Tuesday 30 November 2021 02:27 PM IST : By സ്വന്തം ലേഖകൻ

‘നീർമാതളത്തിന്റെ തൊലി പാലിലരച്ചു പുരട്ടിയാൽ കറുത്തപാടുകൾ മായും’; എല്ലാ സൗന്ദര്യപ്രശ്നങ്ങൾക്കും ആയുർവേദ പരിഹാരം, അറിയാം

Head-massageayuuuu

എല്ലാ സൗന്ദര്യപ്രശ്നങ്ങൾക്കും ആയുർവേദത്തിൽ പരിഹാരമുണ്ട്. സൗന്ദര്യസംരക്ഷണത്തിനുള്ള മികച്ച ഒറ്റമൂലികൾ ആയുർവേദത്തിലുണ്ട്. പാർശ്വഫലങ്ങൾ ഇല്ല എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ചു മുഖസൗന്ദര്യം സംരക്ഷിക്കാൻ നിരവധി മാർഗങ്ങളുണ്ട്. 

മുഖക്കുരുവിന് ആവിയും ഏലാദിചൂർണവും

മുഖക്കുരു വരാതിരിക്കാനും വന്നാൽ തടയാനും ഏറ്റവും ഫലപ്രദമായ പരിചരണമാണു മുഖത്ത് ആവികൊള്ളൽ. വേപ്പില, മഞ്ഞൾ എന്നിവയിട്ട് വെള്ളം തിളപ്പിച്ചതിനുശേഷം കണ്ണുകൾ നന്നായി തുണികൊണ്ടു കെട്ടി മുഖത്തും നെറ്റിക്കും കഴുത്തിനും ആവി കൊള്ളിക്കാവുന്നതാണ്. പത്ത് മുതൽ പതിനഞ്ചു മിനിറ്റു വരെ മുഖത്ത് ആവി കൊള്ളിക്കണം. അപ്പോൾ ത്വക്കിലെ സുഷിരങ്ങൾ തുറന്ന് അതിലൂടെ വിസർജ്യവസ്തുക്കൾ പുറത്തേക്കു പോകുന്നു.

ആവികൊണ്ടതിനുശേഷം മുഖം നന്നായി തുടച്ച് ഏലാദിചൂർണം തെളിമോരിൽ ചേർത്തു ലേപനമാക്കി മുഖത്തും നെറ്റിക്കും കഴുത്തിനും ഇടുക. മുപ്പതു മിനിറ്റു കഴിഞ്ഞാൽ ചെറുചൂട് വെള്ളത്തിൽ കഴുകിക്കളയണം.

പച്ചമഞ്ഞൾ, ആര്യവേപ്പില— കിഴി

പച്ചമഞ്ഞളും ആര്യവേപ്പിലയും ചതച്ച് ഒരു ചെറിയ തുണിക്കഷണത്തിൽ, കിഴികെട്ടിയിട്ടു കുറച്ചു വെള്ളം ചൂടാക്കി കിഴിവെള്ളത്തിൽ മുക്കി മുഖക്കുരുവുള്ള പ്രദേശം വിയർപ്പിക്കണം. അതിനുശേഷം തുടച്ചു നിംബഹരിദ്രാദിചൂർണം മോരിലോ, വെള്ളത്തിലോ ചാലിച്ചു ലേപനം ചെയ്യുക. മുപ്പതു മിനിറ്റു കഴിഞ്ഞാൽ വെള്ളം കൊണ്ടു കഴുകി തുടയ്ക്കുക.

മുഖക്കുരുവിന്റെ പാടിന്

ചെറുപയർ വെയിലത്തുണക്കി നേർമയായി പൊടിച്ചെടുക്കുക. ഒരു ചെറിയ കഷണം കസ്തൂരിമഞ്ഞൾ അരച്ചെടുത്തതും ഈ ചെറുപയർപൊടിയും പശുവിൻപാലിന്റെ പാടയിൽ കുഴച്ചു മുഖത്തു തേക്കുക. ഒരു മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം.

