Monday 04 November 2024 02:57 PM IST : By സ്വന്തം ലേഖകൻ

‘ചൊറിച്ചിൽ നിർത്താം ഞൊടിയിൽ, ദിവസങ്ങൾക്കുള്ളിൽ അരിമ്പാറ പൊഴിഞ്ഞുപോകും’; പഴത്തൊലി കൊണ്ടുള്ള 10 ഉപയോഗങ്ങൾ

banana-peel-beauty

ഇനിയെങ്കിലും പഴം കഴിച്ചിട്ട് പഴത്തൊലി വെറുതെ വലിച്ചെറിയരുതേ... കാരണം നമ്മൾ കരുതുന്നത് പോലെ പഴത്തൊലി അത്ര നിസ്സാരക്കാരനല്ല. വെറുതെ കളയുന്ന പഴത്തൊലി കൊണ്ട് പലതുണ്ട് കാര്യങ്ങൾ. പ്രധാനമായും പഴത്തൊലി കൊണ്ടുള്ള പത്ത് ഉപയോഗങ്ങളാണ് താഴെ പറയുന്നത്.

1. മുഖക്കുരു മാറ്റാം

കൗമാരക്കാരികളുടെ പേടിസ്വപ്നമാണ് മുഖക്കുരു. മറ്റുള്ളവരുടെ അഭിപ്രായം കേട്ട് പലതരം ക്രീമുകളും ഇലയും പൂവും കായുമെല്ലാം മുഖക്കുരു മാറാനായി നമ്മൾ അരച്ച് തേയ്ക്കാറുണ്ട്. എന്നാൽ മുഖക്കുരു മാറാൻ പഴത്തൊലി ഉത്തമമാണെന്ന് പലർക്കും അറിയില്ല. എല്ലാ ദിവസവും രണ്ടു തവണയായി മുഖക്കുരു ഉള്ള ഇടങ്ങളില്‍ പഴത്തൊലി അഞ്ചു മിനിറ്റ് നന്നായി ഉരസുക. ദിവസങ്ങൾക്കുള്ളിൽ തന്നെ മാറ്റം കാണാം.  

2. മുഖത്തെ ചുളിവുകൾ ഇല്ലാതാക്കും

പ്രായത്തിന്റേതായ ചുളിവുകൾ മുഖത്തെ ചർമ്മത്തിൽ ഉണ്ടാവുക സ്വാഭാവികമാണ്. ഇവ മാറ്റിയെടുക്കാൻ പഴത്തൊലി നല്ലൊരു ഒറ്റമൂലിയാണ്. പഴത്തൊലി ചർമ്മത്തിൽ മൃദുവായി ഉരസുക. കുറഞ്ഞത് 30 മിനിറ്റോ അല്ലെങ്കിൽ രാത്രി മുഴുവനുമോ റബ്ബ് ചെയ്തശേഷം മുഖം കഴുകരുത്. പിന്നീട് ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്യണം.   

3. വെള്ളി തിളങ്ങും സ്വർണ്ണം പോലെ

വീട്ടിൽ നിറം നഷ്ടപ്പെട്ട് ഉപയോഗശൂന്യമായ വെള്ളി പാത്രങ്ങളോ, ആഭരണങ്ങളോ ഉണ്ടെങ്കിൽ പഴത്തൊലി കൊണ്ട് ഒന്ന് ഉരസി നോക്കൂ.. കാണാം സൂപ്പർ മാജിക്ക്. വെള്ളിയാഭരണങ്ങൾ സ്വർണ്ണം പോലെ മിന്നിത്തിളങ്ങുന്നത് കാണാം. ഒരല്പം വെള്ളത്തിൽ പഴത്തൊലി പേസ്റ്റ് രൂപത്തിലാക്കി നന്നായി ഉരച്ചു കഴുകിയാൽ മാത്രം മതി.

4. പല്ലു വെളുപ്പിക്കാം

ദിവസവും രണ്ടുനേരം കെമിക്കല്‍ അടങ്ങിയ പെയ്സ്റ്റ് ഉപയോഗിച്ച് പല്ലു തേച്ചിട്ടും വൃത്തിയാവാത്ത മഞ്ഞ പല്ല് നോക്കി സങ്കടപ്പെടുന്നവരുണ്ട്. എന്നാല്‍ ഇനി ഇതൊന്നു പരീക്ഷിക്കൂ, ഒരാഴ്ചത്തേക്ക് പഴത്തൊലി ഉപയോഗിച്ച് രണ്ടു മിനിറ്റ് നേരം പല്ലു തേച്ചു നോക്കൂ. പല്ലു നന്നായി വെളുത്ത് വരും.

