നീണ്ട മുടിയാണോ ചുരുണ്ട മുടിയാണോ ഇഷ്ടം എന്ന് ഇക്കാലത്തെ പെൺകുട്ടികളോടു ചോദിച്ചാൽ ‘ഏതു മുടിയും നീട്ടാനും ചുരുട്ടാനുമൊക്കെയുള്ള വിദ്യകള്‍ ഇപ്പോഴുണ്ടല്ലോ... പിന്നെന്തിന് ഈ ചോദ്യം’ എന്നു മറുചോദ്യം വരും.
സ്വന്തം മുടിയിഴകൾ സ്റ്റൈല്‍ ചെയ്യാന്‍ അവരെ ആരും പഠിപ്പിക്കേണ്ട. പക്ഷേ, ഓർമിപ്പിക്കേണ്ട ചിലതുണ്ട്. സ്റ്റൈലിങ് പ്രോഡക്റ്റ്സ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. സ്റ്റൈലിങ്ങിനായുള്ള ചീപ്പ്, ബ്ലോ ഡ്രയർ, സ്ട്രെയ്റ്റ്നർ, കേളർ, ഹെയർ ജെൽ തുടങ്ങിയ ഉൽപന്നങ്ങളുടെ തെറ്റായ ഉപയോഗം മുടിയുടെ ആരോഗ്യം ഭംഗിയും കെടുത്തും. മുടിയിഴകൾ ആയുരാരോഗ്യത്തോടെ ഇരിക്കാൻ ‘കെയർഫുൾ സ്റ്റൈലിങ്’ പിന്തുടരാം.
ഹെയർ കോംബ്
ഹെയർ സ്റ്റൈലിങ്ങിനെ കുറിച്ചു പറഞ്ഞു തുടങ്ങേണ്ടത് ചീപ്പിനെ കുറിച്ചു സംസാരിച്ചു കൊണ്ടു തന്നെയാണല്ലോ...
∙ മുടിയിൽ എന്തു സ്റ്റൈലിങ് ചെയ്യണമെങ്കിലും ചീപ്പ് മസ്റ്റ് ആണ്. ഒരു തരം ചീപ്പ് പോര, മൂന്നു തരം ചീപ്പെങ്കിലും വേണം.
∙ അതിൽ ആദ്യത്തേത് പല്ലുകൾ തമ്മിൽ ഇടവീതിയുള്ള ചീപ്പാണ്. രാവിലെ ഉറക്കമെ ഴുന്നേൽക്കുമ്പോഴും പുറത്തു പോയി വന്നശേഷവും ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം മുടി ചീകുമ്പോഴും ഈ കോംബ് ഉപയോഗിച്ചു മുടി ചീകുന്നതാണ് നല്ലത്. അല്ലെങ്കിൽ കെട്ടുവീണ മുടികൾ ചീപ്പിൽ കുരുങ്ങി പൊട്ടിപ്പോകും.
∙ ഇനി വേണ്ടത് ഒരു വീതിയുള്ള പാഡിൽ ബ്രഷ് ആണ്. മുടി ഉണക്കുമ്പോഴും സ്ട്രെയ്റ്റൻ ചെയ്യുമ്പോഴുമെല്ലാം ഇ താവശ്യമാണ്. പല ഭാഗങ്ങളായി മുടി വകഞ്ഞെടുത്ത് ഈ ബ്രഷ് ഉപയോഗിച്ച് ചീകിപ്പിടിക്കുകയാണെങ്കിൽ കൂ ടുതൽ ഭംഗിയായും എളുപ്പത്തിലും മുടി സുന്ദരമാക്കാം.
∙ ഇനി വേണ്ടത് വാലിനു നീളമുള്ള ഒരു ചീപ്പാണ്. മുടിക്ക് വകച്ചിൽ എടുക്കാനും ഹെയർ സ്റ്റൈൽ ചെയ്യുമ്പോൾ ചീകിയെടുക്കാനും ഇത്തരം ചീപ്പാണ് നല്ലത്.
ബ്ലോ ഡ്രയർ
നനഞ്ഞ മുടി ഉണക്കാനുപയോഗിക്കുന്നതാണ് ബ്ലോ ഡ്രയർ. മുടിച്ചുരുളുകൾ നഷ്ടമാകരുത് എന്നാഗ്രഹിക്കുന്നവർക്ക് ഡിഫ്യൂസർ വച്ചു മുടിയുണക്കാം.