പഞ്ചഗന്ധചൂർണം പനിനീർവെള്ളത്തിൽ യോജിപ്പിച്ച് മുഖത്തു ലേപനം ഇടുക. അരമണിക്കൂർ കഴിഞ്ഞു കുറച്ചു പച്ചവെള്ളം തളിച്ചു ചെറുതായി മുഖത്തു മസാജ് ചെയ്യുക. (രണ്ട്—മൂന്ന് മിനിറ്റ്) പിന്നീട് കഴുകിക്കളയാവുന്നതാണ്.

കറുത്തപാടിന് കുങ്കുമാദിതൈലം

മുഖത്തെ കറുത്തപാടുകൾ മാറി മുഖം തെളിയാൻ കറുത്ത എള്ള്, കരിംജീരകം, കടുക്ക, ജീരകം ഇവ നന്നായി പൊടിച്ചു പാലിൽ ലേപനം ചെയ്യുക. കുങ്കുമാദിതൈലം പുരട്ടുകയും ഓരോ തുള്ളി രണ്ടു മൂക്കിലും ഇറ്റിക്കുകയും ചെയ്യുക.

∙ നീർമാതളത്തിന്റെ തൊലി പാലിലരച്ചു പുരട്ടാം.

∙ ഉലുവ പാലിലരച്ചു പുരട്ടിയാൽ ഏഴു ദിവസം കൊണ്ടു കരിമുഖം ശമിക്കുന്നു.

നല്ല ഉറക്കവും മനസുഖവും

യോഗ, ധ്യാനം, വ്യായാമം തുടങ്ങിയവ നിത്യം ശീലിക്കുന്നതും മനസും ശരീരവും ശുദ്ധമാക്കി വയ്ക്കുന്നതും ദഹനക്കേടും മലബന്ധവുമുള്ളപ്പോൾ അതു പരിഹരിക്കുകയും കൊഴുപ്പും മധുരവും പരമാവധി വർജിക്കുകയും ചെയ്യുന്നതും മുഖക്കുരു വരാതിരിക്കാനും വന്നതു പോകാനും നല്ലതാണ്. ആയുർവേദപ്രകാരമുള്ള ഇത്തരം മുഖലേപനങ്ങളും ശീലങ്ങളും മുഖത്തിന്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്തും. ഇതു കൂടാതെ ദിവസവും ധാരാളം ശുദ്ധജലം കുടിക്കുകയും പോഷകാഹാരങ്ങൾ കഴിക്കുകയും നന്നായി ഉറങ്ങുകയും വേണം.

കണ്ണിനടിയിലെ കറുത്തപാട്

ചില ആളുകൾക്ക് കണ്ണിനടിയിലും ചിലപ്പോൾ കണ്ണിനു ചുറ്റും കറുപ്പുനിറം പ്രത്യക്ഷപ്പെടാറുണ്ട്. സൗന്ദര്യത്തെ നശിപ്പിക്കുന്ന ഈ കറുപ്പ് പ്രത്യേകിച്ചു സ്ത്രീകളിൽ ആർത്തവവിരാമത്തോടെ കണ്ടുതുടങ്ങുന്നു. ചില ഹോർമോണുകളുടെ പ്രവർത്തനവൈകല്യം കാലാവസ്ഥാ വ്യതിയാനം, ശരിയായ പോഷകക്കുറവ്, കണ്ണിനു കൂടുതൽ ജോലിഭാരം ഉണ്ടാവുക തുടങ്ങിയ കാരണങ്ങൾ കൂടി ഇതിനു വഴിതെളിയിക്കാം.

∙ താമരപ്പൂവിന്റെ അകത്തെ അരി എടുത്ത് പശുവിൻപാലിൽ അരച്ചു കണ്ണിനു ചുറ്റും പുരട്ടുക. രണ്ടു മണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

∙ തുളസിയിലനീരും പച്ചമഞ്ഞളും കൂട്ടി അരച്ചു പുരട്ടി അര മണിക്കൂർ കഴിഞ്ഞു കഴുകാം.

