറ്റന്റ്
കോസ്മറ്റിക്
ഡെർമറ്റോളജിസ്റ്റ്,
ബോ ഏസ്തെറ്റികാ കോസ്മറ്റിക്
ഡെർമറ്റോളജി ക്ലിനിക്,  എറണാകുളം, കൊച്ചി