∙ തല കഴുകാൻ മോയിസ്ചറൈസർ ഉള്ള ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഡ്രയറിൽ നിന്നുള്ള ചൂടടിക്കുമ്പോൾ മുടിയുടെ സ്വാഭാവികത നഷ്ടമാകാതിരിക്കാൻ ഇതു സഹായിക്കും.
∙ അധികം നനഞ്ഞ, വെള്ളം ഇറ്റു വീഴുന്ന മുടിയിൽ എത്ര സ്റ്റൈലിങ് ചെയ്താലും മുടി ഭംഗിയാകില്ല. മുടിയിലെ വെള്ളം ടവ്വൽ ഉപയോഗിച്ച് ഒപ്പി മാറ്റണം. ശക്തിയായി അമർത്തി തോർത്തരുത്.
∙ മുടി ഉണക്കും മുൻപ് പല സെക്‌ഷനുകളായി മുടി വകഞ്ഞു വയ്ക്കണം. രണ്ടിഞ്ചു മുതൽ നാലിഞ്ചു വരെ കനത്തിൽ മുടിയെടുത്ത് ഒതുക്കി തലയിൽ ക്ലിപ് ചെയ്തു വച്ചശേഷം ഓരോരോ സെക്‌ഷനായി മുടിയെടുത്ത് ഉണക്കിയെടുക്കുക.
∙ ശിരോചർമത്തിൽ അധികം ചൂടേൽക്കുന്നതു മുടി കൊഴിയാൻ കാരണമാകും. മുടിയുടെ ചുവടുഭാഗം ഉണക്കാൻ ശ്രമിക്കേണ്ട. മുടി ഹെയർ ബ്രഷിൽ ചീകി തലയിൽ നിന്നകത്തി വലിച്ചു പിടിച്ചശേഷം മുടി ഉണക്കണം. മുടിയിൽ നിന്നു ആറ്–എട്ട് ഇഞ്ച് അകലത്തിൽ വേ ണം ഹെയർ ഡ്രയര്‍ പിടിക്കാൻ.
∙ ഹെയർ ഡ്രയർ മുടിയുടെ ഒരു ഭാഗത്തേക്കു തന്നെ പിടിച്ചു കൊണ്ടിരുന്നാൽ എന്തു സംഭവിക്കുമെന്നോ? മുടി കത്തി പോകും. മുടിയുടെ മുകളിൽ നിന്നു അറ്റം വരെ തുടർച്ചയായി ചലിപ്പിച്ചു കൊണ്ടേയിരിക്കണം. വിശറി പോ ലെ മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്നതു മുടിയുടെ ആരോഗ്യം നഷ്ടപ്പെടുത്തും, മുടി പൊട്ടി പോകും.
∙ ഏറ്റവും കുറഞ്ഞ അളവിലുള്ള ചൂടിൽ ഡ്രയർ സെറ്റ് ചെയ്തു മുടി ഉണക്കുന്നതാണ് നല്ലത്. ശരീരത്തിൽ നിന്ന് അകറ്റി പിടിക്കാനും ഓർക്കുക.
∙ മുടി ഉണക്കി വരണ്ടതാക്കരുത്. അൽപം നനവ് മുടിയി ൽ നിലനിർത്തുന്നത് അവയുടെ സ്വാഭാവിക ഭംഗി കാക്കും. ഈ ഈർപ്പം അഞ്ച്– പത്തു മിനിറ്റിനുള്ളിൽ തനിയെ ഉണങ്ങിക്കോളൂം.
∙ മുടി ഉണക്കിയശേഷം സീറം പുരട്ടി മുടി ബ്രഷ് ചെയ്തിടണം. നോൺ സ്റ്റിക്കി അല്ലെങ്കിൽ ആന്റി ഫ്രിസ് സീറം വേണം തിരഞ്ഞെടുക്കാൻ. മുടിക്കു തിളക്കം കിട്ടുമെന്നു മാത്രമല്ല, സുന്ദരമായി ഒതുക്കി വയ്ക്കാനും കഴിയും.
ഹെയർ സ്ട്രെയ്റ്റ്നർ
സ്റ്റൈലിങ്ങിൽ ശ്രദ്ധിക്കുന്ന മിക്കവരുടെ കയ്യിലും ഒരു ഹെയർ സ്ട്രെയ്റ്റ്നർ ഉണ്ടാകും. മുടി അഴിച്ചിടുമ്പോൾ ക്ലാസിക് ലുക് നേടാനാകും. പല തരത്തിൽ മുടി കെട്ടിവച്ചു ഹെയർ സ്റ്റൈൽ പരീക്ഷിക്കാനും സ്ട്രെയ്റ്റ് ഹെയറാണ് നല്ലത്.