∙ പേരാൽമൊട്ട്, കൊട്ടം, പാച്ചോറ്റിത്തൊലി, മഞ്ചട്ടിപ്പൊടി, രക്തചന്ദനം ഇവ സമം പശുവിൻപാലിൽ അരച്ചു മുഖത്തു തേച്ച് ഒരു മണിക്കൂർ കഴിഞ്ഞു കഴുകുക.

∙ ഏലാദിചൂർണം, നാൽപാമരത്തൊലി, നന്നാറിക്കിഴങ്ങ് ഇവ സമമെടുത്ത് പശുവിൻപാലിലരച്ചു കണ്ണിനടിയിൽ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞാൽ പനിനീർവെള്ളം കൊണ്ടു നനച്ചു ചെറുതായി മസാജ് ചെയ്തശേഷം കഴുകുക.

ayurrrvvbbgb

ചുണ്ടിനു നിറം കിട്ടാൻ

∙ വെള്ള ചന്ദനം പനിനീരിൽ അരച്ചു രാത്രിയിൽ കിടക്കാൻ നേരത്തു ചുണ്ടിൽ പുരട്ടുക. രാവിലെ വെള്ളത്തിൽ കഴുകിക്കളയാം.

∙ കറുത്ത എള്ള് പശുവിൻപാലിൽ അരച്ചു ചുണ്ടിൽ പുരട്ടുക. പതിവായി ഇങ്ങനെ ചെയ്യുന്നതു ചുണ്ടിനു നിറവും ദൃഢതയും ഉണ്ടാക്കുന്നതിന് ഉപകരിക്കുന്നു.

∙ പുകവലി കാരണം ചുണ്ടു കറുക്കുന്നവർ, ഉടൻ പുകവലി നിർത്തുകയും അൽപം ഗ്ലിസറിൻ കൈവിരലിലെടുത്ത് ദിവസം പല പ്രാവശ്യം ചുണ്ടിൽ പുരട്ടുന്നതും കറുപ്പുനിറം മാറുന്നതിന് ഉത്തമമാണ്.

∙ ഇരട്ടിമധുരം, മഞ്ചട്ടി ഇവ കൽക്കമാക്കി എള്ളെണ്ണ കാച്ചി ചുണ്ടിൽ പുരട്ടുക.

കൂടാതെ വിറ്റമിൻ സി, വിറ്റമിൻ ഇ അടങ്ങിയ നെല്ലിക, കരിക്ക്, ചെറുനാരങ്ങാ നീര്, ഓറഞ്ച്, വെള്ളരിക്ക, കാരറ്റ്, ബീറ്റ്റൂട്ട്, മത്സ്യം, മുട്ട തുടങ്ങിയവ പതിവായി കഴിക്കുന്നതും ചുണ്ടിനു നിറവും സൗന്ദര്യവും കൂട്ടുന്നു.

കണ്ണിന് തിളക്കവും നിറവും ഉണ്ടാകാൻ

∙ ത്രിഫലചൂർണം ഇട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു കണ്ണുകൾ നിത്യവും കഴുകുന്നതു കണ്ണിനു തിളക്കവും നിറവും ഉണ്ടാകാൻ നല്ലതാണ്.

∙ ഉണങ്ങിയ നെല്ലിക്ക തലേദിവസം മൺകലത്തിൽ വെള്ളത്തിലിട്ടുവച്ച് അതുകൊണ്ട് എന്നും രാവിലെ കണ്ണുകഴുകുന്നതു കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

∙ തുളസിയില, പൂവ്വാങ്കുറുന്തില, കണ്ണിവെറ്റില ഇവയുടെ നീരും തേനും ചേർത്ത് ഓരോ തുള്ളി വീതം രണ്ടു കണ്ണിലും ഇറ്റിക്കുന്നതു നേത്രരോഗങ്ങൾ വരാതിരിക്കാനും നേത്രസൗന്ദര്യം നിലനിർത്താനും ഉപകരിക്കുന്നു.

∙ നാലു ടീസ്പൂൺ മരമഞ്ഞൾപ്പൊടി നാലു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചാറ്റിയെടുക്കുക. ഈ വെള്ളം കൊണ്ടു ദിവസം പല പ്രാവശ്യം കണ്ണും മുഖവും കഴുകുക. കണ്ണിനു നല്ല ആരോഗ്യമുണ്ടാകും. കൃഷ്ണമണിക്കു നല്ല കറുപ്പും ചുറ്റും നല്ല വെളുപ്പും ഉണ്ടാകും.