5. സ്ട്രെച്ച് മാർക്കുകൾ മായമായി മറയും

ഓപ്പറേഷനും പ്രസവ ശേഷവുമുള്ള പാടുകൾ മാറാൻ പഴത്തൊലി ഉത്തമമാണ്. ദിവസവും പഴത്തൊലി അരച്ച് ബാധിക്കപ്പെട്ട ചർമ്മത്തിൽ പുരട്ടിയശേഷം ഒരു മണിക്കൂർ നേരത്തേക്കോ അല്ലെങ്കിൽ രാത്രി മുഴുവനോ വയ്ക്കുക. എല്ലാ ദിവസവും ഇത് ചെയ്യുക. സ്ട്രെച്ച് മാർക്കുകൾ മായമായി മറയുന്നത് കാണാം.  

6 . ചൊറിച്ചിൽ നിർത്താം ഞൊടിയിൽ

കൊതുകോ മറ്റു ജീവികളോ കടിച്ച സ്ഥലങ്ങളില്‍ വല്ലാത്ത ചൊറിച്ചിലും വേദനയുമാണ്! കുറച്ചുനേരം ഈ ഭാഗങ്ങളിൽ പഴത്തൊലി നന്നായി ഉരച്ച് നോക്കൂ. വേദനയും ചൊറിച്ചിലും പുകച്ചിലുമൊക്കെ മാറിക്കിട്ടും. സോറിയാസിസ് മൂലമുള്ള ചൊറിച്ചിലിനും പഴത്തൊലി ഗുണം ചെയ്യും. സോറിയാസിസ് ഉള്ള സ്ഥലങ്ങളില്‍ പഴത്തൊലി അമര്‍ത്തി വയ്ക്കുക. നല്ല റിസൾട്ട് ലഭിക്കും.

7. ഷൂസ്, ലെതർ ബാഗുകൾ എന്നിവ വൃത്തിയാക്കാം

നിറം മങ്ങിയ ഷൂസ്, ലെതർ ബാഗുകൾ എന്നിവ വൃത്തിയാക്കാൻ ഇനി വളരെ എളുപ്പമാണ്. പൂപ്പൽ പിടിച്ച് തിളക്കം നഷ്ടപ്പെട്ട വസ്തുക്കളിൽ പഴത്തൊലി എടുത്തു നന്നായി ഉരസുക. വസ്തുക്കള്‍ക്ക് തിളക്കം കൂടുന്നത് കാണാം.

8. അരിമ്പാറ നീക്കാം

ശരീരഭാഗങ്ങളിൽ കറുത്ത് കാണപ്പെടുന്ന അരിമ്പാറ നീക്കം ചെയ്യാൻ പഴത്തൊലി നല്ലതാണ്. പഴത്തൊലി കൊണ്ട് അരിമ്പാറ ഉള്ള സ്ഥലത്തു ഉരസുക. രാത്രി അത് അവിടെ കെട്ടിവച്ച് കിടന്നുറങ്ങുക, രാവിലെ പഴത്തൊലി നീക്കം ചെയ്യാം. ദിവസങ്ങൾക്കുള്ളിൽ അരിമ്പാറ പൊഴിഞ്ഞുപോകും.

9. തലവേദന മാറ്റും മരുന്ന്

മൈഗ്രെയ്ൻ, തലവേദന എന്നിവയ്‌ക്ക് നല്ലൊരു വേദന സംഹാരിയാണ് പഴത്തൊലി എന്നറിയാമോ? സംശയമുണ്ടെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ... ഒരു പഴത്തൊലി എടുത്ത് ഫ്രിഡ്‌ജിൽ വച്ച് തണുപ്പിക്കുക. എന്നിട്ട് വേദനയുള്ള ഭാഗങ്ങളിൽ ആ പഴത്തൊലി അമര്‍ത്തി വയ്ക്കുക. ഏകദേശം 30 മിനിറ്റു കഴിഞ്ഞശേഷം അത് നീക്കം ചെയ്യാം.

10. നല്ല കമ്പോസ്റ്റ്

ചെടികൾക്ക് മികച്ച കമ്പോസ്റ്റാണ് പഴത്തൊലി. വളരെ പെട്ടെന്ന് മണ്ണിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഇവ ചെടി വളർച്ചയ്ക്ക് ഉത്തമമാണ്.

Tags:
  • Glam Up
  • Beauty Tips