Saturday 08 June 2024 05:24 PM IST : By സ്വന്തം ലേഖകൻ

‘ചർമത്തിലെ ചുളിവുകൾ അകറ്റാൻ നാരങ്ങാനീരും തേനും’; ചെറുപ്പമായിരിക്കാൻ ചില നുറുങ്ങു വിദ്യകൾ

facemm85467g

ചെറുപ്പമായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യവർധകങ്ങൾ ഒന്നും ഉപയോഗിക്കാതെ തന്നെ അത് സാധ്യമാണെങ്കിലോ. പ്രകൃതിതന്നെ ഒരുക്കിയ ചില സൗന്ദര്യക്കൂട്ടുകൾ നിങ്ങളിൽ കൂടുതൽ ചെറുപ്പവും സൗന്ദര്യവും നിറയ്ക്കും. എന്താണ് ആ നുറുങ്ങു വിദ്യകൾ എന്നറിയാം. 

1. നാരങ്ങാനീര് 

നാരങ്ങയിലടങ്ങിയ ജീവകം സി ശക്തിയേറിയ ഒരു ആന്റിഓക്സിഡന്റ് ആണ്. മുഖത്തെ പാടുകളും വരകളും അകറ്റാൻ‌ ഇത് സഹായിക്കും. നാരങ്ങാനീര് ചർമത്തിൽ പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഒരു ടീസ്പൂൺ നാരങ്ങാനീരിൽ ഒരു ടീസ്പൂൺ മുട്ടയുടെ വെള്ളയും അരടീസ്പൂൺ പാൽപ്പാടയും ചേര്‍ത്ത് പുരട്ടാം. ചർമത്തിലെ ചുളിവുകൾ അകറ്റാൻ നാരങ്ങാനീരിൽ തേൻ ചേർത്ത് പുരട്ടിയാല്‍ മതി. 

2. തേങ്ങാപ്പാൽ 

ചർമം മൃദുവാക്കാനും ചെറുപ്പമായി തോന്നിക്കാനുമെല്ലാം തേങ്ങാപ്പാൽ സഹായിക്കും. തേങ്ങാപ്പാൽ മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയാവുന്നതാണ്. 

3. പപ്പായ 

വൈറ്റമിൻ എ ധാരാളം ഉള്ളതിനാൽ കണ്ണുകൾക്ക് ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റുകളുടെ പ്രവർത്തനം ചർമത്തെയും ആരോഗ്യമുള്ളതാക്കുന്നു. കൂടാതെ പപ്പായയിലടങ്ങിയ പപ്പെയ്ൻ എന്ന എൻസൈം മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമത്തിന് ഇലാസ്തികതയും ഉറപ്പും നൽകുന്നു. പഴുത്ത പപ്പായ ഉടച്ച് മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം. 

4. പനീനീർ 

ചർമത്തിൽ അടിഞ്ഞു കൂടുന്ന അഴുക്കിനെ നീക്കാൻ സഹായിക്കുന്നു. തൊലിക്ക് ഉറപ്പു നൽകുന്നു. രണ്ടു ടീസ്പൂൺ പനിനീരിൽ മൂന്നോ നാലോ തുള്ളി ഗ്ലിസെറിനും അര ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് ദിവസവും കിടക്കും മുൻപ് പുരട്ടുക. കൂടാതെ ഒരു ടീസ്പൂൺ പനിനീരിൽ ഓരോ ടീസ്പൂൺ വീതം തൈരും തേനും ചേർത്തും പുരട്ടാം. ഈ കൂട്ടിലേക്ക് പഴുത്ത പഴം ഉടച്ചതും ചേർത്ത് മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാവുന്നതാണ്.

5. കക്കിരിയും തൈരും 

കണ്ണിനുചുറ്റുമുള്ള കറുത്ത വളയങ്ങൾ അകറ്റാൻ കക്കിരിക്ക സഹായിക്കും. ചർമത്തെ ആരോഗ്യമുള്ളതാക്കാനും ഇത് സഹായിക്കും. തൈരിൽ ലാക്റ്റിക് ആസി‍ഡ് ഉണ്ട്. ഇത് മൃതകോശങ്ങളെ നീക്കി ചർമത്തിന് പുതുജീവൻ ഏകും. അര കപ്പ് തൈരും രണ്ടു ടീസ്പൂൺ കക്കിരിക്ക ചുരണ്ടിയതും ചേർത്ത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടു ദിവസം വീതം തുടർച്ചയായി ഇത് ചെയ്താൽ ചർമത്തെ ചെറുപ്പമാക്കാം. 

ഇവയെല്ലാം ചെയ്യുമ്പോൾ തന്നെ ചർമത്തിന് ഉള്ളിൽ നിന്നും ആരോഗ്യമേകുക എന്നതും പ്രധാനമാണ്. പച്ചക്കറികൾ, പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, മത്സ്യ എണ്ണ തുടങ്ങി ജീവകങ്ങളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും ആന്റി ഓക്സി‍ഡന്റുകളും അടങ്ങിയ ആഹാരവും ശീലമാക്കണം. ഇത് ചർമത്തെ ചെറുപ്പവും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കും.  

Tags:
  • Glam Up
  • Beauty Tips