പുരികത്തിന് കട്ടി കൂടാൻ

കണ്ണുകളുടെ പുരികത്തിനു കട്ടികൂടാനും കൊഴിയുന്നതു തടയാനും ചില ആയുർവേദ മരുന്നുകൾ.

∙ ആവണക്കെണ്ണ പുരികത്തിൽ രാത്രി കിടക്കാൻ നേരം പുരട്ടിയിടുന്നതു പുരികം നന്നാവാനും കട്ടികൂടാനും ഉപകരിക്കുന്നു.

∙ ആവണക്കെണ്ണയും പാൽപ്പാടയും ചേർത്തു കുഴമ്പാക്കി രാത്രി പുരികത്തിൽ പുരട്ടി കിടക്കുക. നിത്യവും ആവർത്തിക്കണം.

∙ എന്നും രാവിലെ വെറും വയറ്റിൽ പത്ത് ആര്യവേപ്പില കഴിക്കുന്നതു പുരികം കട്ടികൂടുന്നതിനു നന്നാണ്.

മുഖത്തെ രോമം നീക്കാം

∙ പച്ചമഞ്ഞൾ രാത്രിയിൽ അരച്ചു കട്ടിയായി രോമമുള്ള ഭാഗത്തു പൂശിയതിനുശേഷം കാലത്തു കഴുകിക്കളയുക.

∙ പച്ചപപ്പായയും പച്ചമഞ്ഞളും ചേർത്ത് അരച്ചു രോമമുള്ള ഭാഗത്തു പുരട്ടി അരമണിക്കൂറിന് ശേഷം കഴുകുക.

∙ ചെറുപയർപൊടി, ചെറുനാരങ്ങാനീര്, പശുവിൻപാൽ ഇവ ചേർത്ത മിശ്രിതം മുഖത്തു പതിവായി പുരട്ടുക. അമിത രോമവളർച്ച ഇല്ലാതാകും.

പ്രകൃതിദത്ത വാക്സിങ്

ചില സ്ത്രീകളിലും പെൺകുട്ടികളിലും കൈയിലും കാലിലും അമിതരോമവളർച്ച കാണാറുണ്ട്. ഇതു കളയാൻ ആയുർവേദ രീതിയിൽ നിർമിക്കാവുന്ന ഒരു വാക്സിങ് കൂട്ട്. കട്ടിച്ചുണ്ണാമ്പ് അഞ്ചു ടീസ്പൂൺ, ഗന്ധകം ശുദ്ധിചെയ്തത് ഒരു ടീസ്പൂൺ, കല്യാണക്ഷാരം ഒരു ടീസ്പൂൺ ഇവ പൊടിച്ച് ഒരു കുപ്പിയിലാക്കി നന്നായി കുലുക്കണം. ഈ പൊടി കുറച്ചെടുത്ത് വെള്ളം ചാലിച്ചു പുരട്ടുക. രണ്ടു മിനിറ്റു കഴിഞ്ഞു മരുന്നു വടിച്ചു കളയണം.

അഴകുള്ള മുടിക്ക് വേണ്ടതെല്ലാം

തുമ്പു കെട്ടിയിട്ട ചുരുൾ മുടിയും അതിൽ തുളസിക്കതിർ ചൂടിയ നാടൻ പെൺകൊടിയും ഇന്ന് അപൂർവതയാണ്. എങ്കിലും നീണ്ടിടതൂർന്ന മുടിയോടുള്ള ഇഷ്ടം മാത്രം ഒളിമങ്ങാതെ നമ്മിലുണ്ട്. പണ്ട് ഷാംപൂ വാങ്ങി സ്ഥിരമായി ഉപയോഗിക്കുന്ന ശീലമില്ല. നല്ല നാടൻ ചീവയ്ക്ക പൊടിയോ ചെമ്പരത്തി ഇലയും താളിയും ചേർത്തു ചതച്ചു വെള്ളത്തിൽ പതപ്പിച്ചതോ ഒക്കെ മുടിയിൽ തേച്ചു കഴുകിക്കളയും. ഷാംപൂവിനേക്കാൾ പതിന്മടങ്ങു ഫലം തരുമായിരുന്നു ഈ പ്രകൃതിദത്ത കൂട്ടുകൾ. മൺമറഞ്ഞുപോയ ഇത്തരം ചില അപൂർവ ഔഷധക്കൂട്ടുകളെ അറിയാം.

