Thursday 11 April 2024 02:40 PM IST : By സ്വന്തം ലേഖകൻ

‘മുഖം കഴുകിയ ശേഷം അൽപം വെളിച്ചെണ്ണ പുരട്ടാം’; ചർമത്തിലെ ചുളിവുകള്‍ക്ക് സിമ്പിള്‍ പരിഹാരം

wrinkles34555

ചർമത്തിൽ ചുളിവ് വീഴുന്നത് പലരെയും അസ്വസ്ഥരാക്കും. ചര്‍മത്തിലെ ചുളിവുകള്‍ മാറാന്‍ വെളിച്ചെണ്ണയാണ് ബെസ്റ്റ്. ചർമം മൃദുവാക്കാനും കൊളാജൻ ഉത്പാദനം വർധിപ്പിക്കാനും വെളിച്ചെണ്ണയ്ക്ക് സാധിക്കും. സൗന്ദര്യസംരക്ഷണത്തില്‍ എങ്ങനെയാണ് വെളിച്ചെണ്ണ ഉപയോഗിക്കേണ്ടതെന്നു നോക്കാം. ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാൻ ശ്രമിക്കുക. 

∙ വെളിച്ചെണ്ണ

രാത്രി ഉറങ്ങുന്നതിനു മുൻപ് തണുത്ത വെള്ളത്തിൽ മുഖം കഴുകിയതിനു ശേഷം നനവില്ലാത്ത ചർമത്തിൽ അൽപം വെളിച്ചെണ്ണ പുരട്ടുക. മുഖത്തും കഴുത്തിലും അൽപനേരം വൃത്താകൃതിയിൽ മസാജ് ചെയ്യുക. പിറ്റേദിവസം രാവിലെ കഴുകിക്കളയാം. ഇത് എല്ലാ ദിവസവും ചെയ്യാം.

∙ ആപ്പിൾ സൈഡർ വിനഗറും വെളിച്ചെണ്ണയും

ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ യോജിപ്പിച്ച് പഞ്ഞി ഉപയോഗിച്ചു മുഖത്തു പുരട്ടുക. ഉണങ്ങിയതിനു ശേഷം മുഖത്ത് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യാം. അടുത്ത ദിവസം രാവിലെ കഴുകിക്കളയാം.

∙ ആവണക്കെണ്ണയും വെളിച്ചെണ്ണയും

മൂന്നു തുള്ളി വെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിവ യോജിപ്പിച്ചു മുഖത്തു തേച്ചു മൃദുവായി മസാജ് ചെയ്യുക. പരമാവധി നേരം മുഖത്ത് വയ്ക്കണം. ഇതിന്റെ നിത്യേനയുള്ള ഉപയോഗം ചര്‍മത്തിലെ ചുളിവ് മാറ്റും.

∙ വിറ്റമിൻ ഇയും വെളിച്ചെണ്ണയും

ഒരു വിറ്റമിൻ ഇ കാപ്സ്യൂൾ പൊട്ടിച്ചു വെളിച്ചെണ്ണയുമായി നന്നായി യോജിപ്പിക്കുക. കഴുകിയ മുഖം ഉണങ്ങിയ ശേഷം ഈ മിശ്രിതം പുരട്ടി അൽപനേരം മസാജ് ചെയ്യുക. 

∙ തേനും വെളിച്ചെണ്ണയും

ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും അര ടീസ്പൂൺ തേനും യോജിപ്പിച്ചു വരണ്ടതും ചുളിവുള്ളതുമായ ഭാഗങ്ങളിൽ പുരട്ടാം. ഒരു മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. ദിവസവും ഒരു തവണ ഇതു ചെയ്യുന്നതിലൂടെ ചർമത്തിന്റെ തിളക്കവും ആരോഗ്യവും സംരക്ഷിക്കാം.

∙ നാരങ്ങയും വെളിച്ചെണ്ണയും

ഒരു ടീസ്പൂൺ പാല്‍ മൂന്നു തുള്ളി നാരങ്ങനീര് ചേർത്തു പിരിയിച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ  മിക്സ് ചെയ്തു മുഖത്തു പുരട്ടാം. മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. പാലോ പാലുത്പന്നങ്ങളോ അലർജിയുള്ളവർ ഇത് ഉപയോഗിക്കരുത്. 

∙ മഞ്ഞൾപൊടിയും വെളിച്ചെണ്ണയും

ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ ഒരു നുള്ളു മഞ്ഞൾ ചേർത്തു യോജിപ്പിച്ചു മുഖത്തു പുരട്ടുക. 15–20 മിനിറ്റിനുള്ളിൽ കഴുകിക്കളയുക.

Tags:
  • Glam Up
  • Beauty Tips