ADVERTISEMENT

മനോഹരമായി കണ്ണെഴുതിയാൽ അതിൽപ്പരം ഭംഗി വേറെയില്ല. കണ്ണുകളുടെ തെളിമയും ഉൻമേഷവും കാത്തു സൂക്ഷിക്കേണ്ടത് സൗന്ദര്യ സംരക്ഷണത്തിൽ പ്രധാനമാണ്. അതുപോലെ ചുണ്ടുകളുടെ ഭംഗി നിലനിർത്താനും പ്രത്യേകശ്രദ്ധ വേണം. ഒളിമങ്ങാത്ത മിഴിയഴകിനും തുടുത്ത അധരങ്ങൾക്കും പ്രകൃതിയിൽ നിന്നുള്ള ചില സൗന്ദര്യക്കൂട്ടുകൾ ഇതാ.. 

∙ പല ഐ പെൻസിലുകളിലും കടകളിൽ നിന്നു വാങ്ങുന്ന കൺമഷികളിലും ഉളള രാസപദാർഥങ്ങൾ കണ്ണിനു പല തരത്തിലുളള അലർജികൾ ഉണ്ടാക്കുന്നുണ്ട്. ഇതൊക്കെ സ്ഥിരമായി കണ്ണെഴുത്തിനുപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. വീട്ടിൽ തന്നെ നമുക്ക് കൺമഷി ഉണ്ടാക്കാം.

ADVERTISEMENT

∙ പൂവാങ്കുറുന്നൽ ഇടിച്ചു പിഴിഞ്ഞ നീരിൽ തിരിത്തുണി ഏഴു ദിവസം മുക്കി ഉണക്കുക. (രാത്രി മുക്കി വച്ചു രാവിലെ ഉണക്കാം). തിരിത്തുണിയിൽ തെച്ചിപ്പൂവ്, പുളിഞരമ്പ്, തൃഫല എന്നിവ ഉണക്കി പൊടിച്ച് തെറുത്ത് വിളക്കു കത്തിക്കുക. തിരിക്കു മുകളിലായി ഒരു പുതിയ മൺചട്ടി ക്രമീകരിക്കാം. ഒരു രാത്രി മുഴുവൻ നല്ലെണ്ണയൊഴിച്ച് കത്തിച്ച വിളക്ക് എരിയട്ടെ. മൺചട്ടിയിൽ പിടിക്കുന്ന കരി അടുത്ത ദിവസം ചുരണ്ടിയെടുത്ത് ആവണക്കെണ്ണയിൽ ചാലിച്ചു വയ്ക്കാം. ഒരു വർഷം വരെ കേടുകൂടാതെയിരിക്കും.

∙ മേൽപ്പറഞ്ഞ കൺമഷി കൊണ്ട് കണ്ണെഴുതിയാൽ‌ നേത്ര രോഗങ്ങൾക്കുളള സാധ്യത കുറയും. സ്ഥിരമായി ഉപയോഗിച്ചാൽ തലവേദനയ്ക്കും കുറവുണ്ടാകും.

ADVERTISEMENT

∙ കണ്ണുകളുടെ ക്ഷീണം മാറാൻ കട്ടൻ ചായയോ പനിനീരോ പഞ്ഞിയിൽ മുക്കി പത്തു മിനിറ്റുനേരം കൺപോളയ്ക്ക് മുകളിൽ വയ്ക്കാം.

∙ മുരിങ്ങയിലയും പൂവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിനു തെളിമയും ഉൻമേഷവും നൽകും.

ADVERTISEMENT

അധരങ്ങൾ തുടുക്കാൻ

∙ ചുണ്ടിലെ കറുപ്പുനിറം മാറ്റാൻ‌ വെണ്ണയിൽ (ഉപ്പു ചേരാത്തത്) കുങ്കുമപ്പൂ ചാലിച്ചു ചുണ്ടിൽ പുരട്ടുക. വെണ്ണയിൽ രണ്ടു മൂന്നു തുള്ളി തേൻ ചേർത്തു ചുണ്ടിൽ പുരട്ടുക. ചുണ്ടിലെ കരുവാളിപ്പു മാറി നല്ല തുടുപ്പ് ഉണ്ടാകും.

∙ കറുത്ത ചുണ്ടുകൾ മുഖസൗന്ദര്യത്തെ ആകെ കെടുത്തിക്കളയും. ചുണ്ടു തുടുക്കാൻ കുങ്കുമപ്പൂവ് ഉപയോഗിക്കാം. കുങ്കുമപ്പൂവ് ഒരു തുളളി തേനിൽ‌ ചാലിച്ച് വയ്ക്കുക. ഈ മിശ്രിതത്തിൽ അൽപം പാലും ചേർത്ത് ചുണ്ടിൽ പുരട്ടിയാൽ കറുപ്പു നിറം അശ്ശേഷം മാറി തുടുത്ത റോസാദലങ്ങൾ പോലെയാകും

∙ ചുണ്ടു വരണ്ടു പൊട്ടുന്നതു തടയാൻ വെണ്ണയോ നെയ്യോ പുരട്ടിയാൽ മതിയാകും. ദിവസത്തിൽ പല തവണകളായി പുരട്ടാം.

∙ നിറം മങ്ങിയ ചുണ്ട് തുടുക്കാൻ ചന്ദനം അരച്ച് പനിനീരിൽ ചാലിച്ചു പുരട്ടുക.

ADVERTISEMENT