മുടി വളരാൻ എണ്ണകൾ

∙ വെളിച്ചെണ്ണയിൽ ബ്രഹ്മിയും കറിവേപ്പിലയും ഇട്ട് കാച്ചി എണ്ണ തേച്ചാൽ മുടി വളരും. പേനും മാറും. മുടിക്കു നല്ല കറുപ്പു കിട്ടാനും ഇതു നല്ലതാണ്.

∙ നീല അമരിനീര്, കഞ്ഞുണ്ണി നീര്, നെല്ലിക്ക നീര് ഇവയോടൊപ്പം ഇരട്ടി മധുരം പൊടിച്ച് വെള്ളത്തിൽ കലക്കി പേസ്റ്റു രൂപത്തിലാക്കിയതും അഞ്ജനക്കല്ല് പൊടിച്ചതും ചേർത്ത് വെളിച്ചെണ്ണയിൽ കാച്ചുക. ഈ എണ്ണ മുടി കറുത്തു തഴച്ചു വളരാൻ ഏറെ നല്ലതാണ്.

∙ ചെമ്പരത്തിയില, കൃഷ്ണതുളസിയില, കൂവളത്തില, വെറ്റില ഇവയുടെ നീരും ജീരകവും കരിംജീരകവും പൊടിച്ചതും വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചുക. മുടി വളരാൻ വിശേഷപ്പെട്ട എണ്ണയാണ്.

മുടിക്കായയും താരനും മാറ്റാം

മുടിക്കായയാണ് മുടി പൊട്ടിപ്പോകാനുള്ള പ്രധാന കാരണം. നനഞ്ഞ മുടി കെട്ടിവയ്ക്കുന്നതും വിയർപ്പും പൊടിയുമേറ്റ മുടി വൃത്തിയാക്കാതെ കെട്ടിവയ്ക്കുന്നതുമെല്ലാ മുടിക്കായയ്ക്കു കാരണമാകും. താരനും മുടി കൊഴിയലിനും മുടി വളർച്ച മുരടിക്കാനും കാരണമാകും.

∙ കായം കലക്കിയ വെള്ളത്തിൽ തുടർച്ചയായി മൂന്നുദിവസം മുടി കഴുകുക. മുടിക്കായ കുറയും.

∙ അയ്യപ്പാല കേരതൈലം, ദുർദുരപത്രാദിതൈലം, കേര തൈലം, ദുർവാദിതൈലം എന്നിവയിലേതെങ്കിലും ഒന്ന് മുടിയിൽ പുരട്ടി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് ഏതാനും ദിവസം അടുപ്പിച്ചു ചെയ്താൽ താരൻ മാറും.

ഇതോടൊപ്പം രണ്ടു ദിവസം കൂടുമ്പോൾ തലയിണ കവറുകൾ മാറണം. ചീപ്പും ഹെയർപിന്നുകളുമെല്ലാം ആന്റിബാക്ടീരിയർ സോപ്പ്കൊണ്ട് കഴുകി വൃത്തിയാക്കണം. തോർത്ത് ദിവസവും കഴുകണം. ആഴ്ചയിൽ ഒരിക്കൽ ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ മുടി കഴുകുക കൂടി ചെയ്താൽ താരൻ നിശേഷം മാറിക്കിട്ടും.

നര മാറാനും എണ്ണയ്ക്കൊപ്പം നസ്യവും

പാരമ്പര്യമല്ലാത്ത നര കുറയാൻ വിവിധ ഔഷധ എണ്ണകൾ സഹായിക്കും. അവയിൽ ചിലത് താഴെ പറയുന്നു.

