Thursday 20 August 2020 11:40 AM IST

പ്രായം കൂടുമ്പോൾ ചർമത്തിൽ ചുളിവുകൾ വരും, സ്കിൻ തൂങ്ങും; ദീർഘകാലം ഭംഗി നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

Sreerekha

Senior Sub Editor

Link-Between-Sleep-Immunity

പ്രായം കൂടുന്തോറും നമ്മുടെ ചർമത്തിന്റെ അഴകു നഷ്ടപ്പെടുന്നതെന്തുകൊണ്ടാണെന്നറിയുമോ? കൊളാജൻ ഫൈബർ കുറയുന്നതും ഡീഹൈഡ്രേഷനും ആണ് കാരണം. ഇതുകൊണ്ടാണ് പ്രായം ചെല്ലുമ്പോൾ ത്വക്ക് തൂങ്ങുന്നത്. പ്രായം ചെല്ലുമ്പോൾ ചർമത്തിൽ ചുളിവുകൾ വരും. സ്കിൻ തൂങ്ങും. പ്രായം ചെല്ലുമ്പോൾ ത്വക്കിൽ വെള്ളത്തിന്റെ അംശം കുറയും. ഇതെല്ലാം ചർമ ഭംഗിയെ കെടുത്തുന്നു. പ്രായത്തെ തോൽപിക്കാനും ചർമത്തിന്റെ ഭംഗി ദീർഘകാലം നിലനിർത്താനും ഈ കാര്യങ്ങൾ പാലിക്കാം. 

∙ സോപ്പ് തേച്ചു കുളിക്കുന്നതിനു മുൻപായി കുറച്ച് എണ്ണ ശരീരത്തിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കുളിക്കുന്നത് നല്ലതാണ്. ഓയിൽ ശരീരത്തിൽ സംരക്ഷണ കവചം ആയി നിൽക്കും. പെട്ടെന്ന് ശരീരത്തെ ഡ്രൈ ആക്കില്ല.

∙  സോപ്പ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. ആൽക്കലൈൻ  അളവു കുറഞ്ഞ സോപ്പ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സോപ്പിന്റെ പി. എച്ച് ബാലൻസ് നോക്കണം. 5.5 കഴിഞ്ഞാൽ ആൽക്കലൈൻ അളവു കൂടും. സ്കിൻ ഡ്രൈ ആക്കും. ഗ്ലിസറിൻ സോപ്പ് ആണ് ചർമത്തിനു നല്ലത്.

∙ മുഖത്ത് സോപ്പ് തേക്കരുത്. മുഖത്ത് എപ്പോഴും ഫേയ്സ് വാഷ് മാത്രം ഉപയോഗിക്കുക കാരണം, ഫേയ്സ് വാഷ് എപ്പോഴും പി. എച്ച് ബാലൻസ് നിയന്ത്രിച്ചുള്ള ഉൽപന്നമായിരിക്കും. 

∙ മുഖത്തെ ചർമ തൂങ്ങുന്നതു തടയാൻ വീട്ടിൽ തന്നെ സൗന്ദര്യ പരിചരണം ചെയ്യാം. മുട്ടയുടെ വെള്ള പായ്ക്ക്ആയി മുഖത്തിടാം.

∙ മുട്ട വെള്ളയുടെ കൂടെ ഗോതമ്പ് പൊടിയും തേനും ചേർത്ത് പാക്ക് ആക്കി മുഖത്ത് ഇടുന്നതും ചുളിവുകൾ അകറ്റാൻ നല്ലതാണ്.   

∙ മുഖത്തെ ചർമം തൂങ്ങുമ്പോൾ അവിടെ അമിതമായ പിഗ്മെന്റേഷൻ വരികയും അവിടെ കൂടുതൽ കറുപ്പ് വരികയും ചെയ്യും. അത് തടയാനും സാഗ് ചെയ്യാതിരിക്കാനും  ടൈറ്റനിങ് മാസ്ക്  ഇടാം. ഇത് ഒന്നിടവിട്ട ദിവസങ്ങളിൽ ഇടാം. ടൈറ്റനിങ് മാസ്ക് ആയി വാങ്ങാൻ കിട്ടും.  

