Friday 01 May 2020 01:59 PM IST : By സ്വന്തം ലേഖകൻ

വീട്ടിലിരുന്നാലെന്താ, മുഖം ക്ലീനാക്കാം

skin

വീട്ടിലിരിപ്പാണ്. എന്നാലും മുഖത്ത് വിയര്‍പ്പും പൊടിയും അടിഞ്ഞ് ആകെ മങ്ങിയിരിക്കാം. ലോക്ഡൗണ്‍ തീരാതെ ബ്യൂട്ടിപാര്‍ലറില്‍ കാലുകുത്താനാകില്ലല്ലോ. സ്വയം ബ്യൂട്ടീഷനായി മാറാതെ തരമില്ല. മുഖത്തെ അഴുക്കെല്ലാം നീക്കി സുന്ദരമാക്കാന്‍ ഇതാ വീട്ടില്‍ ചെയ്യാന്‍ ചില ബ്യൂട്ടി ടിപ്‌സ്.

ഓയിലി സ്‌കിന്‍

കടലമാവിന് അഴുക്കിനെയും അധികമുള്ള എണ്ണമയത്തെയും ഇളക്കിയെടുക്കാനുള്ള കഴിവുണ്ട്. മൃതകോശങ്ങളെയും നീക്കി മുഖത്തിന് ഫ്രെഷ് ലുക്ക് നല്‍കും. ഇളംചൂടുവെള്ളത്തില്‍ മുഖം ഒന്നു കഴുകി കടലമാവ്, അല്‍പം ചെറുപയര്‍പൊടി, മഞ്ഞള്‍പ്പൊടി എന്നിവയുടെ മിശ്രിതം മൃദുവായി നല്ലപോലെ തേച്ചുപിടിപ്പിക്കുക. കുറച്ചുസമയം വച്ചശേഷം കഴുകിക്കളയാം. ദിവസേന ചെയ്യാവുന്ന ഒരു ക്ലീനിങ് രീതി ആണിത്.

മൃതമായതും അഴുക്കുള്ളതും മങ്ങിയതുമായ ചര്‍മത്തിന്റെ പാളിയെ ഇളക്കിക്കളയാന്‍ ആപ്പിള്‍ സൈഡര്‍ വിനിഗറിലെ മാലിക് ആസിഡിന് കഴിയും. അതിന്റെ അസിഡിക് സ്വഭാവം ചര്‍മത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യും. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ 3 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിക്കുക.(സെന്‍സിറ്റീവ് സ്‌കിന്‍ ആണെങ്കില്‍ 5 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തണം.) സാധാരണ വെള്ളത്തില്‍ മുഖം കഴുകി പഞ്ഞികൊണ്ട് നേര്‍പ്പിച്ച ആപ്പിള്‍ സൈഡര്‍ വിനിഗര്‍ മുഖത്ത് താഴെ നിന്ന് മുകളിലേക്ക് പുരട്ടുക. കണ്ണുകളുടെ ചുറ്റിനുമുള്ള ഭാഗം ഒഴിവാക്കാം. കുറച്ചുനേരം വച്ച ശേഷം കഴുകി മെല്ലെ വെള്ളം ഒപ്പിയെടുക്കാം. ചര്‍മത്തിനു ചേരുന്ന നല്ലൊരു മോയ്ചറൈസര്‍ പുരട്ടണം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്താല്‍ മതി.

ഏറ്റവും എളുപ്പത്തില്‍ കിട്ടുന്ന രണ്ട് സാധനങ്ങളാണ് തേനും നാരങ്ങയും.  നല്ല ക്ലെന്‍സിങ് ഏജന്റായ നാരങ്ങാനീര് അമിതഎണ്ണമയം ഇല്ലാതാക്കുകയും ചെയ്യും. ചര്‍മത്തെ പരിപോഷിപ്പിക്കാനും ജലാംശമുള്ളതാക്കാനും തേനിന് കഴിയും. 2 ടേബിള്‍സ്പൂണ്‍ തേനും 1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും കലര്‍ത്തുക. കട്ടി കൂടുതലാണെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് കട്ടി കുറയ്ക്കാം. മുഖത്തു തേച്ച് ഒന്നു രണ്ടു മിനിറ്റ് മസാജ് ചെയ്യണം. പത്ത് മിനിറ്റു കഴിഞ്ഞ് തണുത്തവെള്ളത്തില്‍ കഴുകിക്കളയാം. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഇത് ചെയ്യുന്നതാണ് നല്ലത്.