∙ പച്ചനെല്ലിക്കാനീരിനൊപ്പം ഇരട്ടിമധുരം, തിപ്പലി, ചന്ദനം എന്നിവ പൊടിച്ചു വെള്ളത്തിൽ കലക്കി പേസ്റ്റാക്കുക. ഇത് വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പതിവായി മസാജ് ചെയ്ത് അരമണിക്കൂർ പിടിപ്പിച്ച ശേഷം കുളിച്ചാൽ നരയ്ക്കു കുറവുണ്ടാകും. രാസവസ്തുക്കൾ ചേർന്ന ഷാംപൂ, ജെൽ, സീറം എന്നിവയുടെ ഉപയോഗവും കുറയ്ക്കണം. മുടി കഴുകാൻ ഹെർബൽ ഷാംപൂവോ ചെമ്പരത്തി താളിയോ പയറുപൊടിയോ ഉപയോഗിക്കുക.

∙ പ്രപുണ്ഡരികാദി തൈലം (കോട്ടയ്ക്കൽ ആര്യവൈദ്യശാല) നര കുറയാൻ നല്ലതാണ്.

∙ എണ്ണകൾ തേയ്ക്കുന്നതൊപ്പം നസ്യം ചെയ്യുക കൂടി ചെയ്താൽ ഫലം വർധിക്കും. ഇതിനായി ഷഡ്ബിന്ദു തൈലം, അണുതൈലം എന്നിവ രണ്ടും ഓരോ തുള്ളി വീതം മൂക്കിൽ ഇറ്റിച്ചാൽ മുടി വളരാനും നര മാറാനും സഹായിക്കും.

ആയുർവേദ ബ്ലീച്ചിങ് സ്വയം ചെയ്യാം

ചെറുനാരങ്ങാനീര് — ഒരു ടീസ്പൂൺ

പശുവിൻപാൽ (തണുപ്പിച്ചത്)— ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി — ഒരു ടീസ്പൂൺ

ചെറുപയർപ്പൊടി — ഒരു ടീസ്പൂൺ

പൊടിയുപ്പ് — ഒരു നുള്ള്

ഇവ കൂട്ടി യോജിപ്പിച്ചു മുഖത്തു ഫെയ്സ്പാക്കായി ഇടാം. അര മണിക്കൂർ കഴിഞ്ഞു ചെറുചൂടുവെള്ളവും കടലപ്പൊടിയും ഉപയോഗിച്ചു കഴുകിക്കളയുക. ഇതുമൂലം മുഖത്തെ മൃതകോശങ്ങൾ ഇളകി മുഖം ബ്ലീച്ച് ചെയ്യപ്പെടുന്നു. ഇങ്ങനെ പത്തു ദിവസം ചെയ്താൽ വള്ളിപുള്ളി അടയാളങ്ങൾ ഇല്ലാതായി മുഖത്തിനു ഭംഗി കൈവരും.

ഔഷധ കൺമഷി

1. താമരയല്ലി, വിഷ്ണുക്രാന്തി, തവിഴാമയില— ഇവ ചുട്ടുകരിച്ച കരി.

2. ഇതിന് തുല്യ അളവിൽ അജ്ഞനക്കല്ല്, കർപ്പൂരം ഇവ നന്നായി പൊടിച്ചത്. ഒന്നും രണ്ടും കൂട്ടുകൾ വെളിച്ചെണ്ണ ചേർത്തരച്ചു കുഴമ്പുരൂപത്തിലാക്കുക.

ഈ കൺമഷി നിത്യവും കണ്ണിലെഴുതുന്നതു കൺപോളകൾക്കു ഭംഗി, കണ്ണിനു കുളിർമ ഇവയുണ്ടാക്കുകയും കണ്ണിനു തിളക്കവും ഭംഗിയുമുണ്ടാക്കുകയും ചെയ്യുന്നു.

-ഡോ. സുബിൻ ജി. എസ്, അസിസ്റ്റന്റ് ഫിസിഷൻ, ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ആര്യവൈദ്യശാല, കോട്ടയ്ക്കൽ, മലപ്പുറം.

Tags:
  • Glam Up
  • Beauty Tips