 ∙ തിളപ്പിക്കാത്ത പാലും റോസാപ്പൂവിതളും കുറച്ച് തേൻ കൂടി ചേർത്ത് അരച്ച് മുഖത്ത് ഇടാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ  ഇടാവുന്നതാണ്. തേൻ മുഖത്തിന് മോയിസ്ചറൈസേഷൻ തരുന്നു. 

∙ ചർമത്തിന്റെ സൗന്ദര്യം കാക്കാൻ ഏറ്റവും പ്രധാനമാണ് സൺ സ്ക്രീൻ ലേപനം ഉപയോഗിക്കുന്നത്. എസ് പി എഫ് 50 ഉള്ള സൺ സ്ക്രീൻ ലേപനം മുഖത്ത് തേക്കണം. ഇത് പുറത്തു പോകുമ്പോൾ മാത്രമല്ല, വീട്ടിലിരിക്കുന്ന പകൽ നേരത്തും മുഖത്ത് പുരട്ടണം. കാരണം, പകൽ സമയത്തെ സൺലൈറ്റിലെ യു വി എ കിരണങ്ങൾ വീട്ടിനകത്തും പ്രവേശിക്കുന്നുണ്ട്. ഇത് പ്രായമാകുന്നതിനെ കൂട്ടുന്നതാണ്. ഇത് തടയാൻ സൺ സ്ക്രീൻ ലേപനം പുരട്ടണം. എസ് പി. എഫ് 50 ഉള്ളതിൽ ഒായിൽ കണ്ടന്റ് നന്നായി ഉണ്ടായിരിക്കും. 

∙ എപ്പോഴും മോയിസ്ചറൈസർ വീട്ടിൽ കരുതിയിരിക്കണം. ദേഹത്ത് തേക്കുന്ന മോയിസ്ചറൈസർ അല്ല മുഖത്ത്  തേക്കേണ്ടത്. ദേഹത്ത് ഷിയാബട്ടർ അടങ്ങിയ മോയിസ്ചറൈസർ തേക്കുന്നത് ഏറ്റവും നല്ലതാണ്. മുഖത്ത് തേക്കാൻ ഫേയ്സ് മോയിസ്ചറൈസർ തന്നെ ഉപയോഗിക്കുക. 

∙ രാത്രി കാലങ്ങളിൽ മുഖം ഫെയ്സ് വാഷ് ഉപയോഗിച്ച് കഴുകാം. എന്നിട്ട് ഫെയ്സ് നൈറ്റ് ക്രീം മാത്രം ഉപയോഗിക്കുക. അല്ലാത്ത ക്രീമുകൾ ഉപയോഗിച്ചാൽ മുഖചർമത്തിൽ  ഒാക്സിജൻ വേണ്ടത്ര കിട്ടാതെ വരികയും മുഖത്ത്  പിംപിൾസ് വരികയും ചെയ്യും. 

∙ ചർമത്തിന്റെ സൗന്ദര്യം കാക്കാനും പ്രായത്തെ തടയാനും ബാലൻസ്ഡ് ഫൂഡ് കഴിക്കുന്നതു പ്രധാനമാണ്. പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും ധാന്യാഹാരവും ശരിയായ അളവിൽ കഴിക്കുക. അമിതമായ പഞ്ചസാരയും പ്രൊസസ്ഡ് ആഹാരവും അമിതമായി എണ്ണ കലർന്ന ആഹാരവും പതിവായി കഴിക്കുന്നത് ചർമത്തിനു പെട്ടെന്ന് പ്രായമാകാനിട വരുത്തും. 

Tags:
  • Glam Up
  • Beauty Tips