Wednesday 10 November 2021 04:38 PM IST : By സ്വന്തം ലേഖകൻ

വെളിച്ചെണ്ണയിൽ ഒരു നുള്ളു കുങ്കുമപ്പൂ യോജിപ്പിച്ച് മുഖത്ത് പുരട്ടാം; പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടുകൾ ഇതാ..

coconuttt566vhhhmasss

സൗന്ദര്യ സംരക്ഷിക്കാനും വെളിച്ചെണ്ണ ഉത്തമമാണ്. മുത്തശ്ശിമാരുടെ പല സൗന്ദര്യക്കൂട്ടുകളിലെയും പ്രധാന ഘടകം വെളിച്ചെണ്ണയായിരുന്നു. വെളിച്ചെണ്ണ ചർമ്മത്തിൽ പുരട്ടുന്നതു കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. ശരീരത്തിലെ ചുളിവുകളകറ്റാനും ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാനും മുടി തഴച്ചുവളരാനും പണ്ടുള്ളവർ ആശ്രയിച്ചിരുന്നത് വെളിച്ചെണ്ണയെ മാത്രമാണ്.

വെളിച്ചെണ്ണ കൊണ്ടുള്ള പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടുകൾ ഇതാ.. 

. ശുദ്ധമായ വെളിച്ചെണ്ണയിൽ മഞ്ഞളു കലർത്തി മുഖത്തും ശരീരത്തിലും തേച്ചു പിടിപ്പിച്ചാൽ നിറം വയ്ക്കുകയും ശരീരത്തിലെ അനാവശ്യ രോമങ്ങൾ കൊഴിഞ്ഞുപോവുകയും ചെയ്യും.

. മുഖത്തിന് നല്ല നിറം ലഭിക്കാനായി അല്പം ശുദ്ധമായ വെളിച്ചെണ്ണയെടുത്തു ചൂടാക്കുക അതിലേക്കു ഒരു നുള്ളു കുങ്കുമപ്പൂ യോജിപ്പിച്ച് ആ മിശ്രിതം മുഖത്തു തേച്ചു പിടിപ്പിക്കുക. അൽപസമയം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകികളയാം.  

. വെളിച്ചെണ്ണയും തക്കാളിയും പാൽപ്പാടയും കടലമാവും കൂടി ചേർത്ത് നല്ലൊരു ഫേഷ്യൽ വീട്ടിൽത്തന്നെ തയാറാക്കാം. ഈ മിശ്രിതം മുഖത്തു നന്നായി തേച്ചു പിടിപ്പിക്കുക. ഏകദേശം 20 മിനിറ്റിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകാം.

. വെളിച്ചെണ്ണ, കറ്റാര്‍വാഴ ജെല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് നിറം മാത്രമല്ല, തിളക്കവും ലഭിക്കും. ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

. വെളിച്ചെണ്ണയില്‍ ചന്ദനം ചാലിച്ചു മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. അതുപോലെ തന്നെ വെളിച്ചെണ്ണയില്‍ രക്തചന്ദനം കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം നല്‍കും. മാത്രമല്ല, മുഖത്തെ കറുത്ത പാടുകളും മറ്റും മാറി മുഖം സുന്ദരമാവുകയും ചെയ്യും.

. വെളിച്ചെണ്ണയും പഞ്ചസാരയും കൂടി മിക്സ് ചെയ്ത് ഒരു നാച്ചുറൽ സ്ക്രബ് ‌തയാറാക്കാം. മുഖത്തെ മൃതകോശങ്ങളെ അകറ്റി മുഖം തിളക്കമുള്ളതാക്കാൻ ഇതു സഹായിക്കും.

. വെളിച്ചെണ്ണയും തേങ്ങാപ്പാലും കൂടി സമാസമം എടുക്കുക. ഈ മിശ്രിതം മുഖത്തു നന്നായി തേച്ചു പിടിപ്പിക്കുക. ചർമ്മത്തിന്റെ വളർച്ചമാറ്റി മൃദുത്വം നൽകാൻ ഇതുപകരിക്കും.

. വെളിച്ചെണ്ണയും തേനും നാരങ്ങാനീരും കടലമാവും ചേർത്തുണ്ടാക്കുന്ന മിശ്രിതം ഒരു ഉത്തമമായ നാച്ചുറൽ ഫെയ്സ്പായ്ക്ക് ആണ്. 

Tags:
  • Glam Up
  • Beauty Tips