∙ നനവുള്ള മുടി സ്ട്രെയ്റ്റൻ ചെയ്യാവുന്ന തരം സ്ട്രെയ്റ്റനർ വിപണിയിലുണ്ട്. അത്തരം സ്ട്രെയ്റ്റനർ അല്ല ഉപയോഗിക്കുന്നതെങ്കിൽ ഈർപ്പം പൂർണമായി നീക്കിയശേഷമേ സ്റ്റൈലിങ് ചെയ്യാവൂ. ഈർപ്പമുണ്ടെങ്കിൽ ഓരോ ഭാഗം മുടിയിലും പല തവണ സ്ട്രെയ്റ്റനർ ഉപയോഗിക്കേണ്ടിവരും. ഇതു മുടിയുടെ ആരോഗ്യത്തെ ബാധിക്കും.
∙ ഹീറ്റ് പ്രൊട്ടക്റ്റന്റ് സ്പ്രേ അല്ലെങ്കിൽ സീറം ഉറപ്പായും ഉപയോഗിച്ചശേഷമേ ഏതു സ്റ്റൈലിങ്ങും ചെയ്യാവൂ. അമിതമായി ചൂടേൽക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ഹീറ്റ് പ്രൊട്ടക്റ്റന്റ് സ്പ്രേ ബാരിയറായി പ്രവർത്തിക്കുമെന്നതിനാൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കാനാകും. മുടിക്ക് തിളക്കം കിട്ടാനും സീറം/ഹീറ്റ് പ്രൊട്ടക്‌ഷൻ സ്പ്രേ സഹായിക്കും.
∙ ചൂടിന്റെ അളവ് അഡ്ജസ്റ്റ് ചെയ്യാനാകുന്ന സെറ്റിങ്സ് ഉള്ള ഹെയർ സ്ട്രെയ്റ്റനർ, ഫ്ലാറ്റ് അയൺസ് എന്നിവ വാങ്ങാൻ ഓർക്കുക. മീഡിയം ഹീറ്റിൽ മുടി സ്ട്രെയ്റ്റ് ചെയ്യുന്നതാണ് നല്ലത്. കനമില്ലാത്ത നേർത്ത മുടിയാണെങ്കിൽ ചെറിയ ചൂടിൽ ഉപയോഗിക്കുക.
∙ ഹെയർ സ്ട്രെയ്റ്റനറുകളിൽ സെറാമിക് പ്ലേറ്റ്സ് ഉള്ളതാണ് സ്റ്റീൽ പ്ലേറ്റ്സ് ഉള്ളവയേക്കാൾ നല്ലത്. മുടിയുടെ വരൾച്ചയും കേടും ഒരുപരിധി വരെ തടയാൻ സെറാമിക് പ്ലേറ്റ്സ് സഹായിക്കും.
∙ മുടി പല ചെറിയ ഭാഗങ്ങളായി തിരിച്ചശേഷം വേണം സ്ട്രെയ്റ്റ് ചെയ്യാൻ. എങ്കിലേ ഭംഗിയാകൂ. ഓരോ ഭാഗം മുടിയും ക്ലിപ് ചെയ്തു വയ്ക്കുക. സ്ട്രെയ്റ്റ് ചെയ്ത സെക്‌ഷൻ മുടി അഴിച്ചിടുക. ഒരേ സെക്‌ഷൻ മുടിയിൽ പല ത വണ സ്ട്രെയ്റ്റ്നർ ഉപയോഗിക്കാതിരിക്കുക. ഇതു മുടിയുടെ ഡാമേജ് ഇരട്ടിയാക്കും.
∙ മുടിയുടെ ആരോഗ്യം കാക്കാനുള്ള വഴികളും നോക്കണം. മാസത്തിൽ ഒരു തവണ ഹെയർ സ്പാ ചെയ്യാനും ഇടയ്ക്കിടെ ഹെയർ മാസ്ക് ഉപയോഗിക്കാനും മറക്കേണ്ട.
∙ ചൂട് ഉപയോഗിച്ചു മുടി സ്റ്റൈൽ ചെയ്യുന്ന ഏതു ടൂൾസിന്റെയും ഉപയോഗം പരമാവധി ചുരുക്കുന്നതാണു നല്ലത്. പതിവായി ചൂടേൽക്കുന്നത് മുടി വരണ്ടതാക്കും, മുടി പൊട്ടിപ്പോകാനിടയാക്കും.