ഡ്രൈ സ്‌കിന്‍

അരക്കപ്പ് ചൂടുവെള്ളം എടുത്ത് അതില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ഒഴിക്കുക. വൈറ്റമിന്‍ എയുടെയും ഇയുടെയും ഓരോ കാപ്‌സ്യൂള്‍ തുറന്ന് ഈ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. നല്ലപോലെ മിക്‌സ് ചെയ്ത് അധികം വൈകാതെ മുഖത്തും നെറ്റിയിലും കഴുത്തിലും പുരട്ടുക. രണ്ട് മിനിറ്റ് വച്ച ശേഷം സാധാരണ വെള്ളത്തില്‍ കഴുകാം.

വരണ്ടചര്‍മക്കാര്‍ക്ക് യോജിച്ച ക്ലെന്‍സര്‍ ആണ് യോഗെര്‍ട്ട് അല്ലെങ്കില്‍ തൈര്. ഒരു ടേബിള്‍സ്പൂണ്‍ യോഗെര്‍ട്ടിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടി രണ്ട് മിനിറ്റ് കാത്തിരിക്കുക. സാധാരണ വെള്ളത്തില്‍ കഴുകാം. 2 ടേബിള്‍സ്പൂണ്‍ യോഗെര്‍ട്ടില്‍ 1 ടീസ്പൂണ്‍ ഒലിവ് ഓയിലും 1 ടീസ്പൂണ്‍ നാരങ്ങാ/ ഓറഞ്ച് നീരും ചേര്‍ത്ത് ബ്ലെന്‍ഡറില്‍ അരച്ച് പെയ്സ്റ്റ് ആക്കിയെടുക്കുക. മുഖത്ത് പുരട്ടി 5 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ഇളം ചൂടുവെള്ളത്തില്‍ കഴുകാം. ബാക്കിയുള്ള മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മൂന്നു ദിവസം വരെ ഉപയോഗിക്കാം.

2 ടീസ്പൂണ്‍ ലിക്വിഡ് ഫെയ്‌സ് സോപ്പോ ബേബി വാഷോ എടുത്ത് അതിലേക്ക് 2 ടേബിള്‍സ്പൂണ്‍ വീതം വെള്ളവും ഗ്ലിസറിനും അരക്കപ്പ് ഒലിവ് ഓയിലും ചേര്‍ക്കുക. ബ്ലെന്‍ഡറില്‍ ഇതെല്ലാം ഇട്ട് കട്ടിയുള്ള സ്മൂത്ത് ക്രീം രൂപത്തിലാക്കിയെടുക്കുക. കഴുത്തിലും മുഖത്തും കണ്‍പോളകളിലും പീലിയിലും പുരട്ടി ഒരു മിനിറ്റ് പതുക്കെ മസാജ് ചെയ്യുക. ചൂടുവെള്ളത്തില്‍ തുണിമുക്കി തുടച്ചെടുത്ത ശേഷം ഇളംചൂടുവെള്ളത്തില്‍ മുഖം കഴുകുക. പമ്പ് ബോട്ടിലിലാക്കി സൂക്ഷിച്ചാല്‍ കുറേനാള്‍ ഉപയോഗിക്കാം.

സെന്‍സിറ്റീവ് സ്‌കിന്‍

1 ടീസ്പൂണ്‍ തേനും 2 ടീസ്പൂണ്‍ പച്ചപ്പാലും മിക്‌സ് ചെയ്യുക. മുഖത്ത് എല്ലായിടത്തും ഒരുപോലെ തേച്ചശേഷം 2-3 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. എണ്ണമയം കളയാനും ചര്‍മത്തിന്റെ തിളക്കം കൂട്ടാനും ഇത് നല്ലതാണ്