ഹെയർ കേളർ
എളുപ്പത്തിൽ മുടിക്ക് ഉള്ളു തോന്നിക്കണമെങ്കിൽ മുടിയിഴകൾക്കു ചുരുളുകൾ നൽകിയാൽ മതി. ഹെയർ കേളർ ഉപയോഗിക്കുമ്പോൾ അറിയേണ്ട ചില കാര്യങ്ങൾ ഇതാ...
∙ മികച്ച ബ്രാൻഡിന്റെ കേളർ തിരഞ്ഞെടുക്കാം. സെറാമിക് കോട്ടിങ് ഉള്ള കേളിങ് അയൺസും കേളിങ് വാൻഡ്സുമാണു മുടിയുടെ ആരോഗ്യത്തിനു നല്ലത്.
∙ ടൈറ്റ് സ്പൈറല്‍ കേൾസ്, റെട്രോ വേവ്സ്, റിങ്‌ലെറ്റ് കേൾസ് ഇങ്ങനെ പലതരം കേൾസ് ഉണ്ട്. ഇതിലേതു വേണമെന്നു തീരുമാനിച്ചു കേളറും കേളിങ് സ്റ്റൈലും തീരുമാനിക്കുക.
∙ പ്രീ സ്റ്റൈലിങ് വളരെ പ്രധാനമാണ്. തല കഴുകിയ ദിവ സം തന്നെ കേളിങ് ചെയ്യേണ്ട. തല കഴുകി രണ്ടാം ദിവസം മതി കേളിങ്. മുടിയിലെ സ്വാഭാവിക എണ്ണമയം കൂടി ചേരുമ്പോൾ ചുരുളുകൾ ഭംഗിയായിരിക്കും.
∙ മുടി പല സെക്‌ഷനുകളാക്കിയാണ് കേൾ ചെയ്യേണ്ടത്. ഓരോ ഭാഗം മുടിയും ചുരുട്ടിയശേഷം മുടിച്ചുരുളുകൾ താഴെ നിന്നു മുകളിലേക്കു കൈ കൊണ്ടു ചുരുട്ടി തലയിൽ പിൻ ചെയ്തു വയ്ക്കാം. മുഴുവൻ മുടിയും കേൾ ചെയ്തു പിൻ ചെയ്തശേഷം അവസാനം അഴിച്ചിടാം.
∙ ഹീറ്റ് പ്രൊട്ടക്‌ഷൻ സ്പ്രേ പുരട്ടിയശേഷമേ കേളർ ഉപയോഗിക്കാവൂ. മുടി ചുരുട്ടിയശേഷം ഫിനിഷിങ് സ്പ്രേയും വേണം. ചുരുളുകൾ ഏറെ നേരം സുന്ദരമായി നിലനിൽക്കാൻ ഇതു സഹായിക്കും.
കേളി സ്റ്റൈലിങ്
ചുരുണ്ട മുടി കെട്ടുപിണഞ്ഞ്, വരണ്ടിരിക്കുന്നതാണു മുടിയുടെ ഭംഗി കെടുത്തുന്നത്. ഓരോ ചുരുളുകളും ഒന്നിനോന്നു കെട്ടിപ്പിണയാതെ വെവ്വേറെ നിന്നാൽ അതൊരു അഴകു തന്നെയാണ്. ഇതിനുള്ള വഴിയാണ് കേളി ഗേൾ/ഗയ് മെതേഡ് (സിജിഎം). കെമിക്കലുകളെ മുടിയഴകളെ തൊടാൻ അനുവദിക്കാതെ സ്വാഭാവിക മുടിയെ സുന്ദരമാക്കുകയാണ് ചെയ്യുന്നത്. പക്ഷേ, പ്രോഡക്റ്റ്സ് തിരഞ്ഞെടുക്കുന്നതിലും ഉപയോഗിക്കുന്നതിലും ശ്രദ്ധ വേണം.
∙ ചുരുളൻ മുടി സ്റ്റൈൽ ചെയ്യാൻ പ്രത്യേകം ഷാംപൂവും കണ്ടീഷനറുമുണ്ട്. ഇതിനൊപ്പം കേൾ ക്രീം, ലീവ് ഇൻ ജെൽ, മൂസ് എന്നിങ്ങനെ ചുരുളുകൾക്ക് ഉള്ളും തിളക്കവും നൽകാൻ വേറെയും ഉൽപന്നങ്ങളുണ്ട്. ഇവ മുടിയിൽ പുരട്ടുന്നതിനു പ്രത്യേക രീതികളുമുണ്ട്. അതു കൃത്യമായി മനസ്സിലാക്കി വേണം കേളി ഗേൾ സ്റ്റൈൽ ചെയ്യാൻ.
∙ മോയിസ്ചർ ബേസ്ഡ് പ്രൊഡക്റ്റ്സും പ്രോട്ടീൻ ബേസ്ഡ് ഉൽപന്നങ്ങളും മുടിച്ചുരുളുകളെ സുന്ദരമാക്കാൻ ഉ പയോഗിക്കാറുണ്ട്. രണ്ടും കൃത്യമായി ബാലൻസ് ചെയ്യുന്നിടത്താണു മുടിയുടെ അഴകും ആരോഗ്യവും. സിജിഎം രീതി പിന്തുടരുമ്പോൾ രണ്ട് ഉൽപന്നങ്ങള്‍ പ്രോട്ടീന്‍ അ ധിഷ്ഠിതമായതും ബാക്കി മോയിസ്ചർ അടങ്ങിയതും തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
∙ മുടി കട്ടിയായി ബൗൺസിങ് ഇല്ലാതെയിരിക്കുന്നത് പ്രോട്ടീൻ അമിതമായതിനാലാകാം. ഈ സാഹചര്യത്തിൽ ക്ലാരിഫൈയിങ് ഷാംപൂ തേച്ചു മുടി കഴുകിയശേഷം മോയിസ്ചർ റിച്ച് ഉൽപന്നങ്ങൾ ഉപയോഗിച്ചു മുടി ചുരുട്ടാം.
∙ ഇനി മോയിസ്ചർ ആണു കൂടുതൽ എങ്കിലോ... മുടിക്ക് ഉള്ളു കുറവായി തോന്നും. മുടി വളരെ മൃദുവായിരിക്കും, ചുരുളുകൾ ഭംഗിയില്ലാതെ വേവി രീതിയിൽ കിടക്കും. ക്ലാരിഫൈയിങ് ഷാംപൂ കൊണ്ടു കഴുകിയശേഷം പ്രോട്ടീന്‍ റിച്ച് ഹെയർ മാസ്ക് ഇടാം. അതിനു ശേഷം ലീവ് ഇൻ ജെൽ.
ഹെയർ ജെൽ
ഇങ്ങോട്ടു വിളിച്ചാൽ അങ്ങോട്ടു പോകുന്ന മുടിയെ ചൊൽപ്പടിക്കു നിർത്താൻ സഹായിക്കുന്ന ഹെയർ സ്റ്റൈലിങ് ഉൽപന്നമാണ് ഹെയർ ജെൽ. മുടിയെ താൽക്കാലികമായി കനപ്പെടുത്തി സ്റ്റൈൽ ചെയ്തുവയ്ക്കുകയാണ് ഹെയർ ജെല്‍ ചെയ്യുന്നത്.
∙ മുടി വേരുകളിലേക്ക് വലിച്ചെടുക്കാത്ത രീതിയില്‍ വേണം ജെൽ പുരട്ടാൻ. രണ്ടു കൈകളിലും ജെൽ എടുത്ത് ചേർത്തു തിരുമ്മി ഒരേ കനത്തിൽ മുടിയിഴകളിൽ പുരട്ടുക.
∙ അൽപം നനവുള്ള മുടിയിൽ വേണം ജെൽ പുരട്ടാൻ. നനവ് അധികമായാൽ ജെൽ മുടിയിൽ പറ്റിനിൽക്കില്ല എന്നുമോർക്കുക.
∙ രാവിലെ ജെൽ പുരട്ടി സ്റ്റൈൽ ചെയ്ത മുടി വൈകിട്ടു കഴുകാൻ മറക്കരുത്, മടിക്കരുത്. വരൾച്ച കൂടി പൊട്ടിപ്പോകുന്ന അവസ്ഥയുണ്ടാക്കരുത്.
∙ ജെല്ലിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മുടിയെ വരണ്ടതും പരുപരുത്തതുമാക്കാം. ക്രമേണ മുടി പൊ ട്ടിപ്പോകുകയും ചെയ്യാം. അതിനാല്‍ ജെൽ ഉപയോഗം അമിതമാകാതെ ശ്രദ്ധിക്കുക.
വിവരങ്ങൾക്ക് കടപ്പാട്: ജാസ്മിൻ മൻസൂർ,
സിൻഡ്രല്ല ബ്യൂട്ടി കൺസപ്റ്റ്സ്, കോട്ടയം
മോഡൽ: ആരതി പി.എ
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